LITERATURE

സ്വപ്നാടനം

Blog Image
നിങ്ങളാരെങ്കിലും പതിവായി കാണുന്ന ഒരു സ്വപ്നം ഉണ്ടോ ?! വ്യക്തികൾ,സ്ഥലങ്ങൾ,സാഹചര്യങ്ങൾ ,സംഭവങ്ങൾ ..ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആവർത്തിക്കപ്പെടുന്ന ഒരു സ്വപ്നം ?

നിങ്ങളാരെങ്കിലും പതിവായി കാണുന്ന ഒരു സ്വപ്നം ഉണ്ടോ ?!
വ്യക്തികൾ,സ്ഥലങ്ങൾ,സാഹചര്യങ്ങൾ ,സംഭവങ്ങൾ ..ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആവർത്തിക്കപ്പെടുന്ന ഒരു സ്വപ്നം ?

കഴിഞ്ഞ ഒരു പത്തു പതിനഞ്ചു വർഷങ്ങളായി പലപ്പോഴും എൻ്റെ സ്വപ്നങ്ങളിൽ ആവർത്തിക്കാറുള്ള കാഴ്ച ആണ് ഒരു ആറ് / അല്ലെങ്കിൽ ഒരു പുഴ നീന്തിക്കടക്കാൻ ശ്രമിക്കുന്നു എന്നത് . ഏതെങ്കിലും ഒരു ആറോ പുഴയോ അല്ല . കുട്ടിക്കാലത്തു ഞാൻ പരിചയിച്ച രണ്ട് ജലവാഹിനികളിലൊന്ന് സ്വപ്നങ്ങളിൽ ഇടയ്ക്ക് മുഖം കാണിക്കാറുണ്ട്. പല വിധത്തിൽ ,പല സമയങ്ങളിൽ , കൂടെ നീന്താൻ പല മുഖങ്ങൾ ,ചിലപ്പോൾ മറുകരയെത്തും ..ചിലപ്പോൾ പാതി നീന്തി തളരും ..പക്ഷെ ഒരിക്കലും മുങ്ങി താണിരുന്നില്ല .. ഈ സ്വപ്നങ്ങൾക്കു ഒരു പ്രത്യേകത ഉണ്ടെന്നു ഞാൻ മനസ്സിലാക്കിയിരുന്നില്ല ആദ്യമൊക്കെ . കാരണം ഈ സ്വപ്നങ്ങൾ അടുത്തടുത്ത് ആവർത്തിക്കപ്പെട്ടിരുന്നില്ല . ചിലപ്പോൾ ഒന്നോ രണ്ടോ വർഷം കഴിയുമ്പോളായിരിക്കും ആ സ്വപ്നം വീണ്ടും വരിക . കുറച്ചു വർഷങ്ങൾക്കു മുൻപ് ഞാൻ ആ സത്യം മനസിലാക്കി .എന്നെ ഇത്രമേൽ സ്വാധീനിക്കാൻ ജലവും ഞാനുമായി എന്താണ് ബന്ധം ?..അത് ഒന്നല്ല എൻ്റെ ജീവിതത്തിൻറെ വ്യത്യസ്ത കാലഘട്ടങ്ങളിൽ സംഭവിച്ചിട്ടുള്ള മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നത് കുറെ വൈകിയാണ് ഞാൻ കണക്ട് ചെയ്‌തത്‌ . അത് മനസിലാക്കാൻ കാലത്തെ കുറച്ചു പിന്നോട്ട് തിരിക്കാം .

