പത്തും പതിനൊന്നും വയസുള്ള പെണ്‍മക്കളുമായി ആത്മഹത്യ ചെയ്ത ഏറ്റുമാനൂരിലെ ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസിലെ നിര്‍ണായക തെളിവാകേണ്ട ഫോണ്‍ എവിടെ പോയി എന്ന് വിശദമായി പരിശോധിക്കുകയാണ് പോലീസ്. ഷൈനിയുടേയും മക്കളുടേയും മൃതദേഹം കണ്ടെത്തിയ റെയില്‍വേ ട്രാക്കില്‍ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ലഭിക്കാത്തിനെ തുടര്‍ന്ന് ഷൈനിയുടെ വീട്ടിലും പരിശോധന നടത്തി. ഫോണ്‍ സംബന്ധിച്ച് ഷൈനിയുടെ വീട്ടികാര്‍ നല്‍കുന്ന വിശദീകരണത്തിലും പോലീസിന് സംശയമുണ്ട്.
ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ് ഉളളത്. ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിക്കുന്നത് ഷൈനിയുടെ വീടാണ്. ഇതാണ് വീട്ടുകാരിലേക്കും സംശയം നീളുന്നത്. ഷൈനിയുടെ ബന്ധുക്കളാരെങ്കിലും ഫോണ്‍ മാറ്റിയിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്. വീട്ടുകാരുടെ മൊഴികളില്‍ പോലീസിന് ആദ്യം മുതല്‍ തന്നെ സംശയമുണ്ട്. വീട്ടിലും ഷൈനി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും. ഭാര്‍ത്താവ് നോബിയുടെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയ ഷൈനി സമീപത്തെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ഈ സ്ഥാപനം പൂട്ടിക്കാന്‍ ഷൈനിയുടെ അച്ഛന്‍ ശ്രമം നടത്തിയിരുന്നു എന്ന് ഉടമ ആരോപിച്ചിട്ടുണ്ട്. ഇവിടത്തെ ജോലി കൂടി നഷ്ടമായതോടെയാണ് ഷൈനി കൂടുതല്‍ മാനസികമായി തളര്‍ന്നത്.
മരണ വിവരം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഷൈനിയുടേയും മക്കളുടേയും ഫോട്ടോ ഉണ്ടോ എന്ന് ചോദിച്ചിരുന്നു. അപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഫോട്ടോകള്‍ ഷൈനിയുടെ ഫോണിലാണെന്നും അതിന്റെ ലോക്ക് അറിയില്ലെന്നുമാണ്. എന്നാല്‍ പിന്നീട് ഫോണ്‍ എവിടെ എന്ന് അറിയില്ലെന്ന തരത്തിലേക്ക് മൊഴി മാറ്റി. ഇതിലാണ് സംശയം ഉയരുന്നത്.
പുലര്‍ച്ചെ ഒരു മണിയോടെ ഭര്‍ത്താവ് നോബി ഷൈനിയെ ഫോണില്‍ വിളിക്കുകയും മക്കളുമായി പോയി മരിക്കാന്‍ ആക്രോശിക്കുകയും ചെയ്തിരുന്നു. മക്കളുടെ പഠനത്തിനടക്കം ഒരു പൈസയും തരില്ലെന്നും നോബി പറഞ്ഞിരുന്നു. ഇതോടെയാണ് ഷൈനി മരിക്കാന്‍ തീരുമാനിച്ചത്. ഇതെല്ലാം നോബി സമ്മതിച്ചിട്ടുണ്ട്. മടിച്ച് നിന്ന ഇളയ മകളെ ബലമായി പിടിച്ചു വലിച്ച് വീട്ടില്‍ നിന്ന് പോകുന്ന ഷൈനിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പുലര്‍ച്ചെ നാലു മണിക്ക് ഷൈനിയും മക്കളും ഒറ്റയ്ക്ക് പുറത്തേക്ക് പോയിട്ട് ആരും അതില്‍ ഒരു അസ്വാഭാവികതയും കാണാത്തതും സംശയം വര്‍ദ്ധിപ്പിക്കുന്നതാണ്.