കോട്ടയം: കാലുകൾ നഷ്ടപ്പെട്ട ഒട്ടേറെ പേർക്ക് കൃത്രിമക്കാലുകൾ നൽകി ശ്രദ്ധേയമായ പ്രമുഖ ചാരിറ്റി സംഘടനയായ ലൈഫ് ആൻഡ് ലിംബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് അർഹരായ 40 പേർക്ക് കൃത്രിമക്കാലുകൾ നൽകി.
2025 ഓഗസ്റ്റ് 2 ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് കോട്ടയം, കുമരകത്തുള്ള ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ വച്ച് നടന്ന ഫോക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക) കൺവെൻഷനിൽ വെച്ച്, സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും, മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് കൃത്രിമക്കാൽ വിതരണ ചടങ്ങ് നടന്നത്.
അമേരിക്കൻ മലയാളിയായ ജോൺസൺ സാമുവൽ ആണ് ഈ പ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
2014 ൽ തന്റെ സ്വന്തം സാമ്പത്തികം ഉപയോഗിച്ച് 20 പേർക്ക് കൃത്രിമക്കാലുകൾ നൽകിക്കൊണ്ട് ആരംഭിച്ച ഈ സംരംഭം, പിന്നീട് സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും സാമ്പത്തിക സഹായത്താൽ കൂടുതൽ പേർക്ക് എല്ലാവർഷവും സഹായം എത്തിക്കുവാൻ കഴിയുന്നു. ഇതുവരെ 344 ആളുകളെയാണ് ഏറ്റവും മികച്ച ഓട്ടോ ബോക്ക് എന്ന ജർമ്മൻ കമ്പനിയുടെ കൃത്രിമക്കാൽ നൽകി സഹായിച്ചത്.
കാലുവിതരണ ചടങ്ങിൽ, മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ്, ഗോപിനാഥ് മുതുകാട് (DAC Founder), അഡ്വ. വർഗീസ് മാമൻ, രാജു ഏബ്രഹാം (Ex MLA), സജിമോൻ ആന്റണി (ഫൊക്കാന പ്രസിഡന്റ്), പോൾ കറുകപ്പള്ളി (ഫൊക്കാന മുൻ പ്രസിഡന്റ്) തുടങ്ങിയവർ പങ്കെടുത്തു.
"ചില മാസങ്ങൾക്ക് മുമ്പ്, സാന്ദർഭികമായി എന്റെ സ്നേഹിതൻ അഡ്വ. വർഗീസ് മാമൻ, ജോൺസൺ സാമുവലിനെക്കുറിച്ച് എന്നോട് സംസാരിച്ചു. ഇങ്ങിനെയും ഒരു മനുഷ്യൻ നമ്മുടെ ഇടയിൽ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് അത്ഭുതമായി, അങ്ങനെയാണെങ്കിൽ എനിക്കും അദ്ദേഹത്തെ ഒന്ന് കാണണമെന്ന് തോന്നി.
ഒരിക്കൽ ജോൺസൻ കേരളം സന്ദർശിക്കുമ്പോൾ വളരെ അപ്രതീക്ഷിതമായിട്ടാണ് കാല് നഷ്ടപ്പെട്ട ഒരാളെ വഴിയിൽവെച്ച് കാണുന്നത്. അന്ന് രാത്രിയിൽ തന്നെ അദ്ദേഹത്തിന് പുതിയ വെളിച്ചം ദൈവം നൽകി.
വേദപുസ്തകത്തിൽ വായിക്കുന്നു; കയീൻ അസൂയ മൂത്ത് തന്റെ ഇളയ സഹോദരനായ ഹാബേലിനെ വധിച്ചു. അതിനുശേഷം ദൈവം കായിനോട് 'നിന്റെ സഹോദരൻ എവിടെ?' എന്ന് ചോദിച്ചപ്പോൾ 'ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ?' എന്നാണ് കയീൻ ദൈവത്തോട് മറുചോദ്യം ചോദിച്ചത്.
എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷമാണ് ജോൺസൺ സാമുവൽ ദൈവത്തോട് തിരിഞ്ഞുനിന്ന് പറഞ്ഞത് 'ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനാണ്'. അതിന്റെ പ്രത്യക്ഷമായ അനുഭവമാണ് നാം ഇന്നിവിടെ കാണുന്നത്. ഇവിടെ നൽകപ്പെടുന്നത് കൃത്രിമക്കാലുകൾ എന്നു പറയുവാൻ പാടില്ല. ഇത് യാതൊരു കൃത്രിമങ്ങളും ഇല്ലാത്ത സ്നേഹത്തിന്റെ കാലുകളാണ്. അതുകൊണ്ടാണല്ലോ ഈ പ്രവർത്തിയെ, ചിറമേൽ അച്ചൻ 'കാലിന്റെ സുവിശേഷം' എന്നു വിശേഷിപ്പിച്ചത്. എത്രയോ മനോഹരമായ ഒരു വിശേഷണമാണ് അത്. സ്നേഹത്തിന്റെ സുവിശേഷം, കരുണയുടെ സുവിശേഷം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ കാലിന്റെ സുവിശേഷം നമ്മൾ കാണുകയാണ്.
യാതൊരു പ്രചാരണത്തിന്റെയും ആകർഷണത്തിൽ വീഴാതെ, താനും ദൈവവുമായി ഉള്ള ഒരു ഉടമ്പടിയുടെ ഭാഗമായി മാത്രം കണ്ടുകൊണ്ട്, തനിക്ക് രണ്ട് കാലും ഉള്ളപ്പോൾ ഒരു കാലിനോ രണ്ട് കാലിനോ അംഗഭംഗം വന്നിട്ടുള്ള സഹോദരങ്ങൾക്ക് നേരെ കണ്ണ് തിരിച്ച്, അവർക്ക് കൈത്താങ്ങൽ നൽകി ജോൺസൺ സാമുവൽ മാതൃകയാവുകയാണ്."
ഡോ. സിറിയക് തോമസ്
കാലുകൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമക്കാലുകൾ നൽകി, അവർക്ക് ചലനശേഷിയും സ്വാതന്ത്ര്യവും വീണ്ടെടുക്കുവാനും പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുവാനും കഴിയുന്ന ഒരു മഹത്തായ പദ്ധതിയാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ലൈഫ് ആൻഡ് ലിംബ് ചെയ്തുവരുന്നത്.
അപകടങ്ങളിലും രോഗങ്ങളിലും പെട്ട് കാലുകൾ നഷ്ടപ്പെട്ട നിർധനരും അശരണരും ആയ 40 പേരെയാണ് ലൈഫ് ആൻഡ് ലിംബ് ഈ വർഷം പുതു ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും ഉള്ളവരാണ് ഇത്തവണ കാലുകൾ സ്വീകരിച്ചത്.
അവരിൽ പലരുടെയും അനുഭവങ്ങൾ മനുഷ്യഹൃദയങ്ങളെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഇവരെല്ലാം രണ്ടുകാലിൽ ഓടി നടന്നവരാണ്. പെട്ടെന്നൊരു ദിവസം നിനച്ചിരിക്കാത്ത നേരത്ത് ഓട്ടം നിലച്ച്, അവഗണനയുടെ തുരുത്തിൽ ഒറ്റപ്പെടുമ്പോൾ ജീവിക്കുവാനുള്ള ആഗ്രഹം പോലും അവർക്ക് നഷ്ടമാകുന്നു.
പതുക്കെ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുവാൻ ശ്രമിക്കുമ്പോഴാണ് 30 കാരനായ വിനോദിന്റെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടായത്. കാലു വഴുതി ട്രെയിനിന്റെ അടിയിലേക്ക് വീണ വിനോദിന്റെ ഇരുകാലുകളുടേയും മുട്ടിനു മുകളിൽ കൂടി ട്രെയിനിന്റെ ചക്രങ്ങൾ കയറിയിറങ്ങി.
