ഡാലസ് : ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ഡാലസ് ലൗഫീൽഡ് എയർ പോർട്ടിൽ ഊഷ്മള വരവേൽപ്പ് നൽകി.
ക്രോസ് വേ മാർത്തോമ്മ ഇടവക വികാരിയും, ഡാലസ് സെന്റർ യൂത്ത് ചാപ്ളെയിനും ആയ റവ എബ്രഹാം കുരുവിള, ഭദ്രാസന കൗൺസിൽ അംഗം ഷാജി എസ്. രാമപുരം, ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക വൈസ് പ്രസിഡന്റ് പി.ടി മാത്യു, ക്രോസ് വേ മാർത്തോമ്മ ഇടവക ചുമതലക്കാരായ ആശിഷ് ഉമ്മൻ, ലിജോയ് ഫിലിപ്പോസ്, മനോജ് ചെറിയാൻ എന്നിവർ എയർ പോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു.
ഭദ്രാസന സൺഡേ ആയി ആചരിക്കുന്ന ഇന്ന് ആരാധനക്കും വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും, അതോടൊപ്പം ആദ്യമായി വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന കുഞ്ഞുങ്ങൾക്ക് കുർബ്ബാന നൽകുന്ന ചടങ്ങിനും ഡാലസ് ക്രോസ് വേ മാർത്തോമ്മ ദേവാലയത്തിൽ ബിഷപ് ഡോ.മാർ പൗലോസ് നേതൃത്വം നൽകും.
ഇന്ന് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ എല്ലാ ദേവാലങ്ങളിലും ഭദ്രാസന ഞായർ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഭദ്രാസന ക്രമീകരണ പ്രകാരം ചുമതലപ്പെടുത്തിയ വൈദീകർ ആയിരിക്കും ആരാധനകൾക്ക് നേതൃത്വം നൽകുന്നത്.