ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിലാണ് തന്റെ പകുതി വയസ്സ് പോലും പ്രായമില്ലാത്ത യുവതിയെ വയോധികൻ വിവാഹം ചെയ്തത്. 75 വയസുള്ള സംഗ്രുറാം ആണ് 35 വയസുള്ള മൻഭവതിയെ വിവാഹം ചെയ്തത്. വിവാഹ പിറ്റേന്നാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു വർഷം മുമ്പാണ് സംഗ്രുറാമിന് ആദ്യ ഭാര്യയെ നഷ്ടപ്പെട്ടത്. ഇവർക്ക് കുട്ടികളില്ല. കൃഷി ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ട് പോയത്. ഒരു വർഷത്തെ ഒറ്റയ്ക്കുള്ള ജീവിതം മടുത്തിട്ടാണ് വീണ്ടും വിവാഹത്തിന് തയ്യാറെടുത്ത്. എന്നാൽ ഇതിന് അദ്ദേഹത്തിന്റെ ബന്ധുക്കൾ സമ്മതിച്ചില്ല. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് മൻഭവതിയെ വിവാഹം ചെയ്തത്.
സെപ്റ്റംബർ 29 ന് വിവാഹം രജിസ്റ്റർ ചെയ്തു. അതിന് ശേഷമാണ് ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾ നടന്നത്. യുവതിയും നേരത്തെ വിവാഹിതയായിരുന്നു. ഇവരുടെ കുട്ടികളെ നോക്കാമെന്നും വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നും സംഗ്രുറാം ഉറപ്പു നൽകിയിരുന്നു. തുടർന്നാണ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് യുവതി പറഞ്ഞത്. രാത്രി കൂടുതലും സംസാരിച്ചിരുന്നു. പിന്നേടാണ് ആരോഗ്യസ്ഥിതി വഷളായതെന്നാണ് വിവരം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഗ്രാമവാസികളിൽ ചിലർ സ്വാഭാവിക മരണമെന്ന് പറയുമ്പോഴും ഭൂരിഭാഗം ആളുകൾക്കും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അഭിപ്രായം. ഡൽഹിയിലാണ് സംഗ്രുറാമിന്റെ ബന്ധുക്കൾ ഉള്ളത്. അവർ വന്നശേഷം മാത്രമേ സംസ്കാര ചടങ്ങുകൾ നടത്താവൂ എന്നാണ് അവർ അറിയിച്ചത്. പോസ്റ്റുമോർട്ടം ചെയ്യണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

