VAZHITHARAKAL

(അഭിമുഖം) എന്നും നിലപാടുകൾക്കൊപ്പം : ജോസ് . കെ. മാണി എം.പി

Blog Image

കേരള രാഷ്ട്രീയത്തിൽ കെഎം മാണി എന്ന പാലാക്കാരുടെ സ്വന്തം മാണി സാർ എങ്ങനെ അടയാളപ്പെട്ടുവോ അത്രതന്നെ ഭംഗിയായി  ജോസ് കെ മാണിയും എഴുതപ്പെട്ടിരിക്കുന്നു. നിലപാടുകൾ കൊണ്ടും നാടിന് വേണ്ടിയുള്ള മുന്നേറ്റം കൊണ്ടും  ചരിത്രത്തിലെ അതേ ജനകീയത വർത്തമാന കാലത്തിലും അദ്ദേഹം നിലനിർത്തുന്നു. 
2009-ലും 2014-ലും കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നും  തെരഞ്ഞെടുക്കപ്പെട്ട്, പ്രാതിനിധ്യത്തിൻ്റെയും വികസന  പദ്ധതികളുടെയും മികച്ച ട്രാക്ക് റെക്കോർഡുള്ള എം.പിയെന്ന നിലയിൽ ജോസ്  കെ. മാണി പ്രസിദ്ധി നേടി. കോട്ടയത്തെ ഒരു   സയൻസ് സിറ്റിയായി വികസിപ്പിക്കുക, വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സ്ഥാപനങ്ങൾ കൊണ്ടുവരിക,കേരളത്തിലെ ആദ്യത്തെ  പാസ്സ്‌പോർട്ട് സേവാ കേന്ദ്രം കൊണ്ടുവരിക,റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ മുന്നോട്ട് വയ്ക്കുക തുടങ്ങിയ  നിരവധി മേഖലകളിൽ  അദ്ദേഹം സജീവമായി ഇടപെട്ടു.വികസനപരമായ ഇടപെടലുകൾക്കും ജനക്ഷേമ നയങ്ങൾക്കും മുൻതൂക്കം നൽകിയ ജോസ് കെ  മാണി, കേരള കോൺഗ്രസ് (എം) പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും, സംസ്ഥാന രാഷ്ട്രീയത്തിൽ അതിന്റെ സ്വാധീനം  വർധിപ്പിക്കാനും ഒരു അമരക്കാരനായി തന്നെ മുൻപിൽ നിൽക്കുന്നു. 

ചെന്നൈ ലയോള കോളജിൽ നിന്ന് ബി.കോം ബിരുദവും കോയമ്പത്തൂർ പി.എസ്.ജി. കോളജിൽ നിന്ന് എം.ബി.എയും നേടിയ ജോസ്   കെ. മാണി വിദ്യാർഥി കാലഘട്ടം മുതൽ തന്നെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കുടുംബത്തിൽനിന്ന്   ലഭിച്ച രാഷ്ട്രീയ പാരമ്പര്യത്തിനൊപ്പം സ്വന്തം പ്രവർത്തനശൈലിയും നിലപാടുകളും രൂപപ്പെടുത്തിയെടുത്താണ് അദ്ദേഹം കേരള   രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയത്. 

2009-ൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽനിന്ന് ആദ്യമായി പാർലമെന്റിലെത്തിയ ജോസ് കെ. മാണി 2014-ലും ലോക്സഭയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭ എം.പി ആയതിന് ശേഷം ദേശീയ രാഷ്ട്രീയത്തിലെ പാർലമെന്ററി ഇടപെടലുകൾക്കൊപ്പം കേരള  രാഷ്ട്രീയത്തിലും സജീവമായി ഇടപെട്ട അദ്ദേഹം കേരള കോൺഗ്രസ് (എം) ചെയർമാനെന്ന നിലയിലും പാർട്ടിക്ക് നേതൃത്വം  നൽകുന്നു . രാഷ്ട്രീയത്തിലെ മാറ്റങ്ങൾക്കും വെല്ലുവിളികൾക്കും ഒപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ യാത്രയിൽ പാർലമെന്ററി  പ്രവർത്തനം, കേരളത്തിന്റെ വികസനം, സാമൂഹിക വിഷയങ്ങൾ, പുതിയ തലമുറയുടെ പ്രതീക്ഷകൾ തുടങ്ങി വിവിധ മേഖലകൾ  കടന്നുവരുന്നു. രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുള്ള ജോസ് കെ. മാണിയുടെ രാഷ്ട്രീയ അനുഭവങ്ങൾക്ക് കേരളത്തിന്റെ  സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രത്യേക പ്രസക്തിയുണ്ട്.

