പണമല്ല ഒരാളെ വലിയവനാക്കുന്നത് അയാളുടെ നല്ല മനസ്സാണ്
ഇടുക്കി കട്ടപ്പനയിലെ വളരെ ദരിദ്രനായ ബാബുവിന് സമീപവാസിയും അധ്യാപകനുമായ ജിജോ ഏഴെട്ടു വർഷങ്ങൾക്കുമുമ്പ് ഒരു അലമാര സൗജന്യമായി നൽകിയിരുന്നു അതിൻ്റെ ഏററവും ഉള്ളിലെ ഒരു ചെറിയ വലിപ്പ് കുറെ വർഷങ്ങളായി തുറക്കാത്ത അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം യാദൃച്ഛികമായി ആ വലിപ്പ് ബാബുവിന് തുറക്കാനായി .അപ്പോഴാണ് അതിൽ ഒരു മൂലയ്ക്കായി വെച്ച
ചെറിയ പഴ്സിൽ എഴുപവനും ഏഴായിരത്തിയഞ്ഞൂറു രൂപയും കണ്ടത് . ബാബു മറ്റൊന്നും ആലോചിച്ചില്ല . വർഷങ്ങൾക്കു മുമ്പ് തനിക്ക് അലമാര തന്ന ജിജോയെ വിളിച്ചു വരുത്തി സ്വർണവും പണവും തിരിച്ചേൽപിച്ചു . അദ്ദേഹം അദ്ഭുതപ്പെട്ടു പോയി .അത് ജിജോയുടെ
11 വർഷങ്ങൾക്കുമുമ്പ് മരിച്ച അമ്മ ഉപയോഗിച്ച അലമാരയായിരുന്നു അമ്മയുടെ മരണശേഷം ആ സ്വർണം എവിടെപ്പോയി എന്ന് എല്ലായിടത്തും നോക്കിയെങ്കിലും കണ്ടിരുന്നില്ലത്രേ. ഈ അലമാരയിലും നോക്കിയിരുന്നു അന്നത് കണ്ടില്ല . എവിടെയും കാണാഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് കളഞ്ഞു പോയിരിക്കാമെന്നു കരുതി പിന്നീട് അതേപ്പറ്റി ചിന്തിച്ചതേയില്ല . അതാണിപ്പോൾ ഇത്രയും വർഷങ്ങൾ കഴിഞ്ഞ് കിട്ടുന്നത് . സാമ്പത്തികമായി മോശം അവസ്ഥയിലുള്ള ബാബുവിന് വേണമെങ്കിൽ ഇന്ന് അത് എടുക്കാമായിരുന്നു .ആരും അറിയില്ല . പക്ഷേ അദ്ദേഹം അത് ഉടനെ തിരിച്ചു നൽകി .
ഇത്തരം മനുഷ്യരും ഈ ലോകത്തുണ്ടെന്നത് തന്നെ സന്തോഷം പകരുന്ന കാര്യമല്ലേ ?
ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം അതിൻ്റെ യഥാർത്ഥ ഉടമയ്ക്കു തന്നെ നൽകണമെന്ന് തീരുമാനിച്ച ആ മനസ്സ് സ്വർണത്തെക്കാൾ വിലപിടിച്ചതല്ലേ ?


