ചില ഇഷ്ടങ്ങൽക്ക് ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ല ...അയ്യപ്പന്റെ കാവ്യം ഹൃദയം മന്ത്രിക്കുന്നു ." നീ തന്ന സസ്യ ശാസ്ത്രത്തിന്റെ പുസ്തകം എനിക്കു പ്രേമകാവ്യ മായിരുന്നു . പുസ്തകത്തിൽ അന്നു സൂക്ഷിച്ചിരുന്ന ആലില അതിന്റെ സുതാര്യതയിൽ ഇന്നും നിന്റെ മുഖം കാണാം .'' എത്ര മറിച്ചാലും തീരാത്ത പുസ്തകത്താളുകളിൽ ഇനിയെത്ര ബാക്കിയെന്നറിയാതെ ഞാനിതാ കുത്തിക്കുറിക്കുന്നു . പ്രിയ സൗഹൃദമേ ചേർത്തു പിടിച്ചതിനു നന്ദി ..
ഞാനും എൻറെ അച്ഛനും ജനിക്കുന്നതിനു മുൻപ് എൻറെ നാട്ടിൽ എൻറെ ഉമ്മറപടിയിൽ നിന്നു നോക്കാവുന്നത്ര ദൂരത്തിൽ ഒരു സുന്ദരനായ ഉണ്ണിപിറന്നു , അമ്മ വാമാക്ഷിയമ്മ അച്ഛൻ പന്തളംരാഘവപണിക്കർ . തങ്ങളുടെ ആദൃകൺമണിക്ക് അവർ ജയചന്ദ്രൻ എന്നു നാമകരണം ചെയ്തു. ഒരിക്കൽ വാമാക്ഷിയമ്മ മകൻറെ ജനനത്തെ പറ്റിപറഞ്ഞത് ഇപ്രകാരമായിരുന്നു . കൊച്ചേ സ്വാമി ജനിക്കുമ്പോൾ രണ്ടു കണിയാന്മാർ വീട്ടിൽ ഉണ്ടായിരുന്നു. അതിൽ ഒരുകണിയാൻ അന്നേ പ്രവചിച്ചിരുന്നു സ്വാമി സന്യാസി ആകുമെന്ന് . അമ്മയും അങ്ങനെയാണ് വിളിച്ചിരുന്നത് . അവസാനം അങ്ങനെ തന്നെ സംഭവിച്ചു, പതിനഞ്ചാമത്തെ വയസിൽ വീടുവിട്ടിറങ്ങി. അച്ഛൻ കവിയും അദ്ധൃാപകനുമായിരുന്നെങ്കലും
മകൻ പരീക്ഷയിൽ ഉയർന്ന മാർക്കു വാങ്ങണമെന്ന നിർബന്ധമൊന്നു മുണ്ടായിരുന്നില്ല. പൊതുവേ ഒരു നാണംകുണുങ്ങി ആയിരുന്നു. അദ്ധൃാപകർ പറഞ്ഞു കൊടുക്കുന്ന പാഠത്തേക്കാളും സ്വയം പഠിക്കാനായിരുന്നു ഇഷ്ടം. വിവേകാന്ദസ്വാമിയെപോലെ ആകാനായിരുന്നു ആഗ്രഹം . കുട്ടികാലത്തേ അച്ഛൻ ബുദ്ധചരിത മൊക്കെ വായിച്ചുകൊടുക്കുമായിരുന്നു.
പതിഞ്ചു വയസുമുതൽ ഇരുപത്തിരണ്ടുവയസുവരെ ഒരുസ്വതന്ത്ര സഞ്ചാരിയായി , ഇന്തൃയുടെ തനിമയുള്ള സംസ്കാരം കണ്ടെത്തുന്നതിനുവേണ്ടി, തീവണ്ടി എവിടെയെല്ലാം പോകുമോ അവിടെയെല്ലാം പണമൊന്നും കയ്യിലില്ലാതെതന്നെ യാത്ര പോയി ആ നാട്ടിലെ ഒരുവനെപോലെ ജീവിച്ചു. പട്ടാള ജീവിതത്തോടു താല്പരൃം ഇല്ലാതിരുന്നിട്ടും പട്ടാളക്യാമ്പിലും ജീവിച്ചു . മഹാത്മജിയോടുള്ള അടുപ്പംകൊണ്ട് മാനുഷിക മുലൃങ്ങളെ വിട്ടുവീഴ്ചയില്ലാതെ പിൻതുടരുവാനുള്ള നിർബന്ധബുദ്ധി ഉള്ളവനാക്കി.
