PRAVASI

ജനകീയ ശബ്ദം നിലച്ചു .. വാർത്തകൾ വായിക്കുന്നത്...! ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Blog Image
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനങ്ങളില്‍ ആകാംക്ഷയും ആശങ്കയും ആശ്ചര്യവും നിറയ്ക്കാന്‍ രാമചന്ദ്രന്‍ പ്രത്യേകം ശ്രദ്ധിച്ചപ്പോള്‍ വാര്‍ത്ത അവതരണത്തിന്‍റെ തലം തന്നെ മറ്റൊരു ദിശയിലേക്കു മാറി. ആകാശവാണിയില്‍ നിന്നു വിരമിച്ച ശേഷവും മാധ്യമ രംഗത്തു തുടര്‍ന്ന അദ്ദേഹം നിരവധി വാര്‍ത്ത ചാനലുകളില്‍ പ്രവര്‍ത്തിച്ചു. മാധ്യമ പ്രവര്‍ത്തന അധ്യാപകനായും സേവനം അനുഷ്‌ഠിച്ചു.

ആകാശവാണിയിലെ വാർത്ത അവതാരകൻ ആയിരുന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം രാമചന്ദ്രൻ (91) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് ശാന്തികവാടത്തിൽ വച്ചുനടക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. 'വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍' എന്ന ഇമ്പമുള്ള ഈ വരികള്‍ക്കായി ആകാശവാണി ശ്രോതാക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു കാലം സ്വന്തമായി സൃഷ്‌ടിച്ചെടുത്ത പ്രതിഭയായിരുന്നു രാമചന്ദ്രന്‍. ദൃശ്യമാധ്യമങ്ങള്‍ കടന്നുവരുന്നതിനു മുന്‍പുള്ള ആ കാലഘട്ടത്തില്‍ വ്യത്യസ്‌തമായ വാര്‍ത്ത അവതരണ ശൈലിയിലൂടെ വാര്‍ത്തകളുടെ ദൃശ്യഭാവന ശ്രോതാക്കളുടെ മനസില്‍ വരച്ചിടാന്‍ രാമചന്ദ്രന്‍റെ അവതരണത്തിനു കഴിഞ്ഞു.
റേഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ച അവതാരകനാണ് രാമചന്ദ്രൻ. പിന്നീട് കൈരളിയിലെ ‘സാക്ഷി’ എന്ന പരിപാടിയിലൂടെയും രാമചന്ദ്രന്റെ ശബ്ദം ഏറെ ശ്രദ്ധിക്കപ്പെട്ടു.  80കളിലും 90കളിലും ശബ്ദം കേൾക്കാൻ മലയാളികള്‍ കാത്തിരിക്കുമായിരുന്നു.രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാമചന്ദ്രന്‍ വാര്‍ത്ത വായിക്കുന്നതു കേള്‍ക്കാതെ മലയാളികള്‍ക്ക് ഒരു ദിവസം കടന്നു പോകുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും വയ്യാത്ത കാലമുണ്ടായിരുന്നു. ഗൗരവമായ വാര്‍ത്തകള്‍ക്കിടയില്‍ വാര്‍ത്തകളിലെ കൗതുകം കണ്ടെത്തി ആഴ്‌ചയിലൊരിക്കല്‍ അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച കൗതുക വാര്‍ത്തകള്‍ ആ പ്രത്യേക അവതരണ ശൈലികൊണ്ടു മാത്രം ദശലക്ഷക്കണക്കിനു ശ്രോതാക്കളെ അദ്ദേഹത്തിന്‍റെ ആരാധകരാക്കിയിട്ടുണ്ട്. അക്കാലത്ത് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം അറിയാനുള്ള ഏക മാര്‍ഗവും ആകാശവാണിയായിരുന്നു.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനങ്ങളില്‍ ആകാംക്ഷയും ആശങ്കയും ആശ്ചര്യവും നിറയ്ക്കാന്‍ രാമചന്ദ്രന്‍ പ്രത്യേകം ശ്രദ്ധിച്ചപ്പോള്‍ വാര്‍ത്ത അവതരണത്തിന്‍റെ തലം തന്നെ മറ്റൊരു ദിശയിലേക്കു മാറി. ആകാശവാണിയില്‍ നിന്നു വിരമിച്ച ശേഷവും മാധ്യമ രംഗത്തു തുടര്‍ന്ന അദ്ദേഹം നിരവധി വാര്‍ത്ത ചാനലുകളില്‍ പ്രവര്‍ത്തിച്ചു. മാധ്യമ പ്രവര്‍ത്തന അധ്യാപകനായും സേവനം അനുഷ്‌ഠിച്ചു.കൊല്ലം ചവറ സ്വദേശിയായ രാമചന്ദ്രന്‍ നാടക പ്രവര്‍ത്തകനായാണ് തന്‍റെ പ്രൊഫഷണല്‍ ജീവിതം ആരംഭിക്കുന്നത്. നാടകങ്ങളില്‍ വിവിധ ശബ്‌ദ ഭാവങ്ങള്‍ തന്മയത്വത്തോടെ പകര്‍ത്തിയത് ശ്രദ്ധേയമായത് ആകാശവാണിയിലേക്ക് അദ്ദേഹത്തിനു വാതില്‍ തുറക്കുന്നതിനു കാരണമായി. രാമചന്ദ്രന്‍റെ സമകാലികനായി ആകാശവാണിയില്‍ വാര്‍ത്താവതാരകനായിരുന്ന പ്രതാപനും രാമചന്ദ്രനും ആകശവാണി വാര്‍ത്ത വിഭാഗത്തിലെ ഒരേ കാലഘട്ടത്തിലെ രണ്ടു വ്യതിരിക്ത താരങ്ങളായിരുന്നു. ഇരുവരുടേതും വ്യത്യസ്‌ത ശൈലി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും രാമചന്ദ്രനെ തേടിയെത്തിയിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.