PRAVASI

പയ്യാനി തോട്ടത്തിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ അമ്മയും മകനും മരണപ്പെട്ടു

Blog Image


 പൂഞ്ഞാറിലെ, തെക്കേക്കര പഞ്ചായത്തിൽ പയ്യാനി തോട്ടത്തിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ  അമ്മയും മകനും മരണപ്പെട്ടു.
മണപ്പാട്ട് ജോണിയുടെ ഭാര്യ റജീന മകൻ ജോസഫിൻ എന്നിവരാണ് മരണമടഞ്ഞത്. കുടുംബ നാഥനായ ജോണി സമീപത്തുള്ള ഒരു വയോധികന്റെ വീട്ടിൽ കൂട്ട് കിടക്കാൻ പോയത് കൊണ്ട് രക്ഷപ്പെട്ടു. ജോമിറ്റ്, സോമിറ്റ് എന്നിങ്ങനെ രണ്ട് പെൺമക്കൾ കൂടി ജോണി - റജീന ദമ്പതികൾക്ക് ഉണ്ട്. 
കല്ലും മണ്ണും മരങ്ങളും വെള്ളവും ചെളിയും എല്ലാം കൂടി കുഴഞ്ഞു കിടന്ന ഇവരുടെ വീടിന്റെ പരിസരത്തു എത്തിയവർക്ക് അങ്ങനൊരു വീട് തന്നെ തലേ ദിവസം വരെ അവിടെ ഉണ്ടായിരുന്നു എന്നും അത് തങ്ങൾ നിത്യവും കണ്ടിരുന്ന ഒരു വീടാണെന്നും മനസ്സിലാക്കാൻ സാധിച്ചില്ല. 
ഉരുൾ പൊട്ടി എത്തി അവിടെ കല്ലും പാറകളും മണ്ണും ചെളിയും മാത്രമാണ് ഉണ്ടായിരുന്നത്. ഒരുപാട് നാളത്തെ അധ്വാനത്തിന്റെയും ആഗ്രഹത്തിന്റെയും ഫലമായി കേവലം രണ്ട് വർഷം മുൻപ് മാത്രം പണി തീർന്ന ആ പുതിയ വീട്ടിൽ കൊതി തീരുംവരെ ഒന്ന് താമസിക്കാൻ ആ രണ്ട് പാവങ്ങൾക്കും കഴിഞ്ഞില്ല എന്നത് ഏറെ നൊമ്പരപെടുത്തുന്ന കാഴ്ചയാണ്. രണ്ട് പെണ്മക്കളും ഒരു ആൺകുട്ടിയും അച്ഛനും അമ്മയും അടങ്ങുന്ന സന്തുഷ്ട കുടുംബം ആയിരുന്നു അതെന്ന് അവിടുള്ളവർ ഓർക്കുന്നു. 
എത്ര ആഗ്രഹിച്ചും സ്വപ്‌നങ്ങൾ നെയ്തുമാണ് ഓരോ വീടും ഉയരുന്നത്. 
വീട് തകർന്നു നാമാവശേഷമായിപ്പോയി. ഒഴുകി എത്തിയ പാറകളും ചെളിയും കല്ലുകളും മരങ്ങളും മാത്രം ബാക്കിയായ ഇടത്ത്  5 ഫയർ ഫോഴ്‌സ് യൂണിറ്റുകളും  നാല് ജെസിബിയും ഉപയോഗിച്ച്  വളരെ ദുഷ്കരമായാണ് രക്ഷപ്രവർത്തനം നടത്തിയത്. വീണ്ടും ഉരുൾ പൊട്ടാൻ സാധ്യത ഉണ്ടെന്നുള്ളതിനാൽ രക്ഷാപ്രവർത്തനം പോലും ദുഷ്കരം ആയിരുന്നു. 
മരണപ്പെട്ട റജീന പയ്യാനിതോട്ടം ഹോളി സ്പിരിറ്റ്‌ സ്കൂളിലെ ജീവനക്കാരിയാണ്. അച്ഛൻ ജോണി സ്കൂൾ ബസ് ഡ്രൈവർ ആണ്. 
അവിടെ എത്തിയ കുറച്ചു പേർക്ക് ചെളിയിൽ ആണ്ടുപോയ നിലയിൽ ഒരു പഴകിയ പഴ്സ് ലഭിച്ചു. അതിൽ 15 പവനോളം സ്വർണമായിരുന്നു ഉണ്ടായിരുന്നത്. ആ മണ്ണിനടിയിലേക്ക് അവർ മറഞ്ഞപ്പോഴും സുരക്ഷിതമായി ആ പേഴ്‌സ് തിരികെ കിട്ടിയിരിക്കുന്നു. അവരുടെ ജീവിതത്തിലെ ഏക സമ്പാദ്യം ആയിരിക്കുമത്. ഇനിയൊരിക്കലും ആ പേഴ്‌സ് തുറന്നു നോക്കാനോ, അതിൽ നിന്നൊരു കുഞ്ഞ് മാലയോ വളയോ പോലും അണിയാൻ ആ കുടുംബത്തിലെ അമ്മ റജീന ബാക്കിയായില്ല. രണ്ട് പേരെ മടക്ക  യാത്രയ്ക്ക് കൊണ്ടുപോയപ്പോഴും കഠിനാധ്വാനികളായ ആ കുടുംബത്തിന്റെ ആകെയുള്ള കുറച്ചു സമ്പാദ്യം പ്രകൃതി തിരികെ നൽകിയിരിക്കുന്നു. 
ചൂണ്ടച്ചേരി എഞ്ചിനീയറിങ് കോളേജ് കാന്റീൻ ജീവനക്കാരനായിരുന്നു മരിച്ച ജോസഫിൻ ജോണി. കഴിഞ്ഞ മാസം  ഈരാറ്റുപേട്ടയിൽ വച്ചു ഒരു മാസം മുൻപ് ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു ജോസഫിൻ ജോണി. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.