ഒരു ദിവസം മുൻപാണ് ബാലുച്ചേട്ടൻ വിളിച്ച് ജയേട്ടനെ കാണാൻ പോകാമെന്ന് പറയുന്നത് . ഉച്ചക്ക് രണ്ട് മണിയോടെയാണ് ഗുൽമോഹർ ഫ്ലാറ്റിൽ ജയേട്ടൻ കിടക്കുന്ന റൂമിൽ എത്തുന്നത്. കടക്കുമ്പോൾ ഞങ്ങളെ തിരിച്ചറിഞ്ഞ തിളക്കം ആ കണ്ണിലുണ്ട് . വർക്കിനെപ്പറ്റിയാണ് ചോദിച്ചത്.
" ജയേട്ടൻ ഒന്ന് സെറ്റ് ആവട്ടെ . നമുക്ക് എടുത്തു വച്ച പാട്ടുകളൊക്കെ പാടാണം "
"അതെ പാടണം" ആ വാക്കുകളിൽ അപ്പോഴും ഒരു നിശ്ചയദാർഢ്യമുണ്ടായിരുന്നു.
ജയേട്ടൻ പതുക്കെ ഉച്ചമയക്കത്തിലേക്ക് കടക്കുകയാണെന്ന് തോന്നി. ഞങ്ങൾ യാത്രപറഞ്ഞിറങ്ങി . അത് ഒടുവിലെ കാഴ്ചയാവുമെന്ന് കരുതിയില്ല . മരണവിവരം അറിഞ്ഞ് അമല ആശുപത്രിയിലേക്കുള്ള യാത്രയിൽ ചിന്തിച്ചത് ഒരൊറ്റ കാര്യമാണ്
എനിക്കാരായിരുന്നു ജയേട്ടൻ
ഒരച്ഛൻ്റെ വാത്സല്യം തന്നൊരാൾ ' "താനെനിക്ക് മകനെ പ്പോലെ " എന്ന് പറഞ്ഞ ഒരേ ഒരാൾ '. സുഹൃത്തിനെപ്പോലെ എന്തും പറയാൻ സ്വാതന്ത്ര്യമുള്ളയാൾ ' പഴയ കാല മദിരാശി സിനിമയുടെ ചരിത്രങ്ങൾ , ഞാൻ കേൾക്കാത്ത ഭാസ്കരൻ മാഷുടെ പാട്ടുകൾ എല്ലാം പറഞ്ഞു തന്നയാൾ ' കാറിലിരുത്തി എം. എസ് വി യുടേയും , കണ്ണദാസൻ്റെയും കെ.വി മഹാദേവൻ്റെയും പാട്ട് കേൾപ്പിച്ച്, ആ പാട്ടുണ്ടായ കഥകൾ പറഞ്ഞ് തന്ന ഗുരുനാഥൻ . കൃഷ്ണൻ കുട്ടിപ്പൊതുവാളെ കുറിച്ച് , തൃത്താല കേശവനെ കുറിച്ച് , ജി. എൻ ബി യെ കുറിച്ച് , മണി അയ്യരെ കുറിച്ച് , അമ്മന്നൂർ മാധവ ചാക്യാരെ കുറിച്ച് , കോട്ടക്കൽ കുട്ടൻ മാരാരെ കുറിച്ച് , പുകഴേന്തിയെ കുറിച്ച് , ബാബുക്കയെ കുറിച്ച് സത്യനെ കുറിച്ച് , പ്രേംനസീറിനെ കുറിച്ച് , ശിവാജി ഗണേശനെ കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്ന ആൾ. മുഹമ്മദ് റാഫി എന്ന് പറയുമ്പോൾ കരഞ്ഞിരുന്ന ആൾ ' സൂശിലാമ്മ എന്ന് പറയുമ്പോൾ രോമാഞ്ചം കൊണ്ടിരുന്ന ആൾ, എം. എസ്.വി യിൽ ആവേശം കൊണ്ടിരുന്ന ആൾ. ഭാസ്കരനേയും ജാനകിയേയും ലതാജിയേയും ഇഷ്ടപ്പെട്ടിരുന്ന ആൾ. ഗുരുവായ ദേവരാജൻ മാഷുടെ ചിത്രം വച്ച പേഴ്സ് കാണിച്ചു തന്നയാൾ . കുന്നംകുളത്തെ " 50 ശതമാനം Branded ഷോ പ്പിൽ " നിന്ന് അവിടെ ഉള്ളത് മുഴുവൻ വാങ്ങി തൻ്റെ കാറിലേക്കിട്ട് ചിരിച്ച് കണ്ണിറുക്കിയ ആൾ. പേരാമംഗലത്തെ ട്രിനിറ്റിയിൽ നിന്ന് " താനീ ഓഫ് കളർ ഒക്കെ കളയൂ " എന്ന് പറഞ്ഞ് കളർഫുൾ ടീ ഷർട്ടുകൾ വാങ്ങിത്തന്നയാൾ
ഒപ്പം ചെണ്ട കൊട്ടിയ ആൾ. ഒറ്റപ്പാലം ഹരിയുടെ തിമിലയും പോരൂരിൻ്റെ തായമ്പകയും, ദോശയും ഇഷ്ടപ്പെട്ടിരുന്ന ആൾ
