കാലിഫോര്‍ണിയയില്‍ നടന്ന കാര്‍ അപകടത്തില്‍ മഹാരാഷ്ട്ര സ്വദേശിയായ വിദ്യാര്‍ഥിനി ഗുരുതരമായി പരിക്കേറ്റ് കോമയിൽ. മഹാരാഷ്ട്രയിലെ സതാര സ്വദേശിനിയായ നീലം ഷിന്‍ഡെയാണ്(35) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. ഫെബ്രവരി 14നാണ് അപകടം നടന്നത്. അന്ന് മുതല്‍ വിദ്യാര്‍ഥിനി കോമയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നീലത്തെ കാണുന്നതിനായി അവരുടെ മാതാപിതാക്കൾ യുഎസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. യുഎസിലേക്ക് പോകുന്നതിന് എത്രയും വേഗം വിസ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് നീലത്തിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വിസ അഭിമുഖത്തിൽ പങ്കെടുക്കാൻ മുംബൈയിലെ യുഎസ് എംബസിയില്‍നിന്ന് നീലത്തിന്റെ മാതാപിതാക്കള്‍ക്ക് അറിയിപ്പ് ലഭിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി വേഗത്തിലായത്. എത്രയും വേഗം വിസ അനുവദിക്കുന്നതിന് നടപടിക്രമങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് അമേരിക്ക ഉറപ്പുനല്‍കി.
മാസ്റ്റര്‍ ഓഫ് സയന്‍സ്(എംഎസ്) അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് നീലം. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് അവര്‍ പിജി ചെയ്യുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി അവര്‍ യുഎസിലാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫെബ്രുവരി 14ന് റോഡിലൂടെ നടക്കുമ്പോള്‍ പിന്നിൽ നിന്നെത്തിയ കാർ നീലത്തിനെ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവര്‍ കോമയിലാകുകയും കാലിഫോര്‍ണിയയിലെ സാക്രമന്റോയില്‍ സ്ഥിതി ചെയ്യുന്ന യുസി ഡേവിസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നീലത്തിന്റെ കൈകള്‍, കാലുകള്‍, തല എന്നിവയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നെഞ്ചില്‍ ആഴത്തിലുള്ള മുറിവേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.നീലത്തിനെ വാഹനം പുറകില്‍ നിന്ന് ഇടിച്ചിടുകയായിരുന്നുവെന്നും തുടര്‍ന്ന് വാഹനം നിര്‍ത്താതെ പോയെന്നും നീലത്തിന്റെ കുടുംബം ആരോപിച്ചു.