രാഷ്ട്രീയ പ്രവർത്തനത്തിലെ അനുഭവസമ്പത്തും ജനങ്ങളോടുള്ള നിരന്തരമായ ഇടപെടലുകളും കൈമുതലാക്കി കുന്നത്തുനാടിന്റെ വികസന സ്വപ്നങ്ങൾക്ക് നേതൃത്വം നൽകുകയാണ് കുന്നത്തുനാട് എംഎൽഎ വി. പി.സജീന്ദ്രൻ. നിയമസഭയിലെ ഇടപെടലുകൾക്കൊപ്പം മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനം, ജനകീയ വിഷയങ്ങൾ, യുവജനങ്ങളുടെ അവസരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ സജീവമായി ഇടപെടുന്ന അദ്ദേഹം, മാറുന്ന കാലത്തിനനുസരിച്ച് കുന്നത്തുനാടിന്റെ സാധ്യതകളെ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടുള്ള ജനപ്രതിനിധിയാണ്. രാഷ്ട്രീയത്തിനപ്പുറം തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിഞ്ഞ് പ്രവർത്തിക്കണമെന്ന സമീപനമാണ് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ പ്രത്യേകത.കേരളാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കുന്നത്തുനാടിന്റെ ഇന്നിനെയും നാളെയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്നു.(പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ ( അഡ്വ. സജി ജോസഫ് ) , കെ.പി.സി. സി വൈസ് പ്രസിഡന്റ് ജെയ്സൺ ജോസഫ് , ഫൊക്കാന ജനറൽ സെക്രട്ടറി സന്തോഷ് നായർ എന്നിവരും സന്നിഹിതരായിരുന്നു.)

രാഷ്ട്രീയത്തിലേക്ക് വരാനുണ്ടായ സാഹചര്യം?
കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടക്കണമെന്നോ വലിയൊരു രാഷ്ട്രീയ പദവി ലക്ഷ്യമിടണമെന്നോ അന്ന് പ്രത്യേകിച്ച് ആഗ്രഹിച്ചിരുന്നില്ല. തിരുവനന്തപുരം ലോ കോളജിൽ കെ.എസ്.യു പ്രതിനിധിയായി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി പ്രവർത്തിച്ച കാലത്താണ് രാഷ്ട്രീയത്തിന്റെ വിശാലമായ ലോകത്തേക്കുള്ള വാതിലുകൾ തുറന്നത്. 1998-ൽ വൈക്കത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരവും അന്ന് ലഭിച്ചു. 1,076 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. പക്ഷേ, ആ തോൽവി രാഷ്ട്രീയ യാത്രയുടെ അവസാനമായിരുന്നില്ല; മറിച്ച് കൂടുതൽ സജീവമായ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള തുടക്കമായിരുന്നു.
കെ.എസ്.യുവിൽ പ്രവർത്തിക്കുന്ന കാലത്ത് എ ഗ്രൂപ്പിനോട് ചേർന്നുനിന്ന എന്നെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ജെ ജോസഫ് ആണ്. അമേരിക്കയിലെ വാഷിംഗ്ടണിലുള്ള ജോസഫ് അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും അതൊരു സംസ്ഥാനതല രാഷ്ട്രീയ യാത്രയായി മാറുമെന്ന് അന്ന് കരുതിയിരുന്നില്ല. എന്നാൽ ചില വ്യക്തികൾ നമ്മുടെ ജീവിതത്തിലെ വഴിത്തിരിവുകളായി മാറും. അത്തരത്തിലൊരാളായിരുന്നു ജോസഫ്. അദ്ദേഹത്തിന്റെ പ്രോത്സാഹനവും ഇടപെടലുമാണ് എന്നെ കൂടുതൽ സജീവമായ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്.
കെ.എസ്.യുവിലെ പ്രവർത്തനത്തിന് ശേഷം എൽ.എൽ.ബി പൂർത്തിയാക്കി നെടുമങ്ങാട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. അതോടൊപ്പം രാഷ്ട്രീയ പ്രവർത്തനവും മുന്നോട്ടുകൊണ്ടുപോയി. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിയായ ഞാൻ പിന്നീട് പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമായി. മുതിർന്ന നേതാവ് റോസമ്മ ചാക്കോയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് പുതുപ്പള്ളിയിൽ കെ.പി.സി.സി അംഗമായി എത്തുന്നത്. പിന്നീട് ചാണ്ടി ഉമ്മൻ കെ.പി.സി.സി അംഗമായതോടെ ആ രാഷ്ട്രീയ ഉത്തരവാദിത്തത്തിൽ മാറ്റമുണ്ടായി. ഭാര്യ ലേബി സജീന്ദ്രൻ മനോരമയുടെ കൊച്ചി ബ്യൂറോ ചീഫായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ എറണാകുളത്തേക്ക് താമസം മാറിയതോടെയാണ് എറണാകുളം ജില്ലയിലെ രാഷ്ട്രീയ പ്രവർത്തനം കൂടുതൽ സജീവമായത്.ലേബി സജീന്ദ്രൻ ഇപ്പോൾ റിപ്പോർട്ടർ ചാനലിന്റെ റീജിയണൽ ചീഫ് ആണ്. അങ്ങനെയാണ് കുന്നത്തുനാട്ടിൽ മത്സരിക്കാനുള്ള അവസരം ലഭിക്കുന്നതും കുന്നത്തുനാട് എന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു അധ്യായമായി മാറുന്നതും.
