ടൊറന്റോ: കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിൽ ദീർഘകാലം ആത്മീയ-മിഷൻ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന റവ. ഡോ. ജോർജ് എം. ജോൺ നിര്യാതനായി.
സി സ് ഐ ചർച്ച് ടോറോന്റോയുടെ ആദ്യ പ്രസിഡന്റായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു. 1986-ൽ കോട്ടയത്ത് Church of South India മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. എം. സി. മണിയിൽ നിന്ന് ഡീക്കനായും പ്രെസ്ബിറ്ററായും അഭിഷിക്തനായി. തുടർന്ന് 1986 ജൂലൈ 26-ന് CSI Church Torontoയിൽ തന്റെ ആദ്യ ആരാധനയ്ക്ക് നേതൃത്വം നൽകി.
പത്തനംതിട്ട കുഴിക്കാല പുത്തുചിറ മണ്ണിൽ കുടുംബാംഗമായ റവ. ജോർജ് എം. ജോൺ, എം. കെ. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകനാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് United Theological College, Bangalore-ൽ നിന്ന് B.D. പഠനം പൂർത്തിയാക്കുകയും M.Th. നേടുകയും ചെയ്തു.
മധ്യകേരള മഹായിടവകയുടെ യൂത്ത് സെക്രട്ടറിയായും യുവജനങ്ങൾക്കായുള്ള മഹായിടവക പ്രസിദ്ധീകരണമായ ‘യുവലോകം’ ചീഫ് എഡിറ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ സഭാ നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ മിഷൻ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം പിന്തുണ നൽകിയിരുന്നു.
ഭാര്യ ഡോ. എലിസബത്ത് ജോർജ്. മക്കൾ ജോൺ ജോർജ്, ഡോ. ആൻ മിൽസ് എന്നിവരാണ്.
റവ. ഡോ. ജോർജ് എം. ജോണിന്റെ വേർപാട് കുടുംബാംഗങ്ങൾക്കും CSI സഭാ സമൂഹത്തിനും കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണ്.
സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്.
റവ. ഡോ. ജോർജ് എം. ജോൺ

