തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ തർക്കം മുറുകി. സിപിഐയുടെ സീറ്റ് വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് പാർട്ടി. അതേസമയം ജോസ് കെ മാണി ഒഴിയുന്ന സീറ്റിൽ കേരള കോൺഗ്രസും അവകാശവാദം ശക്തമാക്കി. എൽഡിഎഫിനുള്ള രണ്ടാം സീറ്റിനെ ചൊല്ലിയാണ് ഭിന്നത.
എളമരം കരീമിൻറെയും ബിനോയ് വിശ്വത്തിൻറെയും ജോസ് കെ മാണിയുടയും രാജ്യസഭയിലെ കാലാവധി തീരുന്നത് ജൂലൈ ഒന്നിനാണ്. ഒഴിവു വരുന്ന മൂന്നിൽ രണ്ട് സീറ്റിൽ എൽഡിഎഫിന് ജയിക്കാം. ഒന്ന് സിപിഎം ഏറ്റെടുക്കാൻ തീരുമാനിച്ചു. രണ്ടാം സീറ്റിലാണ് സിപിഐ - കേരള കോൺഗ്രസ് തർക്കം. മുന്നണിക്കുള്ള രണ്ട് സീറ്റിൽ ഒന്ന് എല്ലാ കാലത്തും സിപിഐയുടേതാണെന്നാണ് പാർട്ടി നിലപാട്. സീറ്റിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും അടുത്ത എൽഡിഎഫ് യോഗത്തിൽ ഔദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെടാനുമാണ് സിപിഐ തീരുമാനം, ദേശീയ തലത്തിൽ പാർട്ടിക്ക് സീറ്റ് വേണമെന്ന ആവശ്യകതയും ഉന്നയിക്കുന്നു.
എന്നാൽ മുന്നണിയിലേക്ക് വരുമ്പോൾ എംപി സ്ഥാനമുള്ള പാർട്ടിയാണെന്ന് കേരള കോൺഗ്രസ് ഓർമ്മിപ്പിക്കുന്നു. ചെയർമാൻ ജോസ് കെ മാണിക്ക് വീണ്ടും അവസരം എന്ന നിലക്കാണ് പാർട്ടിയുടെ സമ്മർദ്ദം. സിപിഐക്ക് സീറ്റ് നൽകി കേരള കോൺഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് അല്ലെങ്കിൽ അടുത്ത രാജ്യസഭാ സീറ്റ് എന്നൊരു ഒത്തുതീർപ്പ് നിർദ്ദേശം ഉയരുന്നുണ്ട്. പക്ഷെ അതുവരെ ജോസ് കെ മാണിക്ക് പദവിയില്ലാത്ത സ്ഥിതിയാകും.