ഓണമിങ്ങെത്തി. ഒക്കെ തൂത്തുതുടച്ച് ഒന്നടുക്കിപ്പെറുക്കി വെക്കണം. അമ്മച്ചി പനിച്ച് ആശുപത്രിയിലായതുകൊണ്ട് കുറച്ചു ദിവസമായി പറമ്പിലേക്കൊന്നും ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. അതോടെ മുഴുവൻ പറമ്പും കള കയറി ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.
ആരെക്കൊണ്ട് ചെയ്യിക്കാൻ നോക്കിയാലും ഒരു മനുഷ്യരെ നേരത്തിന് കിട്ടില്ല. ഓണം കഴിഞ്ഞാലും ആരും വരില്ല.
കപ്പയോ ചേമ്പോ കാച്ചിലോ നട്ടും വിളവെടുത്തും, പിന്നെ മണ്ണ് കൂനകൂട്ടിയും പറമ്പിൽ പുല്ല് കയറാതെ നോക്കിയിരുന്ന ഒരു കാലം സലോമി ഓർത്തെടുക്കാൻ ശ്രമിച്ചു.
കുട്ടിക്കാലത്ത്, മുതിർന്നവരിലും വലുതായി പൊങ്ങിനിൽക്കുന്ന മരച്ചീനികൾക്കിടയിലൂടെ ഓടിക്കളിച്ചും, മരച്ചീനിത്തണ്ട് കൊണ്ട് മാലയുണ്ടാക്കി കളിക്കല്യാണം കഴിച്ചും, കഞ്ഞിയും കറിയും വെച്ച് പങ്കിട്ടുമൊക്കെ കഴിഞ്ഞ ബാല്യകാലസ്മരണകൾ സലോമിയുടെ കണ്ണിലും ചുണ്ടിലും ചിരി വിടർത്തി.
പക്ഷേ, കരിയില കത്തിക്കാൻ പറമ്പിലേക്കിറങ്ങാനൊരു മടിയാണ്.
വല്ല പാമ്പിനേയോ ചേരയേയോ ചവിട്ടിയാൽ അടുത്ത പണി.
മീൻ വാങ്ങാൻ പോയ ഇച്ചായൻ എവിടെപ്പോയി കിടക്കുന്നു? രാവിലെ ഇറങ്ങിപ്പോയതാണ്.
പറമ്പ് വൃത്തിയാക്കാൻ വരാമെന്ന് പറഞ്ഞ
കുട്ടൻ ചേട്ടനാകട്ടെ, ഓരോ ദിവസവും
ഓരോ കാരണങ്ങൾ പറഞ്ഞ് വെറുതെ വീട്ടിൽ കുത്തിയിരിക്കുകയാണ്.
“എന്റെ ചേച്ചീ, ഞാൻ തൊഴിലുറപ്പിന് പോയിക്കിട്ടുന്ന പൈസ കൊണ്ടോ മൈക്രോ ഫിനാൻസിൽനിന്ന് ലോൺ എടുത്തോ ആണ് കഞ്ഞി വെക്കുന്നത്…”
അയാളെ കാണാഞ്ഞ് വിളിച്ചപ്പോൾ അയാളുടെ ഭാര്യ സങ്കടത്തോടെ പറഞ്ഞത് സലോമിയുടെ ഓർമ്മയിലെത്തി.
‘ചേച്ചി’യെന്ന് വിളിച്ചത് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ലെങ്കിലും അവരെക്കുറിച്ച് ഓർത്തപ്പോൾ സങ്കടം തോന്നി.
ഇങ്ങനെയുള്ള കെട്ടിയോന്മാരെക്കൊണ്ട് എത്ര സ്ത്രീകളാണ് കഷ്ടപ്പെടുന്നത്! പോരാത്തതിന് ചിലർ കുടിച്ചുവന്ന് അടിയും തൊഴിയും. ചിലരാകട്ടെ ഒന്നിനുമാവാതെ, സമൂഹത്തിന്റെയും വീട്ടുകാരുടെയും കുറ്റപ്പെടുത്തലോർത്ത് എന്ത് അപമാനവും സഹിച്ച് പിടിച്ചുനിൽക്കും. അതിനിടയിൽ എപ്പോഴാണ് ഒരാൾ തളർന്നുപോകുന്നതെന്ന് ആർക്കറിയാം.
