VAZHITHARAKAL

മോൺ. പീറ്റർ ഊരാളിൽ : പകരംവെക്കാനില്ലാത്ത മഹാവ്യക്തിത്വം

Blog Image

കേരളത്തിന്റെ ആയിരക്കണക്കിന് വേദികളിൽ മുഴങ്ങിയ ആ ശബ്ദഗാംഭീര്യം നിലച്ചിട്ട് കാൽനൂറ്റാണ്ട്.

കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് വേദികളിൽ പതിറ്റാണ്ടുകളോളം ഘനഗംഭീരമായി മുഴങ്ങിക്കേട്ട ആ ശബ്ദം നിലച്ചിട്ട് കാൽനൂറ്റാണ്ട് തികയുകയാണ്. പള്ളികളിൽ വികാരിയായിരുന്ന കാലത്തുമാത്രമല്ല, അധ്യാപകനായും ഹെഡ്മാസ്റ്ററായും കോളേജ് പ്രിൻസിപ്പലായും പള്ളി തിരുനാളുകളിലും ധ്യാനവേദികളിലും കൺവെൻഷനുകളിലും വിവിധ പൊതുപരിപാടികളിലുമെല്ലാം ആ ശബ്ദം ഒരുപോലെ മുഴങ്ങിക്കേട്ടിരുന്നു. മോൺ. പീറ്റർ ഊരാളിൽ അച്ചന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത ഇന്നും നികത്തപ്പെട്ടിട്ടില്ല. ആ വ്യക്തിത്വത്തിന് പകരക്കാരനായി മറ്റൊരാൾ ഉണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം. നികത്താനാവാത്ത ഒരിടം ഇന്നും അവശേഷിക്കുന്നു.

1920-ൽ മോനിപ്പള്ളി ഗ്രാമത്തിൽ ജനിച്ച അദ്ദേഹം മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ മെത്രാനിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. ലഭിക്കുന്ന വേദികൾ കയ്യടക്കുക മാത്രമല്ല, മറ്റുള്ളവർക്കുകൂടി വേദികൾ സൃഷ്ടിച്ചുകൊടുക്കുന്ന മികച്ച സംഘാടകൻ കൂടിയായിരുന്നു ഊരാളിലച്ചൻ. "ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം?" (വിശുദ്ധ മത്തായി 16:26) എന്ന ബൈബിൾ വാക്യം അച്ചൻ പ്രസംഗിക്കുമ്പോൾ, അതിന്റെ അവസാനഭാഗമായ "നിനക്ക് എന്ത് പ്രയോജനം?" എന്ന ചോദ്യം സദസ്സിന്റെ മനസ്സാക്ഷിയെ നേരിട്ട് സ്പർശിക്കുന്ന വിധത്തിൽ അവതരിപ്പിക്കുമായിരുന്നു.

1948-ൽ പൗരോഹിത്യശുശ്രൂഷയിൽ പ്രവേശിച്ചതു മുതൽ ഭക്തസംഘടനാ പ്രവർത്തനങ്ങളിലായിരുന്നു അച്ചന്റെ സജീവമായ ഇടപെടൽ. "ഞാൻ പള്ളിയിൽ ജോലി ചെയ്തിരുന്ന കാലത്ത്" എന്നു പറഞ്ഞ് ചില വൈദികർ തങ്ങളുടെ ഭൂതകാലത്തെ ഓർത്തെടുക്കുമ്പോൾ, വികാരിയായിരിക്കുക എന്നത് ഒരു ജോലി അല്ലന്നും അജപാലനമെന്നത് ദൈവവിളിയും വിശ്വസ്തമായ ശുശ്രൂഷയുമാണെന്നും ഊരാളിലച്ചൻ ജീവിതംകൊണ്ട് പഠിപ്പിച്ചു. അധ്യാപകനായിരുന്ന അദ്ദേഹം അധ്യാപനത്തെക്കുറിച്ച് പറഞ്ഞിരുന്നത് അതൊരു വ്യവസ്ഥയാണെന്നും തൊഴിലായി മാത്രം കാണാതെ ജീവിതചര്യയായി സ്വീകരിക്കണമെന്നുമായിരുന്നു.

