PRAVASI

(ചെറുകഥ) ചിതാഭസ്മം

Blog Image

അച്ഛന്റെ ആത്മസുഹൃത്തു അപ്പേട്ടൻ എന്ന വിളിക്കുന്ന അപ്പു പതിറ്റാണ്ടു മുമ്പ് അച്ഛനെ വിവാഹമോചനം ചെയ്‌ത അമ്മയുടെ വീട്ടിൽ അതിരാവിലെ വന്നു, എന്നോടായി: 'മോന്റച്ഛൻ നമ്മെ വിട്ടുപിരിഞ്ഞു പോയി!       ഇന്നച്ഛനെ സ്ഫുടം ചെയ്യുകയാണ്... പാർട്ടിക്കാർ അച്ഛനെ ആശുപത്രിയിൽ നിന്ന് പൊതുദർശന ഹാളിൽ കൊണ്ടുവരും മുമ്പ് നമുക്കവിടെ എത്തണം'

അപ്പേട്ടനെ മൗനമായി അനുഗമിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ തറയിൽ തറച്ചിരുന്നു.

രണ്ടു വർഷം മുമ്പ് അച്ഛന്റെ വിസ്താരമേറിയ പറമ്പും പത്തായപ്പുരയും ഏക മകനായ എനിക്ക് എഴുതിവെച്ചു, ബാക്കി ജംഗമവസ്തുക്കളെല്ലാം അച്ഛൻ പാർട്ടിക്ക് ദാനം ചെയ്‌തശേഷമാണ് അമ്മയുടെ രോഷം ഇത്ര രൂക്ഷ മാകുന്നത്. അതുവരെ അച്ഛൻ യാചകനെപ്പോലെ അമ്മയുടെ പടിപ്പുരയിൽ കാത്തുനിൽക്കും. വേലക്കാരുടെ അകമ്പടിയോടെ കൊണ്ടുവരുന്ന സ്വന്തം മകനെ മാസത്തിലൊരിക്കൽ കാണാൻ.

അച്ഛൻ എന്റെ ചെമ്പൻ മുടിയിൽ തലോടി നിർവൃതി അടയുമ്പോഴാവും അമ്മയുടെ ഉച്ചത്തിലുള്ള വിളി. അപ്പോഴും അച്ഛന്റെ കുപ്പായത്തിൽ നിന്നുതിരുന്ന വിയർപ്പിൻ സുഗന്ധം ആസ്വദിച്ചു മതിയായിട്ടുണ്ടാവില്ല.

സ്വന്തം ആരോഗ്യം വകവെക്കാതെ അശരണർക്കും അഗതികൾക്കും ആശ്വാസമേകി പാർട്ടി ഓഫീസിൽ കാലം കഴിച്ചിരുന്ന അച്ഛന്, വിശേഷദിവസങ്ങളിൽ ഇളയ പെങ്ങൾ കൊടുത്തയക്കുന്ന മധുരപലഹാരങ്ങളായിരിക്കും ഒരു വ്യത്യാസം.

പാർട്ടിക്ക് സ്വത്ത് കൈമാറിയശേഷം അച്ഛൻ ഒരിക്കലും അമ്മ വീട്ടിൽ വന്നിട്ടില്ല. ഒമ്പതും പത്തും ക്‌ളാസ്സിൽ പഠിക്കുന്ന എന്നെ സ്‌കൂളിൽ വന്നു കാണുന്നതല്ലാതെ...

അപ്പേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്:'വിവാഹം കാലിൽ വീണ കനത്ത ചങ്ങലയായിത്തീരാൻ അച്ഛൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല!

വിവാഹം കഴിഞ്ഞു അഞ്ചാറു വർഷങ്ങൾക്കു ശേഷമാണ് അച്ഛന്റെ ശ്രദ്ധയിൽ പെടുന്നത് അമ്മയിലെ തീവ്രമായ വൈരുദ്ധ്യം!

അച്ഛൻ പാർട്ടിയെപ്പറ്റി അമ്മയുമായി സംസാരിക്കുമ്പോൾ, അമ്മ പുതിയ വീടിനെപ്പറ്റിയും കാറിനെപ്പറ്റിയും പറഞ്ഞുകൊണ്ടിരിക്കും. ക്ഷമയോടെ എല്ലാം കേട്ടുകൊണ്ടിരിക്കുന്ന അച്ഛൻ ഓർമ്മിപ്പിക്കും: 'മനോരാജ്യത്തിലൂടെ മേയുന്നത് സുഖമാണെങ്കിലും, യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കണം.'

അച്ഛന് പാർട്ടി ചിന്തയും പാർട്ടി പ്രവർത്തനവും മാത്രമേയുള്ളുവെന്ന് പറഞ്ഞു അമ്മ മുറുമുറുപ്പോടെ എന്നെയും കൂട്ടി അമ്മ വീട്ടിലേക്ക് താമസം മാറ്റി!