ലൈഫ് ആൻഡ് ലിംബിലേക്ക് പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പേഷ്യൻസിന്റെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ പ്രസ്ഥാനത്തിന്റെ പ്രതിനിധി വീട്ടിലെത്തിയപ്പോഴാണ് ദുരന്തത്തിന്റെ യാഥാർത്ഥ്യം ബോധ്യമായത്. ആരോ അയാളെ എടുത്ത് വീടിന്റെ തിണ്ണയിൽ ഇരുത്തിയിരിക്കുന്നു. രണ്ടു കാലുകളും മുട്ടിനു മുകളിൽ വച്ച് നഷ്ടപ്പെട്ട അയാളുടെ മുഖത്ത് ഇപ്പോൾ സ്ഥായിയായ നിസ്സംഗത മാത്രം. ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷയുടെ ഒരു കണിക പോലും അയാളുടെ ഉള്ളിൽ ശേഷിച്ചിരുന്നില്ല.
രണ്ടാം തീയതിയിലെ പ്രോഗ്രാമിൽ ലൈഫ് ആൻഡ് ലിംബിൽ നിന്നും ലഭിച്ച രണ്ട് കാലുകൾ ഊന്നി നിൽക്കുമ്പോൾ നഷ്ടപ്പെട്ടുപോയ പുഞ്ചിരി വിനോദിന്റെ ചുണ്ടിൽ തിരികെ എത്തിയിരുന്നു. കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ നക്ഷത്രത്തിളക്കം. പുതു ജന്മത്തിലേക്ക്പിറന്നുവീണ വിനോദ് അവിടെയാകെ പിച്ചവെച്ച് നടന്നു.
"പ്രസംഗത്തിലൂടെയല്ല പ്രവർത്തിയിലൂടെയാണ് തന്റെ കർമ്മം നിർവഹിക്കേണ്ടത് എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ജോൺസൺ സാമുവേലും കുടുംബവും. ജീവിതത്തിൽ എന്തുതന്നെ നേടിയാലും മടങ്ങി പോകുമ്പോൾ അതെല്ലാം ഇവിടെ ഉപേക്ഷിക്കേണ്ടിവരും."
അലക്സാണ്ടർ ചക്രവർത്തിയുടെ ജീവിതം അതിന് ഉദാഹരണമാണ്.
നമ്മുടെ ജീവിതത്തിലൂടെ നേടുന്നതെല്ലാം മറ്റുള്ളവരുടെ നന്മയ്ക്കായി സ്വാർത്ഥതയില്ലാതെ ഉപയോഗിക്കുന്നതാണ് ജീവിതത്തിന്റെ ഔന്നത്യം. ജോൺസൺ സാമുവൽ അതിന്റെ ഉത്തമ മാതൃകയാണ്."
ഗോപിനാഥ് മുതുകാട്
ചുമട്ടു തൊഴിലാളിയായ ഹരിദാസിന്റെ അഞ്ചു വയസുകാരിയായ മകൾ നല്ലൊരു നർത്തകി കൂടിയാണ്. അച്ഛന് കാല് ഫിറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ, ലൈഫ് & ലിംബ് ഫിറ്റിങ് റൂമിന്റെ ഗ്ലാസ്സ് ഡോറിലൂടെ അവൾ അകത്തേക്ക് ആശ്ചര്യത്തോടെ നോക്കി നിന്നു. പെട്ടെന്നവൾ തുള്ളിച്ചാടാനും ആഹ്ലാദ ശബ്ദങ്ങൾ പുറപ്പെടുവിക്കുവാനും തുടങ്ങി. അപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ട അച്ഛൻ നടക്കുന്നത് അവളുടെ ഓർമ്മയിൽ നിന്നും മാഞ്ഞു പോയിരുന്നു. രണ്ടു കാലുകളിൽ അവളുടെ പ്രിയപ്പെട്ട അച്ഛൻ നടക്കുന്നത്, ആദ്യമായി കണ്ടപ്പോൾ ആഹ്ലാദം അടക്കുവാൻ കഴിയാതെ, അവൾ നൃത്തം ചവിട്ടുവാൻ തുടങ്ങി, ആ കുഞ്ഞുമേനി തളരുന്നത് വരെ.