ഏൽപ്പിക്കുന്ന കാര്യങ്ങൾ വിശ്വസ്തതയോടെയും ഉത്തരവാദിത്വബോധത്തോടെയും പൂർണതയിലെത്തിക്കുന്നതിൽ അച്ചൻ പുലർത്തിയിരുന്ന മികവാണ് പുതിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുമ്പോൾ അധികാരികൾ ആദ്യം പരിഗണിക്കുന്ന വ്യക്തിയായി അദ്ദേഹത്തെ മാറ്റിയത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കോട്ടയം സന്ദർശനവുമായി ബന്ധപ്പെട്ട കമ്മിറ്റി കൺവീനറായി ആറു മെത്രാന്മാരും ഏകകണ്ഠമായി നിർദേശിച്ച പേരും ഊരാളിലച്ചന്റേതായിരുന്നു.

അരനൂറ്റാണ്ടിലധികം നീണ്ട അച്ചന്റെ ശുശ്രൂഷാകാലത്ത് കോട്ടയം അതിരൂപതയിൽ നടന്ന മിക്കവാറും എല്ലാ പ്രധാന പരിപാടികളുടെയും സംഘാടനച്ചുമതല അദ്ദേഹത്തിനായിരുന്നു. കോട്ടയം ക്നാനായ അതിരൂപതയിൽ ഊരാളിലച്ചനെപ്പോലെ ഇത്രയധികം ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് വിജയകരമായി നിർവഹിച്ച മറ്റൊരു വൈദികൻ ഉണ്ടായിരുന്നില്ലെന്നു തന്നെ പറയാം. ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ മറഞ്ഞിരിക്കുന്ന അച്ചന്റെ ജീവിതം കോട്ടയം അതിരൂപതയിലെ മഹാന്മാരായ വൈദികരുടെ നിരയിലേക്ക് അദ്ദേഹത്തെ ഉയർത്തി. സ്ഥാനമാനങ്ങൾതേടിപോകേണ്ട ഒരു ശൂന്യത അച്ചൻ്റെ ജീവിതത്തിൽ ഉണ്ടാകാത്ത പ്രൗഢമായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്. 

തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കിയ ജനദ്രോഹ നടപടികളിൽ മനംനൊന്ത് ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങിയ വിമോചനസമരത്തിലൂടെയാണ് അച്ചന്റെ പൊതുപ്രവർത്തനരംഗത്തെ സജീവ സാന്നിധ്യം ശ്രദ്ധേയമാകുന്നത്. ആ സമരവേദികളിൽ തീപാറുന്ന പ്രസംഗങ്ങളിലൂടെ അദ്ദേഹം തന്റെ നിലപാടുകൾ ശക്തമായി അവതരിപ്പിച്ചു. എന്നാൽ പൊതുപ്രവർത്തനത്തിന്റെ ദീർഘമായ കാലയളവിൽ പരാതിയോ നിരാശയോ പരിഭവമോ അദ്ദേഹത്തെ കീഴടക്കിയില്ല. വിമർശനങ്ങൾക്കും ചതികൾക്കും പ്രതികാരചിന്തകൾക്കും ഇടംനൽകാതെ, ദൈവപരിപാലനയിൽ പൂർണമായി വിശ്വസിച്ച് വിനീതവിധേയനായി ജീവിച്ച വ്യക്തിയായിരുന്നു മോൺ.പീറ്ററച്ചൻ.

പുനരൈക്യ പ്രസ്ഥാനത്തോടും അച്ചന് വലിയ താൽപര്യമായിരുന്നു. മലങ്കര പുനരൈക്യത്തിന്റെ സുവർണജൂബിലി ആഘോഷവേളയിൽ പുനരൈക്യറാലി ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്ക് നേതൃത്വം നൽകിയത് പീറ്ററച്ചനായിരുന്നു. ചുക്കില്ലാത്ത കഷായമില്ലെന്ന പഴമൊഴിപോലെ, ഊരാളിൽ പീറ്ററച്ചൻ മുൻനിരയിൽ നിൽക്കാത്ത പരിപാടികൾ ആ അരനൂറ്റാണ്ടുകാലത്ത് വളരെ വിരളമായിരുന്നു.

ഇടവക വികാരിയുടെ ശുശ്രൂഷയുടെ കലപ്പയിൽ കൈവെച്ചശേഷം മറ്റൊരു ദിശയിലേക്കും തിരിഞ്ഞുനോക്കാത്തവരാണ് "ജനിച്ച വൈദികർ" എന്ന വിശേഷണത്തിന് അർഹരായവർ. എന്നാൽ ഇടവക വൈദികന്റെ ജീവിതംപോലെ സേവനത്തിനുള്ള അവസരങ്ങൾകൊണ്ട് സമ്പന്നമായ മറ്റൊരു ജീവിതമില്ലന്ന് അച്ചന്റെ പ്രവർത്തനങ്ങൾ തെളിയിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള വിവിധ ഓർമ്മകളും അനുഭവങ്ങളും ഒരുമിച്ചുവായിക്കുമ്പോഴാണ് ഊരാളിലച്ചൻ എന്ന മഹാവ്യക്തിത്വത്തിന്റെ യഥാർഥ രൂപം പിൻതലമുറയ്ക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നത്.