നീണ്ട രാഷ്ട്രീയ യാത്രയിൽ നേടിയ അനുഭവങ്ങളെയും കാലത്തിനനുസരിച്ച് മാറിവരുന്ന രാഷ്ട്രീയ-സാമൂഹിക  സാഹചര്യങ്ങളെയും  സ്വന്തം കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയാണ് ജോസ് കെ. മാണി. കേരളത്തിന്റെ വികസനവും ഭാവി  രാഷ്ട്രീയവും മുതൽ പ്രവാസി മലയാളികളുടെ പങ്കാളിത്തവും മാറുന്ന കാലത്തിന്റെ പുതിയ സാധ്യതകളും വരെ വിവിധ  വിഷയങ്ങൾ ഈ സംഭാഷണത്തിൽ കടന്നുവരുന്നു. രാഷ്ട്രീയ ജീവിതത്തിലെ നിർണായക ഘട്ടങ്ങൾ, നേരിട്ട അനുഭവങ്ങൾ,  കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, കാലിക വിഷയങ്ങളിലെ നിലപാടുകൾ എന്നിവയെക്കുറിച്ച് ജോസ് കെ. മാണി  ചിക്കാഗോയിൽ കേരളാ  എക്സ്പ്രസ്സ് എക്സിക്യൂട്ടിവ് എഡിറ്റർ ജോസ് കണിയാലിയോട്  സംസാരിക്കുന്നു. 


എൽഡിഎഫ് ജനങ്ങളുടെ മനസ്സിൽനിന്ന് പടിയിറങ്ങി എന്നൊരു പൊതുവായ അഭിപ്രായമുണ്ട്. അതിൽ ശരിയുണ്ടോ? കേരള കോൺഗ്രസ് അതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

 സാധാരണയായി കേരളത്തിലെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ, അഞ്ചുവർഷം ഒരു മുന്നണി ഭരിച്ചതിനുശേഷം അടുത്ത  അഞ്ചുവർഷം മറ്റൊരു മുന്നണി അധികാരത്തിലെത്തുന്ന രീതിയാണ് കണ്ടുവരുന്നത്. ആ രാഷ്ട്രീയ പാറ്റേണിൽ മാറ്റം വരുത്തിയത്  എൽഡിഎഫാണ്. തുടർച്ചയായി പത്തുവർഷം ഭരിക്കാൻ എൽഡിഎഫിന് അവസരം ലഭിച്ചത് ജനങ്ങൾ ആ മുന്നണിയെ  സ്വീകരിച്ചതുകൊണ്ടാണ്.

കഴിഞ്ഞ പത്തുവർഷത്തിനിടെ, പ്രത്യേകിച്ച് കഴിഞ്ഞ അഞ്ചുവർഷക്കാലത്ത്, വികസന-ക്ഷേമ മേഖലകളിൽ കേരളം  മുന്നിലെത്തിയിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തൽ. ദീർഘകാലാടിസ്ഥാനത്തിലുള്ള വലിയ പദ്ധതികൾ മുതൽ  ജനജീവിതവുമായി  നേരിട്ട് ബന്ധപ്പെട്ട പദ്ധതികൾ വരെ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞു. തീരദേശ ഹൈവേ,  മലയോര ഹൈവേ,  ദേശീയപാത വികസനം, വിഴിഞ്ഞം തുറമുഖം, മെട്രോ പദ്ധതികൾ, ഇൻഫോപാർക്ക്, ടെക്നോപാർക്ക്, സ്റ്റാർട്ടപ്പ്  മേഖലയുടെ വളർച്ച  തുടങ്ങി നേരത്തെ സാധ്യമാകില്ലെന്ന് കരുതിയിരുന്ന പല പദ്ധതികളും യാഥാർഥ്യമായി. ആരോഗ്യ-വിദ്യാഭ്യാസ  മേഖലകളിലെ  അടിസ്ഥാന സൗകര്യ വികസനവും ശ്രദ്ധേയമാണ്. കേരളത്തിന്റെ മാനവ വികസന സൂചികയുമായി ബന്ധപ്പെട്ട  നേട്ടങ്ങളും ഇതോടൊപ്പം കാണേണ്ടതാണ്.