എന്നാണ് ആദ്യമായി മത്സരിക്കുന്നത്?
കുന്നത്തുനാട്ടിൽ 2011-ലാണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2011 മുതൽ 2021 വരെ രണ്ട് ടേം തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞു. എന്നാൽ മൂന്നാം ടേമിലേക്ക് എത്തിയപ്പോൾ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി. 2020-ൽ രൂപംകൊണ്ട ട്വന്റി20 കുന്നത്തുനാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം നടത്തി നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ഉൾപ്പെടെ നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ വിജയം നേടി. അതോടെ നിയമസഭാ തിരഞ്ഞെടുപ്പിലും അവർ വിജയിക്കുമെന്നൊരു പൊതുവികാരം മണ്ഡലത്തിൽ രൂപപ്പെട്ടു. ആ രാഷ്ട്രീയ തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് മൂന്നാം തവണ എനിക്ക് പരാജയം നേരിടേണ്ടിവന്നത്.
എന്നാൽ ആ പരാജയം എന്നെ സംബന്ധിച്ചിടത്തോളം ഒരു അവസാനമല്ലായിരുന്നു. കുന്നത്തുനാട് കോൺഗ്രസിന് ശക്തമായ വേരുകളുള്ള മണ്ഡലമാണെന്നും ജനങ്ങളുമായുള്ള ബന്ധം നിലനിർത്തി പ്രവർത്തിച്ചാൽ തിരിച്ചുപിടിക്കാൻ കഴിയുമെന്നുമുള്ള പൂർണ്ണ വിശ്വാസം എനിക്കുണ്ടായിരുന്നു. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം ട്വന്റി20യുടെ പ്രവർത്തനരീതിയും രാഷ്ട്രീയ നിലപാടുകളും വിലയിരുത്തിയ ജനങ്ങൾ വീണ്ടും യു.ഡി.എഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. യു.ഡി.എഫിൽ നിന്ന് ഒരിക്കൽ കൈവിട്ടുപോയ കുന്നത്തുനാട് പഞ്ചായത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ തിരിച്ചുവരവ് സാധ്യമാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു.
അങ്ങനെ ഈ തിരഞ്ഞെടുപ്പിൽ 22,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഞാൻ വിജയിച്ചത്. ത്രികോണ മത്സരം നടന്ന ഒരു മണ്ഡലത്തിൽ ഇത്ര വലിയ ഭൂരിപക്ഷം നേടാനായത് വലിയൊരു അംഗീകാരമായാണ് ഞാൻ കാണുന്നത്. രാഷ്ട്രീയമായ വ്യത്യാസങ്ങൾക്കപ്പുറം ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുന്നവരിൽ നിന്നുപോലും ലഭിച്ച പിന്തുണയാണ് ഈ വിജയത്തിന്റെ പ്രധാന പ്രത്യേകത. ആ പിന്തുണ ഒരു രാഷ്ട്രീയ വിജയത്തിനപ്പുറം, മണ്ഡലത്തിലെ ജനങ്ങളുമായുള്ള എന്റെ ബന്ധത്തിനുള്ള അംഗീകാരമായാണ് ഞാൻ കാണുന്നത്.
ട്വന്റി20യുടെ പ്രസക്തി ഇപ്പോൾ എത്രത്തോളം നിലനിൽക്കുന്നുണ്ട്?