എൻ്റെ കയ്യിൽ നിന്ന് ശ്ലോകങ്ങൾ എഴുതി വാങ്ങി ബൈ ഹാർട്ട് പഠിക്കുമ്പോൾ ആവേശമുള്ള വിദ്യാർത്ഥി ,
ഗുരുവായൂരപ്പന് കൊടുക്കാൻ എനിക്കൊരു പാട്ട് വേണം താൻ തന്നെ എഴുതണമെന്ന് പറഞ്ഞ് " നീയെന്ന ഗാനത്തെ " എഴുതിപ്പിച്ചയാൾ
അത് വായിച്ച് ഫോണിൻ്റെ മറുതലയ്ക്കലിരുന്ന് പൊട്ടിക്കരഞ്ഞയാൾ
മകൾ ലക്ഷ്മിയുടെ ഈണം എന്നെ പലവട്ടം പാടി കേൾപ്പിച്ച് അതിൽ രാമനാഥൻ മാഷക്ക് ഉള്ള സമർപ്പണമായി വരി എഴുതിപ്പിച്ച ആൾ ' അത് കഴിഞ്ഞ് ഒരു പേന സമ്മാനമായി തന്നയാൾ
താൻ ആദ്യമായി സംഗീതം ചെയ്യുന്ന ആർബത്തിലെ പത്ത് പാട്ടുകൾക്ക് ഞാൻ വരിയെഴുതിയാൽ മതി എന്ന് പറഞ്ഞയാൾ
നാട്ടിലെ പഞ്ചവാദ്യത്തിന് ഒന്ന് വിളിക്കാതെ പോലും വന്നിരുന്നയാൾ . കളർ മുണ്ടും തലേക്കെട്ടുമായി പതികാലം മുഴുവൻ താളം പിടിച്ച് കേട്ടു നിന്നയാൾ
വിഷുവിന് കൈ നീട്ടമായി പതിവ് തെറ്റിക്കാതെ " ഒരു വിഷുപ്പാട്ടിൻ്റെ " എന്ന പാട്ട് പാടി തന്നിരുന്നയാൾ
എത്രയോ പാട്ടുകൾ ഫോണിൻ്റെ മറുതലയ്ക്കലിരുന്ന് പാടി തന്നയാൾ .
ദേവരാജൻ മാഷേ , ദക്ഷിണാമൂർത്തി സ്വാമി യെ തുടങ്ങി ചിറ്റൂർ ഗോപിയേട്ടനേയും , ബാലമുരളിയേട്ടനേയും വരെ സുന്ദരമായി അനുകരിച്ചിരുന്നയാൾ
എം.സ്.വിയ്ക്കുള്ള ട്രിബ്യൂട്ട് ആയി വലിയൊരു പ്രോഗാം പാലക്കാട്ട് നടക്കുമ്പോൾ അവതാരകനായി കൂട്ടി കൊണ്ടുപോയ ആൾ , സുശീലാമ്മയ്ക്കടുത്തു കൊണ്ടു പോയി നിർത്തി പരിചയപ്പെടുത്തിയ ആൾ
ഇതൊക്കെയാണെങ്കിലും ആരാണെനിക്ക് ജയേട്ടൻ ?
അറിയില്ല
ജയേട്ടന് ഞാനാരെന്നും അറിയില്ല
ഇന്ന് സംഗീത നാടക അക്കാദമിയുടേയും , വീടിൻ്റെയും പരിസരത്ത് , ജയേട്ടനെ ഇഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ടായിരുന്നു. എത്രയോ ദൂരെ നിന്ന് എത്തിയവർ ' എവിടെയും അടയാളപ്പെടുത്താത്തവർ ' ഒരു ക്യാമറക്കണ്ണിലും പെടാതെ , മാവിൻ്റെ മറവിലോ , കെട്ടിടത്തിൻ്റെ മറവിലോ നിന്ന് ഏങ്ങിയേങ്ങി കരയുന്നവർ . അതിലൊരാൾ ( ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ ) ചിരപരിചിതനെ പോലെ വന്ന് കൈ പിടിച്ചു . പിന്നെ തേങ്ങി ക്കൊണ്ട് ചുമലിലേക്ക് ചാഞ്ഞു.
" ദൂരെ നിന്ന് കണ്ടിട്ടുണ്ട് ജയചന്ദ്രൻ സാറിനെ . ഇതു വരെ പരിചയപ്പെട്ടിട്ടില്ല. എന്തിനാ പരിചയപ്പെടണേ പാട്ടിലൂടെ ദെവസോം അറിയല്ലേ ... അങ്ങേര് മരിയ്ക്കൊന്നൂല്യ എന്നും രാവിലെ ഓരോ പാട്ടായി വന്ന് നമ്മളെ ഇങ്ങനെ തൊടില്ലേ.. പിന്നെങ്ങനാ മരിക്കാ . "
അതെ എല്ലാറ്റിനുമുപരി മരണമില്ലാത്ത ശബ്ദമാണ് ജയേട്ടൻ
ബി.കെ ഹരിനാരായണൻ