അമ്മ വീട്ടുകാർ ഭർതൃ വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചപ്പോൾ അമ്മയുടെ ക്രോധം ജ്വലിച്ചു: 'ഞാൻ പോണില്ല. അയാൾ വിവാഹം കഴിച്ചിരിക്കുന്നത് എന്നെയല്ല, പാർട്ടിയെയാണ്.'

ശോണിമ കലർന്ന അമ്മയുടെ കവിളിലൂടെ കോപവും സങ്കടവും കണ്ണീരായി ഒഴുകി. മൂക്ക് ചീറ്റിക്കൊണ്ട് അമ്മ: 'ഇങ്ങനെ പാർട്ടി ഭ്രാന്തുള്ള ആള്  ഒരിക്കലും ഒര് കല്യാണം കഴിക്കരുതായിരുന്നു!'

അമ്മയുടെ സ്വാർത്ഥതയ്ക്കും അച്ഛന്റെ നിസ്സഹായതയ്ക്കും ഇടയിൽ ഞെരുങ്ങുന്നൊരു പുഴുവായി തോന്നി ഞാൻ!

മൂന്നാഴ്ച മുമ്പ് അപ്പേട്ടൻ അമ്മയുടെ വീട്ടിൽ വന്നിട്ട്, അമ്മയുടെ കടുത്ത മൗനത്തെ ഭേദിച്ച്: 'കരളിന് അണുബാധ കാരണം അച്ഛൻ ആശുപത്രിയിലാണ്; മോൻ ഉടനെ വരണം.'

അപ്പേട്ടനെ പിന്തുടർന്നു: അച്ഛന്റ ആശുപത്രി മുറി സന്ദർശകരെക്കൊണ്ട് നിറഞ്ഞിരുന്നു. അച്ഛന്റെ വിളറിയ മുഖത്ത് കുറ്റിരോമങ്ങൾ നിറഞ്ഞിരുന്നു. കണ്ണുകളിൽ പഴയ തിളക്കം കണ്ടില്ല. അച്ഛൻ ക്ഷീണിച്ച കൈകൊണ്ട് എന്റെ ചെമ്പൻ മുടിയിൽ തലോടുമ്പോൾ, അതിനു വാക്കുകളേറെ വാത്സല്യവും അർത്ഥവും ഉണ്ടായിരുന്നു.

വിടവാങ്ങുമ്പോൾ അച്ഛൻ അനുഗ്രഹിക്കാനെന്നോണം ശ്രമപ്പെട്ടു കൈ വീണ്ടും ഉയർത്തി. അന്നേരം ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

അച്ഛനെ ഒന്നുകൂടി കാണണമെന്ന അദമ്യമോഹം അമ്മയെ ധരിപ്പിക്കാൻ ധൈര്യമില്ലായിരുന്നു. അച്ഛന്റെ അസുഖത്തിന് രണ്ടുമാസം മുമ്പ്, അമ്മയ്ക്ക് സ്വത്ത് ദാനമായി കൊടുക്കാത്തതിൽ കോപിച്ചു അമ്മ അച്ഛനുമായി ഫോണിൽ വഴക്കിട്ടു, എനിക്കായി കരുതിവച്ച അച്ഛന്റെ വിലയേറിയ ഉപഹാരങ്ങളും പുരസ്കാരങ്ങളും അമ്മ മേശമേൽ നിന്ന് താഴേക്ക് തട്ടിയിട്ട്!  അമ്മയുടെ ബാലിശമായ ചെയ്തികൾ കണ്ടു നിശ്ചലനായി നിന്നു.

ഒടുവിൽ അപ്പേട്ടന്റെ സഹായത്തോടെ, അച്ഛനെ കൺനിറയെ കണ്ടേ മനസ്സിന്റെ എരിച്ചിൽ ശമിച്ചുള്ളു.

ദർശനഹാളിൽ അന്ത്യോമപചാരം അർപ്പിക്കാൻ പ്രമുഖരടക്കം ധാരാളംപേർ വന്നിരുന്നു. പലരും അച്ഛന്റെ ആത്മസുഹൃത്തക്കളായിരുന്നു. ചിലരെ അപ്പേട്ടൻ എന്നെ പരിചയപ്പെടുത്തി. എല്ലാവരും അച്ഛനെ പ്രശംസിച്ചു. സഖാവിന്റെ മകനെന്ന നിലയിൽ എന്നിൽ അനുഭാവവും അഭിമാനവും ചൊരിഞ്ഞു.

അച്ഛന്റെമേൽ സുഹൃത്തുക്കളും സഖാക്കളും ഭവ്യതയോടെ ചുവന്ന പട്ടിൻപതാക കഴുത്തുവരെ മൂടി, ചുറ്റും റീത്തുകളർപ്പിച്ചു. അച്ഛന്റെ കുറ്റിരോമങ്ങളുടെ സ്പർശം എന്നും സ്മരണയിൽ സൂക്ഷിക്കാൻ, ആ  വാത്സല്യനിധിയുടെ കവിളിൽ അവസാനമായി ഒന്നുകൂടി ഉമ്മവച്ചു. സ്വജീവിതം പാർട്ടിക്കുവേണ്ടി ത്യജിച്ച മഹാന്റെ മാറിടത്തിൽ, അച്ഛനേറെ ഇഷ്ടപ്പെടുന്ന കടുംചുവപ്പായ ഒരു റോസാപ്പൂവും സമർപ്പിച്ചു.

