PRAVASI

ഫൊക്കാന കണ്‍വെന്‍ഷന്‍, ഗിന്നസ് റെക്കോര്‍ഡുകള്‍ക്കിടയില്‍ ഒരു 'ബാലാമണി' വിശേഷം

Blog Image

പെന്‍സില്‍വാനിയ: രണ്ട് ഗിന്നസ് നേട്ടങ്ങള്‍ സ്വന്തമാക്കി ചരിത്രമെഴുതിക്കൊണ്ടാണ് ഫൊക്കാന 2026 അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഇത്തവണ ശ്രദ്ധേയമായത്. പ്രവാസി മലയാളി കൂട്ടായ്മയുടെ മധുരവസന്തം തീര്‍ത്തുകൊണ്ട് ഓഗസ്റ്റ് 6 മുതല്‍ 8 വരെ പെന്‍സില്‍വാനിയയിലെ കല്‍ഹാരി റിസോര്‍ട്ടില്‍ നടന്ന കണ്‍വെന്‍ഷനില്‍ ആയിരത്തിലേറെ നര്‍ത്തകര്‍ ഒരേ വേദിയില്‍ അണിനിരന്ന മോഹിനിയാട്ടവും അഞ്ഞൂറിലേറെ കലാകാരന്മാര്‍ പങ്കെടുത്ത ചെണ്ടമേളവുമാണ് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയത്. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയ് ചാക്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ മഹാസംരംഭത്തിന്റെ ഒരുക്കങ്ങള്‍. കലാസാംസ്‌കാരിക രംഗത്തു നിന്നുള്ള വിവിധ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ അതിഥികളായെത്തി.

ഫൊക്കാന കണ്‍വെന്‍ഷന്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ അതിനിടയിലൂടെ വേറൊരു ചെറിയ 'ചരിത്രം' കൂടി സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടം പിടിച്ചു. മലയാള സിനിമാ താരം നവ്യാ നായരുടെ ഫൊക്കാന സന്ദര്‍ശനമായിരുന്നു അത്. നവ്യ നായരുടെ നൃത്തപരിപാടിയോടെയായിരുന്നു കണ്‍വെന്‍ഷന്റെ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തുടക്കമായത്. നടിയെന്നതിലുപരി മികച്ച ശാസ്ത്രീയ നര്‍ത്തകി എന്ന നിലയിലും അറിയപ്പെടുന്ന നവ്യയുടെ സാന്നിധ്യം പരിപാടിക്ക് കൂടുതല്‍ പ്രൗഢി നല്‍കുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. പ്രൗഢി കിട്ടിയോ എന്നതിന്‌റെ ഉത്തരം അവിടെ നില്‍ക്കട്ടെ, 'നവ്യാ നായര്‍ എങ്ങനെ വന്നു, എവിടെ താമസിച്ചു, എങ്ങനെ പെരുമാറി' എന്നതൊക്കെയായിരുന്നു പിന്നീട് ചില പ്രവാസി മലയാളികളുടെ പ്രധാന ചര്‍ച്ച.

പരിപാടിയിലെ നൃത്താവതരണത്തിന് നവ്യ പ്രതിഫലമായി കൈപ്പറ്റിയത് 10 ലക്ഷം രൂപ, ബിസിനസ് ക്ലാസ് വിമാനടിക്കറ്റിന് മാത്രം ഏകദേശം 7,000 ഡോളര്‍, താമസവും മറ്റ് ചെലവുകളും ഉള്‍പ്പെടെ നവ്യയ്ക്കായി സംഘാടകര്‍ ചെലവഴിച്ചത് ഏകദേശം 20 ലക്ഷത്തോളം രൂപ, എന്നൊക്കെയാണ് ചര്‍ച്ച ചെയ്യപ്പെടുന്ന കണക്കുകള്‍. ഇതിനിടയില്‍ ഒരു കാര്യം പ്രത്യേകം പറയട്ടെ, ഒരു കലാകാരിയുടെ പ്രതിഫലം അവരുടെ പ്രൊഫഷണല്‍ കരാറിന്റെ ഭാഗമാണ്. അതിനാല്‍ പ്രതിഫലം വാങ്ങിയെന്നത് ഒരു കുറ്റമല്ല. പക്ഷേ പ്രശ്‌നം, പണം കൊടുത്ത പരിപാടിയില്‍ അതിഥിയില്‍ നിന്ന് സംഘാടകരും കാണികളും എന്താണ് പ്രതീക്ഷിച്ചത് എന്നതിലാണ്.