എന്നാൽ പത്തുവർഷത്തെ ഭരണത്തിന് ശേഷം സ്വാഭാവികമായി ഉണ്ടാകാവുന്ന ഭരണവിരുദ്ധ വികാരവും ഇവിടെ പരിഗണിക്കണം . അഞ്ചുവർഷം കഴിയുമ്പോൾ മാറ്റം വേണമെന്നത് കേരളത്തിലെ വോട്ടർമാരുടെ ഒരു പൊതുവായ ശീലമായി നിലനിന്നിരുന്നു.  അതിൽ ഇത്തവണ മാറ്റം സംഭവിച്ചു. ഒരു മുന്നണി വിജയിച്ചു എന്നതിനപ്പുറം, മുന്നണികൾക്കും പാർട്ടികൾക്കും പുറത്തുള്ള  ജനവിഭാഗങ്ങളുടെ വോട്ടുകൾ എങ്ങോട്ടാണ് മാറിയത് എന്നതും പ്രധാനമാണ്. പലപ്പോഴും സ്ഥാനാർഥിയുടെ വ്യക്തിഗത  മികവിനേക്കാൾ മുന്നണി എന്ന നിലയിലാണ് വോട്ടർമാർ തീരുമാനമെടുക്കുന്നത്. ഇത്തവണയും അത്തരമൊരു രാഷ്ട്രീയ  മനോഭാവത്തിന്റെ പ്രതിഫലനമാണ് ഉണ്ടായതെന്ന് ഞാൻ കരുതുന്നു. 

അതേസമയം, എൽഡിഎഫിന്റെ ഭരണകാലത്തെ വികസന-ക്ഷേമ പ്രവർത്തനങ്ങളെ ജനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു എന്ന്  ഇതിനെ കാണാനാകില്ല. ചില കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ജനങ്ങളുടെ മനസ്സിൽ മാറ്റത്തിനുള്ള ആഗ്രഹം  ഉണ്ടായതാണ് പ്രധാനമായും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് ഞാൻ കരുതുന്നു. 

പുതിയ സർക്കാരിന്റെ ആദ്യ നൂറുദിവസത്തെ ഭരണത്തിൽ തന്നെ പല പോരായ്മകളും ഉയർന്നുവന്നിട്ടുണ്ട്. വിലക്കയറ്റം  ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ജനങ്ങൾക്ക് അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ ഇനിയും  അവസരമുണ്ട്. ജനങ്ങൾ തന്നെ കാര്യങ്ങൾ പരിശോധിച്ച് തീരുമാനിക്കട്ടെ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റങ്ങൾ  ഉണ്ടാകുമെന്നും എൽഡിഎഫ് കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും ഞാൻ പൂർണമായി വിശ്വസിക്കുന്നു. 

പ്രതിസന്ധിഘട്ടങ്ങളിൽ എൽഡിഎഫിനൊപ്പം നിൽക്കാനാണ് കേരള കോൺഗ്രസ് ശ്രമിച്ചത്. അത്രമാത്രം പരിഗണന ഇന്ന് കേരള  കോൺഗ്രസിന് എൽഡിഎഫിൽ നിന്ന് ലഭിക്കുന്നുണ്ടോ?

 യുഡിഎഫ് ഞങ്ങളെ പുറത്താക്കിയതിനുശേഷമാണ് കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമായത്. ആ ഘട്ടത്തിൽ  എൽഡിഎഫ് ഞങ്ങളെ ചേർത്തുപിടിക്കുകയും അംഗീകാരം നൽകുകയും ചെയ്തു. അതിനുശേഷം ഭരണത്തിന്റെ വിവിധ  ഘട്ടങ്ങളിൽ കേരള കോൺഗ്രസിന് ഇടപെടാനും പല വിഷയങ്ങളിലും നിലപാട് മുന്നോട്ടുവയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. 

