PRAVASI

എഫ്ബിഐയുടെ ഒമ്പതാമത് ഡയറക്ടര്‍ കാഷ് പട്ടേല്‍

Blog Image

ഇന്ത്യന്‍ വംശജനായ കാഷ് പട്ടേല്‍ യുഎസിൽ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഒന്‍പതാമത് ഡയറക്ടറായി സ്ഥാനമേറ്റെടുത്തു. ഭഗവദ്ഗീതയില്‍ കൈവെച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

കാഷ് പട്ടേലിന്റെ പങ്കാളിയും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. എഫ്ബിഐ ഡയറക്ടറായി കാഷ് പട്ടേലിനെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. തുടര്‍ന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി മുമ്പാകെയാണ് കാഷ് പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തത്. ക്രിസ്റ്റഫര്‍ വേയുടെ പിന്‍ഗാമിയായാണ് അദ്ദേഹം എഫ്ബിഐ ഡയറക്ടറായി ചുമതലയേറ്റത്.

അതേസമയം, ഭഗവദ്ഗീതയില്‍ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യത്തെ വ്യക്തിയല്ല കാഷ് പട്ടേല്‍. മുമ്പ് സുഹാഷ് സുബ്രഹ്‌മണ്യവും ഭഗവദ്ഗീതയില്‍ കൈവെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.

1980 ഫെബ്രുവരി 25ന് ന്യൂയോര്‍ക്കിലാണ് കശ്യപ് പ്രമോദ് പട്ടേല്‍ എന്ന കാഷ് പട്ടേലിന്റെ ജനനം. ഗുജറാത്തില്‍ നിന്ന് കുടിയേറിയവരാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. 44കാരനായ കാഷ് നിയമരംഗത്താണ് കരിയര്‍ പടുത്തുയര്‍ത്തിയത്. ട്രംപിന്റെ ആദ്യ ടേമില്‍ അദ്ദേഹം നാഷണൽ ഇന്റലിജന്റ്‌സ് ഡയറക്ടറായും പ്രതിരോധ വകുപ്പിന്റെ ഓഫീസില്‍ സുപ്രധാന സ്ഥാനങ്ങളും വഹിച്ചിരുന്നു.

നേരത്തെ ഒരു ഫെഡറല്‍ ഡിഫന്‍ഡറായും നീതിന്യായ വകുപ്പില്‍ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിരുന്നു.

ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഭദ്രന്‍ ഗ്രാമത്തിലാണ് പട്ടേലിന്റെ കുടുംബവേരുകളുള്ളത്. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ കുടുംബം 80 വര്‍ഷം മുമ്പ് ഉഗാണ്ടയിലേക്ക് കുടിയേറിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പട്ടേലിന്റെ അടുത്ത കുടുംബാംഗങ്ങളെല്ലാം വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സമുദായ അംഗങ്ങൾ പറഞ്ഞു. ആഫ്രിക്കയിലേക്ക് താമസം മാറിയതോടെ അവര്‍ ഭദ്രനിലെ അവരുടെ പൂര്‍വികരുടെ വീടുകള്‍ വിറ്റു.
കാഷ് പട്ടേലിന്റെ മാതാപിതാക്കളായ അഞ്ജനയും പ്രമോദും വഡോദരയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിട്ടുണ്ടെന്നും അവര്‍ പതിവായി അവിടെ എത്താറുണ്ടെന്നും അദ്ദേഹത്തിന്‍രെ മാതൃസഹോദരന്‍ പറഞ്ഞു. കാഷ് പതിവായി ഇന്ത്യ സന്ദര്‍ക്കാറുണ്ടെന്നും അമ്മാവന്‍ കൂട്ടിച്ചേര്‍ത്തു. കശ്യപ് ശിവന്റെയും ഹനുമാന്റെയും ഗണപതിയുടെയും ഭക്തനണ്. വാഷിംഗ്ടണ്‍ ഡിസിയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ദൈവങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന പ്രത്യേക സ്ഥലമുണ്ടെന്നും അമ്മാവന്‍ കൂട്ടിച്ചേര്‍ത്തു. ‘‘ലോകമെമ്പാടും അദ്ദേഹം കാഷ് എന്ന് അറിയപ്പെടുമ്പോള്‍, കുടുംബത്തില്‍ അദ്ദേഹം കശ്യപ് ആണ്," 

