PRAVASI

വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് ക്രിസ്മസ് - ന്യൂ ഇയർ വർണ്ണാഭമായി ആഘോഷിച്ചു

Blog Image

വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം ഈ മാസം ജനുവരി മൂന്നാം തീയതി വെള്ളിയാഴ്ച്ച വൈകിട്ട് നാലുമണി മുതൽ രാത്രി ഒന്പതുമണിവരെ സംഘടിപ്പിച്ചു.  പ്രൊവിൻസിന്റെ പ്രസിഡന്റ് ശ്രീമാൻ നൈനാൻ മത്തായിയുടെ ബെൻസേലത്തുള്ള ഭവനത്തിൽ വച്ചായിരുന്നു പ്രൊവിൻസിന്റെ അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് പരിപാടികൾ വർണ്ണാഭമായി ആഘോഷിച്ചത്.
ഒരു നിമിഷത്തെ മൗന പ്രാർത്ഥനയോടെ യോഗ പരിപാടികൾ ആരംഭിച്ചു. ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതവും ക്രിസ്മസ് - ന്യൂ ഇയർ ആശംസകൾ അർപ്പിച്ചും,  കഴിഞ്ഞ മീറ്റിംഗിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷ പ്രസംഗം നടത്തി എല്ലാവര്ക്കും ഐശ്വര്യവും സമ്പൽസമൃദ്ധവുമായ പുതുവത്സരം ആശംസിച്ചു.  അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഈ പുതുവർഷം നടത്തുവാനിരിക്കുന്ന പ്രൊവിൻസിന്റെ എല്ലാ പദ്ധതികളുടെയും, പ്രത്യേകിച്ച് ഒക്ടോബര് മാസം രണ്ടാം തീയതി കോട്ടയത്ത് വച്ച് നടത്തുന്ന സമൂഹ വിവാഹത്തിന്റെയും പരിപൂർണ്ണ വിജയത്തിനായി എല്ലാവരുടെയും ആത്മാർത്ഥ സഹകരണവും സഹായവും അഭ്യർത്ഥിച്ചു. കേരളത്തിലെ ഗാന്ധിഭവനുമായി ചേർന്ന് നടത്തുന്ന സമൂഹവിവാഹത്തിൽ പങ്കെടുക്കുവാൻ എല്ലാ പ്രൊവിൻസ് അംഗങ്ങളും അവരുടെ കുടുംബാങ്ങങ്ങളും നേരെത്തെ തന്നെ യാത്രയുടെ പ്ലാൻ തയ്യാറാക്കണം എന്നും ഓർമപ്പെടുത്തി. ചെയർപേഴ്സൺ ശ്രീമതി മറിയാമ്മ ജോർജ് ആശംസാ പ്രസംഗം നടത്തി എല്ലാവര്ക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെ ആശംസകൾ അറിയിച്ചു. പ്രൊവിൻസിന്റെ ഉന്നമനത്തിനായി അക്ഷീണം പരിശ്രമിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയും തുടർന്നും ഒരുമയോടുള്ള സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. അംഗങ്ങളുടെ വിവിധങ്ങളായ പരിപാടികൾ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.  ആഘോഷപരിപാടിയിൽ പങ്കെടുത്ത എല്ലാവരും പുതുവർഷത്തിന്റെ ആശംസകൾ പങ്കുവച്ചു.
ജൂൺ ഏഴാംതീയതി, ശനിയാഴ്ച സെയിന്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച് ഹാളിൽ വച്ച് പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന മദേഴ്സ് ആൻഡ് ഫാദേഴ്സ് ഡേ – 2025 ന്റെ പ്രോഗ്രാം കോഡിനേറ്ററായ ശ്രീമതി അജി പണിക്കർ തദവസരത്തിൽ നടത്തുവാൻ ആസൂത്രണം ചെയ്തിരിക്കുന്ന വിവിധ പരിപാടികളുടെ വിശദീകരണം യോഗത്തിൽ സമർപ്പിച്ചു. ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ കോർഡിനേറ്ററായി പ്രവർത്തിച്ച ശ്രീമതി ഷൈലാ രാജനെ രുചികരമായ ഭക്ഷണം ക്രമീകരിച്ചതിലുള്ള നന്ദിയും സ്നേഹം അറിയിച്ചു. ദാമ്പത്യ ജീവിതത്തിൽ ഇരുപത്തിയഞ്ചു വര്ഷം പൂർത്തീകരിച്ച ഷിബു - ജെസ്സി ദമ്പതികളെ കേക്ക് മുറിച്ചു അവരുടെ വിവാഹവാര്ഷികത്തിന്റെ ആശംസകളും സന്തോഷവും അംഗങ്ങളും കുടുംബങ്ങളും പങ്കുവച്ചു.
ട്രെഷറർ തോമസ്കുട്ടി വര്ഗീസ് നന്ദി പറഞ്ഞു. ആഘോഷപരിപാടികൾക്ക് തന്റെ ഭവനം ക്രമീകരിച്ച ശ്രീമാൻ നൈനാൻ മത്തായിയോടും കുടുംബത്തോടുമുള്ള പ്രത്യേക സ്നേഹം നന്ദിയും യോഗം രേഖപ്പെടുത്തി.  ഫോട്ടോ സെഷനോടും അത്താഴവിരുന്നോടും കൂടി പരിപാടികൾ രാത്രി ഒമ്പതുമണിക്ക് പര്യവസാനിച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.