അദ്ദേഹം വഹിച്ച ഉത്തരവാദിത്വങ്ങളുടെയും പ്രവർത്തനമേഖലകളുടെയും പട്ടികതന്നെ ആ ബഹുമുഖ വ്യക്തിത്വത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നതാണ്.ഇടവക വികാരി, അധ്യാപകൻ, ഹെഡ്മാസ്റ്റർ, കോളേജ് ലക്ചറർ, ഉഴവൂർ കോളേജ് പ്രിൻസിപ്പൽ, വൈദികർക്കുവേണ്ടിയുള്ള പ്രൊവിഡന്റ് ഫണ്ടിന്റെ സ്ഥാപക സെക്രട്ടറിയും പ്രസിഡന്റും, മോനിപ്പള്ളി എം.യു.എം. ആശുപത്രിയുടെ സ്ഥാപക ഡയറക്ടർ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് പ്രിൻസിപ്പൽ, കോട്ടയം രൂപതാ മതബോധന കമ്മീഷൻ ചെയർമാൻ, രൂപതാ ഭക്തസംഘടനാ കമ്മീഷൻ ചെയർമാൻ, കേരള പ്രൈവറ്റ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി, സി.ബി.സി.ഐ. വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി, കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി, ചൈതന്യ പാസ്റ്ററൽ സെന്ററിന്റെ സ്ഥാപക ഡയറക്ടർ, രൂപതാ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ, തിരുഹൃദയക്കുന്ന് മൈനർ സെമിനാരിയുടെ സ്പിരിച്വൽ ഡയറക്ടർ, തൂവാനീസ ധ്യാനകേന്ദ്രം ഡയറക്ടർ, അഖിലകേരള ചെറുപുഷ്പ മിഷൻ ലീഗിന്റെ സ്ഥാപക ഡയറക്ടർ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉത്തരവാദിത്വങ്ങളാണ് അദ്ദേഹം നിർവഹിച്ചത്.

വിശ്രമജീവിതം നയിക്കുന്ന വൈദികർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മുന്നിൽനിന്ന് പദ്ധതികൾ തയ്യാറാക്കിയതും അദ്ദേഹമായിരുന്നു. യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റിന് തുടക്കമിട്ടു. സെന്റ് വിൻസെന്റ് ഡി പോൾ സംഘടനയുടെ ആത്മീയ ഉപദേഷ്ടാവായി പ്രവർത്തിച്ചു. ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെ വചനപ്രഘോഷകനും സഹകാരിയുമായി. നവജീവനിലെ പി.യു. തോമസുമായി ചേർന്ന് ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായി. കോട്ടയത്തെ വിവിധ ക്രൈസ്തവസഭകളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിലും അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഈ മേഖലകളിലെല്ലാം ഫാദർ പീറ്റർ ഊരാളിലിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

പീറ്ററച്ചൻ തന്റെ ജന്മദിനം ആഘോഷിച്ചിരുന്നില്ല. എന്നാൽ പൗരോഹിത്യം സ്വീകരിച്ച ദിനം ആഘോഷമാക്കുമായിരുന്നു. അതിന്റെ കാരണമായി തമാശരൂപത്തിൽ അദ്ദേഹം പറയാറുണ്ടായിരുന്നത്: "എന്റെ അനുവാദമില്ലാതെ ഞാൻ ജനിച്ചതിന്റെ ആഘോഷം എന്തിന്? എന്നാൽ ബോധപൂർവം ഞാൻ തിരഞ്ഞെടുത്ത പൗരോഹിത്യം ആഘോഷിക്കേണ്ടതല്ലേ?" എന്നായിരുന്നു. ഇത്തരം കല്ലുവെച്ച തമാശകൾ അച്ചനോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും പറയാനുണ്ടാകും.