1971ല്‍ ഒരു സൈനിക അട്ടിമറിയിലൂടെ ഇദി അമിന്‍ ഉഗാണ്ടയുടെ അധികാരം പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് 1972ല്‍ ഇദി അമീന്‍ ഇന്ത്യക്കാരെ രാജ്യത്തുനിന്ന് പുറത്താക്കി. ഈ സമയം കാഷ് പട്ടേലിന്റെ കുടുംബം ഇന്ത്യയിലേക്ക് മടങ്ങി. ഉഗാണ്ടയില്‍നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യക്കാര്‍ യുകെ, യുഎസ്, കാഡന എന്നിവടങ്ങളില്‍ അഭയം തേടി. ഇവര്‍ ഇന്ത്യയില്‍ ഹ്രസ്വകാലത്തേക്ക് താമസിച്ചിരുന്നു. കാനഡയില്‍ ഇവര്‍ നല്‍കിയ അപേക്ഷ സ്വീകരിച്ചതിനെ തുടര്‍ന്ന് കാഷിന്റെ കുടുംബം അവിടേക്ക് മടങ്ങി. ഇവിടെനിന്ന് പിന്നീട് കുടുംബം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
എഫ്ബിഐ ഡയറക്ടറായി തിരഞ്ഞെടുത്തത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണെന്ന് കാഷ് പട്ടേൽ പറഞ്ഞു. “അമേരിക്കന്‍ സ്വപ്‌നം മരിച്ചുകഴിഞ്ഞുവെന്ന് കരുതുന്നവര്‍ ഇവിടേക്ക് നോക്കൂ. ഭൂമിയിലെ ഏറ്റവും വലിയ രാജ്യത്തിന്റെ നിയമനിര്‍വഹണ ഏജന്‍സിയെ നയിക്കാന്‍ പോകുന്ന ആദ്യ തലമുറയില്‍പ്പെട്ട ഇന്ത്യക്കാരനോടാണ് നിങ്ങള്‍ സംസാരിക്കുന്നത്. ഇത് മറ്റൊരിടത്തും സംഭവിക്കില്ല,” കാഷ് പട്ടേല്‍ പറഞ്ഞു. 

എഫ്ബിഐയ്ക്കുള്ള തന്റെ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ പ്രതിബദ്ധത പുലര്‍ത്തുമെന്നും ഫെഡറല്‍ ഏജന്‍സിക്ക് അകത്തും പുറത്തും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

“എഫ്ബിഐയില്‍ സമഗ്രതയും നീതിയും പുനഃസ്ഥാപിക്കേണ്ട സമയമാണിത്. അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കൂ”, പട്ടേലിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വൈറ്റ് ഹൗസ് തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.“ആ സ്ഥാനത്തെ എക്കാലത്തെയും ഏറ്റവും അനുയോജ്യനായ വ്യക്തിയായി അദ്ദേഹം മാറുമെന്ന് ഞാന്‍ കരുതുന്നു. ഏജന്റുമാര്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതായും പട്ടേലിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അദ്ദേഹം ശക്തനായ വ്യക്തിയാണ്. അദ്ദേഹത്തിന് സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ട്,” ട്രംപ് പറഞ്ഞു.

പട്ടേലിന്റെ നിയമനത്തില്‍ ഡെമോക്രാറ്റുകള്‍ അത്ര സന്തുഷ്ടരല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പട്ടേല്‍ ട്രംപിന്റെ വിശ്വസ്തനായി പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്റിന്റെ എതിരാളികളെ പിന്തുടരാന്‍ എഫ്ബിഐയുടെ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നും അവര്‍ ഭയപ്പെടുന്നു. സര്‍ക്കാരിലെയും മാധ്യമമേഖലയിലെയും ട്രംപ് വിരുദ്ധ ഗൂഢാലോചനക്കാരെ പിന്തുടരുമെന്ന് പട്ടേല്‍ പറഞ്ഞിരുന്നതായും അവര്‍ പറഞ്ഞു.

അതേസമയം, പ്രതികാരം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഭരണഘടന പിന്തുരാരന്‍ ഉദ്ദേശിക്കുന്നുവെന്നും പട്ടേല്‍ പറഞ്ഞു. തന്നെക്കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ വ്യാജവും ദ്രോഹിക്കുന്നതും അപകീര്‍ത്തികരവുമാണെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞു. എഫ്ബിഐയില്‍ കാര്യമായ മാറ്റങ്ങള്‍ നടപ്പിലാക്കാനുള്ള ആഗ്രഹം പട്ടേല്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ക്കും മയക്ക് മരുന്ന് ഉപയോഗത്തിനുമെതിരേ പോരാടുമെന്നും അത് എഫ്ബിഐയുടെ ‘ദേശീയ സുരക്ഷാ ദൗത്യം’ പോലെ പ്രധാനമാണെന്നും പട്ടേല്‍ പറഞ്ഞു.

നവംബറിലാണ് നീതിന്യായ വകുപ്പിലെ മുന്‍ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടറായ പട്ടേലിനെ എഫ്ബിഐ ഡയറക്ടറായി നാമനിര്‍ദേശം ചെയ്തത്.എഫ്ബിഐ ഡയറക്ടര്‍ക്ക് 10 വര്‍ഷമാണ് കാലാവധി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.