PRAVASI

(വർത്തമാനം) എഴുത്തിനെ സ്നേഹിക്കുന്ന രാഷ്ട്രീയക്കാരൻ :പന്തളം സുധാകരൻ

Blog Image

കേരള രാഷ്ട്രീയത്തിൽ വിദ്യാർത്ഥി  പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ കാലങ്ങളിൽ നിന്ന് ജനപ്രതിനിധിയിലേക്കും ,മന്ത്രിപദത്തിലേക്കും വളർന്നുവന്ന നേതാവാണ് പന്തളം സുധാകരൻ. വണ്ടൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം മന്ത്രിയായും പാർലമെന്ററി രംഗത്തെ സജീവ സാന്നിധ്യമായും പ്രവർത്തിച്ചു. രാഷ്ട്രീയത്തിനപ്പുറം കവിതയിലും ഗാനരചനയിലും തന്റെതായ ഇടം കണ്ടെത്തിയ പന്തളം സുധാകരന്റെ പൊതുജീവിതം വ്യത്യസ്ത അനുഭവങ്ങളുടെയും നിലപാടുകളുടെയും അടയാളപ്പെടുത്തലുകൾ കൂടിയാണ്.

കാലം മാറിയിട്ടും കേരള രാഷ്ട്രീയത്തെയും അതിന്റെ മാറുന്ന മുഖങ്ങളെയും അടുത്തുനിന്ന് കണ്ടറിഞ്ഞ അനുഭവസമ്പത്തുമായാണ് അദ്ദേഹം ഇന്ന് സംസാരിക്കുന്നത്. രാഷ്ട്രീയത്തിലെ ഇന്നലെകളെയും ഇന്നിന്റെ യാഥാർഥ്യങ്ങളെയും നാളെയുടെ സാധ്യതകളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് ആ അനുഭവങ്ങളുടെ ആഴമുണ്ട്. തന്റെ രാഷ്ട്രീയ യാത്രയിലൂടെയും സമകാലിക കേരള രാഷ്ട്രീയത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ചിന്തകൾ ചിക്കാഗോയിൽ കേരളാ എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്റർ ജോസ് കണിയാലിയുമായി പങ്കുവെയ്ക്കുന്നു .

നമ്മുടെയൊക്കെ ചെറുപ്പകാലത്ത് വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റായിരുന്ന വ്യക്തിയാണ് പന്തളം സുധാകരൻ. വണ്ടൂർ നിയോജകമണ്ഡലത്തിൽ നിന്ന് മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട് എം.എൽ.എയും മന്ത്രിയുമായിട്ടുണ്ട്. അതോടൊപ്പം കവിയും ഗാനരചയിതാവുമാണ്. രാഷ്ട്രീയത്തിനപ്പുറം വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു കലാകാരൻ കൂടിയാണ്. അതുകൊണ്ടുതന്നെ, ആദ്യത്തെ ചോദ്യം രാഷ്ട്രീയത്തിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യം എങ്ങനെയായിരുന്നു?

ഞാനൊരു പന്തളത്തുകാരനാണ്. എന്റെ എല്ലാ ഭാഗ്യങ്ങളുടെയും ഒരു പ്രധാന കാരണം എന്റെ നാടാണ്. “പന്തളം സുധാകരൻ” എന്ന പേര് എനിക്കൊപ്പം നിൽക്കുന്നതും അതുകൊണ്ടുതന്നെയാണ്.
ഞാൻ പൊതുരംഗത്തേക്ക് യഥാർത്ഥത്തിൽ വരുന്നത് ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ്. അതിന് പ്രധാന കാരണം അഖില കേരള ബാലജനസഖ്യമാണ്. ബാലജനസഖ്യത്തിന്റെ പ്ലാറ്റ്ഫോമിലൂടെയാണ് ഞാൻ പൊതുരംഗത്തേക്ക് എത്തുന്നത്. ഞാൻ മാവേലിക്കര താലൂക്കുകാരനാണ്. ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രീ രമേശ് ചെന്നിത്തലയെ പരിചയപ്പെടുന്നത്. അന്ന് ബാലജനസഖ്യത്തിലെ ഏറ്റവും ശ്രദ്ധേയനായ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. കേരളത്തിന് നിരവധി പൊതുപ്രവർത്തകരെ സംഭാവന ചെയ്ത നല്ലൊരു പ്ലാറ്റ്ഫോമായിരുന്നു ബാലജനസഖ്യം.

