താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്‍ നേരിട്ടത് ക്രൂരമായ മര്‍ദനം. കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ആക്രമണത്തിന്റെ ക്രൂരത വ്യക്തമായത്. തലയോട്ടിക്ക് പൊട്ടലേറ്റിട്ടുണ്ട്. തലച്ചോറിന് ക്ഷതവുമുണ്ട്. നഞ്ചക്ക് ഉപയോഗിച്ചാണ് കുട്ടികള്‍ ഷഹബാസിനെ മര്‍ദിച്ചത്. ഇതുകൊണ്ടുളള അടിയിലാകാം ഇത്രയും മാരകമായ പരിക്കേറ്റതെന്നാണ് പോലീസിന്റെ നിഗമനം.
നഞ്ചക് ഉപയോഗിച്ച് മര്‍ദിച്ചു എന്ന് കുട്ടികള്‍ തമ്മിലുള്ള വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളിലും വ്യക്തമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഷഹബാസിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. കെടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം പള്ളിയില്‍ ഖബറടക്കി. കേസില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.