കമ്മീഷൻ ഓൺ ഗ്രാജുവേറ്റ്‌സ് ഓഫ് ഫോറിൻ നഴ്സിംഗ് സ്‌കൂൾസിന്റെ (സി ജി എഫ് എൻ എസ് ഇന്റർനാഷണൽ) ബോർഡ് ഓഫ് ട്രൂസ്റ്റീസിലേക്ക് മലയാളി നഴ്സ് ആയ സുജ തോമസ് നിയമിതയായി. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും പഠിച്ച നഴ്‌സുമാർക്കും ഫിസിക്കൽ തെറാപ്പി പോലുള്ള അനുബന്ധ പ്രൊഫഷനലുകൾക്കും അമേരിക്കയിൽ ജോലി ചെയ്യുന്നതിന് അവരുടെ വിദ്യാഭ്യാസം നിർണ്ണയിച്ച് സ്ഥിരീകരിക്കുന്ന സംഘടനയാണ് സി ജി എഫ് എൻ എസ് ഇന്റർനാഷണൽ. അതുപോലെ നഴ്‌സുമാർക്കും മറ്റ് അനുബന്ധ ആരോഗ്യപരിപാലന പ്രവർത്തകർക്കും വിസ സ്‌ക്രീൻ ചെയ്യുന്നതിന് യൂ എസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ചുമതലപ്പെടുത്തിയിട്ടുള്ള സ്വതന്ത്ര-ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ് ഇത്. അതിന്റെ ഡിവിഷനായ സി ജി എഫ് എൻ എസ് അലയൻസ് ഫോർ എത്തിക്കൽ റിക്രൂട്മെന്റ് പ്രാക്ടീസസിന്റെ ബോർഡ് ഓഫ് ഗവർണേഴ്സിൽ അംഗമായി കഴിഞ്ഞ രണ്ടു വര്ഷം സേവനം ചെയ്ത സുജ അതിന്റെ വൈസ് ചെയർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ബോർഡ് ഓഫ് ട്രസ്റ്റീസിൽ നാലും വൈസ് ചെയർ ആയി രണ്ടും വര്ഷങ്ങളിലേക്കാണ് നിയമനം. അനേക വര്ഷങ്ങളിലെ ക്ലിനിക്കൽ വൈദഗ്ധ്യവും നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ പരിചയവും പ്രൊഫഷണൽ സംഘടനയുടെ നേതൃത്വവും നഴ്സിംഗ് അധ്യാപിക എന്ന നിലയും ചേർന്ന് അമേരിക്കയിലേക്കു വരാനൊരുങ്ങുന്ന നഴ്സുമാരുടെ ഔദ്യോഗിക നിലവാരനിർണ്ണയത്തിനു വിശിഷ്ടമായ സംഭാവന ചെയ്യാൻ സുജയ്ക്ക് കഴിയും.