പാതിവഴിയിൽ മുടങ്ങി കിടന്ന പഠിപ്പ് ഒരു ക്രിസ്തീയപുരോഹിതൻറെ സ്നേഹവായ്പുകൊണ്ട് പുന:ക്രമീകരിച്ചു. മന;ശാസ്‌ത്രത്തിലും തത്വശാസ്ത്രത്തിലും ഒരേ സമയം ബിരുദാന്തരബിരുദം നേടി.ക്രിസ്തുവിനോടുള്ള സ്നേഹവായ്പുകൊണ്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ പഠിക്കുമ്പോൾ അഖിലേന്തൃ ചിത്രരചനാ മൽസരത്തിൽ ‘യേശു നല്ലഇടയൻ ‘എന്ന വിഷയത്തെ ആസ്പദമാക്കി ,മന്ദസ്മിതം തൂകി കരുണയോടെ ഒരുവെള്ളാട്ടിൻ കുട്ടിയെ നെഞ്ചിൽ ചേർത്ത് പുൽകി നിൽക്കുന്ന യേശുവിനെ വരച്ചു. ബുദ്ധനും ക്രിസ്തുവും കരുണാവാൻ നബി മുത്തുരത്നമോ എന്ന നാരായണഗുരുവിൻറെ അനുകമ്പാ ദശകത്തെ പാടുന്ന ചിത്രമായിരുന്നു അത് .ആ ചിത്രത്തിന് ഒന്നാം സമ്മാനമായി ഒരു തങ്കമുദ്ര ലഭിച്ചു..കലയും സാഹിത്യവും സംഗീതവും അതർഹിക്കുന്ന പ്രാധാന്യത്തോടെ ആരാധിച്ചു...പ്രൊഫസറായും വിസിറ്റിംഗ് പ്രൊഫസറായും സേവനം അനുഷ്ടിച്ചു.
പ്രായേണ യാത്രയുടെ പരിധി വലുതായി ഭൂമിയുടെ അതിരുകളിലേക്കുള്ള യാത്രയായി ജീവിതം .എല്ലാഭൂഖണ്ടങ്ങളും യാത്രയുടെ സീമയിൽപെട്ടു . നാടും വീടും മറന്നു. എല്ലാനാടും സ്വന്തം നാടുപോലെയായി . വേരെല്ലാംമുറിഞ്ഞ് ആരുടെതുമല്ലാത്തവനായപ്പോൾ സമുദായം , മതം, രാജൃം, ഇതൊക്കെ അപ്രസക്തമായി എല്ലായിടവും മനുഷൃനെ കാണാൻ തുടങ്ങി, എല്ലാറ്റിനും ഉപരിയായി മനുഷൃനെ സ്നേഹിക്കാൻ അന്നോളം സ്വൊരുകൂട്ടിവെച്ച മുൻവിധികൾ വഴുമാറികൊടുത്തു. എല്ലായാത്രകളും മാനവസംസ്കാരത്തിൽകൂടിയുള്ള ഒരു പരൃടനമാക്കി മാറ്റി. മനുഷൃൻ മഹനീയമെന്നു കരുതിയ എല്ലാമൂലൃങ്ങളേയും അടുത്തുനിന്നു പരിചയിച്ചു.ഒരുകുരുക്ഷേത്രയുദ്ധം പോലെ.
ഇരുപത്തിയഞ്ചു കൊല്ലം നടരാജഗുരു മേൽത്തരം ശിക്ഷണം നൽകി വാക്കും വഴിയുമായി.നടന്നുനീങ്ങിയ പാദകളിലെല്ലാം ഒരു സുഹൃത്തിനെപോലെ വെളിച്ചം തെളിച്ച്കുടെനിന്നു.നടരാജഗുരുവുമൊത്തുള്ള ജീവിതത്തെ പറ്റി ഗുരുവിൻറെ തന്നെ വാക്കുകളില്‍.