വന്യമൃഗശല്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിയമസഭയിൽ  നിയമം പാസാക്കാൻ കഴിഞ്ഞു. ബഫർ സോൺ വിഷയത്തിലും കേരള കോൺഗ്രസ് ശക്തമായി ഇടപെട്ടു. ഞങ്ങൾ മുന്നോട്ടുവച്ച  നിർദേശങ്ങൾക്കനുസരിച്ചാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടത്. 

മുനമ്പം വിഷയത്തിലും കേരള കോൺഗ്രസ് തന്നെയാണ് ആദ്യഘട്ടത്തിൽ ഇടപെട്ടത്. ഞാൻ നേരിട്ട് അവിടെയെത്തി കാര്യങ്ങൾ  മനസ്സിലാക്കുകയും ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും ചെയ്തു. പിന്നീട് അവിടത്തെ വൈദികരും ദേശീയ കൗൺസിൽ  പ്രതിനിധികളും പാലായിലെ എന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുകയും ചില  കാര്യങ്ങളിൽ പ്രതീക്ഷ നൽകുന്ന ഉറപ്പുകൾ ലഭിക്കുകയും ചെയ്തു. 

റബർ കർഷകരുടെ പ്രശ്നങ്ങൾ, നെൽകർഷകരുടെ വിഷയങ്ങൾ, റേഷൻ കാർഡ്, പെൻഷൻ, സാമ്പത്തികമായി പിന്നാക്ക  വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം, ന്യൂനപക്ഷ വിഷയങ്ങൾ തുടങ്ങി വിവിധ മേഖലകളിലും കേരള കോൺഗ്രസ്  ഇടപെട്ടിട്ടുണ്ട്. ബേബി കോശി കമ്മീഷൻ രൂപീകരിക്കുന്നതിലും കേരള കോൺഗ്രസ് ഇടപെടൽ നടത്തിയിരുന്നു. ഈ വിഷയങ്ങളിൽ  പലതിലും തുടർനടപടികൾ സ്വീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. 

ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ കേരള കോൺഗ്രസിന്റെ ആവശ്യങ്ങളും നിലപാടുകളും പരിഗണിച്ചുകൊണ്ടാണ്   മുന്നോട്ടുപോയിട്ടുള്ളത്. എന്നാൽ അതിന്റെ ക്രെഡിറ്റ് കേരള കോൺഗ്രസിന് മാത്രമായി അവകാശപ്പെടാനോ അതിന്റെ പേരിൽ  പ്രചാരണം നടത്താനോ ഞങ്ങൾ ശ്രമിച്ചിട്ടില്ല. അത് എൽഡിഎഫിന്റെ കൂട്ടായ നേട്ടമായി തന്നെ നിലനിൽക്കണമെന്നാണ് ഞങ്ങളുടെ  നിലപാട്. 

കേരള കോൺഗ്രസ് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചാൽ അതിനൊപ്പം ഉറച്ചുനിൽക്കുക എന്നത് പ്രധാനമാണ്. മുന്നണിയുടെ  ഉയർച്ചയിലും താഴ്ചയിലും അതിനൊപ്പം നിൽക്കുക എന്നത് രാഷ്ട്രീയ ധാർമികതയുടെ ഭാഗമായാണ് ഞങ്ങൾ കാണുന്നത്. ആ  നിലപാടാണ് കേരള കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. 

പ്രതിപക്ഷം എന്ന നിലയിൽ എൽഡിഎഫ് ഇപ്പോൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടുണ്ടോ? കേരള കോൺഗ്രസിന്റെ നിലപാട്  എന്താണ്?