അവിടെവച്ചാണ് എന്റെ പേര് ആദ്യമായി മലയാള മനോരമയിൽ “പന്തളം സുധാകരൻ” എന്ന പേരിൽ അച്ചടിച്ചുവരുന്നത്. പിന്നീട് പന്തളം എൻ.എസ്.എസ്. സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് കെ.എസ്.യുവിന്റെ യൂണിയൻ ഭാരവാഹിയായി.അതിനുശേഷം മണ്ഡലം പ്രസിഡന്റ് എന്ന നിലയിൽ തുടങ്ങി പടിപടിയായി ഉയർന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റാകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.ഇതിനിടയിൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം പട്ടാളക്കാരനാകണമെന്നതായിരുന്നു. പക്ഷേ ശരീരത്തിന്റെ ഉയരക്കുറവ് കാരണം അതിന് കഴിഞ്ഞില്ല. എന്നാൽ മനസ്സിൽ എപ്പോഴും ഒരു എഴുത്തുകാരനാകണം, കവിയാകണം എന്ന ആഗ്രഹമുണ്ടായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഞാൻ സ്വന്തമായി നാടകം എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിരുന്നു. സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി തലത്തിൽ വരെ എന്റെ നാടകം അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു.അങ്ങനെ നാടകവും സിനിമയുമൊക്കെയായി മുന്നോട്ടുപോകുന്നതിനിടെ, പ്രാദേശിക പ്രസിദ്ധീകരണങ്ങളിലൂടെയും പ്രത്യേകിച്ച് മലയാള മനോരമയുടെ പ്രസിദ്ധീകരണങ്ങളിലൂടെയുമാണ് ഞാൻ ആദ്യമായി കവിതയെഴുതി തുടങ്ങുന്നത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ ഒരു ചെറിയ കവിയെന്ന നിലയിൽ എനിക്ക് ഒരു വിലാസം ലഭിച്ചിരുന്നു.പിന്നീട് കെ.എസ്.യുവിന്റെ നേതൃനിരയിലേക്ക് എത്തി. ജി. കാർത്തികേയൻ, രമേശ് ചെന്നിത്തല, ജോർജ് ഈഡൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ച ഒരു കാലഘട്ടമായിരുന്നു അത്.

ലീഡർ കെ .കരുണാകരനുമായുള്ള ബന്ധം എങ്ങനെ ആയിരുന്നു ?

എന്റെ മറ്റൊരു വലിയ ഭാഗ്യം കെ. കരുണാകരനെ പരിചയപ്പെടാൻ കഴിഞ്ഞതാണ്. അദ്ദേഹമാണ് യഥാർത്ഥത്തിൽ ജി. കാർത്തികേയനെയും രമേശ് ചെന്നിത്തലയെയും എന്നെയും കണ്ടെത്തിയത്. മാധ്യമങ്ങൾ അന്ന് ഞങ്ങളെ “കെ. കരുണാകരന്റെ ത്രിമൂർത്തികൾ” എന്നുപോലും വിശേഷിപ്പിച്ചിരുന്നു.
ഞങ്ങൾക്ക് ഇത്രയധികം പ്രോത്സാഹനം നൽകിയ മറ്റൊരു നേതാവിനെ കാണാൻ പ്രയാസമാണ്. അതോടൊപ്പം തന്നെ ആദർശധീരനായ ഒരു വലിയ മാതൃകയായിരുന്നു എ.കെ. ആന്റണി. ഉമ്മൻചാണ്ടിയും ഞങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.അങ്ങനെയുള്ള ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ വളർന്നുവന്നത്.

1978-ൽ കോൺഗ്രസ് പിളർന്ന് ശ്രീമതി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് (ഐ) രൂപം കൊണ്ടപ്പോൾ ഞങ്ങളെല്ലാവരും ഇന്ദിരാഗാന്ധിയോടും കരുണാകരൻ ലീഡറോടും ഒപ്പം നിന്നു. പിന്നീട് കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും വിവിധ ഭാരവാഹിത്വങ്ങളിലേക്ക് എത്തി.

1982-ൽ 25 വയസ്സ് കഴിഞ്ഞപ്പോൾ ഞാൻ നിയമസഭയിലെത്തി. അതേ കാലഘട്ടത്തിൽ തന്നെ രമേശ് ചെന്നിത്തലയും ജി. കാർത്തികേയനും നിയമസഭയിലെത്തി. കെ. കരുണാകരൻ കണ്ടെത്തിയ ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് നിയമസഭയിലെത്തിയത് അന്ന് മാധ്യമങ്ങൾക്കിടയിലും വലിയ കൗതുകമായിരുന്നു.
ഇതിനിടയിലാണ് സിനിമയിലേക്കും എത്തുന്നത്. 

സിനിമയിലേക്ക് വരാനുള്ള സാഹചര്യം എന്തായിരുന്നു ?