അങ്ങേരെ വീട്ടിൽ പോയി പൊക്കിക്കൊണ്ടുവരേണ്ടത് നമ്മുടെ ആവശ്യമല്ലേ? അതിനൊക്കെ ആർക്കാണ് നേരം? പിള്ളേര് കളി ഇതുവരെ കഴിഞ്ഞിട്ടില്ല.
സലോമി ഉള്ളിലുള്ളത് പുറത്തേക്കിട്ടപ്പോഴാണ് സോളമൻ അകത്തേക്ക് കയറിവന്നത്.
“സലോമി കൊച്ചേ, ഇത്തിരി വെള്ളം ഇങ്ങെടുത്തോ.”
“ആഹാ, വന്നോ? എവിടെയായിരുന്നു? എപ്പോ പോയതാണ്?”
വെള്ളമെടുത്ത് സലോമി സോളമന്റെ അരികിലെത്തി.
“എന്താ ഇത്രയും താമസിച്ചത്? രാവിലെ മീൻ മേടിക്കാൻ പോയിട്ട് മീൻ കിട്ടിയില്ലേ? വടക്കേലേ സുലോചനയുടെ കെട്ടിയോൻ മീൻ വാങ്ങി വന്നത് കറിവെച്ച് ഊണും കഴിഞ്ഞു. കുടുംബശ്രീയ്ക്ക് പോകാൻ ഇപ്പോ വേലിക്കൽ വന്ന് വിളി തുടങ്ങും…”
നിർത്താതെയുള്ള മണികിലുക്കം പോലെ സലോമി വാക്കുകൾ വാരിവലിച്ചെറിഞ്ഞു.
സോളമന് തല പെരുത്തുതുടങ്ങി.
*എന്റെ ഈശോയെ, ഇന്നിത് എങ്ങനെ തീർക്കുമെന്ന് ഒരെത്തും പിടിയുമില്ലല്ലോ…*
സോളമൻ ഒരു പിടിവള്ളിക്കായി മുട്ടിപ്പായി പ്രാർത്ഥിച്ചു.
“അതുപിന്നെ, ഞാൻ അങ്ങോട്ട് പോകുന്ന വഴി തോമാച്ചായനെ കണ്ടു.”
അതുകേട്ടപ്പോൾ സലോമി ഒന്നയഞ്ഞു.
സലോമിയുടെ അപ്പച്ചന്റെ പെങ്ങടെ നാത്തൂന്റെ ആങ്ങളയാണല്ലോ ഈ തോമാച്ചായൻ. അതുകൊണ്ടുതന്നെയാണ് തോമാച്ചായന്റെ വീട്ടിൽ പോയത് പറയാമെന്ന് കരുതിയത്.
അതേറ്റു.
അച്ചായനെ കണ്ടതും അവിടെ പോയതും അതിലും വേഗത്തിൽ തിരിച്ചുപോന്നതും ഇവിടെ മുഴുവനായി പറയേണ്ട കാര്യമില്ലല്ലോ.
“മീൻ വാങ്ങാൻ പോയി വരുന്ന വഴിയായിരുന്നു. മീൻ മോശമായതുകൊണ്ട് അച്ചായൻ വാങ്ങാതെ പോന്നു. അപ്പോഴാണ് എന്നെ കണ്ടത്. എങ്കിൽ പിന്നെ മേരിയമ്മയെ കൂടി കണ്ടിട്ട് പോടാ എന്ന് ഒരു പറച്ചിൽ. പിന്നെ വരാം, സലോമി മീനും നോക്കിയിരിപ്പാണെന്ന് പറഞ്ഞിട്ടും അച്ചായനുണ്ടോ കേൾക്കുന്നു! ഒറ്റ വാശിയല്ലേ! അല്ലെങ്കിലും നിങ്ങള് കുടുംബക്കാര് മുഴുവൻ ഏതാണ്ട് അങ്ങനെ തന്നെയാണ്.”
സലോമി ഒന്ന് ശരിക്കിരുന്നു.
