ന്യൂ യോർക്ക് പ്രദേശത്തെ ഇൻഡ്യൻ വംശജരായ നഴ്സുമാരുടെ സ്വരവും പ്രാദേശിക കമ്മ്യൂണിറ്റിയുടെ ആരോഗ്യ-സാമൂഹിക-കാരുണ്യ പ്രവർത്തന രംഗത്തെ സാന്നിധ്യവുമായ ഇൻഡ്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കിന്റെ (ഐനാനി) പുതിയ നേതൃത്വം ചുമതലയേറ്റു. പോയ വർഷങ്ങളിൽ ഐനാനിക്ക് പുരോഗതിയും വളർച്ചയും കൈവരിച്ച കൃതാർത്ഥത സ്ഥാനമൊഴിയുന്ന നേതൃസമിതിയംഗങ്ങളിൽ ദ്ര്‌ശ്യമായിരുന്ന അന്തരീക്ഷമായിരുന്നു ന്യൂ യോർക്ക് എൽമോണ്ടിലെ കേരളം സെന്ററിൽ പുതിയ പ്രവർത്തന സമിതിയുടെ സ്ഥാപനച്ചടങ്ങിൽ നിറഞ്ഞു നിന്നത്.
ഐനാനിയുടെ പ്രവർത്തനങ്ങളെ വ്യതിരിക്തവും സാമൂഹികാരോഗ്യ പ്രദാനവുമായ ദിശകളിലേക്ക് നയിച്ച, കഴിഞ്ഞ രണ്ടു പ്രവർത്തന കാലഘട്ടങ്ങളിലെ പ്രസിഡന്റ് ഡോ. അന്നാ ജോർജ് ചടങ്ങിന്റെ പ്രാഥമിക ഭാഗത്തിന് അധ്യക്ഷത വഹിച്ചു. ഒരു ന്യൂനപക്ഷ സാമൂഹിക വിഭാഗത്തിന്റെ നഴ്സിംഗ് സംഘടനയെന്ന നിലയിൽ ഐനാനി പ്രവർത്തന മണ്ഡലങ്ങൾക്ക് വ്യാപൃതി നൽകി. ഇൻഡ്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിയെയും ഇന്ത്യൻ കമ്മ്യൂണിറ്റിയെയും ലക്ഷ്യമാക്കിയതോടൊപ്പം മുഖ്യധാരാസമൂഹത്തിന്റെ മേന്മയ്ക്കു വേണ്ടി നടത്തിയ ശ്രമങ്ങളെ ഡോ. ജോർജ് എടുത്തു പറഞ്ഞു. ഹെൽത്‌ഫെയർ, ബ്ലഡ് ഡ്രൈവ്, ബാക് ടു സ്‌കൂൾ സപ്പ്ളൈസിന്റെ വിതരണം, വസ്ത്ര - ഷൂസ് - ഭക്ഷണ ഡ്രൈവ്, ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലൻഡർ സംഘടനയുമായി ചേർന്ന് സമൂഹത്തിൽ ഏഷ്യക്കാർ നേരിടുന്ന ഏഷ്യൻ വിരുദ്ധ വിധ്വെഷ സംഭവങ്ങളെ നേരിടുന്നതിന് നടത്തിയ വിദ്യാഭ്യാസ-ട്രെയിനിങ് സംരംഭങ്ങൾ തുടങ്ങിയവ ഐനാനിയുടെ സാമൂഹിക പ്രതിബദ്ധതയെ പ്രമുഖമാക്കിക്കാട്ടുന്നു. ഇക്കാരണം കൊണ്ടുതന്നെ ഐനാനി പൊതുസമൂഹത്തിന്റെ മാത്രമല്ല പ്രാദേശിക-സംസ്ഥാന ഭരണകൂടത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രവർത്തനങ്ങളുടെ വിജയത്തിനു പിന്നിൽ ഓരോ ബന്ധപ്പെട്ട കമ്മിറ്റികളുടെ ചെയർ പെർസണിന്റെയും കമ്മിറ്റയംഗങ്ങളുടെയും നിസ്വാർത്ഥമായ സേവനമാണെന്ന് അവർ ചൂണ്ടിക്കാട്ടി. വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകിയത് ആന്റോ പോൾ ഐനിങ്കൽ, ആനി സാബു, ഡോ. സിനി ബോബി , ഡോ. ഷബ്നംപ്രീത് കൗർ, സലിൽ പനക്കൽ, ഡോ. ആനി ജേക്കബ്, പോൾ പനക്കൽ, ഡോ. സോളിമോൾ കുരുവിള, മേരി ഫിലിപ്പ്, എന്നിവരെ അവർ പ്രശംസിച്ചു. ഐനാനിയുടെ റീസേർച്ച് ആൻഡ് ഗ്രാന്റ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024-ൽ നടത്തിയ പഠനം ഈസ്റ്റേൺ നഴ്സിംഗ് റീസേർച്ച് സൊസൈറ്റി സ്വീകരിക്കുകയും അതിന്റെ 2025 കോൺഫെറെൻസിൽ അവതരിപ്പിക്കാൻ അവസരം ഒരുക്കിയ കാര്യം ഡോ. അന്നാ ജോർജ് പ്രഖ്യാപിച്ചത് സദസ്സിന്റെ വലിയ കയ്യടി നേടി.
