ഓണക്കാലത്ത് ഫാമിലി/ഫ്രൻ്റ്സ് ആയി കണ്ടാനന്ദിക്കുവാൻ ഇത്രേം രസകരമായൊരു പടം തന്നതിന് തിരക്കഥാകൃത്തും സംവിധായകനുമായ ഗിരീഷ് എ.ഡിയ്ക്ക് നന്ദി. ഒരു പുതുമയുമില്ലാത്ത, പറഞ്ഞു നിൽക്കാൻ യാതൊരു മഹത്വവുമില്ലാത്ത, വെറും സാധാരണ ആശയങ്ങളിൽ നിന്നാണ് ‘തണ്ണീർമത്തൻ ദിനങ്ങളും’ ‘പ്രേമലു’വും പോലുള്ള ബ്രില്യൻ്റ് എൻ്റർടെയ്നുകൾ ഒരുക്കാൻ ഗിരീഷിന് സാധിച്ചതെങ്കിൽ അതേ “മാന്ത്രികം” #BKU-വിലും ആവർത്തിക്കുകയാണ്. ഈ ഗ്രാഫ് ബഹുദൂരം നിലനിർത്തുവാൻ സാധിക്കുകയാണെങ്കിൽ കണ്ണും പൂട്ടി പറയാം, ഗിരീഷ് എ.ഡി എന്ന ചാലക്കുടിക്കാരൻ ചങ്ങാതിയാണ് അടുത്ത പ്രിയദർശൻ എന്ന്! ഒപ്പം; സ്‌ക്രിപ്റ്റ് സെലക്ഷൻ നന്നായി ശ്രദ്ധിച്ചാൽ മികച്ചൊരു ഇന്നിങ്സ് തനിയ്ക്ക് മുന്നിലും നീണ്ടു കിടപ്പുണ്ടെന്ന് നിവിൻ പോളിയും മറക്കാതിരിക്കട്ടെ!
പ്രമേയപരമായി ഒരു പുതുമയും ഔന്നത്യവും ‘ബികെയു’വിന് അവകാശപ്പെടാനില്ല.
തൊട്ടു മുൻപടമായ ‘പ്രേമലു’വിൻ്റെ പോലും ഒരർഥത്തിലുള്ള ആവർത്തനമാണീ റോം-കോം ഫിലിം. നായകൻ, നായിക, വില്ലൻ, എല്ലാരുടെയും കൂട്ടുകാരും കുടുംബവും അവരുടെ സാധാരണ ലോകങ്ങളും, വൺവേ ആയി തുടങ്ങി ക്രമത്തിൽ സെറ്റാവുന്ന പ്രേമം, ഇടയിലെ പ്രശ്നങ്ങൾ, തമാശകൾ, കണ്ണീര്, അടിപിടി, ഒടുവിൽ സന്തോഷപൂർണമായ പര്യവസാനം - ഇതായിരുന്നു പ്രേമലു; ഇത് തന്നെയാണ് ബികെയു. എന്നിട്ടും പടം കേറി കൊളുത്തുന്നു. ബികെയുവിൻ്റെ ഓണം എതിരാളിയായി റിലീസ് ചെയ്യപ്പെട്ട ബിഗ് മൂവി ‘ഖലീഫ’യുടെ ഓപ്പണിങ് ക്രെഡിറ്റ്സിൻ്റെ ബാക് ഗ്രൗണ്ടിൽ വിമാനത്തിലെ പൈലറ്റിൻ്റെ ലാൻ്റിങ് അനൗൺസ്മെൻ്റാണ്; അത്ഭുതകരമായൊരു യാദൃച്ഛികത, ബികെയുവിൻ്റെ ഓപ്പണിങ്ങും സെയിം ആണെന്നതാണ്. ബികെയുവിന് സമാനമായി, പറഞ്ഞു പഴകിയ പ്രമേയം തന്നെയാണ് ‘ഖലീഫ’യുടേതും. പക്ഷേ ആ പടം ഉയർത്തിയ നെഗറ്റിവ് റെസ്പോൺസിൻ്റെ സ്ഥാനത്ത് ബികെയു ഓണം വിന്നറായി കുതികുതിക്കുന്നുവെങ്കിൽ അതിനൊരറ്റക്കാരണം ഒരു പേര്, അയാളുടെ കലാപ്രതിഭ, മാത്രമാണ്. അയാളെ, ഗിരീഷ് എ.ഡിയെ അടുത്ത പ്രിയദർശൻ എന്ന് പ്രവചിക്കുവാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല.