കുന്നത്തുനാട് ന്യൂനപക്ഷ വിഭാഗങ്ങൾക്കും വിവിധ രാഷ്ട്രീയ ചിന്താഗതികൾക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. ഒരു ഘട്ടത്തിൽ ട്വന്റി20യുടെ മുന്നേറ്റം വലിയൊരു രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി പലരും വിലയിരുത്തിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. ട്വന്റി20 പിടിച്ചെടുത്തിരുന്ന തദ്ദേശ സ്ഥാപനങ്ങൾ യു.ഡി.എഫ് തിരിച്ചുപിടിക്കുകയും, പിന്നീട് നിയമസഭാ മണ്ഡലവും തിരിച്ചുപിടിക്കുകയും ചെയ്തതോടെ അവരുടെ രാഷ്ട്രീയ പ്രസക്തിയിൽ വലിയ മാറ്റമുണ്ടായതായി ഞാൻ കാണുന്നു
സാബു ജേക്കബിന്റെ നിലപാടുകളിലുണ്ടായ മാറ്റവും ഇതിന് ഒരു കാരണമായി. 'ഞാൻ ഒരു മുന്നണിയുടെയും ഭാഗമല്ല, ഇടതുമല്ല, വലതുമല്ല; ജനങ്ങളെ സേവിക്കാനാണ് ഇറങ്ങിയിരിക്കുന്നത്' എന്ന നിലപാടാണ് അദ്ദേഹം ആദ്യഘട്ടത്തിൽ ഉയർത്തിപ്പിടിച്ചത്. രാഷ്ട്രീയത്തോട് പൊതുവെ അകലം പാലിക്കുന്നവർക്കും പരമ്പരാഗത രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവർക്കും ആ നിലപാട് സ്വാഭാവികമായും ആകർഷകമായി തോന്നി. എന്നാൽ പിന്നീട് അദ്ദേഹം ബി.ജെ.പി മുന്നണിയുടെ ഭാഗമായതോടെ ആ സമീപനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ തന്നെ ചോദ്യങ്ങൾ ഉയർന്നു. സ്വന്തം ബിസിനസ് താൽപര്യങ്ങളും രാഷ്ട്രീയ നിലനിൽപ്പും സംരക്ഷിക്കുന്നതിനുള്ള നീക്കമായാണ് പലരും അതിനെ പിന്നീട് വിലയിരുത്തിയത്. അതോടെ അദ്ദേഹത്തോടൊപ്പം നിന്നിരുന്ന ഒരു വിഭാഗം ആളുകൾ തിരിച്ചുപോവുകയും ചെയ്തു.
എങ്കിലും ട്വന്റി20യുടെ സ്വാധീനം പൂർണമായി അവസാനിച്ചുവെന്ന് പറയാനാകില്ല. സാബു ജേക്കബിന്റെ സാമ്പത്തിക ശക്തിയും സംഘടനാ സംവിധാനവും ഇപ്പോഴും വലിയൊരു ഘടകമാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് അധിക സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതും സംഘടനയുടെ കോർഡിനേറ്റർമാർക്ക് ശമ്പളം നൽകുന്നതുമൊക്കെയായി വ്യത്യസ്ത രീതിയിലുള്ള സംവിധാനങ്ങൾ അവർ ഒരുക്കിയിട്ടുണ്ട്. സ്വാഭാവികമായും സാമ്പത്തിക താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു വിഭാഗം ആളുകൾ അതിനൊപ്പം നിൽക്കും. എന്നാൽ പണത്തിനപ്പുറം ജനങ്ങളുടെ രാഷ്ട്രീയ ബോധവും വിശ്വാസവും നിർണായകമാകുന്ന ഘട്ടത്തിൽ ട്വന്റി20യുടെ യഥാർത്ഥ പ്രസക്തി എത്രത്തോളമെന്ന് വ്യക്തമാകും.

പരിയത്ത് കാവ് കുന്നത്തുനാട് മണ്ഡലത്തിൽപ്പെട്ട പ്രദേശമാണല്ലോ. വർഷങ്ങളായി നിലനിന്നിരുന്ന ആ പ്രശ്നത്തിന് ഈ സർക്കാർ പരിഹാരം കണ്ടത് എങ്ങനെയാണ്?