ഒന്ന്:
അരുവിയുടെ കരയിൽ സ്ഥിതി ചെയുന്ന ഒരു കൊച്ചു ഗ്രാമം അതാണ് 'അരുവിക്കര'- ഞാൻ ജനിച്ചു വളർന്ന എൻ്റെ നാട് . കരമന ആറ്  ഹൃദയത്തിലൂടെ ഒഴുകുന്ന,നഗരത്തിന്റെ  തിരക്കുകളും ഒച്ചപ്പാടുകളും ഇല്ലാത്ത ഒരു ചെറിയ ഇടം . എൻ്റെ വീടിരിക്കുന്ന സ്ഥലം കരമന ആറിന്റെ തീരത്തായിരുന്നു . ഒരു വലിയ കൂട്ടുകുടുംബം ആയിരുന്നു ഞങ്ങളുടേത്. കുറെയേറെ പറമ്പ് ഉണ്ടായിരുന്നു എല്ലാർക്കും കൂടി. ഒരേ വീട്ടിൽ അല്ലെങ്കിൽ പോലും , ചുറ്റും വേലിക്കെട്ടുകൾ ഇല്ലാതെ അടുത്ത ടുത്ത  വീടുകളിൽ ഒരേ കുടുംബം പോലെ താമസിച്ചിരുന്നു ഞങ്ങൾ കുടുംബക്കാർ. വല്യച്ചന്റെയും ചെറിയച്ഛന്റെയും ഒക്കെ വീടുകൾ അടുത്തടുത്തും ചിലത് ആറിനക്കരെയും ഉണ്ടായിരുന്നു . സൗകര്യാർത്ഥം അവരവരുടെ വീടിനോടു ചേർന്ന് എല്ലാർക്കും കുളിക്കടവുകളും  ഉണ്ടായിരുന്നു .

 കുട്ടിക്കാലത്തു താമസിച്ചിരുന്നത് തറവാടിനോടു ചേർന്ന് 'തെക്കത് ' എന്ന് വിളിച്ചിരുന്ന ഓല മേഞ്ഞ വീട്ടിലായിരുന്നു . പഴയ വീടായതിനാൽ തെക്കതിൽ വീട്ടിനുള്ളിൽ  ഒരു കുളിമുറി ഉണ്ടായിരുന്നില്ല . അതുകൊണ്ടു എന്നും ആറ്റിലാണ് കുളി .ഭൂമിയുടെ കിടപ്പുകൊണ്ട് ഭൂ നിരപ്പിൽ നിന്നും ഒരുപാട് താഴെയായിരുന്നു ആറ് .  പുത്തൻകടവ് ,അതായിരുന്നു ഞങ്ങളുടെ കടവിന്റെ പേര്. മറ്റു കടവുകളെ പോലെ ആറ്റിലേക്കിറങ്ങാൻ കെട്ടി ഇറക്കിയ  കല്പടവുകളോ  വീതി കൂടിയ പടികെട്ടുകളോ ഉണ്ടായിരുന്നില്ല . ഒരേ ഒരു കൽ വീതിയിൽ പുത്തൻകടവിലേക്കു കുത്തനെ ഇറക്കമാണ്. ഒരു പത്തു പന്ത്രണ്ടു പടികൾ ഉണ്ടായിരിക്കണം .ഒരു കുഴിയിലേക്ക് ഇറങ്ങുന്നപോലെ തോന്നും . രണ്ടുവശവും മൺ തിട്ടകൾ ആണ് . കുളിക്കാൻ ആറ്റിലേക്ക് ഇറങ്ങാനും നനച്ച വസ്ത്രങ്ങളും മറ്റും എടുത്തു തിരികെ കയറാനും ക്ലേശകരമായിരുന്നു.  മഴക്കാലമായാൽ ആറ്റിലിറങ്ങി കയറുന്നതു  ഒരു സാഹസം ആയിരുന്നു ,പല  പടിയിലും കൂട്ടിനുണ്ടാകും ആയിരം കാലിൽ മന്ദം മന്ദം ഇഴഞ്ഞു നീങ്ങുന്ന എണ്ണ കറുപ്പന്മാർ ..തേരട്ടകൾ ! പെരുമാളൻ അട്ട എന്നും പറയും . 'പാഹിമോഹിനീസുതൻ' എന്നാണ് എൻ്റെ അമ്മ അവറ്റകളെ കളിയാക്കി വിളിക്കാറ് . നീളം കൊണ്ട് സാമ്യം ഉള്ളതുകൊണ്ടാകണം!
പുത്തൻകടവിലിറങ്ങി നിന്നാൽ കാണാം കുറച്ചു മാറി 'താഴെ കടവി'ൽ വല്യമ്മ തുണി നനയ്ക്കുന്നത് ..അക്കര കടവിൽ 'ചെറിയമ്മ യും കാണും .  പുത്തൻകടവിൽ ആറ്റിൽ  അടിയിൽ പലയിടത്തും ഒരുപാട് പാറക്കെട്ടുകൾ ഉണ്ടായിരുന്നതിനാൽ നീന്തി മറുകര എത്തുക പ്രയാസമായിരുന്നു . പാറക്കൂട്ടങ്ങളിൽ തട്ടി കാല് പോറുന്നതും പതിവായിരുന്നു . മുകളിൽ തെളിഞ്ഞു കണ്ടില്ലെങ്കിലും  പരിചയം കൊണ്ട് പാറകളുടെ കിടപ്പു ഞങ്ങൾക്കു അറിയാമായിരുന്നു .എന്നാലും ആ പുത്തൻ കടവിൽ കിടന്നു കയ്യും കാലും ഇട്ടടിച്ചാണ് ഞാനും ചേച്ചിമാരും  ഒക്കെ  നീന്തലിന്റെ ആദ്യ പാഠങ്ങൾ പഠിക്കുന്നത് . ഞങ്ങളുടെ സ്വന്തം പുത്തൻ കടവ് . തുലാവർഷവും ഇടവപ്പാതിയും പെയ്തു തകർക്കുമ്പോൾ വഴുക്കൽ കൊണ്ട് പുത്തൻകടവിലേക്കിറങ്ങുക അസാധ്യം ആയതിനാൽ ഞങ്ങൾ താഴെ കടവിലേക്ക് പോകും ആ സമയങ്ങളിൽ .