പ്രിയദർശൻ, മോഹൻലാൽ, സുരേഷ് കുമാർ, ശ്രീനിവാസൻ തുടങ്ങി സിനിമയോട് വലിയ പാഷനുണ്ടായിരുന്ന നിരവധി സുഹൃത്തുക്കളുടെ പ്രോത്സാഹനമാണ് എന്നെ സിനിമാരംഗത്തേക്ക് എത്തിച്ചത്.
അങ്ങനെ പത്തോളം സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ഗാനങ്ങൾ എഴുതാൻ അവസരം ലഭിച്ചു. ഇന്ത്യയിലെ പ്രമുഖ ഗായകരായ യേശുദാസ്, എസ്. ജാനകി, വാണി ജയറാം, ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, സുജാത, ചിത്ര തുടങ്ങിയവർ എന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ ഗായകരും എന്റെ ഗാനങ്ങൾ പാടിയിട്ടുണ്ട്.

നിയമസഭയിലേക്ക് വന്ന സാഹചര്യം എന്തായിരുന്നു ?

ഇതേ കാലഘട്ടത്തിലാണ് ഞാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നത്. അതിനുശേഷം വണ്ടൂരിൽ നിന്ന് മൂന്ന് തവണ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിൽ ജീവിക്കുന്ന ജനങ്ങളുടെ സ്നേഹവും നന്മയും ഞാൻ ഒരിക്കലും മറക്കില്ല. ദേശീയ കാഴ്ചപ്പാടുള്ള, നിഷ്കളങ്കരായ മനുഷ്യരാണ് അവിടെയുള്ളത്.1982-ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയിൽ വളർന്ന ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് നിയമസഭയിലെത്തി. പിന്നീട് 1991-ൽ കെ. കരുണാകരൻ മന്ത്രിസഭ രൂപീകരിച്ചപ്പോൾ അദ്ദേഹം എന്നെ മന്ത്രിയാക്കി.

അന്ന് ഞാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായിരുന്നു. കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരിക്കെ മന്ത്രിയായ ഒരാൾ എന്ന നിലയിൽ എനിക്ക് അതൊരു വലിയ ഭാഗ്യമായിരുന്നു. രമേശ് ചെന്നിത്തല അതിന് മുമ്പ് മന്ത്രിയായിട്ടുണ്ട്. പിന്നീട് അദ്ദേഹം ദേശീയ നേതൃത്വത്തിലേക്ക് പോയി. ഏകദേശം ആറുമാസത്തിനുശേഷം ഞാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പിന്നീട് കെ.സി. വേണുഗോപാൽ ആ സ്ഥാനത്തേക്ക് വന്നു.

സിനിമയിലും വിവിധ ഔദ്യോഗിക മേഖലകളിലും പ്രവർത്തിക്കാൻ അവസരം ലഭിച്ചു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടറായിരുന്നു. രണ്ട് തവണ അവാർഡ് കമ്മിറ്റിയിൽ ജൂറിയായിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും മാക്ടയുടെ വൈസ് ചെയർമാനാകുകയും ചെയ്തു.

സിനിമയുടെ ഒരു തലമുറമാറ്റത്തിനും ഞാൻ സാക്ഷിയായി. മദ്രാസിൽ നിന്ന് തിരുവനന്തപുരത്തേക്കും പിന്നീട് കൊച്ചിയിലേക്കും സിനിമയുടെ കേന്ദ്രം മാറിയ കാലഘട്ടമായിരുന്നു അത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുമായി അന്നുമുതലുള്ള സൗഹൃദം ഇന്നും തുടരുന്നു എന്നതിൽ എനിക്ക് വലിയ അഭിമാനമുണ്ട്.

രാഷ്ട്രീയത്തിലും സംഘടനാപരമായി വിവിധ ചുമതലകൾ വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായിരുന്നു. ഇപ്പോൾ പാർട്ടിയുടെ പ്രധാന ഘടകമായ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമാണ്. മന്ത്രിസ്ഥാനം ഉൾപ്പെടെ പല ഉത്തരവാദിത്വങ്ങളും വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.1995-ൽ കെ. കരുണാകരൻ മാറി എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. അന്ന് ഞാൻ എക്സൈസ് മന്ത്രിയായിരുന്നു.

അത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ചരിത്രത്തിൽ ആദ്യമായി ചാരായനിരോധനത്തിനുള്ള നിയമം നിയമസഭയിൽ അവതരിപ്പിക്കാൻ കഴിഞ്ഞ മന്ത്രിയാണ് ഞാൻ. ചാരായം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചതും ഞാനാണ്. അതിന് നേതൃത്വം നൽകിയത് എ.കെ. ആന്റണിയായിരുന്നു. അത് അദ്ദേഹത്തിന്റെ വലിയൊരു സ്വപ്നമായിരുന്നു.വലിയ വിവാദങ്ങളൊന്നും ഉണ്ടാക്കാതെ, എന്നാൽ എന്നും ഓർക്കപ്പെടുന്ന ചില തീരുമാനങ്ങൾ എക്സൈസ് വകുപ്പിൽ എടുക്കാൻ കഴിഞ്ഞു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. അഴിമതി നിറഞ്ഞ വകുപ്പാണ് എക്സൈസ് എന്നൊരു ധാരണ പലർക്കുമുണ്ട്. എന്നാൽ അത്തരമൊരു ധാരണ നിലനിന്നിരുന്ന വകുപ്പിൽ നല്ലൊരു മാറ്റം കൊണ്ടുവരാൻ അന്നത്തെ എ.കെ. ആന്റണി സർക്കാരിന് കഴിഞ്ഞു. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.

ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും പൊതുരംഗത്ത് തുടരാൻ താങ്കൾക്ക് പ്രചോദനമാകുന്നത് എന്താണ്?

പൊതുരംഗത്ത് തുടരാൻ പ്രത്യേകിച്ച് ഒരു പ്രചോദനത്തിന്റെ ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. പൊതുരംഗം ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന മേഖലയാണ്.ഒരു പൊതുപ്രവർത്തകൻ എന്നത് സത്യത്തിൽ നമ്മൾ അങ്ങേയറ്റം ബഹുമാനിക്കേണ്ട ഒന്നാണ്. 24 മണിക്കൂറും ഫോൺ പ്രവർത്തിക്കുന്ന ഒരു വിഭാഗം വേറെയില്ല. ഏറ്റവും കൂടുതൽ തെറിവിളി കേൾക്കുന്നതും രാഷ്ട്രീയക്കാരാണ്. എന്നാൽ ആ തെറിവിളിക്കുന്ന വ്യക്തിക്ക് പോലും ആപത്ത് വരുമ്പോൾ ഓടിച്ചെല്ലാൻ ധൈര്യം കാണിക്കുന്നതും പലപ്പോഴും രാഷ്ട്രീയക്കാരാണ്.അതുകൊണ്ട് പൊതുപ്രവർത്തനം വലിയ മഹത്വമുള്ള കാര്യമായിട്ടാണ് ഞാൻ കാണുന്നത്. അതിൽ ആത്മാർത്ഥമായ ഇടപെടലും പങ്കാളിത്തവും വേണം.

നിങ്ങളൊക്കെ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ഇന്നത്തെ ജീവിതസൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് അന്നത്തെ പ്രവർത്തനം നടത്തിയിരുന്നത്. എന്നാൽ ഇന്നത്തെ യുവതലമുറ ആധുനിക സോഷ്യൽ മീഡിയയും മറ്റു സൗകര്യങ്ങളുമുള്ള കാലത്താണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. പഴയകാല രാഷ്ട്രീയത്തെയും ഇന്നത്തെ രാഷ്ട്രീയത്തെയും താരതമ്യം ചെയ്യുമ്പോൾ പുതിയ തലമുറയോട് പറയാനുള്ള സന്ദേശം എന്താണ്?

നമ്മൾ ഒരു പൊതുപ്രവർത്തകനാണെന്ന് ആദ്യം മനസ്സിലാക്കണം. നാളെ മന്ത്രിയാകണം, എം.പിയാകണം എന്ന ലക്ഷ്യത്തേക്കാൾ പ്രധാനമായി മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്തയാണ് മനസ്സിലുണ്ടാകേണ്ടത്.
അത് രാഷ്ട്രീയം മാത്രമല്ല; പൊതുപ്രവർത്തനത്തിന്റെ അടിസ്ഥാനവും അതുതന്നെയാണ്. മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ടുവരുമ്പോൾ ഹൃദയപൂർവമായിരിക്കണം. കാപട്യം പാടില്ല.

പഴയകാലത്തെയും പുതിയകാലത്തെയും താരതമ്യം ചെയ്യാനും പാടില്ല. എന്റെ കാലത്ത് നാട്ടിൻപുറത്ത് ഒന്നോ രണ്ടോ ഫോണുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അങ്ങനെയല്ല. ഏത് പാർട്ടിയിലെ പൊതുപ്രവർത്തകന്റെ കൈയിലും മൊബൈൽ ഫോൺ കാണാം.
വീട്ടിലിരുന്നുകൊണ്ട് ലോകത്തിന്റെ ഏത് ഭാഗത്തുള്ള ആളുകളുമായും നമുക്ക് ആശയവിനിമയം നടത്താം. ലോകം ചുരുങ്ങി നമ്മുടെ കൈക്കുള്ളിലായി. വിരൽത്തുമ്പിലാണ് ലോകം.
ട്രംപ് അവിടെ എന്തെങ്കിലും പറയുമ്പോൾ അതേ നിമിഷം പാലായിലും കേൾക്കാൻ കഴിയുന്ന കാലമാണിത്. ഇതാണ് പുതിയ കാലത്തെ ആശയവിനിമയത്തിന്റെ പ്രത്യേകത.