അച്ചന്റെ പൗരോഹിത്യജൂബിലി ആഘോഷത്തിലും അദ്ദേഹത്തിന്റെ ജീവിതദർശനം പ്രതിഫലിച്ചു. ആഘോഷങ്ങൾക്കായി പണം ചെലവഴിക്കുന്നതിനുപകരം ഒരു ലക്ഷം രൂപ ഉപയോഗിച്ച് നവജീവനിൽ പ്രാർഥനാഹാൾ നിർമിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ആ ഹാളിൽവെച്ചായിരുന്നു പൗരോഹിത്യജൂബിലിയുടെ അനുസ്മരണവും ദിവ്യബലിയും അന്തേവാസികൾക്കുള്ള വിപുലമായ സദ്യയും നടത്തിയത്. സ്വന്തം ആഘോഷങ്ങളെ മറ്റുള്ളവർക്കുള്ള അനുഗ്രഹമാക്കി മാറ്റിയ മഹത്തായ മാതൃകയായിരുന്നു അത്.

മുപ്പതിലധികം വർഷം വിദ്യാഭ്യാസരംഗത്ത് തുടർച്ചയായി പ്രവർത്തിച്ചെങ്കിലും വിവിധ തലങ്ങളിലും സ്ഥാപനങ്ങളിലുമായി സേവനം ചെയ്തതിന്റെ പേരിൽ അർഹമായ പെൻഷനും മറ്റ് ആനുകൂല്യങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ജീവിതത്തിൽ നഷ്ടങ്ങൾ ഏറെയുണ്ടായിട്ടുണ്ട്. എന്നാൽ അതിലൊന്നും അദ്ദേഹം ഖേദിച്ചിരുന്നില്ല. ദൈവവിളി അനുസരിച്ച് സ്വമനസ്സാലെ തിരഞ്ഞെടുത്ത പൗരോഹിത്യശുശ്രൂഷ അധികാരത്തിന് കീഴ്പെട്ടതാണെന്നും അനുസരണമാണ് വ്രതമെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. നഷ്ടങ്ങളെന്ന് ലോകം വിലയിരുത്തിയ കാര്യങ്ങളെല്ലാം താൻ നേട്ടങ്ങളായിട്ടാണ് പരിഗണിച്ചിട്ടുള്ളതെന്നായിരുന്നു അച്ചന്റെ നിലപാട്. ത്യാഗത്തെയും അനുസരണത്തെയും കുറിച്ചുള്ള ആഴമേറിയ ആത്മീയബോധമായിരുന്നു അതിനു പിന്നിൽ.

കരിസ്മാറ്റിക് യൂത്തിന്റെ പ്രവർത്തനങ്ങളെ വലിയ പ്രതീക്ഷയോടെയാണ് അച്ചൻ കണ്ടിരുന്നത്. വളർന്നുവരുന്ന തലമുറയെ യേശുവിലേക്ക് ആകർഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നായി, കരിസ്മാറ്റിക്  യുവജനങ്ങൾ നേതൃത്വം കൊടുക്കുന്ന ക്രിസ്റ്റീൻ പ്രവർത്തനത്തെ അദ്ദേഹം വിലയിരുത്തി. "വളരുന്ന തലമുറയെ യേശുവിലേക്ക് ആകർഷിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ ഒരു മാർഗമായി ക്രിസ്റ്റീൻ  എനിക്ക് അനുഭവപ്പെട്ടു. അതുകൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കാൻ ഞാൻ തയ്യാറായി" എന്നായിരുന്നു അച്ചൻ പറഞ്ഞിട്ടുള്ളത്. സഭാധികാരത്തിന്റെ ഇടനാഴികളിൽ ഇരുന്നു ചിലർ ക്രിസ്റ്റീന് നേരെ അക്കാലത്തുനടത്തിയ ദുരാരോപണങ്ങൾക്ക് കൃത്യമായ മറുപടി കൊടുത്തു  ഇല്ലാതാക്കിയത് മോൺ. ഊരാളിൽഅച്ചനായിരുന്നു.  ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെ പ്രധാന ഓഡിറ്റോറിയത്തിന് ഊരാളിലച്ചന്റെ നാമം നൽകിയിരിക്കുന്നത് അദ്ദേഹത്തോടുള്ള ആദരവിന്റെ അടയാളമാണ്.