ചര്‍ച്ചയായ മറ്റൊരു കാര്യം നവ്യയുടെ താമസവുമായി ബന്ധപ്പെട്ടതാണ്. ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, നവ്യ ന്യൂയോര്‍ക്കില്‍ മാത്രമേ താമസിക്കൂ എന്ന നിലപാട് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നുവെന്നാണ് പറയുന്നത്. ഫൊക്കാനയുടെ പ്രധാന വേദിയായ കല്‍ഹാരി റിസോര്‍ട്ടില്‍ ആയിരക്കണക്കിന് മലയാളികള്‍ ഒത്തുകൂടിയപ്പോള്‍, അതിഥി താമസിച്ചിരുന്ന മുറിയും പരിപാടിയുടെ വേദിയും തമ്മിലുള്ള അകലം മാത്രമല്ല, അതിഥിയും അതിഥേയരും തമ്മിലുള്ള അകലവും ചിലരൊക്കെ പ്രത്യേകം നോട്ട് ചെയ്തു. നവ്യ ഫൊക്കാന ഭാരവാഹികളോടും അംഗങ്ങളോടും കൂടുതല്‍ ഇടപഴകാതിരുന്നതും ഫോട്ടോ എടുക്കുന്നതിനോ സംസാരിക്കുന്നതിനോ പുറത്തു നടക്കുന്നതിനോ താല്‍പര്യം കാണിക്കാതിരുന്നതും പലര്‍ക്കും നിരാശയുണ്ടാക്കിയതായും പറയപ്പെടുന്നു. കണ്‍വെന്‍ഷനിലെത്തിയ മറ്റ് അതിഥികള്‍ ഫൊക്കാന പ്രവര്‍ത്തകര്‍ക്കൊപ്പം വളരെ സജീവമായി ഇടപെട്ട സാഹചര്യത്തിലാണ് നവ്യയുടെ താല്‍പര്യമില്ലായ്മ ചര്‍ച്ചയായത്.

ഇതിലും രസകരമായിരുന്നു മറ്റൊരു ചര്‍ച്ച. ഭക്ഷണത്തിന്റെ 'ക്ലാസിക്കല്‍' വേര്‍ഷനായിരുന്നു അത്. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് 'ബാങ്ക്വറ്റ് രീതിയില്‍ ഭക്ഷണം ഒരുക്കിയിരുന്ന ഹാളില്‍ കാണികള്‍ക്ക് സമയത്തിനു ഡിന്നര്‍ കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനു പ്രധാന കാരണം നവ്യയുടെ ഭാഗത്തുനിന്നുണ്ടായ നിര്‍ദ്ദേശമാണെന്നാണ് പറയുന്നത്. ക്ലാസിക്കല്‍ ഡാന്‍സ് എന്നാല്‍ ദൈവത്തോടുള്ള ആരാധനയാണെന്നും അതിനാല്‍ വേദിയില്‍ താന്‍ നൃത്തം അവതരിപ്പിക്കുമ്പോള്‍ ആ സമയത്ത് ആരും ഭക്ഷണം കഴിക്കരുതെന്നുമായിരുന്നു നവ്യ സംഘാടകരോട് പറഞ്ഞത്. നൃത്തം അവസാനിക്കാന്‍ ഒരുപാട് വൈകിയതോടെ രാത്രി പതിനൊന്നോടെയാണ് ആളുകള്‍ക്ക് ഭക്ഷണം കഴിക്കാനായത്. ഈ സംഭവം കാണികളെ ചില്ലറയൊന്നുമല്ല ചൊടിപ്പിച്ചത്.

ക്ലാസിക്കല്‍ ഡാന്‍സ് ആരാധനയാണെന്ന വാദത്തില്‍ ഒരു സൗന്ദര്യം കണ്ടെത്താന്‍ കലാപ്രേമികള്‍ക്ക് സാധിക്കും. പക്ഷേ ഫൊക്കാന പോലൊരു വലിയ പ്രവാസി കൂട്ടായ്മയില്‍ പ്രശ്‌നം മറ്റൊന്നാണ്. ഇവിടെ എല്ലാവരും കലാകാരന്മാരല്ല. എല്ലാവരും ക്ലാസിക്കല്‍ ഡാന്‍സ് വിദഗ്ധരുമല്ല. പലതരം ഇഷ്ടങ്ങളും അഭിരുചികളുമുള്ള മനുഷ്യരുടെ കൂട്ടായ്മയാണിത്. അവരവര്‍ക്ക് ഇഷ്ടപ്പെട്ട പരിപാടികള്‍ ഓരോരുത്തരും ആസ്വദിക്കും. അതല്ലാത്തവര്‍ ആ സമയം ഭക്ഷണം കഴിക്കും. ചിലര്‍ രണ്ടും ഒരുമിച്ച് ചെയ്യും. അതാണ് ഒരു പ്രവാസി കൂട്ടായ്മയുടെ സ്വഭാവം. എന്നാല്‍ നൃത്തം കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ എന്ന രീതിയില്‍ പരിപാടി ക്രമീകരിക്കേണ്ടി വന്നതോടെ, കാണികളെ മുഷിപ്പിക്കുന്ന രീതിയാണ് സംഘാടകര്‍ക്ക് സ്വീകരിക്കേണ്ടി വന്നത്.