ഞങ്ങളുടെ കാലത്ത് ഒരു പ്രസ്താവന തയ്യാറാക്കി 10–12 പത്രങ്ങളുടെ ഓഫീസിൽ കൊണ്ടുപോയി കൊടുക്കണം. സ്വന്തം കൈപ്പടയിൽ എഴുതിയാണ് കൊടുത്തിരുന്നത്. പിന്നീട് അത് പ്രസിദ്ധീകരിച്ചാൽ മാത്രമേ ആളുകൾ അറിയുകയുള്ളൂ.
ഇന്ന് അങ്ങനെയല്ല. നമ്മൾ എവിടെയിരുന്നാലും ഫോണിൽ കുറച്ച് ടൈപ്പ് ചെയ്താൽ നേരെ ആളുകളിലേക്ക് എത്തുന്നു. പിന്നീട് ലൈവ്. ഇന്ന് ലൈവിന്റെ കാലമാണ്.

പ്രിന്റ് മീഡിയയ്ക്ക് പ്രാധാന്യം കുറയാനുള്ള ഒരു കാരണം, അറിയാനുള്ള കാര്യങ്ങൾ സംഭവിക്കുന്ന നിമിഷം തന്നെ നമുക്ക് അറിയാൻ കഴിയുന്നു എന്നതാണ്. ചാനലുകൾക്കൊപ്പം ഇന്ന് നമ്മുടെ മൊബൈൽ ഫോണാണ് പ്രധാന മാധ്യമമായി മാറിയത്.
ലോകം മൊബൈൽ ഫോണിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. അത് പുതിയ തലമുറയ്ക്ക് ലഭിച്ച വലിയൊരു സൗകര്യമാണ്. ഞാൻ അതിനെ ഒരുതരം അസൂയയോടെയാണ് കാണുന്നത്. അത് നല്ലതാണ്.

കോൺഗ്രസിന്റെ പഴയ നേതാവ് എന്ന നിലയിൽ ഇന്നത്തെ കോൺഗ്രസിന്റെ ശൈലിയിലും നേതൃത്വത്തിലും എന്തെങ്കിലും മാറ്റങ്ങൾ വരണമെന്ന് കരുതുന്നുണ്ടോ?

മാറ്റങ്ങൾ വരണമെന്ന് പറയുമ്പോൾ, കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരു ആശയധാരയുണ്ട്. അതിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല. എന്നാൽ കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും വേണം.ഇന്ന് ആശയവിനിമയ രംഗത്ത് വലിയ വിപ്ലവമാണ് ഉണ്ടായിരിക്കുന്നത്. വിരൽത്തുമ്പിലൂടെ എല്ലാം ചെയ്യാൻ കഴിയുന്ന കാലമാണിത്. അതിന് വലിയ സാമ്പത്തിക ചെലവും ആവശ്യമില്ല. തലച്ചോർ സജീവമായാൽ മതി.
പുതിയ തലമുറ വളരെ വേഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്. ചെറിയ കുട്ടികൾ പോലും മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാലമാണിത്.

എന്നാൽ അതിനൊരു ദോഷവശവുമുണ്ട്. ചിന്തിക്കാനുള്ള സമയം അവർക്ക് കുറയുന്നു. ഒരു കവിത എഴുതണമെങ്കിൽ പോലും ഇന്ന് ChatGPT-യോട് ചോദിക്കുന്ന കാലമാണ്. പണ്ട് അങ്ങനെയായിരുന്നില്ല. നമ്മൾ അത്രയും സമയം ചിന്തിക്കുകയും വായിക്കുകയും ചെയ്യുമായിരുന്നു.

അതുകൊണ്ട് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത്, എന്തെങ്കിലും വായിക്കണം എന്നതാണ്. അത് പത്രമാകാം, പുസ്തകമാകാം, മറ്റെന്തെങ്കിലുമാകാം. വായന തീർച്ചയായും നമ്മുടെ മനസ്സിലും തലച്ചോറിലും ഒരു ചലനം ഉണ്ടാക്കും.ഈ “റീൽസ്” കണ്ട് റീൽസ് തലമുറയായി അധഃപതിക്കരുത് എന്നാണ് എന്റെ അഭ്യർത്ഥന.

ഇപ്പോഴും വായനയിലും എഴുത്തിലും സജീവമാണോ?

ഞാൻ കുറച്ചൊന്ന് പിന്നോട്ടുപോയിട്ടുണ്ട്. സിനിമയുടെ ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ പലരും മാറിപ്പോയി. പ്രിയൻ ബോംബെയിലേക്ക് പോയി. അങ്ങനെ ഓരോരുത്തരും ഓരോ വഴികളിലേക്ക് പോയെങ്കിലും വ്യക്തിപരമായ ബന്ധങ്ങൾ ഇപ്പോഴുമുണ്ട്.അടുത്തകാലത്തായി കവിതയെഴുത്തിൽ അത്ര സജീവമല്ല. പക്ഷേ എനിക്ക് വളരെ അഭിമാനത്തോടെ ഓർക്കാൻ കഴിയുന്ന ഒരു കാര്യമുണ്ട്. എന്റെ കുറെ സഹപ്രവർത്തകരും എന്നെ ഇഷ്ടപ്പെടുന്നവരുമുണ്ട്. അവർ എന്നെ കാണുമ്പോൾ “മന്ത്രി ആയോ, എം.എൽ.എ ആയോ, തോറ്റോ, ജയിച്ചോ?” എന്നൊന്നുമല്ല ചോദിക്കുന്നത്. “എന്താണ് ഇപ്പോൾ എഴുതാത്തത്?” എന്നാണ് ചോദിക്കുന്നത്.