 എൽഡിഎഫ് കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. പ്രത്യക്ഷമായ സമര പരിപാടികളിലേക്ക് പോകുന്നതിന് നിരവധി  കാരണങ്ങളുണ്ട്. എന്നാൽ ഇപ്പോൾ തന്നെ സമരപരിപാടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് ഞങ്ങളുടെ നിലപാട്. യുഡിഎഫ്  സർക്കാരിന് പ്രവർത്തിക്കാൻ ആവശ്യമായ സമയം നൽകണം. അധികാരത്തിലെത്തി ഇപ്പോൾ മാത്രമാണ് ഓരോ മന്ത്രിമാരും  അവരുടെ വകുപ്പുകളുടെ പ്രവർത്തനങ്ങളിലേക്ക് കടന്നുവരുന്നത്. അതുകൊണ്ട് കുറച്ചുകാലം കാത്തിരുന്ന് കാര്യങ്ങൾ  വിലയിരുത്തുകയാണ് വേണ്ടത്. 

അതേസമയം, നിരവധി വിഷയങ്ങൾ നമ്മുടെ മുന്നിലുണ്ട്. അവ പ്രതിപക്ഷം ഏറ്റെടുക്കുകയും ആവശ്യമായ ഇടപെടലുകൾ  നടത്തുകയും ചെയ്യും. ഉദാഹരണത്തിന്, പത്തുവർഷത്തോളം കേരളത്തിൽ പവർകട്ട് ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട  കാര്യമാണ്. പത്തുവർഷം മുമ്പ് അഞ്ചാം ക്ലാസിലോ ഏഴാം ക്ലാസിലോ പഠിച്ചിരുന്ന ഒരു കുട്ടിക്ക് ഇന്ന് ഇരുപതിലേറെ  വയസ്സായിരിക്കാം. പവർകട്ട് എന്താണെന്ന് പോലും അറിയാതെ വളർന്ന ഒരു തലമുറയാണ് ഇപ്പോൾ വീണ്ടും വൈദ്യുതി നിയന്ത്രണം  അനുഭവിക്കുന്നത്. 

അതുപോലെ നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും വലിയ വിഷയമാണ്. അരി, പച്ചക്കറി തുടങ്ങി സാധാരണക്കാരുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട സാധനങ്ങളുടെ വില കുത്തനെ ഉയരുന്ന സാഹചര്യമുണ്ട്. ഇത്തരത്തിൽ നിരവധി വിഷയങ്ങൾ ഇന്ന് ജനങ്ങളുടെ മുന്നിലുണ്ട്.

യുഡിഎഫ് ഈ വിഷയങ്ങളിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കട്ടെയെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ സമയാസമയങ്ങളിൽ പ്രതിപക്ഷം എന്ന നിലയിൽ എന്തെല്ലാം ഇടപെടലുകളാണ് ആവശ്യമെന്ന് പരിശോധിച്ച്, ജനങ്ങളുടെ താൽപര്യം മുൻനിർത്തി ആവശ്യമായ നടപടികളുമായി എൽഡിഎഫ് മുന്നോട്ടുവരും.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് പാർട്ടിയുടെ ഇപ്പോഴത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ ലക്ഷ്യം എന്താണ്?

 രാഷ്ട്രീയം എപ്പോഴും മാറിമറിഞ്ഞുകൊണ്ടിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾക്ക്  വിജയിക്കാൻ കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. ആ ജനവിധിയെ ഞങ്ങൾ മാനിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വിശദമായി  പരിശോധിക്കുമ്പോൾ മധ്യതിരുവിതാംകൂറിലെ പല മണ്ഡലങ്ങളിലും കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾ വളരെ ചെറിയ  ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാർ, പാലാ തുടങ്ങിയ മണ്ഡലങ്ങളിൽ ഏതാനും ആയിരം  വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയം സംഭവിച്ചത്.  

കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾക്ക് 3,500 മുതൽ 4,000 വരെ അധിക വോട്ടുകൾ ലഭിച്ചിരുന്നെങ്കിൽ പല മണ്ഡലങ്ങളിലും  ഫലം വ്യത്യസ്തമായേനെയെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ പാർട്ടിയുടെ സംഘടനാ അടിത്തറ  ശക്തമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുകയും  താഴെത്തട്ടിൽനിന്ന് പ്രവർത്തനം സജീവമാക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. 