“ഗുരുവിനോടോത്തുള്ള വാസകാലത്ത് ഓരോ സായാഹ്നങ്ങളും എനിക്ക് കാമുകി കാമുകൻ മാരുടെ സായാഹ്നങ്ങൾ പോലെ സുന്ദരമായരുന്നു.. പാതയോരത്ത് ഒരുപേരാല്‍ വൃക്ഷവും അതിൻറെ ചുവട്ടില്‍ ഒരുകരിങ്കൽ പീഠവും ഉണ്ട്. ചിലപ്പോൾ രാത്രി ഏറെ വൈകുന്നതുവരെ ഞങ്ങളൊന്നിച്ച് ആ മരച്ചുവട്ടിൽ ഇരിക്കും .ജീരകവും വെല്ലവും ചേർത്തുണ്ടാക്കിയ ഒരുപ്രതേൃകതരം കാപ്പി അടുത്തുണ്ടാവും. ജീരകകാപ്പി കറേശ്ശ കുറേശ്ശ മൊത്തികുടിച്ചുകൊണ്ടിരിക്കും. ഓരോ സായാഹ്നത്തിലും നാരായണഗുരുവിനോടത്ത് അദ്ദേഹം ജീവിച്ച നാളുകളെകുറിച്ചുള്ള ഓരോരോ കഥകൾ പറയും . നാരായണഗുരു വന്നുപിറന്ന സാഹചര്യങ്ങളുടെ പരിതാപകരമായ അവസ്ഥകളെ ക്കുറിച്ചും . ഉത്‌കൃഷ്‌ട മായ വശങ്ങളെക്കുറിച്ചും, മനസിലാക്കാന്‍ ആ കഥകള്‍ എനിക്ക് വളരെയധികം സഹായകമായി. നാരായണ ഗുരുവിന്റെ കൃതികളിലെ നിഗൂഢമായ അർത്ഥങ്ങൾ വെളിവാക്കുന്ന വളരെയധികം രഹസ്യങ്ങൾ അദേഹം എനിക്ക് പറഞ്ഞുതന്നു . മറ്റേതൊരു മഹാഗുരുവിന്റെ വചനങ്ങളെയും അതിശയിപ്പിക്കുന്ന ഒന്നായിരുന്നില്ലാ അവയെങ്കിലും അത് എല്ലാ മഹാഗുരുക്കന്മാരുടെയും ഉപദേശങ്ങളുമായി സമതുലിതയുള്ളതായിരുന്നു. ഇതെല്ലാം ഗുരുവിന്റെ മഹത്വത്തെ കുറിച്ച് എന്നെ പൂർവാധികം ബോധവാനാക്കി.
നല്ല ഉരുക്കുണ്ടാക്കുന്നത് തീചുളയില്‍ ഉരുക്കിയാണ് .അങ്ങനെ നടരാജഗുരു സ്പുടം ചെയ്തെടുത്തവ്യക്തിത്വം. നടരാജഗുരുവും ഞാനും എന്ന പുസ്തകത്തിൽ ഗുരു വിവരിക്കുന്നുണ്ട്.
ഒരു കാമുകന്‍ സ്വകാമുകിയുടെ ചിത്രം എപ്പോഴും ഹൃദയത്തോടു ചേർത്തു വെച്ചുകൊണ്ടു നടക്കുന്നതുപോലെ നാരായണ ഗുരുവിന്റെ ദർശനങ്ങളേയും തൻറെ ഹൃദയത്തിൻറെ ഉള്ളറകളിൽ പ്രതിഷ്ഠി ച്ചു കൊണ്ട് യാത്രചെയ്യുകയായിരുന്നു, അതെൻറെ നാക്കുകൾക്കു ശബ്ദവും കണ്ണുകൾക്കു പ്രകാശവും നൽകിയെന്നു ഗുരുനിതൃ പറഞ്ഞിട്ടുണ്ട്.പതിനഞ്ചാം വയസ്സിൽ സനൃാസത്തോടുള്ള ലഹരിനിമിത്തം വീടുവിട്ടിറങ്ങിയ മകന് അമ്മ വാമാക്ഷിയമ്മ തങ്ങളുടെ കുടുംബ ഓഹരിയിൽ ഒരുഗുരുകുലം തീർത്തുകൊടുത്തു.. ഒരു ഒറ്റമുറികെട്ടിടം. ഒന്നരവർഷകാലം ഗുരു അവിടെ മൌന വൃതത്തിൽ ഇരുന്നിട്ടുണ്ട്, അമ്മ തന്നെയാണ് അവിടെ അധികാലവും താമസിച്ചിരുന്നതും . വർഷത്തിലൊരിക്കൽ മിക്കവാറും നവംബർ മാസത്തിലെ ആയില്യം നക്ഷത്രത്തിൽ കേരളപിറവിയും ചേർത്ത് ഗുരു അവിടേക്ക് കടന്നു വരുന്ന കാഴ്ച കുട്ടികാലം മുതല്‍ ഒരു കൌതുക കാഴ്ചയായിമാറി . എന്റെ ബാല്യ കൌമാര യൌവ്വ നങ്ങൾക്ക് അവിടുത്തെ കിളിച്ചുണ്ടൻ മാമ്പഴത്തിന്റെയും ഇലഞ്ഞിപ്പൂക്കളുടെയും ഗന്ധമുണ്ട്... ചെറുചൂടുചോറിൽ പുളിശ്ശേരിയും പച്ചമുളകും ചൊമന്നുള്ളിയും മേൻപൊടിചേർത്ത് കൈയ്യ് കൊണ്ടു ഞെരിച്ചുടച്ചു വാമാക്ഷിയമ്മ ഉരുട്ടിതന്ന ഉരളയുടെ നിറവാർന്ന സ്നേഹത്തിൻറെ ഓർമ്മകളുണ്ട്...