വെള്ളത്തിൽ നീന്തിയ പട്ടി കരയ്ക്ക് കയറി ദേഹം കുടയുന്നതുപോലെ, സലോമി അക്ഷരങ്ങളെ വായിലേക്ക് തിരുകിവെച്ച് പുറത്തേക്കിടാൻ തയ്യാറെടുത്തു.
“അതേ, ഞങ്ങളുടെ കുടുംബക്കാർക്ക് വാശിയുണ്ട്. നാട്ടുകാരുടെ മുന്നിൽ നല്ല രീതിയിൽ ജീവിക്കണമെന്ന വാശി. പക്ഷേ ആ വാശികൊണ്ടൊന്നും ഇവിടെ യാതൊരു പ്രയോജനവുമില്ലല്ലോ? ജീവിതം അങ്ങനെയങ്ങ് പോട്ടെ. എന്തുസംഭവിച്ചാലും എന്താണ്? അതല്ലേ റൂട്ട്…”
വായിക്കൊള്ളാത്ത വാക്കുകൾ കൊണ്ട് ശ്വാസംമുട്ടുന്ന സലോമിയെ നോക്കിയപ്പോൾ സോളമന് ചിരിവന്നു.
സലോമിയുടെ മുഖമോർത്തപ്പോൾ ആ ചിരിയെ പിടിച്ചമർത്താൻ നോക്കിയെങ്കിലും, അറിയാതെ അത് മുഖത്ത് തെളിഞ്ഞുപോയി.
അതോടെ സലോമി ഉറഞ്ഞുതുള്ളിത്തുടങ്ങി.
“അതല്ലേലും നിങ്ങൾക്ക് ചിരിയാണ്. എല്ലാം ഒരു തമാശ. ജീവിതം വെറും കുട്ടിക്കളി. പിള്ളേരെ കുടുംബത്ത് നിർത്തിയത് കൊണ്ട് അവര് രക്ഷപെട്ടു. അപ്പച്ചനും അമ്മച്ചിയും മരിച്ചുപോകുമ്പോഴേക്കും പിള്ളേർ വലുതായി അവരുടെ വഴി നോക്കി പോകും. അപ്പോഴും ഞാനീ നരകത്തിൽ കിടന്നു പണിയെടുത്തു ചാവുമല്ലോ, കർത്താവേ…”
സലോമിയുടെ ശബ്ദം തന്റെ ചെവി തുളച്ച് ചോരയൊഴുക്കുന്നതായി സോളമന് തോന്നി.
അയാൾ വിരൽ ചെവിയിൽ ഇട്ടുനോക്കി.
സോളമന്റെ ചലനങ്ങൾ ശ്രദ്ധിച്ചിരുന്ന സലോമി വീണ്ടും തുടങ്ങി.
“അതേ, ഇപ്പൊ എന്റെ ശബ്ദം പോലും നിങ്ങൾക്ക് സഹിക്കാൻ വയ്യാതായി. എന്നെപ്പോലെ ഏതെങ്കിലും സ്ത്രീകൾ സഹിക്കുമോ? ഒരു ഉത്തരവാദിത്വവുമില്ല. വീടിനെക്കുറിച്ചോ പിള്ളേരുടെ ഭാവിയെക്കുറിച്ചോ ഒരു ചിന്തയുമില്ല.”
അത് പറയുമ്പോഴും കേൾക്കാതിരിക്കാൻ സോളമൻ ചെവിയിൽ വിരൽ കുത്തിക്കയറ്റുന്നത് കണ്ടു.
*കർത്താവേ, ഇവളോട് ഇനിയെങ്ങനെ പറഞ്ഞുമനസ്സിലാക്കും…*
സോളമൻ നിശ്ശബ്ദമായി പ്രാർത്ഥിച്ചു.
“സലോമി… സലോമി…”
അപ്പോഴാണ് വെളിപാടുപോലെ വേലിക്കലിൽനിന്നൊരു വിളി കേട്ടത്.
സലോമി മുഖം തുടച്ച് എത്തിനോക്കി.
“ഹാ, സുലോചന വന്നോ?”
“ദാ, വരുന്നു.”