താഴെ കടവിനും കുറച്ചു പടിഞ്ഞാർ ആയാണ് കോവിൽ കടവ് . അതും ഒരു ഇറക്കത്തിൽ ആണ് . അമ്പലം ചുറ്റി വരുന്ന മെയിൻ റോഡ് കോവിൽ കടവിലെത്തി നില്കും . ആറിനക്കരയ്ക്കു പാലം ഇല്ല . കടത്താണ് .  സ്കൂൾ സമയങ്ങളിൽ പച്ച പാവടക്കാരികളെ കൊണ്ടു നിറയും തോണി . ഓർക്കുമ്പോൾ മനസ്സിൽ എന്നും മധുരം നിറയ്ക്കുന്ന കടത്തു വള്ളം. വള്ളക്കാരൻ ചേട്ടൻ ഒരു ഹീറോ ആയിരുന്നു. പത്തിരുപതു ആൾക്കാരെ ഒരുമിച്ചു ഒരു വലിയ വള്ളത്തിൽ കയറ്റുന്ന , വള്ളത്തിന്റെ വക്കിലൂടെ അടി തെറ്റാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന , ചിലപ്പോ ഒറ്റ കൈകൊണ്ടും വള്ളമൂന്നി മറുകര എത്തിക്കുന്ന ഹീറോ  .
ആറ്റിനക്കരെ ആയിരുന്നു മറ്റൊരു വല്യച്ഛന്റെ വീട്. അതുകൊണ്ടു  ഞങ്ങൾ കടത്തു കടക്കുന്നത് പതിവായിരുന്നു . ധനുമാസത്തിൽ തിരുവാതിര കൂടാനും പോയിരുന്നു അവിടെ . അതിരാവിലെ എഴുനേറ്റു പെണ്ണുങ്ങളെല്ലാം ഏതെങ്കിലും ഒരു കടവിൽ ഒത്തുകൂടി തുടിച്ചു കുളിക്കും . രാത്രിയിൽ തിരുവാതിര കൂടാൻ കടത്തു കടന്നു അക്കരെ മഠത്തിലേക്ക്..തിരുവാതിര കളികളും കഴിഞ്ഞു പാതിരാപ്പൂവും ചൂടി കഴിയുമ്പോൾ നേരം വെളുത്തിരിക്കില്ല .  അതിരാവിലെ നാലു മണിക്ക് കോവിൽ കടവിലെത്തും .വള്ളക്കാരൻ മറു വശത്തായിരിക്കും. നീട്ടി ഒരു വിളിയാണ് കൂയ് എന്ന്. ആതിരക്കുളിരിൽ തണുത്തു വിറങ്ങലിച്ചു തിരിച്ചും ഒരു തോണിയാത്ര .
വർഷങ്ങൾ കഴിഞ്ഞപ്പോൾ കോവിൽ കടവിൽ പുതിയ പാലം വന്നു. കടത്തു നിർത്തലായി ..വള്ളവും വള്ളക്കാരനും ഓർമ്മകളിൽ മാത്രം കടത്തു നടത്തി. ഓല വീടുകൾ മാറി അറ്റാച്ചഡ് ബാത്ത് റൂമുള്ള വീടുകൾ വന്നു . പുത്തൻകടവും കോവിൽകടവുമെല്ലാം ആളുകളെ കാത്തിരുന്ന് ജീർണിച് അനാഥമായി .