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് പരാജയവും സംഘടനാപരമായ കാര്യങ്ങളും വിശദമായി  വിലയിരുത്തുന്നതിനായി ഇതിനകം തന്നെ വിവിധ തലങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒൻപത് ജില്ലകളിൽ സ്റ്റിയറിങ്  കമ്മിറ്റി, സെക്രട്ടേറിയറ്റ്, ഉന്നതാധികാര സമിതി, പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ,  നിയോജകമണ്ഡലം ജനറൽ ബോഡി യോഗങ്ങളും ചേർന്നു. ഇതിനു പുറമെ ചെയർമാൻ എന്ന നിലയിൽ മണ്ഡലം പ്രസിഡന്റുമാർ,  നിയോജകമണ്ഡലം പ്രസിഡന്റുമാർ, ഓഫീസ് സ്റ്റാഫ്, സെക്രട്ടറിമാർ, ജില്ലാ-സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ  എന്നിവരെ പങ്കെടുപ്പിച്ചുള്ള വിപുലമായ സംഘടനാ അവലോകന യോഗങ്ങളും ഒൻപത് ജില്ലകളിൽ പൂർത്തിയാക്കി. 

ശേഷിക്കുന്ന നാല്-അഞ്ച് ജില്ലകളിലെ സംഘടനാ അവലോകനവും ഉടൻ പൂർത്തിയാക്കും. ഒക്ടോബർ നാലോടെ ഈ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒക്ടോബർ ഒമ്പതിനാണ് കേരള കോൺഗ്രസിന്റെ ജന്മദിനം. അന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഘടനാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വിശദമായ പ്രവർത്തനരേഖ അവതരിപ്പിക്കും. താഴെത്തട്ടുമുതൽ സംസ്ഥാനതലം വരെയുള്ള സംഘടനാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് അതോടെ തുടക്കം കുറിക്കും.

കേരള കോൺഗ്രസിൽ ഇപ്പോൾ എൽഡിഎഫിലും യുഡിഎഫിലുമായി വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ടല്ലോ. ഇവരെല്ലാം ഒരുമിച്ച് പോകാനുള്ള എന്തെങ്കിലും സാധ്യതകൾ ഉണ്ടോ?

 അതിനെക്കുറിച്ച് ഇപ്പോൾ നമ്മൾ ഒരു ചർച്ച നടത്തിയിട്ടില്ല. പക്ഷേ യോജിക്കാനുള്ള ഇടങ്ങൾ തീർച്ചയായും ഉണ്ടല്ലോ. കേരള  കോൺഗ്രസിന്റെ ചരിത്രത്തിൽ പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളത്, ഒരു വിഷമഘട്ടം വരുമ്പോൾ ഒരു ആശ്രയം വേണമെന്ന  ആഗ്രഹത്തോടെ കേരള കോൺഗ്രസിലേക്ക് ലയിച്ചുവരുന്ന സാഹചര്യമാണ്. എന്നാൽ ആശ്രയം കിട്ടുകയും കുറച്ച് കരുത്ത്  ലഭിക്കുകയും ചെയ്താൽ ഉടൻ തന്നെ തിരിച്ചുപോകുന്ന ഒരു മനോഭാവവും പലപ്പോഴും ഉണ്ടായിട്ടുണ്ട്. 

അങ്ങനെയുള്ള ഒരു മനോഭാവത്തോടുകൂടി യോജിച്ചാൽ ഒരിക്കലും അത് ശരിയാകില്ല. യോജിപ്പിന്റെ മനോഭാവം എന്നു പറയുന്നത്  വീഴ്ചയിലും ഉയർച്ചയിലും എല്ലാം ഒരുമിച്ച് നിൽക്കുക എന്നതാണ്. അങ്ങനെ ഒരുമിച്ച് നിൽക്കാൻ കേരള കോൺഗ്രസിന്റെ ആധാരം  എന്നു പറയുന്നത് കേരള കോൺഗ്രസ് എമ്മും മാണി സാറിന്റെ പാരമ്പര്യവുമാണ്. അവർ  മുമ്പ് പി. ജെ. ജോസഫുമായി  പിരിഞ്ഞുപോയിട്ടുള്ളതാണ്. അവരുടെ വിഷമഘട്ടത്തിൽ ആരുമില്ലാതിരുന്ന ഒരു സമയവും ഉണ്ടായിട്ടുണ്ട്. 

