പെണ്‍മക്കളുമായി ട്രയ്‌നിനു മുന്നില്‍ ചാടി മരിച്ച ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഒടുവില്‍ കണ്ടെത്തി പോലീസ്. രണ്ട് ദിവസമായി പോലീസ് മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. റെയില്‍വേ ട്രാക്കില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അവസാന ലൊക്കേഷന്‍ കാണിച്ചത് ഷൈനിയുടെ വീടായിരുന്നു.
ഫോണ്‍ സംബന്ധിച്ച് അറിയില്ലെന്ന നിലപാടിലായിരുന്നു ഷൈനിയുടെ വീട്ടുകാര്‍. ആദ്യം ഫോണ്‍ വീട്ടില്‍ ഉണ്ടെന്ന് പറഞ്ഞെങ്കിലും പിന്നാട് നിലപാട് മാറ്റി. പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് കുടുംബം ഫോണ്‍ കൈമാറിയത്. ഷൈനിയും മക്കളും ആത്മഹത്യ ചെയ്തതിന്റെ തലേന്ന് ഭര്‍ത്താവ് നോബി ഈ ഫോണിലേക്ക് വിളിച്ചിരുന്നു. ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ പറഞ്ഞും സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
ഇതെല്ലാം തെളിയിക്കുന്നതിന് ഫോണ്‍ നിര്‍ണായകമാണ്. പോലീസ് കസ്റ്റഡിയിലെടുത്ത ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിലൂടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.