ഞാൻ ഫേസ്ബുക്കിൽ അധികം ആക്റ്റീവ് ആയിരുന്നില്ല. ഇപ്പോൾ ആക്റ്റീവാണ്. പക്ഷേ ഫേസ്ബുക്കിൽ എന്തും എഴുതാൻ കഴിയും; നല്ലതും ചീത്തയും എഴുതാം. അതുകൊണ്ട് ഒരു പോസ്റ്റ് ഇടുമ്പോൾ അത് എന്തായാലും പൊതുസമൂഹത്തിലേക്ക് പോകുമെന്ന് മനസ്സിലാക്കിക്കൊണ്ടായിരിക്കണം ഇടേണ്ടത്.

അടുത്തകാലത്ത് പുതിയ ഗാനങ്ങൾ എഴുതിയിട്ടുണ്ടോ? അതോ എഴുത്തിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണോ?

കുറച്ചൊരു ബ്രേക്കിലാണ്. കുറെ പേർ എന്നെ സമീപിച്ചിട്ടുണ്ട്. എഴുതാത്തതിൽ എനിക്ക് തന്നെ ഒരു സങ്കടമുണ്ട്. ആ മടി മാറ്റിയാൽ ഇഷ്ടംപോലെ അവസരങ്ങളുണ്ട്.സുഹൃത്തുക്കളൊക്കെ ഇപ്പോഴും എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നുണ്ട്. പക്ഷേ ഈ മടി മനസ്സിലേക്ക് കയറിക്കഴിഞ്ഞാൽ പല കാരണങ്ങളും നമ്മൾ കണ്ടെത്തും. അതിനൊപ്പം കുടുംബജീവിതവും മറ്റ് തിരക്കുകളും ഉണ്ടല്ലോ.

പത്ത് വർഷങ്ങൾക്കുശേഷമാണ് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നത്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് രണ്ടുമൂന്ന് മാസമേ ആയിട്ടുള്ളൂ. എങ്കിലും ഇതുവരെയുള്ള പ്രവർത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

കലത്തിലെ ചോറ് വെന്തോ എന്ന് നോക്കാൻ ഓരോ വറ്റും ഞെക്കേണ്ടതില്ലല്ലോ. ഒരു വറ്റ് നോക്കിയാൽ മതിയല്ലോ. സത്യത്തിൽ തുടക്കത്തിൽ തന്നെ ഒരു പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്.പുതിയ തലമുറയ്ക്ക് പെട്ടെന്ന് റിസൾട്ട് വേണം. റിസൾട്ട് കിട്ടിയില്ലെങ്കിൽ പെട്ടെന്ന് വിമർശിക്കുകയും ചെയ്യും. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തരമന്ത്രിക്കെതിരെയും മറ്റ് മന്ത്രിമാർക്കെതിരെയും റീൽസുകൾ വരുന്നത്.
കാരണം ഫോൺ സ്വിച്ച് അമർത്തിയാൽ ഉടൻ ലൈറ്റ് തെളിയുന്നതുപോലെ ഭരണത്തിലും ഉടൻ ഫലം ലഭിക്കണമെന്നാണ് പ്രതീക്ഷ. എന്നാൽ ഭരണത്തിൽ അങ്ങനെ സാധിക്കില്ല. അതിന് നിരവധി നിയമങ്ങളും നടപടിക്രമങ്ങളും കടമ്പകളും ഉണ്ട്.

ഇവിടെ ബ്യൂറോക്രസിയുടെ പങ്കും പ്രധാനമാണ്. ഒരു മന്ത്രിയെ ജനങ്ങൾ തിരഞ്ഞെടുക്കുകയാണ്. എന്നാൽ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെ സർക്കാർ തിരഞ്ഞെടുക്കുകയാണ്. “ഇലക്ഷനും” “സെലക്ഷനും” തമ്മിൽ വലിയ വ്യത്യാസമുണ്ട്.ഒരു ജനപ്രതിനിധിയെ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നു. എന്നാൽ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഒരു സെലക്ഷൻ പ്രക്രിയയിലൂടെയാണ് വരുന്നത്.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥ സംവിധാനത്തിന് വലിയ ഉത്തരവാദിത്വമുണ്ട്. എന്നാൽ ഇന്ന് ചില മേഖലകളിൽ ബ്യൂറോക്രസിക്ക് ആ ഉത്തരവാദിത്വബോധം കുറയുന്നുവെന്നത് നിർഭാഗ്യകരമാണ്.
വലിയ വലിയ ഉദ്യോഗസ്ഥരെ സംഭാവന ചെയ്ത നാടാണ് നമ്മുടേത്. എന്നാൽ ഇപ്പോൾ പലപ്പോഴും വ്യക്തിപരമായ താൽപര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്.

കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും കൂടെ പ്രവർത്തിച്ച അനുഭവമുള്ള വ്യക്തിയാണ് താങ്കൾ. ആ നിലയിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശനെ എങ്ങനെ വിലയിരുത്തുന്നു?

അദ്ദേഹം ആദ്യമായിട്ടാണ് ഒരു ഭരണപരമായ നേതൃത്വത്തിലേക്ക് വരുന്നത്. പക്ഷേ സത്യത്തിൽ അദ്ദേഹത്തോട് എനിക്ക് വലിയ ആരാധനയുണ്ട്.കെ.എസ്.യു. കാലം മുതലേ ഞങ്ങൾക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹം വളരെ ഊർജസ്വലനായ വ്യക്തിയാണ്. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായിരുന്ന കാലത്തും നിയമസഭയിലെ പ്രസംഗങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ ചടുലത കാണാൻ കഴിഞ്ഞിട്ടുണ്ട്.വളരെ പ്രതീക്ഷ നൽകുന്ന വ്യക്തിയാണ് വി.ഡി. സതീശൻ. അദ്ദേഹത്തിൽ എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്.

ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പുതിയ ലഹരിവിരുദ്ധ നടപടി വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്ന് വിലയിരുത്തുന്നുണ്ടോ?

എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്ന ഒരു തീരുമാനമെന്ന് പറയുമ്പോൾ, ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ ഈ നടപടിയെ പ്രത്യേകം പരാമർശിക്കേണ്ടിവരും. മുമ്പും ഇതുപോലുള്ള നടപടികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ അതിന്റെ വ്യാപ്തിയും ശക്തിയും ഒരു കൊടുങ്കാറ്റ് പോലെ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ആർക്കും എതിർപ്പ് പറയാൻ കഴിയാത്ത തരത്തിലുള്ള ഒരു പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നു എന്നത് ശ്രദ്ധേയമാണ്.

ഇത്തരമൊരു പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നത് സർക്കാരിന്റെ വലിയ നേട്ടമായി തന്നെ കാണേണ്ടിവരും. സംഘടനാപരമായും ഭരണപരമായും മന്ത്രിയെന്ന നിലയിലും ഏറെ അനുഭവസമ്പത്തുള്ള രമേശ് ചെന്നിത്തലയെപ്പോലുള്ള ഒരാൾക്ക് ഇത്തരം നടപടികൾക്ക് നേതൃത്വം നൽകാൻ കഴിയും എന്നത് അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

മദ്യത്തിന്റെയും രാസലഹരിയുടെയും വിപത്തിനെതിരെ ശക്തമായ നടപടികൾക്ക് ആദ്യം തന്നെ മുന്നോട്ടുവന്ന നേതാക്കളിൽ ഒരാളാണ് എ.കെ. ആന്റണി. അദ്ദേഹം സ്വീകരിച്ച ചില മുൻകാല നടപടികളെക്കുറിച്ച് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. അതുപോലെയുള്ള ഒരു ശക്തമായ ഇനിഷ്യേറ്റീവായാണ് ഈ നടപടിയെയും ഞാൻ കാണുന്നത്.

ലഹരിമാഫിയ എന്നത് നിസ്സാരമായി കാണേണ്ട ഒന്നല്ല. മുമ്പ് രാഷ്ട്രീയക്കാരും അബ്കാരി മേഖലയുമായുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും ചർച്ചകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് അബ്കാരി എന്നത് പഴയ രീതിയിലുള്ള ഒരു പ്രത്യേക വിഭാഗമായി നിലനിൽക്കുന്നില്ല; മദ്യവ്യവസായം ടൂറിസം മേഖലയുമായും ഹോസ്പിറ്റാലിറ്റി മേഖലയുമായും ബന്ധപ്പെട്ടുകിടക്കുകയാണ്.

ഞാൻ ഒരു മദ്യവിരോധിയല്ല. കെ.ടി.ഡി.സി. ചെയർമാനായിരുന്ന കാലത്തെ അനുഭവത്തിൽനിന്ന് പറയുന്നതാണ്. നമ്മുടെ ഹോട്ടലുകളിലേക്ക് വിദേശ സഞ്ചാരികൾ വരുമ്പോൾ പലപ്പോഴും അവർ ആവശ്യപ്പെടുന്നത് വെള്ളം മാത്രമല്ല, ബിയർ പോലുള്ള അവരുടെ സാധാരണ പാനീയങ്ങളാണ്.