അല്പം അഹങ്കാരത്തോടെ ആദർശധീരനുമൊത്ത് സ്നേഹം പങ്കിടുമ്പോൾ, ഈ മനുഷ്യസ്നേഹി ഇത്ര വേഗം എന്നെ പിരിഞ്ഞുപോകുമെന്ന് സ്വപ്നേപി നിനച്ചിരുന്നില്ല. എങ്കിലും അച്ഛൻ നിർലോഭം ചൊരിഞ്ഞു തന്ന ലാളനകൾ അയവിറക്കുമ്പോൾ തോന്നും അച്ഛനറിയാമായിരുന്നു തൻറെ അന്ത്യo.

ഉച്ചതിരിഞ്ഞു അച്ഛന്റെ ശരീരം പൊതുശ്‌മശാനത്തിലേക്ക് കൊണ്ടുവന്നു.

രാമച്ചംകൊണ്ടു സജ്ജമാക്കിയ മഞ്ചത്തിൽ കിടത്തിയ ചിതയ്ക്ക് തീ കൊളുത്താൻ അപ്പേട്ടൻ എന്നെ സഹായിച്ചു. ചിതയെരിയുമ്പോൾ, അന്തരീക്ഷത്തിലലിഞ്ഞു ചേർന്ന പുക, എനിക്കുമാത്രം പരിചയമുള്ള വിയർപ്പിൻമണം മുകാരനെന്നോണം നാസാരന്ധ്രങ്ങൾ സ്വമേധയാ വിടർന്നു.

പട്ടട കെട്ടടങ്ങുന്നത് വരെ നോക്കിനിൽക്കെ, അപ്പേട്ടൻ ചുമലിൽ കൈവെച്ചു കൊണ്ട് മൃദുവായി: 'വരൂ മോനെ, നമക്ക് സഞ്ചയത്തിന് വരാം.' ആ സ്പർശo ആശ്വാസമായിരുന്നു.

സഞ്ചയനത്തിനു അസ്ഥിപെറുക്കാൻ അപ്പേട്ടനൊപ്പം വന്നു.

ശ്മശാനത്തിൽ വേറെയും ശവദാഹങ്ങൾ തിരക്കിട്ടു നടന്നിരുന്നു. അവിടവിടെ തടിച്ചുകൂടിയ ജനം, തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജഡം ഒരു നോക്ക് കാണുവാൻ അച്ഛൻ സംസ്കരിച്ചതിനു മുകളിലൂടെ കന്നാലിക്കൂട്ടങ്ങൾ പോലെ ചവുട്ടി, ചാരം തെറിപ്പിച്ചു കടന്നുപോയപ്പോൾ, അപ്പേട്ടന്റെ കണ്ഠമിടറി: 'ഇത് വല്യ സങ്കടാ, മനുഷ്യർക്ക് സംസ്കാരം എന്നൊന്നില്ലാത്തത്!'

അപ്പേട്ടൻ അരിശത്തോടെ: ‘നാടിനും നാട്ടാർക്കും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച മഹാത്‌മാവിന് ഒര് വെലേം ഇല്ലേ? ഈ മുനിസിപ്പാലിറ്റിയും ശ്മാശാനത്തിന് ഉറ്റവരുടെ അസ്ഥിപെറുക്കുംവരേക്കും ഒര്  സൗകര്യോം ചെയ്യുന്നില്ല!’

അപ്പേട്ടന്റെ വിദ്വേഷം തീരാതെ മേല്പോട്ട് നോക്കി: 'സൂര്യനും കത്തിത്തിമിർക്കുന്നു, ഒര് ഭാവഭേദവുമില്ലാതെ!'

അപ്പേട്ടൻ പിന്നെയും മുനിസിസിപ്പാലിറ്റിയുടെ അനാസ്ഥകളെപ്പറ്റിയും ആളുകളുടെ അനുകമ്പയില്ലായ്മയെപ്പറ്റിയും ആരോടെന്നിലല്ലാതെ പറഞ്ഞുകൊണ്ടിരുന്നു.

ചിതാഭസ്മം ഒരു നിധിപോലെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ ഒരു മനസ്സ് ആശങ്കപ്പെട്ടുകൊണ്ടിരുന്നു, അമ്മ അച്ഛനെ സ്വീകരിക്കുമോ? എങ്കിലും മറുമനസ്സ് സ്വയം സമാധാനിപ്പിച്ചുതന്നിരുന്നു: ഇപ്രാവശ്യം അമ്മ എന്റച്ഛനെ സ്വീകരിക്കുമെന്ന്...


അബ്ദുൾ പുന്നയൂർക്കുളം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.