"ഇതൊരു സാധാരണ ചടങ്ങല്ല, ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ്. ആയിരക്കണക്കിന് പരിപാടികളിൽ പങ്കെടുക്കുന്നവരാണ് ഞങ്ങൾ പൊതുപ്രവർത്തകരും രാഷ്ട്രീയക്കാരും. എന്നാൽ ഇവിടെ ഉണ്ടായിരിക്കുന്ന അന്തരീക്ഷം അതിൽ നിന്നും വളരെ വ്യത്യസ്തമാണ്.
ഒരു ജീവിതത്തിലേക്കാണ് നമ്മുടെ പ്രിയപ്പെട്ടവരെ ജോൺസൺ സാമുവേലും അദ്ദേഹത്തോടൊപ്പമുള്ള ടീമും മടക്കിക്കൊണ്ടു വരുന്നത്. ഇനിയും അദ്ദേഹത്തിന് എത്രയോ ദൂരം മുന്നോട്ടു പോകുവാൻ ഉണ്ട് എന്നറിയുമ്പോൾ വീണ്ടും അഭിനന്ദിക്കാതിരിക്കുവാൻ വയ്യ."
ഈ വലിയ മനസ്സിന്റെ ഉടമയായ ജോൺസൺ സാമുവലിന്റെ ഒരു സുഹൃത്തായി മാറാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു."
രാജു എബ്രഹാം Ex MLA
ഒരു വർഷം മുമ്പ് റോഡ് ആക്സിഡന്റിലാണ് നിധിൻ കുമാറിന്റെ രണ്ട് കാലുകളും നഷ്ടപ്പെട്ടത്. അതോടെ തന്റെ കുടുംബം അയാളെ ഉപേക്ഷിച്ചു പോയി. തീർത്തും ഒറ്റപ്പെട്ട് ഒരു മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന നിധിനെ തേടി ലൈഫ് ആൻഡ് ലിംബിന്റെ സഹായം എത്തി. നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കും എന്ന ആത്മവിശ്വാസത്തോടെയാണ് അയാൾ പരസഹായം കൂടാതെ പ്രോഗ്രാം നടന്ന ഹാളിൽ നിന്നും പുറത്തേക്ക് നടന്നുപോയത്.
ബൈക്ക് റൈഡിങ്ങിൽ ക്രേസ് ആയിരുന്ന മുഹമ്മദ്, ഫുട്പാത്തിൽ വെറുതെ നിൽക്കുമ്പോഴാണ് നിയന്ത്രണം വിട്ടു വന്ന ഒരു കാർ തന്നെ ഇടിച്ചുതെറിപ്പിച്ചത്. ഇടതുകാൽ മുട്ടിനു മുകളിൽ വച്ച് നഷ്ടപ്പെട്ടത് ആയിരുന്നില്ല അയാളുടെ സങ്കടം. ഇനിയൊരിക്കലും ബൈക്ക് ഓടിക്കുവാൻ കഴിയുകയില്ലല്ലോ എന്നോർത്തായിരുന്നു അയാൾ നടുവീർപ്പിട്ടത്. അപകടത്തിനുശേഷം ആദ്യമായി, ലൈഫ് ആൻഡ് ലിംബ് കൊടുത്ത കാലുമായി ബൈക്ക് ഓടിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു മുഹമ്മദിന്റെ മുഖത്ത്.
"ജോൺസൺ സാമുവൽ എന്ന നല്ല ശമര്യക്കാരനെ ഞാൻ കഴിഞ്ഞ സെപ്റ്റംബറിൽ ആണ് പരിചയപ്പെടുന്നത്. ന്യൂയോർക്കിൽ ശ്രീ പോൾ കറുകപ്പള്ളി ഒരുക്കിയ സ്നേഹവിരുന്നിൽ പങ്കെടുക്കുമ്പോഴാണ് ജോൺസൻ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചത്.
