നജീബിനൊപ്പം മരുഭൂമിയിലൂടെ ദിക്കറിയാതെ, സൂര്യനെ മാത്രം വഴികാട്ടിയാക്കി നടന്നു തീർക്കുകയായിരുന്നു .തൊണ്ടയുണങ്ങി ചുണ്ടു വരണ്ടു പൊട്ടി, കാലടികൾ പൊള്ളച്ചു വിള്ളൽ വീണു. കിടപ്പാടം പോലുമില്ലാതെ വെയിലും, കാറ്റും , ശൈത്യവും അറിഞ്ഞ് പുതയ്ക്കാൻ പുതപ്പു പോലുമില്ലാതെ ജീവിതമായി പോരാടുകയായിരുന്നു
ഒരു സിനിമ അനേകരുടെ വിയർപ്പിന്റെ ഉപ്പാണ് എന്നറിയാം - എന്നാൽ കപ്പിത്താൻ എപ്പോഴും സംവിധായകൻ തന്നെ. പ്രിയ സ്നേഹിതൻ ബ്ലസി തിരക്കഥ, സംഭാഷണം ,സംവിധാനം നിർവഹിച്ച ആടുജീവിതം എന്ന സിനിമ ഇന്ന് ആദ്യത്തെ ഷോ തന്നെ കണ്ടു. പിന്നെ എഴുതാൻ എന്തിത്ര വൈകിയെന്ന് നിങ്ങൾ ചോദിക്കരുത് - നജീബിനൊപ്പം മരുഭൂമിയിലൂടെ ദിക്കറിയാതെ, സൂര്യനെ മാത്രം വഴികാട്ടിയാക്കി നടന്നു തീർക്കുകയായിരുന്നു .തൊണ്ടയുണങ്ങി ചുണ്ടു വരണ്ടു പൊട്ടി, കാലടികൾ പൊള്ളച്ചു വിള്ളൽ വീണു. കിടപ്പാടം പോലുമില്ലാതെ വെയിലും, കാറ്റും , ശൈത്യവും അറിഞ്ഞ് പുതയ്ക്കാൻ പുതപ്പു പോലുമില്ലാതെ ജീവിതമായി പോരാടുകയായിരുന്നു -ഈ ദുരിത കെടുതികൾ അനുഭവിച്ചു വീട്ടിൽ തിരിച്ചെത്തി,ഉണ്ണാനും വിശ്രമിക്കാനും ആവാതെ പൊരിയുമ്പോൾ പ്രിയ ബ്ലെസ്സി, എഴുതുവാൻ കഴിയുവതെങ്ങനെ !
ബെന്യാമിന്റെ ശക്തമായ നോവലാണ് ആട്ജീവിതം. അത് 16 വർഷങ്ങളായി നാം ആഘോഷമാക്കുന്നു - ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം ! അത് പുറത്തിറങ്ങിയത് മുതൽ ബ്ലെസ്സിയുടെ മനസ്സിൽ ആ സിനിമയോടിത്തുടങ്ങിയിരുന്നു - അയാൾ അതിനു വേണ്ടി ഉരുകിയുരുകി കറുത്ത തലമുടി പോലും വെളുത്തു പോയി. പ്രവാസി അനുഭവിച്ച കടുത്ത മനുഷ്യാവകാശ ലംഘനം ആ വിശുദ്ധാത്മാവിനെ അത്രമേൽ പൊള്ളിച്ചിരിക്കണം . ആ പൊള്ളൽ അഭ്രപാളിയിലൂടെ പ്രേക്ഷകനെ അനുഭവിപ്പിക്കാൻ അയാൾക്ക് പതിനാറു വർഷങ്ങൾ വേണ്ടിവന്നു!
ബ്ലെസ്സിയുടെ ആടുജീവിതം സിനിമ, നോവലിനെ ഉടനീളം ആശ്രയിച്ചിട്ടില്ല. എന്നാൽ അതിൻ്റെ കാതൽ മാത്രം അടർത്തിയെടുത്ത് സസൂക്ഷ്മം അയാൾ പൊള്ളുന്ന മണൽ കാട്ടിൽ നജീബിൻ്റെ ജീവിതത്തിന് ഒരു അനശ്വര സ്മാരകം പണിയുകയായിരുന്നു.
ജീവിതം നിരന്തരം വേട്ടയാടിയ നജീബിന്റെ ആത്മ സംഘർഷങ്ങളെ സങ്കടങ്ങളെ, യാതനകളെ കണ്ട് ഉളവായ, സംവിധായകന്റെ ക്ഷോഭമാണ് ഈ സിനിമ എന്ന് തോന്നിപ്പോകും. സാധാരണ സിനിമയുടെ സൗന്ദര്യ സങ്കൽപ്പനങ്ങളെ നിരാകരിച്ചു കൊണ്ടാണ് ഈ സിനിമ മുന്നേറുന്നത് - മലയാള സിനിമയുടെ കണ്ണിലുണ്ണിയായ സുകുമാര കളേബരനായ പൃഥ്വിരാജ് അയാളുടെ സ്വത്വത്തെ ഉടയാടകൾ എന്നപോലെ ഉരിഞ്ഞെറിഞ്ഞ് നജീബിൽ പ്രതിഷ്ഠിക്കുകയായിരുന്നു - ഈ ആയിത്തീരൻ ഈ നടനെ മഹാനടൻ ആക്കി ഉയർത്തുന്നു. ദേശീയ വിദേശീയ പുരസ്കാരങ്ങൾ ലഭിക്കുമോ എന്നതല്ല, മലയാളി ഇത്തരം മഹത്തായ ഒരു നോവലിനെ സിനിമയിലൂടെ മഹത്തരമാക്കി ആവിഷ്കരിച്ചു എന്നതാണ് കാര്യം -
ഈ നടന്റെ കരിയറിൽ ഒരു ശോണ നക്ഷത്രമായി ഇതെന്നും ജ്വലിച്ചു നിൽക്കും - ശരീരവും മനസ്സും നജീബിലേക്ക് പറിച്ച് നടാൻ പൃഥ്വിരാജ് എന്ന നടൻ എത്രയോ ത്യാഗങ്ങൾ അനുഷ്ഠിച്ചിരിക്കുന്നു! 98 കിലോയിൽ നിന്നും 68 കിലോയിലേക്കുള്ള ദൂരം ചെറുതല്ല - കുളിക്കുവാനായി അയാൾ വസ്ത്രമഴിച്ചപ്പോൾ മെലിഞ്ഞുണങ്ങി ദൈന്യം നിറഞ്ഞ ശരീരം കണ്ട് പ്രേക്ഷകരുടെ കണ്ഠത്തിൽ ഒരു തേങ്ങൽ പൊട്ടിയുടയുന്നു.