“ദേ, ഞാൻ കുടുംബശ്രീക്ക് പോകുന്നു. രണ്ട് മൂന്ന് ആഴ്ചയായി പോയിട്ട്. കഞ്ഞി വെച്ച് ഊറ്റിവെച്ചിട്ടുണ്ട്. തൈരും ചമ്മന്തിയും മേശപ്പുറത്തുണ്ട്. ഒരു കണ്ണിമാങ്ങാ അച്ചാർ ഒരു കഷ്ണം എടുത്ത്, നല്ല മൊരിഞ്ഞ മത്തി വറുത്തതാണെന്ന് ഓർത്ത് കടിച്ചുതിന്നോ.”
സലോമി ഇത്തിരി പരിഹാസത്തോടെ പറഞ്ഞിട്ട് അകത്തേക്ക് പോയി. ശരവേഗത്തിൽ തിരിച്ചിറങ്ങി.
മുറ്റത്തേക്ക് ഇറങ്ങുംനേരം തിരിഞ്ഞുനിന്ന് പറഞ്ഞു:
“പിന്നെ, കിടക്കുന്നുണ്ടേൽ വാതിൽ കുറ്റിയിട്ടേക്കണം. ആ കള്ളി പൂച്ച തക്കംനോക്കി നടക്കുന്നുണ്ട്. അല്ലെങ്കിലും പൂച്ച ഒന്നും കയറാൻ പോകുന്നില്ല. ഈ വീട്ടിൽ ഇത്തിരി മീന്റെ മണമുണ്ടായിട്ട് ദിവസമെത്രയായി…”
സലോമി വല്ലാത്ത നിരാശയോടെ പറഞ്ഞു.
മുന്നോട്ടു നടന്നിട്ട് എന്തോ ഓർത്തതുപോലെ പിന്നെയും അകത്തേക്ക് വന്നു.
ഇനിയിപ്പോൾ ഈ വരവ് എന്തോ കാര്യത്തിനാണെന്ന് ആധി കയറി സോളമൻ സലോമിയെ നോക്കി.
“അതുപോലെ തന്നെ ആ പണിക്കാരനെ വിളിച്ച് നാളെ വന്ന് പുല്ല് ചെത്താൻ പറയണം. അല്ലെങ്കിൽ ഇനി നമ്മുടെ കൂടെ കുറച്ച് പേര് കൂടി ജീവിക്കും.”
സോളമൻ സംശയത്തോടെ നോക്കി.
*ഇനി ഇവളെങ്ങാനും ഇവളുടെ വീട്ടുകാരെ വിളിച്ചു വരുത്താനുള്ള പ്ലാനാണോ?*
സോളമന്റെ മനസ്സ് വായിച്ചതുപോലെ സലോമി പറഞ്ഞു:
“തുറിച്ചു നോക്കണ്ട. ഞാൻ എന്റെ ബന്ധുക്കളെ ആരെയും വിളിച്ച് വരുത്തുന്നതല്ല. നല്ല ഉശിരൻ പാമ്പുകൾ പറമ്പിലുണ്ട്. ആരും വിളിക്കേണ്ട; അവർക്ക് തോന്നുമ്പോൾ കയറി വന്നോളും. അല്ലെങ്കിൽ പിന്നെ വരട്ടെ അവരും ഭൂമിയുടെ അവകാശികളല്ലേ? അതിനെക്കാൾ കൊടിയ വിഷമുള്ള മനുഷ്യർ ഈ ലോകത്തിലുണ്ടല്ലോ?”
സോളമൻ ഒന്നും മിണ്ടാതെ തലയാട്ടി.
*ഇവളുടെ ഭരണം ഒരുപൊടിക്ക് കൂടുന്നുണ്ട്. പക്ഷേ ഇപ്പോ പ്രതികരിച്ചാൽ ഇവൾ ഇപ്പോത്തന്നെ പണിക്കാരനെ വിളിക്കും. ഞാനിന്ന് വിളിച്ചിട്ടില്ലെന്ന് അയാളെങ്ങാനും പറഞ്ഞാൽ ഇന്നിനി സ്വസ്ഥത കിട്ടില്ല. അതുകൊണ്ട് ഒന്നടങ്ങുന്നതാണ് ബുദ്ധി.*
സോളമന്റെ ചിന്ത ആ വഴിയിൽനിന്ന് തിരിച്ചെത്തുമ്പോഴേക്കും സലോമി വീണ്ടും കത്തിത്തുടങ്ങിയിരുന്നു.
