കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പുമായുള്ള വിഷയത്തില്‍ കൈക്കൂലി ഇടപാട് നടന്നതിന് ഓരു തെളിവും ലഭിച്ചിട്ടില്ല. വെറും ആരോപണം മാത്രം ഉന്നയിച്ചാണ് പിപി ദിവ്യ നവീന്‍ ബാബുവിനെ അപമാനിച്ചത്. ഇതിനായി ദിവ്യ കൃത്യമായ ആസൂത്രണം നടത്തിയെന്ന ഗൗരവകരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.
കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് നവീന്‍ ബാബുവിനെ അപമാനിക്കാന്‍ വേണ്ടി മാത്രമാണ്. കളക്ടര്‍ പങ്കെടുക്കേണ്ട കാര്യമില്ല എന്നാണ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്. എന്നാല്‍ വിഡിയോയില്‍ ചിത്രീകരിക്കാന്‍ ആളെ അടക്കം ഏര്‍പ്പാടാക്കി ദിവ്യ യോഗത്തില്‍ എത്തുകയായിരുന്നു.വിഡിയോ ചിത്രീകരിച്ച കണ്ണൂര്‍ വിഷന്‍ പ്രതിനിധികളുടെ മൊഴി അനുസരിച്ച് വീഡിയോ ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടത് ദിവ്യയാണ്. യോഗത്തിനു ശേഷം വിഡിയോ എടുത്ത വ്യക്തിയുമായി ദിവ്യ സംസാരിക്കുകയും വിഡിയോ കൈപ്പറ്റുകയും ചെയ്തു. പിന്നീടാണ് ഇത് വ്യാപകമായി പ്രചരിപ്പിച്ചത്.
ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.