പക്ഷെ  ജീവിതത്തിലെ ഏറ്റവും മനോഹരമായ കുട്ടികാലത്തെ നിറം മങ്ങാത്ത ഓർമയായി ആത്മാവിൽ എന്നും കൂടെയുണ്ട് ഒരിക്കലും തിരികെവരാത്ത  ആ ആറും കടത്തു യാത്രകളും  കോവിൽ കടവും എല്ലാം . "ആറ് എന്നിൽ ഉറഞ്ഞു ചേർന്നിരുന്നു ,ഞാൻ തന്നെ ആയിരുന്നു" .

രണ്ട് :
കുട്ടിക്കാലത്തു ആറുവയസുവരെയെ എനിക്ക് ജനിച്ച നാട്ടിൽ നിൽക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. അതിനുശേഷം തൊടുപുഴയിൽ വല്യമ്മയുടെ വീട്ടിൽ നിന്നായിരുന്നു പഠിത്തം. വർഷത്തിലൊരിക്കൽ വേനലവധിയ്ക്കു മാത്രമാണ് എൻ്റെ വീട്ടിൽ ,അരുവിക്കരയിൽ വന്നു പോയിരുന്നത്. ഓരോ വേനലവധി കഴിഞ്ഞു തിരിച്ചു പോകേണ്ടി വരുമ്പോളും ഹൃദയം പറിച്ചെടുക്കുന്ന വേദന..ഇഷ്ടപെട്ട നാട്, വീട്, തൊടി, അച്ഛൻ, അമ്മ, ചേച്ചി, അനിയത്തി ഇവരെയൊക്കെ വിട്ടു പോകാനുള്ള സങ്കടം.. പുറത്തു പറയാൻ പറ്റാത്ത ഒരു വിങ്ങലായി നെഞ്ചിലിരുന്നു പുകഞ്ഞു ഞാൻ മരിച്ചു ഓരോ വർഷവും . അടുത്ത വേനലവധിക്ക് പിന്നെയും വരും ..കുറച്ചു ദിവസങ്ങൾ ജീവിച്ചു പിന്നെയും മരിക്കാൻ . സങ്കടം ആരോടും പറയാൻ പറ്റിയില്ല ,പറഞ്ഞാലും മനസിലാക്കപ്പെടില്ല എന്ന തോന്നൽ . എങ്കിലും വല്യമ്മയുടെ വീട്ടിൽ വളർന്ന കാലങ്ങൾ എനിക്കേറ്റവും പ്രിയപ്പെട്ടതും ആയിരുന്നു. അവിടെ അമ്പലത്തിനോട് ചേർന്നാണ് തൊടുപുഴയിൽ പുഴ ഒഴുകുന്നത്. തൊടുപുഴയുടെ ഹൃദയഭാഗത്തുകൂടെ. വീടിന്റെ ചായിപ്പിലുരുന്നാൽ പുഴ ഒഴുകുന്നത് കാണാം. വീടിനുള്ളിൽ കുളിമുറിയില്ലാത്തത് കൊണ്ട് അവിടെയും 
ദിവസവും പുഴയിൽ കുളിയാണ്. കുട്ടികൾ പോലും അവനവനുള്ള തുണികൾ സ്വയം നനച്ചു കുളിച്ചു, കുളി കഴിഞ്ഞു വരുന്ന വഴി അമ്പലത്തിൽ കയറി ഭാഗവാനെയും തൊഴുതു പരാതിയും പരിഭവവും പ്രാർത്ഥനയും പങ്കുവച്ചാണ് ദിവസത്തിന്റെ ആരംഭം. കുട്ടിക്കാലത്തെ പറ്റി ഓർക്കുമ്പോൾ ഒരു നാടല്ല ,രണ്ടു നാടുകളും നാട്ടാരും .ആ സ്നേഹങ്ങളൊക്കെയും പിന്നെ ജീവിതത്തിൽ ഒരു മുതൽക്കൂട്ടായിരുന്നു . എൻ്റെ വ്യക്തിത്വം ..എന്നെ ഞാൻ ആക്കിയത് അവിടുത്തെ ജീവിതമായിരുന്നു. എൻ്റെ സ്വന്തം വീട്ടിൽ വളർന്നിരുന്നെങ്കിൽ ഞാൻ ഇത്ര ബോൾഡ് ആകുമായിരുന്നോ, പ്രതിബന്ധങ്ങൾ നേരിടാനുള്ള ചങ്കൂറ്റം എന്നിലുണ്ടാവുമായിരുന്നോ എന്ന് സംശയമാണ് . എങ്കിലും 'എന്തിനായി , എങ്ങനെ ' എന്നീ ചോദ്യങ്ങൾ ഇപ്പോളും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രമായി അവശേഷിക്കുന്നു . കുഞ്ഞു മനസ്സിനേറ്റ മുറിവുകൾ എപ്പോളും വിടാതെ പിന്തുടർന്നിരുന്നു. മറ്റാർക്കും മനസിലിക്കാൻ പറ്റാത്ത കുഞ്ഞു നോവുകൾ . ഒരു കടൽ കടക്കുമ്പോൾ പടവെട്ടി മുന്നേറാൻ മറ്റൊരു സങ്കടകടൽ പിന്നെയും മുന്നിൽ .
/*ഞാൻ മാത്രമറിയുന്ന എൻ്റെ മനസ്സിന്റെ സംഘർഷങ്ങൾക്ക് ആ പുഴയോളം ആഴമുണ്ടായിരുന്നു */