അമേരിക്കയിലെ എല്ലാവരുടെയും വീടുകൾ വലുതാണ്.
ഏക്കർ കണക്കിന് ഭൂമിയുടെ നടുവിൽ ഉള്ള ഒരു വീടാണ് ജോൺസൺ സാമുവലിന്റെത്. പക്ഷേ ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ ഡ്രോയിങ് റൂമിലെ ഭിത്തിയിൽ, നാലു മാസങ്ങൾ കഴിയുമ്പോൾ കാലു കൊടുക്കാൻ പോകുന്ന 100 പേരുടെ ചിത്രങ്ങൾ പതിച്ചിരുന്നു. അക്ഷരാർത്ഥത്തിൽ നമ്മളെ സ്തബ്ധരാക്കുന്ന കാഴ്ച.
ഇത് എന്താണെന്ന് ചിന്തിച്ച് അത്ഭുതത്തോടെ നിൽക്കുമ്പോഴാണ് ജോൺസൺ സാമുവൽ പറഞ്ഞത്, ഇതൊക്കെ എന്റെ സഹോദരങ്ങളാണ്, ഇവർക്കെല്ലാം ഏതെങ്കിലും വിധത്തിൽ ഒരു കാലോ, രണ്ടു കാലുകളോ നഷ്ടപ്പെട്ടവരാണ്. അവരാണ് 'ഈ വർഷത്തെ എന്റെ പ്രാർത്ഥന'. സത്യത്തിൽ ഈശ്വരസാന്നിധ്യം നേരിട്ടറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു ആ ഭവനത്തിന്റെ കവാടത്തിൽ നിൽക്കുമ്പോൾ എനിക്ക് അനുഭവപ്പെട്ടത്. അപ്പോൾ തന്നെ ഞാൻ മനസ്സിൽ കുറിച്ചു ഇദ്ദേഹമാണ് യഥാർത്ഥ 'നല്ല ശമര്യക്കാരൻ'. അന്നുതൊട്ട് ഞാൻ അദ്ദേഹത്തെ ഫോളോ ചെയ്യുകയായിരുന്നു."
അഡ്വ. വർഗീസ് മാമൻ
തമിഴ്നാട്ടുകാരനായ മഹേന്ദ്രയും ആന്ധ്രയിൽ നിന്നുള്ള ജഗദീഷ് ബാബുവും, ക്യാൻസർ ബാധിച്ച് കാലു മുറിക്കേണ്ടി വന്ന 30കാരനായ നിജിനും സന്തോഷത്താൽ കണ്ണ് നിറച്ചു കൊണ്ട് നിന്നത് വേറിട്ട കാഴ്ചയായിരുന്നു.
ഓഗസ്റ്റ് 2 ശനിയാഴ്ച, ഉച്ചകഴിഞ്ഞ് നടന്ന ലൈഫ് ആൻഡ് ലിബിന്റെ ചടങ്ങിൽ, പ്രവീൺ, കിരൺ, പ്രസാദ്, ഷീജ, ഏഴ് വയസ്സുകാരി നക്ഷത്ര, ഇങ്ങനെ പോകുന്നു രണ്ട് കാലുകളിൽ അഭിമാനത്തോടെ തലയുയർത്തി നിന്നവരുടെ പട്ടിക.
ഈ വർഷം രണ്ട് ഘട്ടമായി കാലുകൾ നൽകാനായിരുന്നു പദ്ധതി. അതിന്റെ ആദ്യ ഘട്ടമാണ് ഓഗസ്റ്റ് 2 ന് കുമരകത്ത് നടന്ന ഫോക്കാന കൺവെൻഷനിൽ വെച്ച് കാലുകൾ നൽകിയത്.