അതുകൊണ്ട് വീണ്ടും ലയിക്കുകയും കുറച്ച് കാലം കഴിഞ്ഞ് വേർപിരിയുകയും ചെയ്യുന്ന രീതിയല്ല വേണ്ടത്. ഒരു വിശാലമായ കാഴ്ചപ്പാടോടെയും നല്ല മനോഭാവത്തോടെയും ആരെങ്കിലും മുന്നോട്ടുവന്നാൽ അവരെ സ്വീകരിക്കുക എന്നതാണ് വേണ്ടത്. അതിൽ എനിക്ക് വ്യക്തിപരമായി യാതൊരു ഈഗോ പ്രശ്നവുമില്ല.

പക്ഷേ ആരെയെങ്കിലും ചെറുതായി കാണുക, വേണ്ടത്ര പരിഗണന നൽകാതിരിക്കുക, അല്ലെങ്കിൽ തങ്ങൾക്ക് കുറച്ച് കരുത്ത് ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ വിട്ടുപോകുക എന്ന മനോഭാവം ഉണ്ടാകാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ നേരത്തെയുണ്ടായിരുന്ന ശക്തിയും പുതിയതായി ലഭിച്ച ശക്തിയും ഒരുമിച്ച് ദുർബലമാകുന്ന സ്ഥിതിയാകും ഉണ്ടാകുക.

അതുകൊണ്ട് ആത്മാർത്ഥമായും പരസ്പര ബഹുമാനത്തോടെയും ദീർഘകാലം ഒരുമിച്ച് നിൽക്കാനുള്ള മനോഭാവത്തോടെയുമുള്ള ഒരു യോജിപ്പാണ് ഉണ്ടാകേണ്ടത്.

കേരളത്തിലെ ബിഷപ്പുമാരുടെ വലിയ ആഗ്രഹമാണ് കത്തോലിക്കാ സംഘടനകളെപ്പോലെ കേരള കോൺഗ്രസ് വിഭാഗങ്ങളും രാഷ്ട്രീയമായും ഒന്നിക്കണമെന്നത്. അതിനുവേണ്ടിയുള്ള എന്തെങ്കിലും ശ്രമങ്ങൾ ഇപ്പോൾ ഉണ്ടാകുന്നുണ്ടോ?

 ഞാൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. കേരള കോൺഗ്രസ് എന്നു പറയുമ്പോൾ അടിസ്ഥാനപരമായി എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും അതിനകത്തുണ്ട്. അതിൽ ക്രൈസ്തവ സമൂഹത്തിൽ നിന്നുള്ള വലിയൊരു വിഭാഗവും ഉണ്ടെന്നത് വസ്തുതയാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്ന ആഗ്രഹം എല്ലാവർക്കുമുണ്ട്. ആ ആഗ്രഹത്തോട് ഞങ്ങൾക്ക് യാതൊരു വിയോജിപ്പുമില്ല.

പക്ഷേ ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, കേരള കോൺഗ്രസിന്റെ ആധാരവും ഫൗണ്ടേഷനും കേരള കോൺഗ്രസ് എമ്മും മാണി സാറിന്റെ രാഷ്ട്രീയ പാരമ്പര്യവുമാണ്. അതിന്റെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കുകയാണ്. ആർക്കുവേണമെങ്കിലും കടന്നുവരാം.

പക്ഷേ അതിനുപിന്നിൽ മറ്റൊരു താൽപര്യവും ഉണ്ടാകരുത്. ഒരുമിച്ച് നിൽക്കുക, ഒരുമിച്ച് പ്രവർത്തിക്കുക, കേരളത്തിന്റെ പൊതുതാൽപര്യത്തിനായി ഒരുമിച്ച് മുന്നോട്ടുപോകുക എന്നതായിരിക്കണം ഉദ്ദേശ്യം. അതാണ് പ്രധാനപ്പെട്ടത്.


ഈ അമേരിക്കൻ യാത്രയിലൂടെ അമേരിക്കൻ മലയാളികളുടെ ജീവിതരീതിയെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ. അമേരിക്കൻ മലയാളികൾക്ക് നൽകാനുള്ള സന്ദേശം എന്താണ്?