ഗിരീഷും കിരൺ ജോസിയും ചേർന്നെഴുതിയ തിരക്കഥ, ‘ഖലീഫ’ പോലുള്ള പടങ്ങളെഴുതുന്നവർ തൊട്ടു വന്ദിക്കണം. എംടിയുടെയോ പത്മരാജൻ്റേയോ ലോഹിതദാസിൻ്റെയോ പോലെ ഉൾക്കനമുള്ള സ്‌ക്രിപ്റ്റ് എന്നല്ല സൂചിപ്പിക്കുന്നത്. ആവർത്തിച്ചു പറയുകയാണ് - മഹത്വത്തിൻ്റെ പേരിലല്ല, മറിച്ച് അതിസാധാരണത്വത്തിൻ്റെ, നിസ്സാരതയുടെ, പലതവണ പലരും പറഞ്ഞ് മടുത്തതിൻ്റെ, ശൂന്യതയിൽ നിന്നാണ് അവർ ഇങ്ങനെയൊരു സ്‌ക്രിപ്റ്റ് തയാറാക്കിയതും അതിനെ മറ്റൊരു ബ്ലോക് ബസ്റ്ററാക്കി വളർത്തുന്നതും. അതിസ്വാഭാവികമായി ജനറേറ്റ് ചെയ്യപ്പെടുന്ന നർമവും പ്രേക്ഷകന് വളരെയെളുപ്പം റിലേറ്റ് ചെയ്യാവുന്ന നെയ്ബർഹുഡുകളും സൗഹൃദ സംഘങ്ങളും കുടുംബാന്തരീക്ഷങ്ങളും സമ്മിശ്രവികാരങ്ങളും ജീവിത കാലാവസ്ഥയുമാണ് ബികെയു അടക്കമുള്ള ഗിരീഷ് സിനിമകളുടെ നട്ടെല്ല്. ഏറ്റവും സമകാലികവും നവീനവുമായ യുവതലമുറയുടെ സെൻസിറ്റിയ്ക്കൊപ്പം നിൽക്കുന്ന ഹ്യൂമറിൻ്റെ മുഴക്കം ഉടനീളമുളവാകുമ്പോഴും എല്ലാതരം മനുഷ്യരുമുൾപ്പെടുന്ന സമൂഹത്തിൻ്റെ ജയാപജയങ്ങളുടെ ലോകം ഈ രചനയിൽ കാണാം. ജസ്റ്റിനും (നിവിൻ പോളി) നമിതയും (ആഷ്‌ലി) അവരുടെ കൂടെയുള്ള മനുഷ്യരും ഒരുപോലെ നമ്മുടെ ചുറ്റിലുമെവിടെയൊക്കെയോ കാണാറുള്ളവരാണ്. അതിലോരോ കഥാപാത്രങ്ങൾക്കും കൃത്യമായ വ്യക്തിത്വം തിരക്കഥ പ്രദാനം ചെയ്യുന്നു. നിവിൻ്റെ കൂടെയുള്ള ഡെമ്മി കാമുകൻ ജിക്‌സണും (റോഷൻ ഷാനവാസ്) മമിതയുടെ മുറച്ചെറുക്കൻ ദേവദത്തും വരെ ഓരോ കഥാപാത്രങ്ങൾക്കും പെട്ടെന്ന് രജിസ്റ്റർ ചെയ്യപ്പെടാനാവശ്യമായ കാരക്റ്റർ പൊട്ടെൻഷ്യൽ തിരക്കഥ നൽകുന്നുണ്ട്. അത് പോലെ, വിവിധ പ്ലോട്ട് പോയൻ്റുകൾക്കിടയിൽ ഭാവിയിൽ വരാവുന്ന വിടവുകൾ മുൻകൂട്ടി കണ്ട് കൃത്യമായി അടക്കുന്ന ലിങ്കുകളും ന്യായങ്ങളും സമയാസമം ചേർക്കുന്നതിൽ രചയിതാക്കൾ പുലർത്തുന്ന ശ്രദ്ധ, പാതിവെന്തതോ അലസമോ ആയ തിരക്കഥകൾക്ക് വന്ന് ഭവിക്കുന്ന പരാജയം എങ്ങനെ ഒഴിവാക്കാമെന്നതിൻ്റെ മികച്ച ദൃഷ്ടാന്തമാണ്. കഥയിലെ ഒരു സന്ദർഭവും സംഭാഷണവും പ്രേക്ഷകനെ നോക്കി പല്ലിളിക്കാത്ത വിധം ഭദ്രമാണ് ബികെയുവിൻ്റെ റൈറ്റിങ്. രണ്ടാം പകുതിയിൽ ഇടയ്ക്കൊന്ന് കൈവിടുന്നതായി ആശങ്കയുയർത്തിയെങ്കിലും വൈകാതെ തന്നെ മൊമെൻ്റം വീണ്ടെടുക്കുവാൻ രചയിതാക്കൾക്കും സംവിധായകനും സാധിക്കുന്നു. കൗണ്ടറുകളും സിറ്റ്വേഷനുകളും ഭംഗിയായി പ്രയോജനപ്പെടുത്തി മുഴുനീളെ തമാശ നിലനിർത്താൻ ഗിരീഷിന് കഴിയുന്നു. ക്ലൈമാക്‌സിലെ സീരിയസ് സിറ്റ്വേഷനിൽപ്പോലും കോമഡി വർക്കാകുന്നുണ്ട്. ‘തുടരും’, ‘ചന്ദ്രലേഖ’, ‘വിക്രം’ തുടങ്ങി ‘അലൻ ജോസ് പെരേര’ വരെയുള്ള റഫറൻസുകളിൽ ഒന്ന് പോലും ഫോഴ്‌സ്ഡല്ല; അതിനാൽത്തന്നെ രസിപ്പിക്കുന്നുമുണ്ട്. മലയാള വാണിജ്യ സിനിമയിൽ ഇന്നോളം കണ്ട ഏറ്റവും മികച്ച പ്രൊപ്പോസൽ/ആക്സെപ്റ്റൻസ് രംഗങ്ങളിലൊന്നാണ് ബികെയുവിലെ കാർ സീൻ. പഴയ മോഹൻലാലിനെ അനുസ്മരിപ്പിക്കുന്ന സുന്ദരമായ ഭാവാവിഷ്‌കാരമാണ് പ്രസ്തുത രംഗത്തിൽ നിവിൻ പ്രകടിപ്പിച്ചത്. മൊത്തത്തിൽ മികച്ച പ്രകടനമാണ് നിവിനും മമിതയും സുരേഷ് കൃഷ്ണയും വിനയ് ഫോർട്ടും സംഗീത് പ്രതാപും കാഴ്ചവെച്ചത്. അനായാസ സുന്ദരമായ അഭിനയ ശൈലിയും സ്വതസിദ്ധമായ കോമഡി ടൈമിങ്ങും യുവത്വത്തിൻ്റെ പ്രസരിപ്പും ഊർജവും മുഖേനെ നിവിൻ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. പ്രതീക്ഷകളെ കടത്തി വെട്ടുന്ന മികവാണ് മമിത ഇമോഷനൽ സീനുകളിൽ പുറത്തെടുത്തത്. ‘അമൽ ഡേവിസി’ൻ്റെ മടുപ്പിക്കുന്ന ആവർത്തനമായിരുന്നു പിന്നീടിങ്ങോട്ടുള്ള പടങ്ങളിലെല്ലാം സംഗീതിൻ്റേതെങ്കിൽ വീണ്ടും ഗിരീഷിൻ്റെ കയ്യിൽ കിട്ടിയതോടെ ആള് ‘ചാർജായി’! സ്ലാങ്ങിൻ്റെയും ഡയലോഗ് ഡെലിവെറിയുടെയും കാര്യത്തിൽ ഇനിയെങ്കിലും സംഗീത് ശ്രദ്ധിച്ചേ മതിയാകൂ. ട്രെൻ്റിനെ തകർക്കുന്ന കുതിപ്പാണ് സുരേഷ് കൃഷ്ണ ബികെയുവിൽ നടത്തുന്നത്. തൻ്റെയും ഷമീർ ഖാൻ്റെയും കൗണ്ടറുകൾ തിയേറ്ററിൽ അമിട്ടുകൾ പൊട്ടിക്കുമ്പോഴും സുരേഷിൻ്റെ കഥാപാത്രം ഒന്നുമറിയാത്ത മട്ടിൽ സിറ്റ് ബാക്ക് ചെയ്യുന്നത് കാണാം. കാരക്റ്റർ-കോമഡി റോളുകളിൽ സുരേഷ് കൃഷ്ണയുടെ അഴിഞ്ഞാട്ടം നടക്കാനിടയുണ്ട് ബികെയുവിന് ശേഷം വരാനുള്ള സിനിമകളിൽ.
ലാസ്റ്റ് വേഡ്: രസികൻ പടം. തിയേറ്ററിൽ പ്രിയപ്പെട്ടവരോടൊപ്പമിരുന്ന് ഇഷ്ടം പോലെ ചിരിക്കാം, രസിക്കാം, ആസ്വദിക്കാം