കുന്നത്തുനാട് മണ്ഡലത്തിലെ വാഴക്കുളം വില്ലേജിൽപ്പെട്ട പ്രദേശമാണ് പരിയത്ത് കാവ്. ഏകദേശം 60 വർഷമായി നീണ്ടുനിന്ന ഒരു നിയമപോരാട്ടത്തിന്റെ ഭാഗമായാണ് അവിടുത്തെ പ്രശ്നം ഇത്രയും സങ്കീർണമാകുന്നത്. പരിയത്ത് കാവിലെ ഭൂവുടമയായിരുന്ന ശങ്കരൻ നായരും അവിടെ താമസിച്ചിരുന്ന കാളിക്കുറുമ്പനും തമ്മിലുള്ള തർക്കമാണ് പിന്നീട് പെരുമ്പാവൂർ മുൻസിഫ് കോടതി മുതൽ പറവൂർ സബ് കോടതി, ഹൈക്കോടതി, ഒടുവിൽ സുപ്രീംകോടതി വരെ നീണ്ടത്. അവസാനം ശങ്കരൻ നായർക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നു. ഇതിനിടെ ഇരുകക്ഷികളിലെയും പ്രധാന വ്യക്തികൾ മരണപ്പെടുകയും അവരുടെ മക്കൾ അവകാശികളായി അവിടെ തുടരുകയും ചെയ്തു. സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ ഉൾപ്പെടെ മറ്റാർക്കും നേരിട്ട് ഇടപെട്ട് അത് മറികടക്കുക എളുപ്പമായിരുന്നില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി 14 തവണ കുടിയൊഴിപ്പിക്കൽ നടപടികൾക്ക് ശ്രമം നടന്നു. കോടതി നിയോഗിച്ച ഉദ്യോഗസ്ഥരും അഭിഭാഷകരും കമ്മീഷനും പോലീസും ഉൾപ്പെടെ എത്തിയെങ്കിലും ഓരോ തവണയും നടപടി തടസ്സപ്പെട്ടു. അവിടെ താമസിച്ചിരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഏഴ് കുടുംബങ്ങൾ തങ്ങളുടെ ഭൂമിയാണെന്ന അവകാശവാദവുമായി മുന്നോട്ടുവന്നു. എന്നാൽ, ഇത്രയും വർഷം പ്രശ്നം നിലനിന്നിട്ടും, ഇവരുടെ ജീവിതം വഴിയാധാരമാകാതെ എങ്ങനെ ഒരു പരിഹാരം കണ്ടെത്താം എന്നതിൽ ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ല. ഒരു ഭാഗത്ത് നിയമവിധിയും മറുഭാഗത്ത് പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതവും-ഇരുവശത്തും മനുഷ്യരുടെ ആശങ്കകൾ നിലനിന്നിരുന്ന സങ്കീർണമായ സാഹചര്യമായിരുന്നു അത്.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് വിഷയം വീണ്ടും സജീവമായി പരിഗണിച്ചത്. പതിനഞ്ചാമത്തെ കുടിയൊഴിപ്പിക്കൽ നടപടിക്ക് പോലീസ് ഒരുങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഞാൻ ഈ വിഷയം നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ അവതരിപ്പിച്ചത്. സാധാരണ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയാണ് മറുപടി പറയേണ്ടിയിരുന്നതെങ്കിലും മുഖ്യമന്ത്രി തന്നെ തന്നെ വിഷയത്തിൽ ഇടപെട്ടു. ഒരു കാരണവശാലും ഈ പട്ടികജാതി കുടുംബങ്ങളെ വഴിയാധാരമാക്കില്ലെന്നും, സുപ്രീംകോടതി വിധി നിലനിൽക്കുമ്പോഴും അവരുടെ ജീവിതം സംരക്ഷിച്ചുകൊണ്ടുള്ള പരിഹാരം കണ്ടെത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. തുടർന്ന് ജില്ലയിലെ ചുമതലയുള്ള മന്ത്രി റോജി എം. ജോണിനെയും എന്നെയും ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്താൻ ചുമതലപ്പെടുത്തി.
തുടർന്ന് ജില്ലാ കളക്ടർ, റൂറൽ എസ്.പി, ആർ.ഡി.ഒ തുടങ്ങിയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പല ഘട്ടങ്ങളിലായി ചർച്ചകൾ നടത്തി. ഏകദേശം അഞ്ച് തവണ നടന്ന അനൗദ്യോഗിക ചർച്ചകളാണ് ഒടുവിൽ പരിഹാരത്തിലേക്ക് വഴിതുറന്നത്. മന്ത്രി റോജി എം. ജോണിന്റെ പ്രായോഗികമായ ഇടപെടലും ഇതിൽ ഏറെ സഹായകമായി. ഭൂവുടമകൾ ആ കുടുംബങ്ങൾക്ക് അഞ്ച് സെന്റ് വീതം ഭൂമി നൽകാൻ തയ്യാറായി. ആദ്യം നിലവിലുള്ള സ്ഥലത്തിന് പുറത്താണ് ഭൂമി നൽകാമെന്ന് പറഞ്ഞതെങ്കിലും, അതുകൊണ്ട് പ്രശ്നത്തിന് പൂർണമായ പരിഹാരമാകില്ലെന്ന നിലപാടാണ് ഞാൻ സ്വീകരിച്ചത്. ഒടുവിൽ അതേ പ്രോപ്പർട്ടിക്കുള്ളിൽ തന്നെ അഞ്ച് സെന്റ് വീതം നൽകാൻ ഭൂവുടമകൾ സമ്മതിച്ചു. ഇപ്പോൾ അവിടെ വീടുകളുടെ നിർമ്മാണം ആരംഭിച്ചിരിക്കുകയാണ്. വിവിധ സ്പോൺസർമാരും വ്യവസായികളും ചേർന്നാണ് വീടുകളുടെ നിർമ്മാണത്തിനുള്ള സഹായം നൽകുന്നത്. അതിന്റെ ഏകോപന ചുമതല മന്ത്രി റോജി എം. ജോൺ ഏറ്റെടുത്തിട്ടുണ്ട്.
