ന്യൂയോർക്ക് : അമേരിക്കൻ മലയാളി ജോൺ പോളിന്റെ ആത്മകഥയായ 'ഒരു യാത്രയുടെ ലക്ഷ്യം' കേരള സെന്ററിൽ സര്ഗവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഡോ. ശശിധരൻ പ്രകാശനം ചെയ്തു. പ്രൊഫ. തെരേസ ആന്റണി ആദ്യ കോപ്പി ഏറ്റു വാങ്ങി. പി.ടി. പൗലോസ് അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുടയിലുള്ള ശ്രീലക്ഷ്മി ബുക്‌സാണ് പ്രസാധകർ. 86 പേജുള്ള പുസ്തകത്തിൽ 12 അദ്ധ്യായങ്ങളാണുള്ളത്. ജീവിതാനുഭവങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ കൊത്തിവച്ച മനോഹരമായ പുസ്തകം എന്നാണ് ഡോ.ശശിധരൻ വിശേഷിപ്പിച്ചത്. പരസ്പരം` അകന്നുനിൽക്കുന്ന കണ്ണികളെ അടുപ്പിക്കുക എന്നുള്ളതാണ് സമൂഹത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും രാഷ്ട്രീയത്തിനും മതത്തിനും അതീതമായ സ്നേഹമാണ് സാഹിത്യം എന്നതുകൊണ്ട് ലോകത്തെ ബന്ധിപ്പിക്കാൻ അതിന് സാധിക്കുന്നു എന്നും പ്രകാശനകർമ്മം നിർവ്വഹിച്ചുകൊണ്ട് ഡോ.ശശിധരൻ അഭിപ്രായപ്പെട്ടു. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ ഡെമോക്രാറ്റെന്നോ റിപ്പബ്ലിക്കെന്നോ നോക്കാതെ ഏവരും പുസ്തകപ്രകാശന ചടങ്ങിന് എത്തിച്ചേർന്നത് സാഹിത്യത്തിന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷ ആയതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ രണ്ടേരണ്ട്‍ പാഠങ്ങൾ പഠിച്ചാൽ മതിയെന്നാണ് പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്: 1) എന്തിന് ജീവിക്കണം? 2)എങ്ങനെ ജീവിക്കണം?
ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടായിരിക്കണമെന്നും അതിലേക്ക് എത്തിച്ചേരാൻ മാർഗം കണ്ടെത്തണമെന്നുമാണ് രചയിതാവ് ഓർമ്മിപ്പിക്കുന്നത്.
ആദ്യമായി ബജാജ് ഓട്ടോയുടെ എഞ്ചിൻ നിർമ്മിച്ച വ്യക്തിയാണ് ജോൺ പോൾ. മാതാപിതാക്കൾ തൃശൂർ സ്വദേശികൾ ആണെങ്കിലും കാര്യമായി മലയാളം പഠിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പിതാവ് എയർ ഇന്ത്യയിൽ ജോലി ആയിരുന്നതുകൊണ്ട് ബാല്യകൗമാരങ്ങൾ മദ്രാസിലും ബോംബെയിലുമൊക്കെ ആയിരുന്നു. പത്രങ്ങളും പുസ്തകങ്ങളും വായിച്ചാണ് ജോൺ പോൾ മലയാളവുമായി ചങ്ങാത്തത്തിലായത്.
ഫരീദാബാദിൽ അദ്ദേഹം തുടങ്ങിയ കമ്പനി ആദ്യ വർഷം മികച്ച വരുമാനം നേടുകയും രണ്ടാം വർഷം വാങ്ങിയവർ പണം നൽകാതെ കനത്ത നഷ്ടം സംഭവിച്ചതുമൂലം പൂട്ടേണ്ടതായ സാഹചര്യവും വന്നു. വേറൊരു കമ്പനിയിൽ പാർട്ട്-ടൈം ജോലി ചെയ്യേണ്ട ഗതികേടു പോലുമുണ്ടായി. ഫാക്ടറി വിറ്റ പണവുമായി ഇന്ത്യയിൽ നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ചായി പിന്നീടുള്ള ചിന്ത. ലോകത്ത് ഏറ്റവും കൂടുതൽ അഴിമതി നിറഞ്ഞ രാജ്യമാണ് ഇന്ത്യ എന്നാണ് ജോൺ പോളിന് അനുഭവപ്പെട്ടത്. അതുകൊണ്ട് ഒരുകാലത്തും ജന്മനാട്ടിലേക്ക് ഒരു മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്നുമില്ല.
1984 ൽ അദ്ദേഹം അമേരിക്കയിലെത്തി. അനന്തസാധ്യതകളുടെ വാതിലുകൾ ജോൺ പോളിന് മുൻപിൽ തുറന്നുകിട്ടി. ചെയ്യുന്ന ജോലിക്ക് ഓരോ മണിക്കൂറും മികച്ച വേതനം നൽകുന്ന രാജ്യം അദ്ദേഹത്തിന് അത്ഭുതമായി തോന്നി. ലെതർ മാനുഫാക്ചറിംഗ് കമ്പനിയിൽ 4 വർഷം ജോലി ചെയ്ത് ഗ്രീൻ കാർഡ് നേടിയ ശേഷം വലിയൊരു പിയാനോ കമ്പനിയിൽ ജോലി ലഭിച്ചത് വഴിത്തിരിവായി. അവിടെ മെയിന്റനൻസ് മാനായി 25 വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് റിട്ടയർ ചെയ്തത്. ജോലിയിൽ നിന്ന് വിരമിച്ചതോടെയാണ് സ്വന്തം അനുഭവങ്ങൾ പുസ്തകമാക്കി മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ തീരുമാനിച്ചത്.
മറ്റൊരു രാജ്യത്ത് ജീവിക്കുന്നതുകൊണ്ടാണ് സധൈര്യം കാര്യങ്ങൾ തുറന്നെഴുതാൻ കഴിഞ്ഞതെന്നും ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഈ സത്യങ്ങൾ വിളിച്ചുപറയുന്നവന്റെ ജീവന് ഭീഷണി ഉയർന്നേനെ എന്നും അദ്ദേഹം പറയുന്നു.
അമ്മ ഇളയ സഹോദരിയെ പ്രസവിക്കുമ്പോൾ അന്ന് പത്തു വയസുള്ള ജോൺ പോൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു എന്നത് പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായമായി ഡോ. ശശിധരൻ വിലയിരുത്തി.
തന്റെ പിതാവ് 15 വയസിൽ അദ്ദേഹത്തിന്റെ പിതാവിനോട് പിണങ്ങി നാട് വിട്ടതും പിന്നീട് എച്ച്. എ. എൽ മെക്കാനിക്ക് ആയി തിരിച്ചുവന്നതും ജോൺ പോൾ അനുസ്മരിച്ചു. ആദ്യം കണ്ടപ്പോൾ മുത്തച്ഛന് ആളെ മനസിലായില്ല.
യൂണിഫോം ആക്‌സസറീസ് എന്ന കമ്പനിയുടെ ചെയർപേഴ്സൺ കൂടിയാണ് ഇന്ന് ജോൺ പോൾ. 35 കുടുംബങ്ങളാണ് ഈ കമ്പനിയെ ആശ്രയിച്ച് ജീവിക്കുന്നത് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം.