PRAVASI

ഹിറ്റടിച്ച് പാറ്റകൾ, ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ആർത്തുവിളിച്ച് ജന്തർ മന്ദർ; സമരവിജയം ജീവത്യാഗം ചെയ്ത കുട്ടികൾക്ക് സമർപ്പിച്ച് അഭിജീത് ദീപ്കെ!

Blog Image

ഡൽഹി: മുപ്പത്തിയഞ്ച് ദിവസത്തെ കനത്ത പോരാട്ടത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ രാജ്യതലസ്ഥാനത്തെ ജന്തർ മന്ദർ സമരവേദിയിൽ ചരിത്രപ്രസിദ്ധമായ ആഘോഷാരവങ്ങൾ. നീറ്റ് പരീക്ഷാ തട്ടിപ്പുകളെയും ക്രമക്കേടുകളെയും തുടർന്ന് ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ പേരുകൾ സമരനായകനും സിജെപി നേതാവുമായ അഭിജീത് ദീപ്കെ സമരവേദിയിൽ ഉറക്കെ വായിച്ചുകൊണ്ട് നൽകിയ ആദരാഞ്ജലികൾക്കൊപ്പം ആവേശഭരിതരായ ജെൻസി യുവത്വം വിജയം ഏറ്റെടുത്തു. ഈ സമരവിജയം തങ്ങളുടെ ജീവൻ വെടിയേണ്ടി വന്ന ഇളമുറക്കാരായ വിദ്യാർത്ഥികൾക്ക് സമർപ്പിക്കുന്നതായി അഭിജീത് പ്രഖ്യാപിച്ചു.

തുടക്കത്തിൽ ധർമേന്ദ്ര പ്രധാൻ രാജി വെക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. എന്നാൽ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച യുവജനങ്ങളും വിദ്യാർത്ഥി സംഘടനകളും രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കിയതോടെ നരേന്ദ്ര മോദി സർക്കാരിന് ഒടുവിൽ മുട്ടുമടക്കേണ്ടി വന്നു. വാങ് ചുക്കിന്റെ നിരാഹാര സമരത്തോടെയാണ് ജന്തർ മന്ദറിലെ സമരത്തിന് പുതിയ ജീവനും വലിയ മാധ്യമ ശ്രദ്ധയും ലഭിച്ചത്. നിരാഹാര സമരം ദേശീയതലത്തിൽ വലിയ ചർച്ചയായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പാറ്റകളുടെ സമരത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം രാജി ആവശ്യം ശക്തമാക്കിയതോടെ കേന്ദ്ര ഭരണകൂടം കടുത്ത പ്രതിരോധത്തിലായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിഷയം ശക്തമായി ഏറ്റെടുത്തതോടെ സ്ഥിതിഗതികൾ ഗുരുതരമായി. പ്രതിഷേധം ശക്തമാകുന്നതിനിടയിൽ ജനങ്ങളെ ശാന്തമാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രണ്ട് തവണ ഇൻസ്റ്റാഗ്രാം വഴി വിശദീകരണവുമായി രംഗത്തെത്തുകയുണ്ടായി. പരീക്ഷാ ചോർച്ച തടയാനായി പ്രത്യേക ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചും ധർമേന്ദ്ര പ്രധാൻ പ്രധാന്റെ രാജി ഒഴികെയുള്ള മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാമെന്നുമുള്ള അനുനയ നീക്കങ്ങൾ കേന്ദ്രം നടത്തിയെങ്കിലും, ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞതൊന്നുമില്ലെന്ന നിലപാടിൽ സിജെപി ഉറച്ചുനിൽക്കുകയായിരുന്നു.

ധർമേന്ദ്ര പ്രധാന്റെ രാജി അല്ലാതെ മറ്റൊരു ഒത്തുതീർപ്പിനുമില്ലെന്ന അന്ത്യശാസനത്തിന് മുന്നിൽ കേന്ദ്രം വഴങ്ങുകയായിരുന്നു. ജൂലൈ 25-ന് ഉച്ചയോടെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മന്ത്രി ധർമേന്ദ്ര പ്രധാന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനമുണ്ടായത്. ഡൽഹിയിൽ തുടരുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ യുവജന ശക്തിയുടെ സമാനതകളില്ലാത്ത വിജയമായി മാറിയിരിക്കുകയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.