ഐനാനിയുടെ അംഗങ്ങൾക്ക് സുപരിചിതയായ നേതാവാണ് പുതിയ സാരഥ്യം ഏറ്റെടുത്ത ഡോ. ഷൈലാ റോഷിൻ. ന്യൂ യോർക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് മെന്റൽ ഹെൽത്തിന്റെ സൗത്ത് ബീച്ച് സൈക്കയാട്രിക് സെന്ററിലെ ചീഫ് നഴ്സിംഗ് ഓഫീസർ എന്ന നിലയിൽ ഹോസ്പിറ്റലിലെ ഏറ്റവും വലിയ ഡിപ്പാർട്മെൻറ് ഓഫ് നഴ്സിങ്ങിന്റെ ബജറ്റും നാനൂറ്റിഅൻപതില്പരം സ്റ്റാഫിന്റെ ഉത്തരവാദിത്വവുമുള്ള അവർ ഹോസ്പിറ്റലിന്റെ നടത്തിപ്പിനുള്ള തന്ത്രങ്ങളുടെ ആസൂത്രണങ്ങളിൽ സജീവയായ അഡ്മിനിസ്ട്രേറ്റാണ്. ദേശീയവും അന്തർദേശീയവുമായ കോണ്ഫറന്സുകളിൽ തന്റെ പഠനത്തിന്റെയും ഹോസ്പിറ്റലുകളുടെ വിജയിച്ച പ്രോജെക്റ്റുകളുടെയും അവതരണം നടത്തിയിട്ടുള്ള അവർ ഐനാനിയുടെ വൈസ് പ്രസിഡന്റ് ആയിരിക്കെ നൈനയുടെ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ ആയും അവർ അഭിനന്ദനീയമായ സേവനം ചെയ്തിട്ടുണ്ട്. ഡോ. അന്നാ ജോർജിന്റെ ലീഡർഷിപ്പിൽ ഐനാനി കൈവരിച്ച നേട്ടങ്ങളും നൽകിയ സേവനങ്ങളും അഭിമാനമുണ്ടാക്കുന്നതും ചാരിതാർഥ്യം നൽകുന്നതുമാണ്. ഐനാനിയുടെയും ദേശീയ സംഘടനയായ നൈനയുടെയും ദൗത്യ-ദർശന-മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിയുടെയും നഴ്സിംഗ് വിദ്യാത്ഥികളുടെയും നഴ്സിംഗ് പ്രൊഫഷന്റെയും ഗുണകരമായ നടപടികൾ തുടരുന്നതിനോടൊപ്പം പ്രാദേശിക മുഖ്യധാരാ സമൂഹ വിഭാഗങ്ങളുടെ ആരോഗ്യദായകമായ നൂതന ശ്രമങ്ങൾ രൂപപ്പെടുത്തുന്നതിൽ പുതിയ ഭരണസമിതി വ്യാപൃതമാകുമെന്ന് ഡോ. ഷൈലാ റോഷിൻ ഊന്നിപ്പറഞ്ഞു.
എലെക്ഷൻ കമ്മിറ്റി ചെയർ ആയിരുന്ന മേരി ഫിലിപ്പ് പുതിയ ഭാരവാഹികൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു. ഡോ. ഷൈലാ റോഷിൻ (പ്രസിഡന്റ്), ഡോ. എസ്തേർ ദേവദോസ് (വൈസ് പ്രസിഡന്റ്), ഡോ. ഷബ്നംപ്രീത് കൗർ (സെക്രെട്ടറി), ആന്റോ പോൾ (ട്രെഷറർ), ഗ്രേസ് അലക്‌സാണ്ടർ (ജോയിന്റ് സെക്രെട്ടറി), ജയാ തോമസ് (ജോയിന്റ് ട്രെഷറർ) എന്നിവരാണ് പുതിയ പ്രവർത്തകസമിതിയുടെ എക്സിക്യൂട്ടീവ് ബോർഡിലുള്ളത്. ഹോസ്പിറ്റലുകളിലും മറ്റു ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങളിൽ രോഗികൾക്ക് നേരിട്ട് നഴ്സിംഗ് സേവനം നൽകുന്നവർ മുതൽ വിദ്യാഭ്യാസ-ഗവേഷണ-ഭരണ രംഗങ്ങളിൽ വ്യാപൃതരായിട്ടുള്ളവരാണ് പുതിയ പ്രവർത്തക സന്നദ്ധർ.
