PRAVASI

കെ.സുധാകരൻ തന്നെ, നിർഭരമായ പോരാട്ടത്തിന്റെ ചരിത്രം ഏറെ

Blog Image

കുമ്പക്കുടി :  സുധാകരൻ കേരള രാഷ്ട്രീയത്തിൽ കെ. സുധാകരനായി ഉയർന്നതിന് പിന്നിൽ ത്യാഗനിർഭരമായ പോരാട്ടത്തിന്റെ ചരിത്രമുണ്ട്. മലബാറിൽ, പ്രത്യേകിച്ച് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ, കോൺഗ്രസിന് വേരോട്ടമുണ്ടാകുന്നതിന് തടസ്സമായിരുന്നു സി.പി.എം.ന്റെ പ്രവർത്തനശൈലി. യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർക്ക് നാട്ടിൽ ഒരു ത്രിവർണ പതാക ഉയർത്താനോ പാർട്ടിയുടെ പേരിൽ പുറത്തിറങ്ങി നടക്കാനോ കഴിയാതിരുന്ന സാഹചര്യം.

ആ കാലഘട്ടത്തിലാണു സുധാകരൻ എന്ന ചെറുപ്പക്കാരൻ നെഞ്ചുവിരിച്ച് നിന്നു, ഏതു പ്രതിബന്ധങ്ങളെയും മറികടക്കാനുള്ള ധൈര്യം കണ്ടത്. മലബാറിൽ കോൺഗ്രസിന് ചരിത്രപരമായ മുന്നേറ്റം നടത്താൻ കഴിഞ്ഞത് കെ. സുധാകരനെപ്പോലുള്ളവരുടെ നേതൃത്വശേഷി കൊണ്ടാണ്. പാർട്ടി ഗ്രാമങ്ങളിൽ തനിക്കു നേരെ വന്ന വാൾമുനകളെ വക്കഞ്ഞുമാറ്റിയാണു സുധാകരൻ പാർട്ടിയെ നയിച്ചത്. സാധാരണ ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും മനസിനൊപ്പം ചേർന്നുനിന്നാണു സുധാകരൻ കേരള രാഷ്ട്രീയത്തിലെ കരുത്തനായ നേതാവായി ഉയർന്നത്.

അദ്ദേഹം കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനത്തേക്ക് വന്നിട്ട് മൂന്ന് വർഷവും എട്ടു മാസവുമായി. അദ്ദേഹം നേതൃരംഗത്തേക്ക് വന്നപ്പോൾ വിറളിപൂണ്ടത് പ്രധാന രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളുമാണ്. തുടക്കം മുതൽ തന്നെ ഒളിഞ്ഞും തെളിഞ്ഞും സുധാകരനെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കാൻ ആസൂത്രിത ശ്രമങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നു.

അടുത്തകാലത്തായി സുധാകരനെ കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനത്തുനിന്നു ഇന്നുമാറ്റും നാളെ മാറ്റും എന്നുള്ള പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത് ചില ചാനലുകളാണ്. റിപ്പോർട്ടർ ചാനൽ അദ്ദേഹത്തെ വേട്ടയാടുന്നതിന്റെ വാർത്താ കണക്കുകൾ നാൽപ്പതോളം വരും. കൈരളി ചാനലിനെപ്പോലും അമ്പരിപ്പിച്ചുകൊണ്ടാണ് മറ്റു ചില ചാനലുകളും വാർത്ത നൽകിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും കെ. സുധാകരൻ കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനത്തും വി.ഡി. സതീശൻ പ്രതിപക്ഷ നേതൃപദവിയിലും തുടരുന്നു.

ക്രിക്കറ്റിൽ സ്വന്തം നാട്ടിനെ വിജയത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പൊളിക്കാനാവാത്ത കൂട്ടുകെട്ടുപോലെയാണ് കോൺഗ്രസിൽ സുധാകരൻ–സതീശൻ "വിന്നിംഗ് കോമ്പിനേഷൻ".