ഒരു വർഷത്തിനുള്ളിൽ വീടുകളുടെ താക്കോൽ കൈമാറുന്ന സമയത്ത് കുടുംബങ്ങൾ നിലവിലെ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന വ്യവസ്ഥയിലാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. ഞാനും മന്ത്രി റോജി എം. ജോണും ജില്ലാ കളക്ടറും റൂറൽ എസ്.പിയും ഉൾപ്പെടെ നാലുപേരാണ് കരാറിൽ സാക്ഷികളായി ഒപ്പുവച്ചിരിക്കുന്നത്. നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട്, ഒരു വശത്ത് സുപ്രീംകോടതി വിധിയെ മാനിക്കുകയും മറുവശത്ത് പതിറ്റാണ്ടുകളായി അവിടെ ജീവിച്ചുപോന്ന പാവപ്പെട്ട കുടുംബങ്ങളെ വഴിയാധാരമാക്കാതിരിക്കുകയും ചെയ്തുകൊണ്ടാണ് ഈ പരിഹാരം സാധ്യമാക്കിയത്. 60 വർഷമായി നീണ്ടുനിന്ന ഒരു പ്രശ്നം കൂടുതൽ വഷളാക്കാതെ മാനുഷികമായും പ്രായോഗികമായും പരിഹരിക്കാൻ കഴിഞ്ഞതിൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.

നിയമസഭയിലെ സജീന്ദ്രന്റെ മറുപടികളും പ്രസംഗങ്ങളുമൊക്കെ പലപ്പോഴും വൈറലാകാറുണ്ട്. ഈ ഹ്യൂമർ സെൻസ് എങ്ങനെയാണ് ലഭിച്ചത്?
നിയമസഭയിലെ എന്റെ പ്രസംഗങ്ങൾ ആളുകൾ ശ്രദ്ധിക്കുന്നുണ്ട് എന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാൽ, കേരള നിയമസഭയിലെ 140 അംഗങ്ങളും അവരവരുടെ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണ്. ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതിന്റെ ഗൗരവം പൂർണമായി ഉൾക്കൊണ്ട് സംസാരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതേസമയം, രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടക്കുമ്പോൾ സ്വാഭാവികമായും രാഷ്ട്രീയമായി പ്രതികരിക്കേണ്ടി വരും. എതിർപക്ഷത്തെ വിമർശിക്കുമ്പോഴും അത് ആരും ശ്രദ്ധിക്കാതെ പോകുന്ന തരത്തിലുള്ള വെറുമൊരു രാഷ്ട്രീയ ആക്രമണമാകരുത്. പറയുന്ന കാര്യം ആളുകളുടെ ശ്രദ്ധയിൽപ്പെടുകയും ഓർമയിൽ നിൽക്കുകയും വേണം. അതിനുവേണ്ടിയാണ് ചിലപ്പോൾ ഹാസ്യവും നർമവും കൂടി ചേർക്കുന്നത്.
പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ സംസ്ഥാനത്തെ പല മേഖലകളിലും ഉണ്ടായ വീഴ്ചകളെക്കുറിച്ച് പറയുമ്പോൾ, അതിനെ വെറുതെ വിമർശിച്ചിട്ട് കാര്യമില്ല. കൃത്യമായ രാഷ്ട്രീയ മറുപടിയോടൊപ്പം അത് ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുകയാണ് പ്രധാനം. അടുത്തിടെ മന്ത്രി റിയാസ് നടത്തിയ ഒരു പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. എല്ലാ ബുധനാഴ്ചയും നുണ പറയുന്ന ആളായി വി.ഡി. സതീശൻ മാറിയിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതിനുള്ള മറുപടി സ്വാഭാവികമായും നമ്മുടെ കൈയിലുണ്ട്. അതായത്, രാഷ്ട്രീയത്തിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള മറുപടി തയ്യാറാക്കുകയും ചെയ്യും. എന്നാൽ നേരിട്ട് വ്യക്തിപരമായ ആക്രമണത്തിലേക്ക് പോകാതെ, ആളുകൾക്ക് ആ രാഷ്ട്രീയം മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാനാണ് ശ്രമം.