ഡോ. ജെസീക്ക വർഗ്ഗീസ് (reserch), ആനി സാബു (എജുക്കേഷൻ), രുപീന്ദർജിത് കൗർ (എ പി ആർ എൻ), ലൈസി അലക്സ് (മെമ്പർഷിപ്), ഡോ. സോളിമോൾ കുരുവിള (ബൈലാസ്), അനു ചെമ്പോള (കമ്മ്യൂണിക്കേഷൻസ്), ഡോലമ്മ പണിക്കർ (ഫണ്ട്റേയ്‌സിംഗ്), ജെസ്സി ജെയിംസ് (അവാർഡ്‌സ് ആൻഡ് സ്കോളര്ഷിപ്സ്), ആൽഫി സൺഡ്രൂപ് (കൾച്ചറൽ), ജിൻസി ചാക്കോ (എലെക്ഷൻ) എന്നിവർ കമ്മിറ്റികളുടെ ചെയർ ചുമതല വഹിക്കും. ഏരിയ ഡോ. ജെസ്സി കുരിയൻ (ബ്രൂക്ലിൻ ആൻഡ് ക്വീൻസ്), ഏലിയാമ്മ അപ്പുക്കുട്ടൻ (ലോങ്ങ് ഐലൻഡ്), റീന സാബു (സ്റ്റാറ്റൻ ഐലൻഡ്) എന്നിവരാണ് ഏരിയ കോഓർഡിനേറ്റർമാർ. താരാ ഷാജൻ, മേരി ഫിലിപ്, ഉഷ ജോർജ്, സൂസമ്മ ആൻഡ്രൂസ് എന്നിവരടങ്ങുന്ന അഡ്വൈസറി ബോർഡിന് ഡോ. അന്നാ ജോർജ് ചെയർ ആയി നേതൃത്വം നൽകും. ഡോ. ആനി പോൾ അഡ്വൈസറി ബോർഡിൽ എമേറിറ്റസ് ആയി പിന്തുണയ്ക്കും.
മൌണ്ട് സൈനായി ഹെൽത് സിസ്റ്റം വൈസ് പ്രസിഡന്റ് ഡോ. പ്രിസില്ല സാമുവെൽ, നഴ്സിങ്ങിലെ ലിവിങ് ലെജൻഡ് എന്നറിയപ്പെടുന്ന ഡോ. അലീഷ്യ ജോർജെസ്, ടൌൺ ഓഫ് ഹെമ്പ്‌സ്റ്റെഡ് ക്ലാർക്ക് രാഗിണി ശ്രീവാസ്‌തവ, നാസൗ കൗണ്ടി ലെജിസ്ലേറ്റർ കാരി സോളജിസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
സൗത്ത് ബ്രൂക്ലിൻ ഹെൽത് ഹോസ്പിറ്റൽ ചീഫ് നഴ്സിംഗ് ഓഫീസർ ഡോ. മൻജിൻഡർ കൗറും, നോർത്ത്പോർട്ട് വെറ്ററൻസ് അഡ്മിനിസ്ട്രേഷൻ ഹോസ്പിറ്റൽ അസോഷ്യേറ്റ് ഡിറക്റ്റർ/ചീഫ് നഴ്സ് എക്സെക്കുട്ടീവ് ഡോ. ആനി ജോര്ജും വിശിഷ്ടഥിതികളായെത്തി. മലയാളീ കമ്മ്യൂണിറ്റി നേതാക്കളായ ഫിലിപ്പ് മഠത്തിൽ, സാബു ലൂക്കോസ്, സിഖ് നേതാക്കളായ ഗുർഭജൻ സിംഗ്, ജെപ്നീത് സിംഗ്, സെനറ്റർ അടാബോയുടെ കമ്മ്യൂണിറ്റി ലിയായ്സൺ ഫറൻ ഷെരീഫ് പ്രത്യേക അതിഥികളായി ഐനാനിയെ പിന്തുണച്ചു.
ആനി സാബുവും ഡോ. ശബ്നംപ്രീത് കാറും എംസിമാരായി പരിപാടികളെ മോഡറേറ്റ് ചെയ്തു. സോമി മാത്യു പ്രാരംഭ പ്രാർത്ഥനാ ഗാനവും റിയാ മാത്യു അമേരിക്കൻ ദേശീയഗാനവും മേരിക്കുട്ടി മൈക്കിൾ ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. റോഷിൻ മാമ്മൻ, റിയ മാത്യു എന്നിവർ ആലപിച്ച ഗാനങ്ങളും രെഹ്‌ന റോഷിൻ, ജെസീക്ക മാത്യു എന്നിവരും ഷൈനി മാത്യു ടീമും അവതരിപ്പിച്ച നൃത്തവും പരിപാടിക്ക് പുഷ്‌പാലങ്കാരങ്ങളായി. സ്ഥാനമേറ്റെടുത്ത സെക്രട്ടറി ഡോ. ശബ്നംപ്രീത് കൗർ നന്ദി പ്രകാശിപ്പിച്ചു.