അമേരിക്കയിൽ എത്തിയിരിക്കുന്ന മലയാളികളിൽ 99 ശതമാനം പേരും നമ്മുടെ നാട്ടിൽ ലഭ്യമല്ലാത്ത നല്ല അവസരങ്ങൾ തേടിയാണ് വിദേശത്തേക്ക് വന്നത്. കഠിനാധ്വാനത്തിലൂടെ വലിയ നേട്ടങ്ങൾ കൈവരിച്ച് നല്ല നിലയിലെത്തിയവരാണ് ഭൂരിഭാഗവും. ഇന്ന് നിരവധി മലയാളികൾ അമേരിക്കയിൽ മികച്ച നിലവാരത്തിലുള്ള ജീവിതം നയിക്കുന്നുണ്ട്. അതോടൊപ്പം സംരംഭക മേഖലയിലും വിവിധ തൊഴിൽ മേഖലകളിലും വലിയ നേട്ടങ്ങൾ കൈവരിച്ചവരും അവിടെയുണ്ട്. 

പ്രവാസി മലയാളികളിൽ പലരും കേരളത്തിലേക്ക് പണം നിക്ഷേപിക്കണമെന്ന ആഗ്രഹമുള്ളവരാണ്. കേരളത്തിലെ നിക്ഷേപ  അന്തരീക്ഷത്തെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങളും പരാതികളും ഉണ്ടായേക്കാം. എന്നാൽ ആ സാഹചര്യങ്ങളിൽ വലിയ  മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തായാലും ഇന്ന് നമുക്ക് ഏറ്റവും ആവശ്യമുള്ളത് പണം മാത്രമല്ല. നോളജും ഇന്നൊവേഷനുമാണ്. 

അമേരിക്കയിലുള്ള മലയാളികൾക്ക് കേരളം നന്നാകണം എന്ന വലിയ ആഗ്രഹമുണ്ട്. ആ മനോഭാവത്തെ കേരളത്തിന്റെ  വികസനത്തിനായി കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. പണം കേരളത്തിലേക്ക് വന്നു, അതിലൂടെ നിക്ഷേപങ്ങൾ  ഉണ്ടായി. നിക്ഷേപങ്ങളിലൂടെ സംരംഭങ്ങൾ വളർന്നു, സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇനി ഈ വളർച്ച  അടുത്ത ഘട്ടത്തിലേക്ക് പോകണം. അത് ഇന്നൊവേഷനിലേക്കും നോളജിലേക്കും എത്തണം. 

അമേരിക്കയിൽ ഇന്ന് വലിയ കമ്പനികളിലും വിവിധ ഉന്നത മേഖലകളിലും പ്രവർത്തിക്കുന്ന നിരവധി മലയാളികളുണ്ട്. അവർ  ആർജിച്ച അറിവും വൈദഗ്ധ്യവും അനുഭവസമ്പത്തും കേരളത്തിലേക്ക് കൊണ്ടുവരാൻ നമുക്ക് കഴിയണം. കേരളത്തിലെ പലർക്കും  ഇപ്പോഴും അത്ര പരിചിതമല്ലാത്ത പുതിയ സാങ്കേതികവിദ്യകളും മാനേജ്മെന്റ് രീതികളും സംരംഭകത്വത്തിലെ പുതിയ  ആശയങ്ങളും അവരിലൂടെ കേരളത്തിലേക്ക് എത്തിക്കാനാകും .

അതുകൊണ്ട് ഞാൻ പറയുന്ന നിക്ഷേപം പണം മാത്രം നിക്ഷേപിക്കുന്നതല്ല. അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും ഇന്നൊവേഷന്റെയും നിക്ഷേപം കൂടിയാണ്. അമേരിക്കൻ മലയാളികൾ ആർജിച്ച അറിവും അനുഭവസമ്പത്തും കേരളത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ കേരളത്തിന് കൂടുതൽ മുന്നോട്ട് പോകാൻ കഴിയും. അതാണ് അമേരിക്കൻ മലയാളികളോട് എനിക്ക് പറയാനുള്ള പ്രധാന സന്ദേശം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.