ഇത്തരത്തിലുള്ള നർമം കലർന്ന രാഷ്ട്രീയ പ്രയോഗങ്ങൾ നിയമസഭയിൽ നേരത്തെയും ഉണ്ടായിട്ടുണ്ട്. പിണറായി വിജയന്റെ ഒന്നാം ഭരണകാലത്ത് എ.കെ. ബാലനെക്കുറിച്ച് ഞാൻ നടത്തിയ ഒരു പരാമർശം ഇന്നും ഓർമയുണ്ട്. വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്മാരെയും റേഡിയോ കണ്ടുപിടിച്ച മാർക്കോണിയെയും പോലെ, തീവ്രത അളക്കാനുള്ള 'മിഷൻ' കണ്ടുപിടിച്ചത് എ.കെ. ബാലനാണെന്ന തരത്തിലായിരുന്നു അന്ന് നിയമസഭയിലെ എന്റെ പ്രസംഗം. അന്ന് ഇന്നത്തെ പോലെ സോഷ്യൽ മീഡിയ സജീവമായിരുന്നില്ല. ടെലിവിഷനിൽ ചെറിയൊരു വാർത്ത വന്നാൽ മാത്രമേ അത് ആളുകളിലേക്ക് എത്തുമായിരുന്നുള്ളൂ. ഇന്ന് സോഷ്യൽ മീഡിയയുടെ കാലമാണ്. അതുകൊണ്ട് തന്നെ നിയമസഭയിലെ ഓരോ വാക്കിനും കൂടുതൽ വേഗത്തിൽ ജനങ്ങളിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. ഹാസ്യം എന്നത് വെറുമൊരു തമാശയല്ല; രാഷ്ട്രീയം കൂടുതൽ ശ്രദ്ധേയമായും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലും ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു മാർഗം കൂടിയാണ്.
ഇത്തവണത്തെ നിയമസഭയിൽ പകുതിയിലധികം പുതുമുഖങ്ങളാണല്ലോ എത്തിയിരിക്കുന്നത്. ആദ്യമായി എംഎൽഎമാരാകുന്നവരും മന്ത്രിമാരാകുന്നവരും ഏറെയുണ്ട്. ഇത് യു.ഡി.എഫ് സർക്കാരിന്റെ ഭരണത്തെ പരിചയക്കുറവിന്റെ അടിസ്ഥാനത്തിൽ ബാധിക്കുമെന്ന് കരുതുന്നുണ്ടോ?
അങ്ങനെ കരുതേണ്ട കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം. ഒരാളുടെ അനുഭവം എന്നത് അയാൾ നിയമസഭയിൽ എത്തിയതിന് ശേഷമുള്ള കാലയളവിൽ മാത്രം അളക്കേണ്ട ഒന്നല്ല. ജീവിതത്തിൽ ഓരോരുത്തരും നേടിയെടുത്ത അനുഭവങ്ങളും, രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ആർജിച്ച പരിചയവും പ്രധാനമാണ്. ഇന്ന് നിയമസഭയിലെത്തിയിരിക്കുന്ന പുതുമുഖങ്ങളിൽ ഭൂരിഭാഗവും വർഷങ്ങളായി രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നവരാണ്. ഇതുവരെ അവർക്ക് സ്ഥാനങ്ങൾ ലഭിച്ചിരുന്നില്ല എന്നതുമാത്രമാണ് വ്യത്യാസം. ആരും മാതാപിതാക്കളുടെ പേരിന്റെയോ മറ്റാരുടെയെങ്കിലും 'കെയറോഫിന്റെയോ' അടിസ്ഥാനത്തിൽ മാത്രം എംഎൽഎമാരായെത്തിയവരല്ല.
അവസാനം ഇതൊരു ജനസേവനമാണ്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും അവരുടെ പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുകയും നിയമനിർമ്മാണ പ്രക്രിയയിൽ കൃത്യമായി ഇടപെടുകയും ചെയ്യുക എന്നതാണ് ഓരോ ജനപ്രതിനിധിയുടെയും ഉത്തരവാദിത്വം. പുതുമുഖങ്ങൾ എന്നതുകൊണ്ട് മാത്രം പരിചയക്കുറവിന്റെ പ്രശ്നം ഉണ്ടാകണമെന്നില്ല. മന്ത്രിമാരുടെയും എംഎൽഎമാരുടെയും പ്രവർത്തനങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും നൽകുകയും ചെയ്യുന്ന നല്ല ഉദ്യോഗസ്ഥ സംവിധാനവും ഉണ്ടെങ്കിൽ കാര്യങ്ങൾ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയും. അതുകൊണ്ട് തന്നെ പുതിയ തലമുറയിലെ ജനപ്രതിനിധികൾ യു.ഡി.എഫ് സർക്കാരിന്റെ ഭരണത്തിന് ഒരു കുറവായി മാറുമെന്നല്ല, മറിച്ച് അവരുടെ രാഷ്ട്രീയ പരിചയവും പുതിയ കാഴ്ചപ്പാടുകളും ഭരണപരിചയത്തോടൊപ്പം ചേരുമ്പോൾ അത് ഒരു ശക്തിയായി മാറുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ആരും മോശക്കാരല്ല; അവസരം ലഭിച്ചാൽ എല്ലാവർക്കും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയും.
പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെയും വി. ഡി. സതീശൻ എന്ന മുഖ്യമന്ത്രിയെയും എങ്ങനെയാണ് താരതമ്യം ചെയ്യുന്നത്?
കോൺഗ്രസിന്റെ മുഖ്യമന്ത്രി ആയതുകൊണ്ടാണ് പറയുന്നതെന്ന് കരുതരുത്. വി. ഡി. സതീശൻ കുറച്ചുകൂടി ആശയങ്ങളും വ്യക്തമായ പദ്ധതികളും മുന്നിൽവെച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണെന്നാണ് എന്റെ വിലയിരുത്തൽ. ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും പുതിയ സാധ്യതകളെയും മനസ്സിലാക്കി, അതിൽ നിന്ന് കേരളത്തിന് എന്തെല്ലാം സ്വീകരിക്കാൻ കഴിയും, നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിന് എങ്ങനെ പുതിയ വഴികൾ തുറക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുന്ന നേതാവാണ് അദ്ദേഹം. മാറ്റങ്ങളെ ഉൾക്കൊണ്ട് കേരളത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്.
പിണറായി വിജയൻ പാരമ്പര്യമായി നിലനിന്നുപോരുന്ന സംവിധാനങ്ങളെയും പദ്ധതികളെയും തുടർന്നുകൊണ്ടുപോകുന്ന സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് ഞാൻ കരുതുന്നു. അതിനപ്പുറത്തേക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ അദ്ദേഹത്തിന്റെ ഭരണത്തിൽ കാര്യമായി ഉണ്ടായിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം, സ്മാർട്ട് സിറ്റി തുടങ്ങിയ വലിയ പദ്ധതികൾ പിന്നീട് പിണറായി വിജയൻ സർക്കാരിന്റെ കാലത്തും തുടർന്നു. അതുകൊണ്ട് ഒരു സർക്കാർ കൊണ്ടുവന്ന പദ്ധതികൾ അടുത്ത സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നത് സ്വാഭാവികമാണ്; എന്നാൽ അതോടൊപ്പം പുതിയ കാലത്തിനനുസരിച്ചുള്ള പുതിയ ആശയങ്ങളും പദ്ധതികളും കൊണ്ടുവരേണ്ടതുണ്ട്.
ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് നമ്മുടെ കുട്ടികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം ഇവിടെ തന്നെ തൊഴിലും അവസരങ്ങളും കണ്ടെത്താൻ കഴിയുന്ന സാഹചര്യം ഇല്ല എന്നതാണ്. വിദ്യാഭ്യാസത്തിനായി കേരളത്തിൽ തന്നെ മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, പഠനം പൂർത്തിയാക്കിയ ശേഷം തൊഴിൽ തേടി അവർ വിദേശ രാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകേണ്ടിവരുന്നു. ഈ ഒഴുക്ക് മാറ്റണമെങ്കിൽ പുതിയ വ്യവസായങ്ങളും നിക്ഷേപങ്ങളും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുന്ന ഒരു കേരളമാണ് നമുക്ക് വേണ്ടത്. ലോകം മാറുന്നതിനനുസരിച്ച് കേരളവും മാറണം. ആ മാറ്റത്തിന്റെ സാധ്യതകളെ തിരിച്ചറിഞ്ഞ് കേരളത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന ഒരു ഭരണമാണ് നമുക്ക് ആവശ്യം.
ഇത്തവണത്തെ അമേരിക്കൻ സന്ദർശനത്തിൽ ഫൊക്കാനാ കൺവെൻഷനിൽ പങ്കെടുത്തിരുന്നല്ലോ.എങ്ങനെ വിലയിരുത്തുന്നു?
