എത്ര സുന്ദരിയമാരാ ഈ പൂക്കൾ. അങ്ങനെ പുഞ്ചിരിതൂകി നിൽക്കുകയാണ്. എന്നേ ഒന്നു നോക്കു എന്ന പറയുന്നപ്പോലെ തോന്നും. ആർക്കും ആവശ്യമില്ലെങ്കിലും ഞങ്ങൾ സന്തോഷത്തോടെ ഈ ഭൂമിക്കുവേണ്ടി വിരിയുന്നു എന്ന ഭാവത്തിൽ അവ വിരിഞ്ഞു കൊണ്ടേയിരിക്കുന്നു. ചില പൂക്കളും ചെടികളും ബാല്യത്തിൻ്റെ സുഖമുള്ള ഓർമ്മകൾ സമ്മാനിക്കുന്നവയാണ്. കുട്ടിക്കാലത്ത് മരങ്ങളും വള്ളിപ്പടർപ്പുകളും ഇലകളും പൂക്കളും കളിക്കൂട്ടുകാരായിരുന്നല്ലോ. ഈ ചെടിയുടെ വരവ് ഒരു വരവ് തന്നെയായിരുന്നു. ഞാൻ എട്ടിലോ ഒമ്പതിലോ പഠിക്കുന്ന കാലത്താണ് ഇവൾ ആഫ്രിക്കയിൽ നിന്ന് എത്തുന്നത്. ഏതിനേയോ തുരത്താൻ ആയിരുന്നു ഇതിനെ രംഗത്ത് കൊണ്ടുവന്നതെന്നാണ് എൻ്റെ ഓർമ്മ. പായൽ വർഗ്ഗത്തിൽ പെട്ടത്. ആഫ്രിക്കൻ പായൽ എന്നറിയപ്പെടുന്നു. വെറ്റിലയുടെ വലിപ്പമുള്ള കടും പച്ചനിറപ്പുള്ള ഇലകൾ ഒരു തരം പോള എന്നു പറയാം. ഈ ഇലകൾ കാണാനും ഭംഗിയാണ്. ഇവയുടെ ഇടയിൽ വയലറ്റും വെള്ളയും ഇടകലർത്തിയ പൂവ്. പ്രകൃതിയുടെ വികൃതി അല്ലേ. എന്തിനേയോ തുരത്താൻ വന്നതാണ് എന്തിനെ തുരത്തുവാനെന്നോർമ്മയില്ല. എന്തായാലും ധാരാളം കുളങ്ങളും തോടുകളും ഉള്ള ആലപ്പുഴയിൽ എല്ലാ വീട്ടുകാരും ഈ ആഫ്രിക്കക്കാരിയെ തൻ്റെ കുളങ്ങളിൽ ഇട്ടു. പക്ഷേ ആൾ മിടുക്കിയ വളരെ വേഗം കുളങ്ങളും തോടുകളും എന്തിനേറെ പറയുന്നു കായലും സ്വന്തമാക്കി.
അഫ്രിക്കൻ പായലിൻ്റെ വരവു കാലത്തായിരുന്നു ഞങ്ങളുടെ (എൻ്റെയും ചേട്ടൻ്റെയും ) ഹിന്ദി പഠിത്തം. പണ്ട് ഹിന്ദി പ്രചാരസഭയുടെ പ്രാഥമിക്ക്, മദ്ധ്യമിക്ക് തുടങ്ങി രാഷ്ട്ര വരെയുള്ള പഠനം നട്ടിൻ പുറത്ത് വളരെ ശ്രദ്ധയോടെ പഠിച്ചിരുന്ന കാലം. രാവിലെ ഹിന്ദി ക്ലാസ്സിലേയ്ക്ക് പോകുന്ന വഴിയാണ് വളപ്പൊട്ട്, കശുവണ്ടി, തീപ്പെട്ടി പടം ,തുടങ്ങിയവ പെറുക്കൽ. ഹിന്ദി ടീച്ചറിൻ്റെ വീട്ടിൽ രണ്ടു കുളമുണ്ട്. ഒന്ന് പാത്രം കഴുകാനും മറ്റേ കുളം കുളിയ്ക്കാനും തുണിനയ്ക്കാനും. ഒരു ദിവസം ഞങ്ങൾ ഈ പായലിൻ്റെ സുന്ദരി പൂവ് കൊണ്ടുവന്നു. ആ പൂവ് ടീച്ചറിന് ഇഷ്ടായി. ഈ പൂവിനെക്കുറിച്ച് സകല വിവരങ്ങളും ചോദിച്ചു. നാളെ ഒരു തൈ ഈ കുളി ത്തിൽ ഇടാൻ നിർദ്ദേശവും കിട്ടി. ആ ഡ്യൂട്ടി ഞങ്ങൾ ഭംഗിയായി ചെയ്തു. അങ്ങനെ അവിടുത്തെ കുളങ്ങളും ആഫ്രിക്കക്കാർക്ക് സ്വന്തം. ഈ പായൽ സുന്ദരിയെ കാണാൻ പോയ കഥയുണ്ട്. അത് ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എൻ്റെ ജോച്ചി ഒരാഴ്ച്ച ഞങ്ങളുടെ കൂടെ താമസിച്ചു. ഞാങ്ങൾ രാവിലെ നടക്കാനിറങ്ങും അതിന് ജോച്ചി പറയുന്നത് രാവിലെയുള്ള " ഈവനിങ് വാക്ക് "എന്ന . ആ നടത്ത ദിവസങ്ങളിൽ തോട്ടിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളെ കാണുക ഒരണ്ണം പറിച്ചു കൊണ്ട് വരും. അവ ആ തോട്ടിൽ പൂത്തു നിൽക്കുന്നത് കാണാൻ ഒരു ഭംഗിയായിരുന്നു. എന്നാൽ കായലിൽ ഇവ നിറഞ്ഞപ്പോൾ കായലിൽ മീനുകൾ കുറയുന്നു. വള്ളങ്ങൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായി.
ആഫ്രിക്കൻ പായൽ ഈ വീട്ടിലില്ലങ്കിലും ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യം കാരണം ഒരു ചെടി പോലും വച്ചുപിടിപ്പിക്കാൻ പറ്റാത്ത അവസ്ഥയായി. ഒരു കണക്കിന് നോക്കിയാൽ രണ്ട് ആഫ്രിക്കക്കാരും നമ്മൾക്ക് കുഴപ്പക്കാരാണ്.
ഗംഗാദേവി