ജോൺസൺ സാമുവേലിനെ കൂടാതെ ഇതിനു വേണ്ടി പ്രധാനമായും സാമ്പത്തിക പിന്തുണ നൽകുന്നവർ ഫിന്നി ജോസഫ്, ജോയ് മേക്കാട്ട്, പ്രിൻസ്, അങ്ങെനെ പലരുണ്ട്, എല്ലാവര്ക്കും നന്ദി. ഈ പദ്ധതിയുടെ കോഓർഡിനേറ്ററായി കോശി വർഗ്ഗീസും, എല്ലാവിധ പിന്തുണയുമായി അദ്ദേഹത്തിന്റെ പത്നി സൂസമ്മ കോശിയും പ്രവർത്തിക്കുന്നു. ക്ലിനിക് മാനേജരും, Patients കോർഡിനേറ്റർ ആയും ജോളി ജോൺ, ബാംഗ്ലൂർ വിശ്സ്തയോടെ സേവനമിനിഷ്ഠിക്കുന്നു.
മാവേലിക്കര, വെട്ടിയാറിൽ ലൈഫ് ആൻഡ് ലിംബ് എന്ന പേരിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ കാലുകൾ നഷ്ടപ്പെട്ടവർക്ക് കൂടുതൽ മികച്ച സേവനം നൽകി വരുന്നു.
വിദ്യ വിജയൻ (പ്രൊസ്തെറ്റിസ്റ്റ്), അരിഹരസുതൻ (സീനിയർ ടെക്നീഷ്യൻ), രാജലക്ഷ്മി (അസിസ്റ്റന്റ് ടെക്നീഷ്യൻ) എന്നിവരാണ് ക്ലിനിക്കൽ ടീം അംഗങ്ങൾ. പ്രവർത്തിക്കുന്നു.
"കാലുകൾ നഷ്ടപ്പെട്ടവർക്ക് ജീവിതം തിരിച്ചു പിടിക്കുവാനുള്ള ഒരു വലിയ പ്രതീക്ഷയാണ് ഇന്ന് ഇവിടെ നടന്നത്. ഇത് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ മാത്രമല്ല, അവരുടെ കുടുംബങ്ങളിലും സമൂഹത്തിലും അതിശയകരമായ മാറ്റങ്ങൾ സൃഷ്ടിക്കും.
ഇന്ന് ഇവിടെ നിന്ന് പുറത്തു പോകുന്ന ഓരോരുത്തരും അവരുടെ കാലിൽ വീണ്ടും നിലകൊള്ളുവാൻ തുടങ്ങും. പക്ഷേ, ഇന്നിവിടെ ഇല്ലാത്ത നിരവധി പേർ ഇപ്പോഴും നമ്മുടെ സഹായത്തിനായി കാത്തിരിക്കുന്നു. നമ്മളിൽ ഓരോരുത്തരും ഹൃദയപൂർവ്വം പരിശ്രമിക്കുകയും, ഇത്തരം ആളുകളുടെ നേരെ ഒരു കരം നീട്ടി കൊടുക്കുകയും ചെയ്താൽ, നാം ലോകത്തിന് വലിയൊരു പ്രതീക്ഷ ആയിരിക്കും നൽകുവാൻ പോകുന്നത്.
നിങ്ങൾ നീട്ടുന്ന ഒരു കൈ സഹായം ഒരു ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാം" ജോൺസൺ സാമുവൽ, ലൈഫ് & ലിംബ് സ്ഥാപകൻ
“അടുത്ത തവണയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. തീരെ നിർധനരായ ആളുകളും, കാല് വെച്ച് നടക്കുവാൻ ആരോഗ്യമുള്ളവരുമായ അപേക്ഷകരെയാണ് പരിഗണിക്കുന്നത്. ഇത്തരത്തിലുള്ള ആവശ്യക്കാർക്ക്, www.lifeandlimbs.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഫോൺ നമ്പർ: 479 299 8836/ 8921168787”













ജോളി ജോൺ, ബാംഗ്ലൂർ.

