പതിറ്റാണ്ടുകൾ പാർത്ത ഭവനം വിട്ട് ഒടുവിലത്തെ രാത്രിയിൽ ഉറങ്ങുന്നത് ഒരു ഫ്യൂണറൽ ഹോമിൽ. കിംഗ് സൈസ് കട്ടിലിലും സ്ലീപ് നമ്പർ ബെഡിലും കിടന്നവർ ഇപ്പോൾ വെറുമൊരു കൊച്ച് പെട്ടിക്കകത്ത് ഒറ്റയ്ക്ക് കിടക്കുകയാണ് ഒടുവിലത്തെ യാത്രക്കായി. ആ പെട്ടി കാഴ്ചയിൽ എത്ര നയന മനോഹരമാണെങ്കിലും അകം
എത്ര പതുപത് ത്താണെങ്കിലും ആരും അതിൽ കിടക്കുവാൻ കൊതിക്കുന്നില്ല. പിന്നെ കിടക്കുന്നത് വല്ലപ്പോഴും വല്ലവരും ഒക്കെ വേദനയോടെ പാദങ്ങൾ ചവിട്ടുന്ന നിശബ്ദ ഭൂമിയിൽ. ജീവിച്ചിരുന്നപ്പോൾ ഒത്തിരി സുഹൃദ് ബന്ധങ്ങൾ ഉണ്ടായിരുന്നു. എവിടെ വീട് മേടിക്കണം അയൽക്കാർ കറുത്തവനോ വെളുത്തവനോ മഞ്ഞയോ ആരായിരിക്കണം എന്നൊക്കെ വലിയ നിർബന്ധം ഉണ്ടായിരുന്നു. ഇപ്പോൾ തൊട്ടടുത്തു കിടക്കുന്നവൻ കറുത്തവനോ വെളുത്തവനോ ആരറിയുന്നു? ആരായിരുന്നാലും ഒരു കുഴപ്പവുമില്ല വർഗ്ഗ വർണ്ണ വിവേചനവുമില്ല. അവൻ ധനികനോ ദരിദ്രനോ എന്ന ചിന്തയില്ല പരാതിയുമില്ല. ജീവിച്ചിരുന്നപ്പോൾ ഇവിടെ പേരുകൾ പതിപ്പിക്കുവാൻ ഒത്തിരി ശ്രമങ്ങൾ നടത്തി. ഇപ്പോൾ എല്ലാം ഒരു കൊച്ച് ഹെഡ് സ്റ്റോണിൽ ഒതുങ്ങി. ഭൂമിയിലെ സ്വർഗം എന്ന് പറയുന്ന ഈ രാജ്യത്ത് ഒത്തിരി കിതച്ചുകൊണ്ട് ഓടി. ഒട്ടും സമയമില്ലെന്ന് തോന്നിയ നാളുകൾ നിരവധി. ഒടുവിൽ ഇപ്പോൾ കിടക്കുന്നത് എവിടോ ആളൊഴിഞ്ഞ മൂലയിൽ ആറടി മണ്ണിൽ വിശ്രമമം. ഭൂമി നിറയ്ക്കുവാനുള്ളത് വാങ്ങി കൂട്ടിയെങ്കിലും ഇപ്പോൾ ആ കൊച്ചു പെട്ടിയിൽ ഒന്നും വയ്ക്കുവാൻ കഴിയുന്നില്ല. വിലകൂടിയ ഒത്തിരി വസ്ത്രങ്ങൾ പുതിയ ഫാഷനുകൾ ഓരോ പാർട്ടിക്കും മാറിമാറി ധരിച്ചപ്പോൾ അടിപൊളി എന്ന് ആരൊക്കെയോ പറഞ്ഞു. എന്നാൽ ഇപ്പോൾ അവസാനമായി ഒരു കോട്ടും ഒരു ടൈയും അല്ലെങ്കിൽ ഒരു പട്ട് സാരിയും മാത്രം ധരിച്ച് കിടക്കുകയാണ്. മൂന്ന് സർവീസ് മൂന്ന് ദിവസം നടത്തിയാലും ആരും ഒന്നും മാറ്റിയുടുപ്പിക്കത്തില്ല. ഒത്തിരി ഡോളറുകൾ എണ്ണി വാങ്ങിയ ആ കരങ്ങൾ ഇപ്പോൾ ശൂന്യമാണ്. എല്ലാവർക്കും കാണാത്തക്ക വിധത്തിൽ ഇതാ ആ രണ്ട് കരങ്ങളും ഒന്നിനു മുകളിൽ ഒന്നായി കമഴ്ത്തി വെച്ചിരിക്കുകയാണ്. തുരുതുരാ ഫോൺ തോണ്ടിയ വിരലുകൾ നിശ്ചലം. തോരാത്ത മഴ പോലെ മെസ്സേജുകളും കോളുകളും വന്ന ആ ഫോൺ ഇപ്പോൾ അരികിൽ ഇല്ല. ഇപ്പോൾ വെറുമൊരു കാഴ്ചവസ്തുവായി എവിടെയോ കിടക്കുന്നു.