മൂന്ന് :
ഒരു തരത്തിൽ ഇതെൻറെ രണ്ടാം ജന്മമാണ് . മരിച്ചു ജീവിച്ചവൾ അല്ലെങ്കിൽ മരിക്കേണ്ടിയിരുന്നവൾ . കുട്ടിക്കാലത്തു ചില അവധി കാലങ്ങളിൽ അമ്മാത്ത് ('അമ്മ ജനിച്ചു വളർന്ന വീട് ) പോകുമായിരുന്നു. അവിടെ അമ്പലക്കുളമുണ്ട് .അവിടെയാണ് കുളി . ഇളം പച്ചനിറത്തിൽ അടി കാണാനാവാത്ത ആഴമുള്ള കുളം . എനിക്ക് നാലോ അഞ്ചോ വയസു പ്രായം വരും . അച്ഛന്റെ കൂടെയാണ് അന്ന് കുളിക്കാൻ പോയത് . അച്ഛൻ തുണി തിരുമ്മി കൊണ്ട് നിൽകുമ്പോൾ ഞാൻ മൂന്നു പടിക്കെട്ടുകൾ ഇറങ്ങി അരയ്‌ക്കൊപ്പം വെള്ളത്തിൽ കളിച്ചു കൊണ്ടിരുന്നു. ബാല്യത്തിന്റെ വികൃതി ..അടുത്ത പടിയിൽ നിന്നാൽ എത്ര വെള്ളം ഉണ്ടെന്നു അറിയാനുള്ള ആകാംഷ . അച്ഛനോട് പറയാതെ അടുത്ത പടിയിൽ കാൽവച്ചതും വഴുകി പോയി. പിന്നെ ആഴങ്ങളിലേക്കൊരു കൂപ്പുകുത്തൽ ആയിരുന്നു. ചുറ്റിനും ഇളംപച്ച നിറം മാത്രം. ശ്വാസകോശങ്ങൾ വലിഞ്ഞു പൊട്ടുന്നതുപോലെ . പെട്ടന്നു കൈകളിൽ ഒരു പിടുത്തം വീണു ..അച്ഛന്റെ കൈകളിൽ ഉയർന്നു പൊങ്ങി മേലെ എത്തിയെങ്കിലും പിന്നെ എന്ത് നടന്നു എന്ന് ഓർമ്മയില്ല .' അന്ന് തീരുമാനിച്ചതാണ് നിന്നെ നീന്തൽ പഠിപ്പിക്കണമെന്നു' എന്ന് അച്ഛൻ പിന്നെ പറഞ്ഞു കേട്ടിരിക്കുന്നു . പിറ്റേന്ന് മുതൽ രണ്ടു കൊട്ട തേങ്ങകൾ കയറുവച്ചു കെട്ടിയ അന്നത്തെ ഫ്‌ളോട്ടറിൽ നീന്താൻ അച്ഛൻ പഠിപ്പിച്ചു തുടങ്ങി . അല്ലാ ..
/*കഷ്ടകാല കയങ്ങളിൽ മുങ്ങി താഴാതിരിക്കാൻ ഞാൻ പഠിച്ചു തുടങ്ങി */

എന്റെ സ്വപ്നങ്ങൾക്ക് ഉത്തരം തിരയവേയാണ് എന്റെ ഭൂതകാലവുമായി അവയെത്ര ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത മനസിലാകുന്നത്.
മറക്കണം എന്ന് കരുതുമ്പോളും വിട്ടുപോകാൻ കൂട്ടാക്കാത്ത ചില വ്യക്തികൾ, സംഭവങ്ങൾ,ചില പരീക്ഷണ ഘട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ആണ് ഞാനീ സ്വപ്നാടനം നടത്തുന്നത് എന്ന വസ്തുത !
 ആറിലോ പുഴയിലോ അക്കരെ എത്താൻ ഞാൻ നീന്തുന്നു ..ചിലപ്പോൾ ഞാൻ അക്കരെ എത്തിയിട്ടുണ്ട് ..ചിലപ്പോൾ ഞാൻ തോണിയിൽ പിടിച്ചു കയറി ..ചിലപ്പോൾ പുറകോട്ടു നീന്തി ..മറ്റു ചിലപ്പോൾ അടിയിലെ മണൽപ്പരപ്പിൽ കാലുകളൂന്നി നിന്നു ...ചിലപ്പോൾ തുടിച്ചു കുളിച്ചു..എങ്കിലും ഒരിക്കലും മുങ്ങിത്താണ് ജീവൻ പോയിട്ടില്ല.

ഞാൻ , ഞാൻ മാത്രമറിയുന്ന വീർപ്പുമുട്ടലുകളുടെ, പ്രതിസന്ധികളുടെ സങ്കടക്കയങ്ങളിൽ നില തെറ്റി വീഴുമ്പോൾ ആണ് ഈ സ്വപ്‌നങ്ങൾ എനിക്ക് കൂട്ടായെത്തുന്നത്. അവ എനിക്കൊരു സന്ദേശമെഴുതും .. ഈ വിഷമ ഘട്ടങ്ങൾ നീന്തി കയറാനുള്ളവയാണെന്നും അതു താണ്ടുവാൻ എനിക്കു കഴിയുമെന്നും !

 രാധിക വേദ 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.