“ഇല്ലെങ്കിൽ ‘മാളിയേക്കൽ പറമ്പ്’ എന്ന പേര് മാറ്റി ‘പാമ്പ് മേയും പറമ്പ്’ എന്ന് ഇടേണ്ടിവരും.”
“വാ, സുലോചനേ…”
രണ്ടാളും കൂടി വഴിയിലേക്ക് നീങ്ങി.
സോളമൻ കതക് കുറ്റിയിട്ട് ടിവി ഓൺ ചെയ്തു.
റിപ്പോർട്ടർ ചാനലിലാണ്.
കൊല്ലത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിനെ പാമ്പ് കടിച്ചെന്ന തത്സമയ വാർത്ത. സഹോദരനൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണത്രേ പാമ്പുകടിയേറ്റത്.
അപ്പോഴാണ് പണിക്കാരനെ വിളിക്കണമെന്ന് ഓർത്തത്.
അല്ലെങ്കിൽ ഇനി പറമ്പിലേക്ക് പോകാൻ പറ്റില്ല.
*ഇപ്പോൾ പാമ്പിന് നേരവും കാലവുമൊന്നുമില്ല. ഒക്കെ പൊറുതി വീട്ടിനകത്താണല്ലോ.*
സോളമൻ ഫോണെടുത്ത് പണിക്കാരന്റെ നമ്പരിലേക്ക് വിളിച്ചു.
---
മോളിയുടെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ സുലോചന സലോമിയോട് ചോദിച്ചു:
“ഇന്നും കാശ് പോയോ?”
സലോമി ഒന്നുനിന്ന് കയ്യിലിരുന്ന പൈസ എണ്ണിത്തിട്ടപ്പെടുത്തി.
“ഇല്ല. ഉണ്ടല്ലോ.”
“അതല്ല. പകിട കളിച്ചിട്ട് ഇന്നലെ കാശ് പോയെന്ന് ചേട്ടൻ പറഞ്ഞു. എന്റെ ചേട്ടൻ റബർ ഷീറ്റ് അടിച്ച് വന്ന് മീൻ വാങ്ങാൻ പോയപ്പോൾ ഇന്നും അവിടെ ഇരിപ്പുണ്ടെന്ന് പറഞ്ഞു.”
“ആര്?”
സലോമി സംശയത്തോടെ സുലോചനയെ നോക്കി.
“അതോ, സലോമിയുടെ ഇച്ചായൻ.”
സലോമിയുടെ മുഖം പതിയെ മാറി.
“ആ പണിക്ക് പോകാത്ത കൂട്ടങ്ങളുടെ ഇപ്പോ സ്ഥിരം ആ ക്ലബിലുണ്ടെന്ന് ചേട്ടൻ എപ്പോഴോ പറഞ്ഞതുപോലെ…”
അത്രയും പറഞ്ഞപ്പോൾ സുലോചനയ്ക്ക് ഒരു ആശ്വാസം തോന്നി.
സലോമി പതിയെ ഒരു അഗ്നിപർവതമായി മാറിത്തുടങ്ങി.
പിന്നെയെല്ലാം യാന്ത്രികമായിരുന്നു.
കുടുംബശ്രീ കൂടിയതും, പെണ്ണുങ്ങൾ സംസാരിച്ചതും, ഓണക്കോടിയും, ഓണാഘോഷവും ഒന്നും അവളുടെ തലയിൽ കയറിയില്ല.
ക്ലബും പകിടകളിയും സോളമനും കുറേ ദിവസങ്ങളായി എടുക്കാതെ വെച്ചിരിക്കുന്ന ഉണങ്ങി വരണ്ട മീൻചട്ടിയും മാത്രം സലോമിയുടെ മനസ്സിൽ.
ഇതൊന്നുമറിയാതെ, മനസ്സ് വേദനിപ്പിക്കുന്ന വാർത്തകളെല്ലാം മാറ്റിവെച്ച്, യൂട്യൂബിൽ *അക്കരെയക്കരെ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു സോളമൻ.

ആർച്ച ആശ