കാശില്ലെങ്കിലും നല്ല Neighborhood വേണമെന്ന് ശഠിച്ച് മനോഹരമായ സബ് ഡിവിഷനുകളിൽ പാർത്തവർ ഇപ്പോൾ കിടക്കുന്നത് ഒറ്റപ്പെട്ട ആളൊഴിഞ്ഞ പുല്ല് വളർന്ന് പൊങ്ങിയ സ്ഥലത്ത്. അവിടെ ഇപ്പോൾ കൂട്ടിന് മൂകതയും ഏകാന്തതയും വല്ലപ്പോഴും തേങ്ങി കരയുന്നവരുടെ കരച്ചിലും മാത്രം. ഈ ഒരു തുണ്ട് ഭൂമിയെ എല്ലാവരും വിളിക്കുന്നു ശ്മശാനം. ഇവിടെ മറവി എന്ന മുറിയുടെ വാതിൽ തുറക്കപ്പെടുകയാണ്. നമ്മുക്ക് എത്ര സ്നേഹമുള്ള വ്യക്തി ആയിരുന്നാലും അവരെല്ലാവരും ഇന്നലെയുടെ ദിവസങ്ങളിലേക്ക് മറഞ്ഞു കഴിഞ്ഞു. ഓർമ്മകൾ മായാതെ സൂക്ഷിക്കുന്ന ചുരുക്കം ചിലർ മാത്രം ഇവിടെ അവശേഷിക്കുന്നു. മറ്റുള്ള എല്ലാവരും തന്നെ അവർ കിടക്കുന്നു സ്ഥലം കൂടി മറക്കുന്നു. വചനം പറയുന്നു കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അതില്ലാതെ പോകുന്നു അതിൻ്റെ സ്ഥലം പിന്നെ അതിനെ അറിയുകയുമില്ല. ഇതാണ് മനുഷ്യജീവിതത്തിൻ്റെ ക്ഷണികത.
മോഹങ്ങളും മോഹഭംഗങ്ങളും ഇനിയുള്ള യാത്രയിൽ ഇല്ല. തിരക്കും നെട്ടോട്ടവും ഇനി ഇല്ല. കൂട്ടുകാരുടെയും കൂടപ്പിറപ്പുകളുടെയും വിളിയും വരവും ഇനി ഇല്ല. ഈ യാത്ര തനിച്ചാണ്. റിട്ടയർമെൻ്റെ ചെക്കും 401 k യും ഇനി കൂടെ വരില്ല. എന്നാൽ തിരുവചനം പറയുന്നു അവരുടെ പ്രവർത്തികൾ അവരെ പിന്തുടരും (വെളിപ്പാട് 14: 13). ജീവിച്ചിരുന്നപ്പോൾ നാം ചെയ്ത നല്ലതും തീയതുമായ സകല പ്രവർത്തകളെയും സകല രഹസ്യങ്ങളെയും ദൈവം ന്യായവിസ്താരത്തിലേക്ക് വരുത്തും (സഭാപ്രസംഗി 12: 14)
വില കൂടിയ കാറുകൾ ബ്രാൻഡ് വസ്ത്രങ്ങൾ ആഡംബര ജീവിതവും യാത്രകളും ഏറ്റവും പുതിയ സെൽഫോണുകൾ എല്ലാം മായയും മിഥ്യയും ആയി ഇവിടെ മാറുന്നു എന്ന യാഥാർത്ഥ്യം നമ്മൾ മറക്കരുത്. ഒരു മനുഷ്യൻ എന്തെല്ലാം പടുത്തുയർത്തി കെട്ടിപ്പണുതാലും ഒടുവിൽ വെറും കയ്യോടെ ലോകത്തോട് വിട പറയും. ഈ കാണുന്നത് താൽക്കാലികം കാണാത്തത് നിത്യം എന്ന സത്യം തിരിച്ചറിയുമ്പോൾ ബന്ധങ്ങൾക്കും സഹ സൃഷ്ടികൾക്കും മനുഷ്യൻ വില കൊടുക്കും. ഒരുവൻ്റെ ആത്മാവ് സർവ്വ ലോകത്തെകാളും വിലയേറിയത് എന്ന ചിന്ത മനുഷ്യനിൽ ഉരുവാകുമ്പോൾ നാം അറിയാതെ മറ്റുള്ളവരെ കരുതും സ്നേഹിക്കും. മിസ്രയീമിൻ്റെ നിക്ഷേപങ്ങൾ ഒരിക്കലും മനുഷ്യനെ സംതൃപ്തനാക്കുകയില്ല. വാഴ്ത്തപ്പെട്ടവനായ നമ്മുടെ നല്ല ഗുരു പറയുന്നു ഈ വെള്ളം കുടിക്കുന്നവൻ എല്ലാം പിന്നെയും ദാഹിക്കും (യോഹന്നാൻ 4:13) ഈ ആർത്തിയും പരാക്രമവും മാറണമെങ്കിൽ സ്വർഗത്തിൻ്റെ ഉറവിൽ നിന്ന് കുടിക്കണം.
മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം അവർ ധനം സമ്പാദിക്കുന്നു ആർ അനുഭവിക്കും എന്നറിയുന്നില്ല. ഏതു മനുഷ്യനും ഉറച്ചു നിന്നാൽ ഒരു ശ്വാസമത്രേ (സങ്കീർത്തനം 39). നാം ആരാണെന്നുള്ള തിരിച്ചറിവ് മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നു. കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പോലെയും മൺമറഞ്ഞ ദൈവ ഭൃത്യൻ ഏഴകുളം സാംകുട്ടി സാറിൻ്റെ പാളം തെറ്റിയ തീവണ്ടി പോലെയും മനുഷ്യൻ കുതിക്കുകയാണ്. ത്വര ഗതിയിലുള്ള ഈ യാത്ര എവിടെയാണ് അവസാനിക്കുന്നത്? എവിടെയാണ് നാം എത്തിച്ചേരുന്നത്? എന്നൊന്ന് ചിന്തിക്കുന്നത് എപ്പോഴും നന്നായിരിക്കും.

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

