ചെന്നൈ: കോയമ്പത്തൂരില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേരത്തെ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് കോയമ്പത്തൂരില്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നത്. ഇപ്പോള്‍ ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അറിയിച്ചിട്ടുണ്ട്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കോയമ്പത്തൂരില്‍ തിങ്കളാഴ്ച റോഡ് ഷോ നടത്താനിരിക്കുന്നത്. കോയമ്പത്തൂര്‍ ടൗണില്‍ നാല് കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയ്ക്ക് സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. 1998ല്‍ ബോംബ് സ്‌ഫോടനം നടന്ന ആര്‍എസ് പുരത്ത് വച്ച് റോഡ് ഷോയുടെ സമാപനം നടത്തുമെന്നാണ് ബിജെപി അറിയിക്കുന്നത്.
പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത മോദി തുടര്‍ന്ന് ഹൈദരാബാദിലേക്കാണ് തിരിച്ചത്. ഹൈദരാബാദിലും തെലങ്കാനയിലുമായി റോഡ് ഷോ, റാലി എന്നിങ്ങനെയുള്ള പരിപാടികളില്‍ പങ്കെടുത്ത ശേഷം തമിഴ്‌നാട്ടിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.