ന്യൂയോര്‍ക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമവും യുവജന സമ്മേളനവും മാർച്ച് 15-ാം തീയതി ശനിയാഴ്ച വൈകീട്ട് 6:00 മണിക്ക് 440 ജെറീക്കോ ടേൺപൈക്കിലുള്ള കൊട്ടിലിയൺ റെസ്റ്റോറന്റിൽ വെച്ച് നടത്തും.
വർഷങ്ങളായി ഇവിടെ അധിവസിക്കുന്ന നായർ കുടുംബങ്ങളിലെ കുട്ടികൾക്ക് പരസ്പരം കാണുവാനും, പഴയ സൗഹൃദം പുതുക്കുവാനും, പുതിയ കുട്ടികളെ പരിചയപ്പെടുവാനും, അത് നിലനിർത്തുവാനുമുള്ള ഈ അസുലഭ നിമിഷത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളോടൊപ്പം പങ്കെടുത്ത് ഈ സംരംഭം വിജയിപ്പിക്കണമെന്ന് എൻബിഎ പ്രസിഡന്റ് ക്രിസ് തോപ്പിൽ അഭ്യർത്ഥിച്ചു.
അന്നേ ദിവസം വിവിധ കലാപരിപാടികളും, ഈ വർഷം വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും അവർക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നതുമാണെന്ന് അദ്ദേഹം അറിയിച്ചു.