ഫൊക്കാനാ എന്നു പറയുന്നത് അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്മയ്ക്ക് വലിയൊരു വേദിയാണ്. കേരളത്തിൽ നിന്ന് അമേരിക്കയിലെത്തിയ മലയാളികൾ കാലങ്ങളായി കെട്ടിപ്പടുത്ത സാമൂഹിക ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും കൂട്ടായ്മയുടെയും പ്രതിഫലനമാണ് ഇത്തരം സംഘടനകൾ. എന്റെ നാട്ടിൽ നിന്നുള്ള ഒരുപാട് പേർ അവിടെ സജീവമായതിനാലും, പഴയ കെ.എസ്.യു ബന്ധങ്ങളും വ്യക്തിപരമായ സൗഹൃദങ്ങളുമുള്ളതിനാലുമാണ് ഞാൻ ഫൊക്കാനാ കൺവെൻഷനിൽ പങ്കെടുത്തത് . അമേരിക്കയിലെ മലയാളി സമൂഹവുമായി എനിക്ക് നേരത്തേ തന്നെ അടുത്ത ബന്ധമുണ്ട്.
ലോകത്തിന്റെ ഏത് ഭാഗത്തേക്ക് പോയാലും മലയാളികൾ അവിടെ സ്വന്തം നാടിന്റെ ഒരു ചെറിയ രൂ സിൽ സ്വീകരണം ഒരുക്കിയിരുന്നു. അതുപോലെ കാനഡയിലും മലയാളികളുടെ സജീവമായ കൂട്ടായ്മയും സാമൂഹിക ഇടപെടലുകളും കാണാൻ കഴിഞ്ഞു. ഭൂമിശാസ്ത്രപരമായി കേരളത്തിൽ നിന്ന് എത്ര അകലെയായാലും, ഭാഷയും സംസ്കാരവും സൗഹൃദവും കാത്തുസൂക്ഷിച്ച് പരസ്പരം ചേർന്നുനിൽക്കുന്ന മലയാളി സമൂഹത്തിന്റെ ശക്തിയാണ് ഇത്തരം കൂട്ടായ്മകളിലൂടെ കാണുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ സൃഷ്ടിച്ചിരിക്കുന്ന ഈ കൂട്ടായ്മകൾ കേരളവുമായുള്ള അവരുടെ ആത്മബന്ധത്തിന്റെ കൂടി തെളിവാണ്.
അമേരിക്കൻ മലയാളികളുടെ ജീവിതം കണ്ടിട്ട് എന്താണ് തോന്നുന്നത്? അവർക്ക് നൽകാനുള്ള സന്ദേശം എന്താണ്?
അമേരിക്കയിലെത്തിയ മലയാളികളെ കാണുമ്പോൾ ആദ്യം മനസ്സിലാകുന്നത് അവരുടെ കഠിനാധ്വാനമാണ്. ഒരു നിമിഷം പോലും പാഴാക്കാതെ, സ്വന്തം ജീവിതവും കുടുംബവും കെട്ടിപ്പടുക്കുന്നതിനായി ആത്മാർത്ഥമായി അധ്വാനിക്കുന്നവരാണ് ഭൂരിഭാഗം അമേരിക്കൻ മലയാളികളും. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടും അവസരങ്ങളെ പ്രയോജനപ്പെടുത്തിയുമാണ് അവർ ഇവിടെ തങ്ങളുടെ ജീവിതം പടുത്തുയർത്തിയത്. ആ അധ്വാനശീലവും സമയത്തെ വിലമതിക്കുന്ന മനോഭാവവും തന്നെയാണ് അവരുടെ വിജയത്തിന്റെ വലിയൊരു കാരണം.
അതുകൊണ്ട് അമേരിക്കൻ മലയാളികളോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ ഇവിടെ നേടിയെടുത്ത ഈ അധ്വാനശീലവും കൃത്യനിഷ്ഠയും നാട്ടിലേക്കും കൊണ്ടുവരണമെന്നാണ്. നമ്മുടെ നാട്ടിലുള്ളവരും ഇതേ മനോഭാവത്തോടെ പ്രവർത്തിക്കാൻ തയ്യാറായാൽ കേരളത്തിനും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. നാടിന്റെ മാറ്റം സർക്കാർ സംവിധാനങ്ങൾ മാത്രം കൊണ്ടുവരേണ്ടതല്ല; ഓരോ വ്യക്തിയുടെയും അധ്വാനവും ഉത്തരവാദിത്വബോധവും അതിൽ പ്രധാനമാണ്. അമേരിക്കൻ മലയാളികൾ നേടിയ വിജയത്തിന്റെ പിന്നിലെ അധ്വാനത്തിന്റെ സംസ്കാരം കേരളത്തിലും വളർത്തിയെടുക്കാൻ കഴിഞ്ഞാൽ നമ്മുടെ നാടിനും അതിന്റെ ഗുണഫലം ലഭിക്കും.