ആ മാമരങ്ങൾക്കിടയിലൂടെഒഴുകിയെത്തിയ നനുത്തസൂരൃപ്രകാശത്തിന് സമാനതകളില്ലാത്ത സൌഹൃദത്തിന്റെ നനവുണ്ടായിരുന്നു.കാർമേഘകാടുകൾക്കിടയിലൂടെ ഒഴികിയെത്തിയ ഇളം തെന്നലിന്റെ ചുംബനങ്ങൾക്ക് യേശുവിന്റെ ഗന്ധമുണ്ടായിരുന്നു... സായാഹ്നസംഗമങ്ങള്‍ വിശ്വമാനവികതയുടെ നിറമുള്ള പട്ടുകമ്പളം എനിക്കുമേൽ വിരിച്ചുതന്നു.മൈൗനത്തിലാണ് ഞാനവനെ വായിച്ചത് . സത്യത്തിലാണ് അവനെന്നെ ചേർത്തുനിർത്തിയത് . ആനന്ദ പൂർണ്ണ മായ ബന്ധുത്വമാണ് സൈഹൃദമെന്ന് അവന്റെ സ്നേഹം മൊഴിഞ്ഞത് . പസ്പരമുള്ള ഇഴചേരലാണ് സൈഹൃദം . ഒരാൾ മറ്റൊരാളെ തന്റെ കാഞ്ചനവലയത്തിൽ ചേർത്തിപ്പിടിക്കുന്നു യോഗ്യതകൾക്കും അയോഗ്യതകൾക്കും അപ്പുറം ..അതു ഒരു ദിവസം കൊണ്ടോ രണ്ടു ദിവസം കൊണ്ടോ വന്നു ചേരുന്നതല്ല . വളർച്ചയുടെ ഓരോ പടവിലും വേദനയുടെയും വേർ പാടിന്റെയും നെച്ചിടം കീറിയാണ് അതിന്റെ യാത്ര .അതാണ് എനിക്കു ഗുരു നിത്യ . ഹൃദയത്തിൽ ഒരിക്കലും പിരിയാത്ത സുഹൃത്ത് . സ്വതന്ത്രമായൊരു നക്ഷത്രത്തിന്റെ സൈഹൃദമാണെനിക്കവൻ സമ്മാനിച്ചത് 'എത്രയോ ജന്മങ്ങൾ ഞങ്ങൾ കണ്ടിരിക്കാം . സ്നേഹിചിച്ചിരിക്കാം ഓരോനിമിഷവുംഞാനതറിയുന്നു ധന്യതയോടെ ...റൂമിചോദിക്കുന്നു നിന്റെ ആത്മ മിത്രത്തിന്റെ മുഖത്ത് നീ ആരെയാണ് കാണുന്നത് . ദൈത്തിന്റെ സ്‌നേഹ മഹിമയോ അതോ നിന്നെ തന്നെയോ .രണ്ടും എന്നത്രേ എന്റെ ഉത്തരം .
ഒരിക്കൽ മാധവി കുട്ടിയെ കാണാൻ ചെന്ന എന്നോട്
ആമി പറഞ്ഞു; യതി ”എല്ലാഅർത്ഥത്തിലും സുന്ദരൻ.....”
ലാവോത്സുവിൻറെ ഈ വരികൾ ഓർത്തു പോയി . “അറിയുന്നവനോ പറയുന്നില്ലാ
പറയുന്നവനോ അറിയുന്നില്ല....!!!
ചില ഇഷ്ടങ്ങൽക്ക് ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ല ...അയ്യപ്പന്റെ കാവ്യം ഹൃദയം മന്ത്രിക്കുന്നു ." നീ തന്ന സസ്യ ശാസ്ത്രത്തിന്റെ പുസ്തകം എനിക്കു പ്രേമകാവ്യ മായിരുന്നു . പുസ്തകത്തിൽ അന്നു സൂക്ഷിച്ചിരുന്ന ആലില അതിന്റെ സുതാര്യതയിൽ ഇന്നും നിന്റെ മുഖം കാണാം .'' എത്ര മറിച്ചാലും തീരാത്ത പുസ്തകത്താളുകളിൽ ഇനിയെത്ര ബാക്കിയെന്നറിയാതെ ഞാനിതാ കുത്തിക്കുറിക്കുന്നു . പ്രിയ സൗഹൃദമേ ചേർത്തു പിടിച്ചതിനു നന്ദി ..
ഗീത രാജീവ്