വേദിയില്‍ നവ്യ പറഞ്ഞ മറ്റൊരു കാര്യം കൂടി ചര്‍ച്ചയായിരുന്നു. തന്റെ ആദ്യ സിനിമയായ നന്ദനത്തിലെ ബാലാമണിയായാണ് ഇപ്പോഴും പലരും തന്നെ ഓര്‍ക്കുന്നതെന്നും ആ കഥാപാത്രത്തോടുള്ള സ്‌നേഹമാണ് തനിക്ക് ലഭിക്കുന്നതെന്നും നവ്യ പറഞ്ഞിരുന്നു. നന്ദനം പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സിനിമ മാറി. തലമുറ മാറി. പ്രേക്ഷകരുടെ ഇഷ്ടങ്ങളും മാറി. ഇപ്പോള്‍ നില്‍ക്കുന്ന വേദിയില്‍ അങ്ങനെയൊരു കമന്‌റിന് പ്രസക്തിയുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു. ബാലാമണിയേയും നവ്യയേയും ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അങ്ങനെയല്ലാത്തവരും അവിടെയുള്ളപ്പോള്‍ താരത്തെ നിര്‍ബന്ധമായും അനുസരിക്കണമെന്നു വന്നത് ഇഷ്ടക്കേടുണ്ടാക്കുന്നത് സ്വാഭാവികം. ഫൊക്കാന പോലുള്ള സംഘടനകളില്‍ യുവതലമുറ പങ്കെടുക്കുന്നില്ലെന്ന പരാതികള്‍ക്കിടയില്‍ ഇത്തവണ നിരവധി ജന്‍സി ടീമാണ് കണ്‍വെന്‍ഷനിലെത്തിയത്. പക്ഷേ അവരില്‍ എല്ലാവര്‍ക്കും നവ്യാ നായരെ പരിചയമുണ്ടായിരുന്നോ എന്നത് മറ്റൊരു ചോദ്യം. 'ബാലാമണി' ആരാണെന്നറിയാന്‍ അവരില്‍ പലര്‍ക്കും ഗൂഗിളില്‍ തിരയേണ്ടിവരും.

നവ്യാ നായര്‍ മികച്ച നര്‍ത്തകിയാണെന്നതില്‍ സംശയമില്ല. അവരുടെ കലാപ്രകടനത്തെ അതിന്റെ നിലവാരത്തില്‍ വിലയിരുത്തേണ്ടതുമാണ്. പക്ഷേ അതേസമയം, വലിയ തുകയും സമയവും ഊര്‍ജവും ചെലവഴിച്ച് ഒരു പരിപാടി സംഘടിപ്പിക്കുന്ന സംഘാടകരും അവരുടെ അതിഥികളില്‍ നിന്ന് ഒരു പരിധിവരെ സൗഹൃദപരമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നതും സ്വാഭാവികമാണ്. ഒരു താരത്തെ ക്ഷണിക്കുമ്പോള്‍ സംഘാടകര്‍ കലാകാരിയെ മാത്രമല്ല, ഒരു അതിഥിയെ കൂടിയാണ് സ്വീകരിക്കുന്നത്. അതിഥിക്ക് സ്വന്തം പരിധികളും സൗകര്യങ്ങളും ഉണ്ടാകാം. എന്നാല്‍ സംഘാടകര്‍ക്കും ചില പ്രതീക്ഷകള്‍ ഉണ്ടാകും. ഇരുവശവും ഒത്തുചേരുമ്പോഴാണ് ഒരു കണ്‍വെന്‍ഷന്‍ യഥാര്‍ഥത്തില്‍ മനോഹരമാകുന്നത്.

കേരളത്തിന്റെ കലാപാരമ്പര്യം അമേരിക്കന്‍ മണ്ണില്‍ ഒരുമിച്ച് അവതരിപ്പിച്ച് ഫൊക്കാന കണ്‍വെന്‍ഷനില്‍ രണ്ടു ഗിന്നസ് റെക്കോര്‍ഡുകള്‍ പിറന്നു. അതിന്‌റെ സന്തോഷത്തിനൊപ്പം ഇത്തരം ചെറിയ പരാതികളും കണ്‍വെന്‍ഷന്‌റെ ഭാഗമായി. എന്തായാലും അടുത്ത കണ്‍വെന്‍ഷന്‍ മുതല്‍ അതിഥികള്‍ ശ്രദ്ധിക്കേണ്ടത് പണം വാങ്ങി കൃത്യമായി ജോലി ചെയ്യുക എന്നതിനപ്പുറം തങ്ങളെ കാത്തിരിക്കുന്ന പ്രവാസ ആതിഥേയരോട് കുറച്ചുകൂടി സൗഹൃദത്തോടെ ഇടപെടാനാണ്. അതല്ലെങ്കില്‍ സംസാരത്തിന് പ്രത്യേക ഫീസില്ല എന്ന് സംഘാടകര്‍ക്കിനി നോട്ടീസില്‍ അച്ചടിക്കേണ്ടി വരും.

വിന്‍സെന്റ് ഇമ്മാനുവല്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.