തൃക്കാക്കരയിൽ ഇരട്ടി ഭൂരിപക്ഷത്തിനും പുതുപ്പള്ളിയിൽ നാലിരട്ടി ഭൂരിപക്ഷത്തിനും ജയിച്ചു. പാലക്കാട്ട് അഞ്ചിരട്ടി ഭൂരിപക്ഷത്തിനും ജയിച്ചു. ചേലക്കരയിൽ എതിരാളികളുടെ ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു. പാർലമെന്റിലേക്ക് 18 യുഡിഎഫ് എം.പിമാർ ജയിച്ചു കയറി. അക്കൂട്ടത്തിൽ ഇതേ കെ. സുധാകരനടക്കം പത്ത് പേർക്ക് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും നേടാനായി. ഏറ്റവുമൊടുവിൽ പ്രിയങ്ക ഗാന്ധി 4 ലക്ഷത്തിലേറെ ലീഡ് നേടി കേരളത്തിൽ നിന്നുള്ള പാർലമെന്റംഗമായി.

ഇതിനിടയിൽ 16 തവണകളിലായി നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ ഓരോന്നിലും യുഡിഎഫ് നില മെച്ചപ്പെടുത്തി.

സംഘടനാപരമായി കോൺഗ്രസിന് പുതിയ ബ്ലോക്ക് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളുമുണ്ടായി. 22,000 ഓളം വാർഡ് കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ച് പ്രസിഡണ്ടുമാർക്ക് ഐ.ഡി. കാർഡുകൾ വിതരണം ചെയ്യുന്നു. നൂറുകണക്കിന് സ്ഥലങ്ങളിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമങ്ങൾ നടന്നുവരുന്നു. വിലക്കയറ്റത്തിനെതിരെയും നികുതി ഭീകരതക്കെതിരെയും കറന്റ് ചാർജ് വർദ്ധനവിനെതിരെയും ക്രമസമാധാന തകർച്ചക്കെതിരെയും കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടികളിൽ വലിയ ജനപങ്കാളിത്തം കേരളത്തിൽ കാറ്റ് മാറി വീശുന്നതിന്റെ സൂചനയാണ്.

ആശാ വർക്കർമാരടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങൾക്കായി കോൺഗ്രസ് തെരുവിലിറങ്ങുന്നു. ഭാരത് ജോഡോ യാത്രയിൽ ജനലക്ഷങ്ങളെ അണിനിരത്തുന്നു. വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായതിന്റെയും ശതാബ്ദി ആഘോഷങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു.

സുധാകരനെ പുകച്ച് ചാടിക്കാനൊരുമ്പെട്ടിരിക്കുന്ന മാധ്യമങ്ങൾ യാഥാർത്ഥ്യങ്ങളിൽ നിന്നും ജനമനസുകളിൽ നിന്നും അകലുന്നതാണെന്നു അവർ അറിയുന്നില്ല. അധികാരദാഹികളായ ചില കോൺഗ്രസ് നേതാക്കളും ചാനലുകൾക്കൊപ്പമുണ്ട്. അവർ നൽകുന്ന തെറ്റായ വിവരങ്ങൾ ചാനലുകൾ പെരുപ്പിച്ച് കാട്ടുന്നു.

മൂഢസ്വർഗത്തിൽ ഇരുന്നു സ്വപ്നക്കൊട്ടാരം പണിയാൻ ആർക്കും പറ്റും. കോൺഗ്രസ് വലിയ ജനകീയ അടിത്തറയുള്ള പാർട്ടിയാണ്. അതുകൊണ്ടു അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. ഇതു കണ്ടിട്ടാണു ചിലർ "കോൺഗ്രസ് ഇപ്പോൾ തകരും" എന്നു ഊറ്റം കൊള്ളുന്നത്.

സംഘടനയുടെ ഏതെങ്കിലും തലത്തിൽ മാറ്റങ്ങൾ വേണമെങ്കിൽ ഉചിതമായ സമയത്ത് കോൺഗ്രസ് പാർട്ടി അതു നടപ്പിലാക്കിക്കൊള്ളും. അപ്പോൾ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്യും. അതുവരെ ഗോസിപ്പ് പരത്തി സ്വയം അപഹാസ്യരാവാതിരിക്കാനുള്ള വിവേകമെങ്കിലും മാധ്യമങ്ങൾ കാണിക്കണം.

 ജെയിംസ് കുടൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.