ഞാൻ എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് കോവളത്ത് എത്തുന്ന വിദേശികൾ ബിയർ കഴിക്കുന്നതിനെക്കുറിച്ച് പരാതികൾ ലഭിച്ചിരുന്നു. അത് നിരോധിക്കണമെന്ന ആവശ്യമുണ്ടായി. എന്നാൽ അമേരിക്കയിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ എത്തുന്ന വിനോദസഞ്ചാരികൾക്ക് ബിയർ അവരുടെ സാധാരണ പാനീയമാണ്. അതുകൊണ്ടുതന്നെ അത് പൂർണമായി തടയുന്നത് പ്രായോഗികമല്ലെന്നായിരുന്നു എന്റെ നിലപാട്.

നിയന്ത്രണങ്ങളോടൊപ്പം ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെങ്കിൽ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ബാറുകൾക്ക് അനുമതി നൽകേണ്ടതുണ്ട്. ഓരോ കാര്യവും ഒളിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അഞ്ച് സ്റ്റാർ സൗകര്യങ്ങളുള്ള ഒരു ഹോട്ടലിൽ ബാർ പാടില്ലെന്ന് പറയുന്നത് എത്രത്തോളം പ്രായോഗികമാണെന്നതും ചിന്തിക്കണം.

ഇന്ത്യയിൽ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. എന്നാൽ അവിടെയും നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ മദ്യം ലഭിക്കുന്നതിനെക്കുറിച്ച് പലവിധ ചർച്ചകൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ കാര്യങ്ങൾ നിയമവിധേയമാക്കുകയും അതോടൊപ്പം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. അതാണ് പ്രായോഗികമായ സമീപനം.

അമേരിക്കയിൽ ഇതിനു മുമ്പും വന്നിട്ടുണ്ടല്ലോ. ഇത്തവണ എന്തെങ്കിലും പുതിയ മാറ്റങ്ങളോ പ്രത്യേക അനുഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടോ?

എനിക്ക് യാത്രകൾ ഭയങ്കര ഇഷ്ടമാണ്. കെ.ടി.ഡി.സി. ചെയർമാനായിരുന്ന കാലത്തും അതിനു മുമ്പ് യൂത്ത് കോൺഗ്രസിന്റെ ഡെലിഗേഷനുകളോടൊപ്പവും വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
ഓരോ രാജ്യവും കാണുമ്പോഴും ഓരോ പുതിയ അനുഭവങ്ങളാണ് ലഭിക്കുന്നത്.അമേരിക്ക എന്ന് പറയുന്നത് എനിക്ക് ഒരു രാജ്യത്തിനപ്പുറം വലിയൊരു വികാരമാണ്. നിയമാനുസൃതമായി ആർക്കും അവരവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന ഒരു രാജ്യമാണ് അത്. അതുകൊണ്ട് അമേരിക്കയോട് ഞങ്ങൾക്ക് വലിയ ബഹുമാനമുണ്ട്.അതേസമയം ഇന്ത്യയോട് അതിലും വലിയ ബഹുമാനമുണ്ട്. ഇന്ത്യ ഒരു വലിയ ജനാധിപത്യ രാജ്യമാണ്. മാതൃരാജ്യം എന്ന നിലയിൽ ഇന്ത്യയ്ക്ക് നമ്മുടെയൊക്കെ മനസ്സിൽ പ്രത്യേക സ്ഥാനമുണ്ട്.

അമേരിക്കൻ മലയാളികളോട് പ്രത്യേകിച്ച് എന്താണ് പറയാനുള്ളത്?

“അമേരിക്കൻ മലയാളി” എന്ന പ്രത്യേക വിഭാഗമൊന്നില്ല എന്നാണ് എന്റെ വിശ്വാസം. കാരണം ഇന്നത്തെ ആശയവിനിമയത്തിന്റെ കാലത്ത് ലോകത്തിന്റെ ഏത് ഭാഗത്തും നടക്കുന്ന കാര്യങ്ങൾ നിമിഷങ്ങൾക്കകം നമ്മളറിയുന്നു.അടുക്കളയിൽ നിൽക്കുന്ന സഹോദരിമാർക്കുപോലും ആ നിമിഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ കഴിയുന്ന കാലമാണിത്. എല്ലാം ലൈവാണ്.അതുകൊണ്ട് പ്രത്യേകിച്ച് മലയാളിയാണെന്ന് പറയേണ്ടതില്ല. ഏറ്റവും നന്മയോടെ ജീവിക്കുക. നിങ്ങൾ ജീവിക്കുന്ന രാജ്യത്തോട് കൂറുപുലർത്തുക. അതാണ് എനിക്ക് പറയാനുള്ളത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.