  ക്രിസ്റ്റീൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ബിജു തോമസും ആയിട്ടുള്ള ബന്ധത്തിലൂടെയാണ് ഊരാളിൽ അച്ചൻ നവജീവനുമായി അടുക്കുന്നതും പിന്നീട് അതിന്റെ ട്രഷററായും രക്ഷാധികാരിയായും പ്രവർത്തിക്കുന്നതും. ആശുപത്രികളിൽ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പുന്ന സമയങ്ങളിൽ അവിടെ നേരിട്ടെത്താൻ അച്ചൻ പ്രത്യേകം താൽപര്യം കാണിച്ചിരുന്നു. സേവനപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കുചേരുന്നതിൽ അച്ചൻ കണ്ടെത്തിയിരുന്ന ആത്മസംതൃപ്തിയുടെ തെളിവായിരുന്നു അത്. അച്ചന്റെ പ്രചോദനവും ഇടപെടലും വഴി ക്നാനായ സമൂഹത്തിൽനിന്ന് നവജീവന് ലഭിച്ചുകൊണ്ടിരുന്ന സഹായവും സഹകരണവും ഇന്നും തുടരുന്നു എന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്.

വിശ്രമജീവിതത്തിനായി തെള്ളകത്തുള്ള വിയാനിഹോമിൽ പ്രവേശിച്ചശേഷം അച്ചൻ പുറത്ത് താമസിച്ചത് അച്ചൻ്റെ മോനിപ്പള്ളിയിലെ വീട്ടിലും ക്രിസ്റ്റീനിലും മാത്രമായിരുന്നു. അവരുമായുള്ള അച്ചന്റെ ആത്മബന്ധം അത്രമേൽ ദൃഢവും ഹൃദയസ്പർശിയുമായിരുന്നു. 

വാർധക്യത്തിന് അല്പംപോലും ഇടംനൽകാതെ, സ്വന്തം ആരോഗ്യത്തെക്കുറിച്ചോ ജീവിതസൗകര്യങ്ങളെക്കുറിച്ചോ അധികം ചിന്തിക്കാതെ, ദൈവം നൽകിയ താലന്തുകൾ വർധിപ്പിക്കാനുള്ള നിരന്തരമായ അധ്വാനത്തിലായിരുന്നു ഊരാളിലച്ചൻ. വിശ്രമമില്ലാത്ത സേവനജീവിതം, ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധത, ദൈവവിളിയോടുള്ള വിശ്വസ്തത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ അടയാളപ്പെടുത്തിയത്.

81-ാം വയസ്സിൽ അദ്ദേഹം തന്റെ ഭൗതികശരീരം ഭൂമിയിൽ ഉപേക്ഷിച്ച് നിത്യസമ്മാനത്തിനായി യാത്രയായി. ബന്ധുക്കളും നാട്ടുകാരും വിശ്വാസസമൂഹവും ആദരവോടെ, ആഘോഷപൂർവമായ അന്ത്യയാത്ര നൽകി, 15-11-2001-ന് അദ്ദേഹത്തിന്റെ ഇടവകപ്പള്ളിയിൽ സംസ്കരിച്ചു.

കേരളത്തിന്റെ ആയിരക്കണക്കിന് വേദികളിൽ പതിറ്റാണ്ടുകളോളം മുഴങ്ങിക്കേട്ട ആ ശബ്ദം ഇന്ന് നിശ്ശബ്ദമായിരിക്കാം. എന്നാൽ ആ ശബ്ദത്തിലൂടെ പകർന്നുനൽകിയ ദൈവവചനവും ജീവിതമൂല്യങ്ങളും സംഘാടനമികവും സേവനസന്നദ്ധതയും ഇന്നും അനേകരുടെ ഓർമ്മകളിൽ ജീവിക്കുന്നു. അദ്ദേഹം നടന്ന വഴികളിൽനിന്നും ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളിൽനിന്നും പിൻതലമുറയ്ക്ക് ഇനിയും ഏറെ പഠിക്കാനുണ്ട്.

ഒരു വ്യക്തിയുടെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത കാലംകൊണ്ട് നികത്തപ്പെടണമെന്നില്ല. ചില വ്യക്തിത്വങ്ങൾ അങ്ങനെയാണ്. അവർ ജീവിച്ച കാലഘട്ടത്തെയും അവർ സ്പർശിച്ച ജീവിതങ്ങളെയും അതിജീവിച്ച് ഓർമ്മകളിൽ നിലനിൽക്കും. മോൺ. പീറ്റർ ഊരാളിൽ അച്ചൻ അത്തരമൊരു മഹാവ്യക്തിത്വമായിരുന്നു.

ആ മഹാവൈദികന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

MSGR PETER URALIL

 

 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.