ആശുപത്രിയിലെത്തി കണ്ട മാനസികാരോഗ്യ വിദഗ്ധനാണ് അഫാൻ മനസിലൊളിപ്പിച്ച പകയുടെ പൂർണരൂപം പുറത്ത് കൊണ്ടുവന്നത്. ഉറ്റബന്ധുക്കളായ അമ്മയെയും മകളെയും കൂടി കൊല്ലാൻ പദ്ധതിയിട്ടുവെന്ന് ഇയാളോടാണ് പ്രതി തുറന്നുപറഞ്ഞത്. മനസിൽ ആലോച്ചച്ചതല്ലാതെ ഇവരുടെ കാര്യത്തിൽ പ്രത്യേകിച്ച് എന്തെങ്കിലും ആസൂത്രണം പ്രതി നടത്തിയിട്ടുണ്ടോ എന്നത് പോലീസ് പരിശോധിക്കുകയാണ്. എങ്കിൽ വധശ്രമത്തിനുള്ള പുതിയ കേസ് കൂടി അതിൻ്റെ പേരിൽ വരും.
അഞ്ചുലക്ഷം രൂപയെച്ചൊല്ലിയാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായത്. കടം ചോദിച്ചിട്ട കൊടുത്തില്ല എന്നതാണോ, കടം കൊടുത്തത് തിരികെ ചോദിച്ചതാണോ അഫാന് അസ്വസ്ഥത ഉണ്ടാക്കിയത് എന്ന് വ്യക്തത വരാനുണ്ട്. ആ കുടുംബത്തെ നേരിൽ കണ്ട് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടും. തൻ്റെ ഉമ്മയുടെ അടുത്ത ബന്ധുക്കളാണ് ഇവർ. അഫാൻ്റെ വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്ന് വെറും 15 മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരം.
അനുജൻ അഫ്സാൻ്റെ കൊലയ്ക്ക് ശേഷം ഇവിടേക്ക് പോകാനായിരുന്നു പ്ലാൻ. പക്ഷെ ഉമ്മയടക്കം ആറുപേരെ ആക്രമിച്ചു കഴിഞ്ഞപ്പോഴേക്കും തളർന്നുപോയി. അതുകൊണ്ടാണ് അവരെ വെറുതെ വിട്ടതെന്നും പ്രതി പറയുന്നു. എന്നാൽ പക ഇപ്പോഴുമുണ്ടെന്ന് തുറന്നുപറച്ചിലിൽ പ്രകടമാണെന്ന് മാനസികാരോഗ്യ വിദഗ്ധൻ പോലീസിനെ അറിയിച്ചിട്ടുണ്ട്. വിഷം കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക പ്രശ്നങ്ങൾ ഭേദമായതോടെ ഇന്ന് പ്രതിയെ ജയിലിലേക്ക് മാറ്റിയേക്കും.