എട്ടു മാസങ്ങൾ കൂടി കഴിഞ്ഞാൽ സുനിത വില്യംസിനു 60 വയസ്സ് തികയും. എന്നുപറഞ്ഞാൽ അടങ്ങി ഒതുങ്ങി വീട്ടിൽ വിശ്രമജീവിതം നയിക്കേണ്ടുന്ന പ്രായം. ഭൂമിയിലെ അത്തരം ധാരണകളോടെല്ലാം കൈവീശികാണിച്ചുകൊണ്ടാണ് എട്ടുമാസങ്ങൾക്കു മുൻപ് സുനിത അഞ്ചാമതും സ്പേസ് സ്റ്റേഷനിലേക്കു കുതിച്ചത്. ആകാശത്തിനും അതിരുനിൽക്കാനാവാത്ത മനുഷ്യന്റെ ബഹിരാകാശ കൗതുകങ്ങൾക്കു ചിറകു നൽകിയത്.
എട്ടു ദിവസത്തെ ഉദ്യമം തിരിച്ചിറങ്ങാനാവാത്തവിധം നീണ്ടു. കുടുങ്ങിപ്പോയ ഈ എട്ടു ബഹിരാകാശ മാസങ്ങൾക്കിടയിൽ രണ്ടു തവണയാണ് സുനിത ബഹിരാകാശത്തു നടന്നത്. ഇന്നലെ സ്‌പേസ് സ്റ്റേഷനിൽ നിന്നും കേടായ റേഡിയോ കമ്മ്യൂണിക്കേഷൻ സിസ്റ്റം നീക്കം ചെയ്യാനായി പുറത്തിറങ്ങിയ 5 മണിക്കൂർ 26 മിനിട്ടുകൂടി ചേർന്നപ്പോൾ ബഹിരാകാശത്തു ഏറ്റവും കൂടുതൽ നേരം നടന്ന വനിത എന്ന ഉയരത്തിനുകൂടി സുനിത വില്യംസ് അർഹയായി. 9 തവണ കൊണ്ട് ആകെമൊത്തം നടന്നുനീർത്തത് 62 മണിക്കൂറും 6 മിനിറ്റും! തനിക്കു മുന്നിൽ നിലയുറപ്പിച്ചിരിക്കുന്ന മൂന്നു പുരുഷ നടത്തക്കാരെ മറികടക്കാൻ ഇനി നടക്കേണ്ടത് 20 മണിക്കൂറും 16 മിനിറ്റും മാത്രം!
ഇതുവായിക്കുമ്പോൾ നമുക്കു തോന്നും ബഹിരാകാശത്തു നടക്കുക മാത്രമാണ് സുനിത ചെയ്തിട്ടുള്ളതെന്ന്. അല്ല, അതുക്കും മേലെ!
2007 ലെ ബോസ്റ്റൺ മാരത്തോണിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നു സുനിത വില്യംസ്. എന്നാൽ അപ്പോൾ രണ്ടാമത്തെ ബഹിരാകാശ ഉദ്യമവുമായി സ്‌പേസ് സ്റ്റേഷനിൽ ആയിരുന്നതിൽ ഭൂമിയിൽ വച്ചു ഓടാൻ കഴിഞ്ഞില്ല. അതുകൊണ്ടു അതേസമയം സ്‌പേസ് സ്റ്റേഷനിലെ ട്രെഡ് മില്ലിൽ അത്രയും ദൂരം ഓടി സുനിത വില്യംസ് ബോസ്റ്റൺ മാരത്തോണിൽ പങ്കെടുത്തു. അതിനുശേഷമോ മുൻപോ ബഹിരാകാശത്തു ആരും മാരത്തോൺ ഓടിയിട്ടില്ല. 42 കിലോമീറ്റർ നിർത്താതെ ഓടിത്തീർത്തത് 4 മണിക്കൂറും 24 മിനിറ്റും കൊണ്ടാണ്. ഭൂമിയിൽ നിന്നും 420 കിലോമീറ്റർ ഉയരത്തിൽ വച്ചു താഴെ ഭൂമിയിൽ നടന്ന ഒരു മാരത്തോണിൽ പങ്കെടുത്ത ഒരേയൊരു ബഹിരാകാശ അത്ഭുതമാണ് സുനിത വില്യംസ്.
ഭൂമിയിൽ തിരിച്ചെത്തി, 2008 ലെ ബോസ്റ്റൺ മരത്തോണിൽ ഓടി സുനിത വില്യംസ് ഭൂമിയിലും ആ ഓട്ടം തികച്ചു.
ഷിബു ഗോപാലകൃഷ്ണൻ