ആൾബനിയിലെ സാമുവേൽ സ്ട്രാട്ടൻ വെറ്ററൻസ് അഡ്മിനിസ്ട്രേഷൻ മെഡിക്കൽ സെന്ററിൽ ക്ലിനിക്കൽ ലീഡ് ആൻഡ് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ ആയി സേവനം ചെയ്യുന്ന സുജ പല സ്പെഷ്യാലിറ്റികളിൽ ബോർഡ് സർട്ടിഫിക്കറ്റുകൾ ഉള്ളയാളാണ്. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുകേഷനിൽ ഇന്റർനാഷണൽ ഫാക്കൽറ്റിയായി പ്രത്യേക സേവനം ചെയ്യുന്ന അവർ ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് ബഫാലോയിൽ പി എച് ഡി എടുക്കുന്നതിന്റെ അവസാനഘട്ടത്തിൽ ആണ്. മാന്ഗ്ലൂർ ഫാ. മുള്ളേഴ്‌സ് കോളേജ് ഓഫ് നഴ്സിങ്ങിൽ നിന്ന് നഴ്സിങ്ങിൽ ബാച്ചലേഴ്‌സ് ഡിഗ്രിയും ട്രോയ് റസ്സൽ സേജ് കോളേജിൽ നിന്ന് മാസ്റ്റേഴ്സും അഡൾട്ട് ജിറോന്റോളോജി നേഴ്സ് പ്രാക്ടീഷണർ ആയി പോസ്റ്റ് മാസ്റ്റേഴ്സ് സർട്ടിഫികേഷനും വിദ്യാഭ്യാസ യോഗ്യതകളായുണ്ട്. സുജയുടെ ദാര്ശനികമായ നേതൃത്വവും പരിവർത്തന നൈപുണ്യവും അവർക്ക് ട്രാൻസ്ഫർമേഷണൽ ലീഡര്ഷിപ് അവാർഡ്, റോബർട്ട് സ്കോളർ അവാർഡ് ഫോർ ക്ലിനിക്കൽ എക്സെൽലേൻസ്, ക്വാന്റം ലീഡര്ഷിപ് അവാർഡ്, എന്നിവയും ആൾബനി സ്ട്രാട്ടൻ വി എ മെഡിക്കൽ സെന്ററിന്റെ ഡൈവേഴ്സിറ്റി അവാർഡും നേടിക്കൊടുത്തിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രസിഡന്റും ഇപ്പോഴത്തെ അഡ്വൈസറി ബോർഡ് ചെയറുമായ സുജ 2024-ലെ കേരള സെന്റർ അവാർഡ് ഫോർ നഴ്സിങ്ങിന്റെ ജേതാവ് കൂടിയാണ്.
നൂറോളം രാജ്യങ്ങളിൽ നിന്ന് നഴ്സുമാർ അവരുടെ വിദ്യാഭ്യാസം നിര്ണയിക്കുന്നതിനും വിസ സ്‌ക്രീനിങ്ങിനുമായി സി ജി എഫ് എൻ എസിൽ അപേക്ഷിക്കുന്നുണ്ട്. ഈ പ്രവണത സ്ഥിരീകരിക്കുന്നത് അമേരിക്ക ആരോഗ്യപരിപാലനത്തിന് ഇപ്പോഴും വിദേശ നഴ്സുമാരെ ആശ്രയിക്കുന്നു എന്നതാണ്. ജോലിയിലെ ഉയർന്ന തലത്തിലുള്ള സമ്മർദ്ദങ്ങൾ, ജീവനക്കാരുടെ കുറവ്, രോഗികളുടെ ഉയർന്ന അനുപാതം, പ്രായമായി വരുന്ന ബേബി ബൂമർ തലമുറ, ഓരോ വർഷവും പൂർവ്വാധികമായി ഉണ്ടാകുന്ന റിട്ടയർമെന്റ്, ആരോഗ്യപരിപാലന രംഗത്തെ പരിഷ്ക്കരണത്തെക്കുറിച്ചുള്ള നിറുത്താതെയുള്ള ചർച്ചകൾ തുടങ്ങിയ ചൂടേറിയ കാര്യങ്ങൾ മുന്നിൽ നിൽക്കുമ്പോഴും രോഗികൾക്കും കമ്മ്യൂണിറ്റികൾക്കും നൽകേണ്ട ആരോഗ്യ സുസ്രൂഷയുടെ നിലവാരത്തിൽ ഒട്ടും വീഴ്ച വരാൻ പാടില്ല.
ആരോഗ്യമേഖലയിൽ അതിവേഗം മാറിവരുന്ന അവസ്ഥകൾ നഴ്സുമാരെയും മറ്റു അനുബന്ധ പ്രൊഫഷനിലുള്ളവരെയും കുറേകൂടി സങ്കീർണ്ണമായ ആവശ്യങ്ങളിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. നാളത്തെ നഴ്സിനെ ഇന്നൊരുക്കുക എന്നത് സി ജി എഫ് എൻ എസിന്റെ കടപ്പാടും ദൗത്യവുമാണ്. ദീർഘ വീക്ഷണത്തോടെയും പഠനങ്ങളിൽ അധിഷ്ഠിതവുമായ റിക്രൂട്മെന്റ് പ്രാക്ടീസുകൾ മുന്നിൽ കണ്ടും വേണം സ്ക്രീനിങ്, പരീക്ഷ എന്നിവ നടത്തുവാൻ. സി ജി എഫ് എൻ എസിന്റെ നേതൃത്വം തുടർച്ചയായി അതിനുള്ള പദ്ധതികൾ വികസിപ്പിക്കുകയും വിരാമമില്ലാതെ പുനർപരിശോധന നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. സുജ സി ജി എഫ് എൻ എസിന്റെ പ്രവർത്തനത്തെ കുറിച്ച് പറഞ്ഞു.
ഈ പരിവർത്തന പ്രക്രിയ വഴി നഴ്‌സുമാർക്കും മറ്റു ഫിസിക്കൽ തെറാപ്പിസ്റ്റ് പോലുള്ള അനുബന്ധ പ്രൊഫഷനലുകൾക്കും ഉല്ക്കര്ഷതയും അവസരങ്ങളുടെ വ്യാപനവും സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ വര്ഷം മാത്രം 24733 പേർ അമേരിക്കയിലേക്കുള്ള വിസ സ്‌ക്രീനിങ്ങിന് അപേക്ഷിച്ചിരുന്നു. അതിൽ 86 ശതമാനം പേര് രജിസ്റ്റേർഡ് നഴ്സുമാരും ബാക്കി അനുബന്ധ പ്രൊഫഷണലുകളും ആയിരുന്നു. 2023-ലെ സംഖ്യ നാമമാത്രമായ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. അതിനർത്ഥം അമേരിക്കയിൽ നഴ്സുമാർക്കുള്ള ആവശ്യം തുടരുകയാണെന്നാണ്. വിസ റിട്രോഗ്രെഷൻ, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയമാറ്റം എന്നിവ വിസ നടപടികളെ സാവധാനത്തിലാക്കുക വഴി ഒഴിവുകൾ നികത്താൻ നഴ്സുമാരെ കിട്ടാതാകുകയും രോഗീ സുസ്രൂഷാരംഗത്ത് കൂടുതൽ വിഷമം ഉണ്ടാകുകയും ചെയ്യും. സുജ ആശങ്ക പ്രകടിപ്പിച്ചു.
അമേരിക്കയെ കൂടാതെ കാനഡ, ന്യൂ സീലാൻഡ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ സി ജി എഫ് എൻ എസിന്റെ സേവനം ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. അതിന്റെ പ്രവർത്തന മേഖലയുടെ വ്യാപനത്തെ മാനിച്ച് സ്ഥാപനത്തിന്റെ പേര് ട്രൂ മെറിറ്റ് എന്നാക്കി മാറുകയാണെന്ന് സുജ അറിയിച്ചു.
ഇന്ത്യയിൽ നിന്ന് അടിസ്ഥാന നഴ്സിംഗ് ഡിഗ്രി നേടി, സി ജി എഫ് എൻ എസിന്റെ അംഗീകാരം ലഭിച്ചു അമേരിക്കയിലെത്തിയ മലയാളിയായ സുജ, കൂടുതൽ വളർന്നു വ്യാപിച്ചു ഒരു അന്തർദേശീയ സംഘടനയായി മാറിയ, നൂറോളം രാജ്യങ്ങളിൽ പഠിച്ച ലക്ഷക്കണക്കിനു നഴ്സുമാരുടെ രാജ്യാന്തര ചലനക്ഷമതയ്ക്കും വളർച്ചയ്ക്കും അമൂല്യമായ വഴി തെളിയിക്കുന്നതിൽ ഇന്ത്യൻ നഴ്സുമാർക്ക് പൊതുവെയും മലയാളികൾക്ക് പ്രത്യേകിച്ചും അഭിമാനകരമെന്ന് തീർച്ച.
സുജ തോമസ്