ഒരു പൊടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ആയിപ്പോയാൽ തവിടുപൊടി ആയിപ്പോകുന്ന സിനിമകളാണ് ഗിരീഷ് എ ഡി സിനിമകൾ. അങ്ങനെയൊരു നൂൽപ്പാലം കെട്ടി, അതിലൂടെ താഴെവീഴാതെ നമ്മളെ നടത്തിക്കുന്നു ബത്‌ലഹേം കുടുംബ യൂണിറ്റും.
അത്രയും നനുത്ത, നേർത്ത, നേർപ്പിച്ച സിനിമ. ഇതിനേക്കാൾ ഭാരം കുറഞ്ഞ സിനിമ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. വന്നു വീഴാത്ത, തൊട്ടു തലോടി പോകുന്ന സിനിമ.
കല്ലേറുകളില്ല, കലാപങ്ങളില്ല, കത്തിക്കുത്തുകൾ ഇല്ല, മനുഷ്യന് മനസ്സിലാകാത്ത ഭാഷയിൽ ആളുകൾ ചിന്തിക്കുന്നില്ല, സംസാരിക്കുന്നില്ല, തലയ്ക്കു പിടിക്കാത്ത ബൗദ്ധിക താത്വിക വാചാടോപങ്ങളോ സെമിനാറുകളോ ഇല്ല; നമ്മളെ കുറച്ചുകൂടി ലളിതമാക്കുന്ന, തരളിതമാക്കുന്ന കുറച്ചു മനുഷ്യരും അവരുടെ ജീവിതവും മാത്രം.
വായിച്ചു ചിരിക്കത്തില്ലെങ്കിൽ ഒരു കാര്യം പറയാം, ബത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടുകൊണ്ടിരുന്നപ്പോൾ, എവിടയൊക്കെയോ കണ്ണ് നനയുകയും, തീയറ്ററിന്റെ ഇരുട്ടിൽ ആണല്ലോ ഭാര്യയും പിള്ളേരും കാണത്തില്ലല്ലോ എന്നുകരുതി, എന്നിലെ തന്തവൈബ് സമാധാനപ്പെടുകയും ചെയ്തു.
നാൽപ്പതുകൾ താണ്ടി കൊണ്ടിരിക്കുന്ന ഒരു ഫേസ്ബുക്ക് അമ്മാവനെ പോലും തരളിതമാക്കുന്ന എന്തൊക്കെയോ അതിലുണ്ട്. കാലത്തിനും പ്രായത്തിനും അതിന്റെ സകല ജാഡകൾക്കും അപ്പുറത്ത് ഒളിപ്പിച്ചു വച്ച ഏതൊക്കെയോ ഇടങ്ങളെ സിനിമ സിമ്പിളായി വന്നു തൊടുന്നുണ്ട്.
തൊട്ടാൽ പെയ്തു പോകുന്ന ഏതൊക്കെയോ അജ്ഞാത പ്രദേശങ്ങളെ നിവിൻ പോളിയും മമിത ബൈജുവും ചേർന്ന് കൈയോടെ പൊക്കുകയും, നനച്ചു നാണംകെടുത്തി കളയുകയും ചെയ്യുന്നു.
മുതിർന്നു കഴിഞ്ഞു, അനങ്ങാപ്പാറകൾ ആയിക്കഴിഞ്ഞു, ഇതിനൊന്നും സ്പർശിക്കാനാവാത്ത ഏതൊക്കെയോ ശൈലങ്ങളിൽ അമർന്നു കഴിഞ്ഞു എന്നു കരുതിയ കരിമ്പാറകളെ അവർ തോട്ടയില്ലാതെ പൊട്ടിക്കുന്നു.
ഇനി പറയാൻ പോകുന്നത് കേട്ട് നിങ്ങൾ ഉറപ്പായും ചിരിക്കരുത്, ഒന്ന് പ്രേമിച്ചാൽ കൊള്ളാമെന്നു കുത്സിതപ്പെടുന്ന അവസ്ഥയിലേക്കു നമ്മൾ എത്തിപ്പെട്ടു പോകുന്ന സിനിമ.
അതുകൊണ്ട് ലോലഹൃദയർ ഈ സിനിമ കാണരുത്.
പിന്നെ അറിഞ്ഞില്ലാ, പറഞ്ഞില്ലാ, എന്നു പറയരുത്.
ഷിബു ഗോപാലകൃഷ്ണൻ