അഭിനയത്തിൻറെ കൊടുമുടി കയറുന്ന മറ്റൊരു നടൻ കൂടിയുണ്ട് - കെ ആർ ഗോകുൽ എന്ന ഹക്കീം - പൃഥ്വിരാജിനൊപ്പം തനിക്ക് കിട്ടിയ വേഷം അതിഗംഭീരമായി പകർനാടുകയായിരുന്നു - അയാളുടെ ദൈന്യതയും, ക്രോധവും , ആഴത്തിലുള്ള നിരാശയ്ക്കിടയിലും ഉള്ളിൽ പുതഞ്ഞു കിടക്കുന്ന പ്രത്യാശയുടെ പൊൻകിരണവും ,അയാളുടെ ആഴത്തിലുള്ള കരച്ചിലും അറ്റമില്ലാതെ സങ്കടത്തിലേക്ക് നമ്മെ തള്ളിയിടുന്നു -
ജിമ്മി ജീൻ ലൂയിസിൻ്റെ കഥാപാത്രം മനസ്സിൽ നന്മയുടെ ശുക്ര നക്ഷത്രമായി ജ്വലിച്ചു നിൽക്കുന്നു - കഥാ നായികയായി സിനിമയിൽ കുറച്ചുനേരം പ്രത്യക്ഷപ്പെടുന്ന അമലാ പോൾ മനസ്സിൽ ആനന്ദം സൃഷ്ടിക്കുന്നു.
അങ്ങനെ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ഉള്ള വാതായനങ്ങൾ തുറക്കുന്ന ഈ സിനിമ കാണുമ്പോൾ നജീബിന്റെ ഭീതിയും സംഭാന്ത്രിയും സങ്കടങ്ങളും നമ്മിലേക്കും സംക്രമിക്കുന്നു.
ഇതെഴുതുന്നവളെ ഏറ്റവും അധികം ഞെട്ടിച്ച ഒരു ദൃശ്യമുണ്ട് സിനിമയിൽ - കടുത്ത മർദ്ദനത്താൽ തളർന്ന നജീബ് ദാഹിച്ച് തൊണ്ടപൊട്ടി,ആടുകൾ വെള്ളം കുടിക്കുന്ന തൊട്ടിയിലേക്ക് തലതാഴ്ത്തി, ആടിനെപ്പോലെ വെള്ളം കുടിക്കുന്ന ദൃശ്യം- മറ്റാടുകൾക്കൊപ്പം അയാളുടെ ശിരസ്സും ആ വലിയ കണ്ണുകളിൽ പ്രതിഫലിച്ച രോഷാഗ്നിയും -ഇതൊക്കെ ഈയുള്ളവളുടെ വരാൻ പോകുന്ന രാവുകളെ നിദ്രാവാ നിദ്രാവിഹീനമാക്കി ത്തീർക്കും എന്നതിന് തർക്കമേതുമില്ല .
മനുഷ്യരോടൊപ്പം കഴിയാനാവാതെ ആടുകൾക്കൊപ്പം മറ്റൊരാടായി ജീവിച്ചു തീർത്ത ഒരു മനുഷ്യൻ്റെ ജീവിതം സിനിമയിലൂടെ ശാശ്വതീകരിച്ച് നമ്മുടെ ഉള്ളിൽ പരിവർത്തനത്തിൻ്റെ ഒരു ഭൂകമ്പം സൃഷ്ടിക്കുകയാണ് ബെസ്സി എന്ന ഉന്നതനായ കലാകാരൻ .
അടിസ്ഥാന ആവശ്യങ്ങൾക്കായി കലാപം കൂട്ടുന്നവനെ ചവിട്ടിക്കുഴയ്ക്കുന്നത് കാണുമ്പോൾ ഉണ്ടായി വന്ന കടുത്ത അമർഷവും രോഷവും ആയിരിക്കണം ബ്ലെസ്സിയെക്കൊണ്ട് ഈ സിനിമ എടുപ്പിച്ചത്.
അയാളിലെ മനുഷ്യത്വം ഈ സിനിമയിൽ ഗാഢ മുദ്ര പതിപ്പിച്ചിരിക്കുന്നു.
ആടു ജീവിതത്തിലെ അണിയറ പ്രവർത്തകർ ഭാരതത്തിലെ ഏറ്റവും മികച്ച കലാകാരന്മാരാണ്.
സുനിൽ കെഎസ് ൻ്റെ സിനിമറ്റോഗ്രാഫി അനന്തവിസ്തൃതമായ മണൽ കാട്ടിലൂടെ സ്വച്ഛസുഭഗമായി സഞ്ചരിക്കുന്നു - ഒട്ടകത്തിൻ്റെ കണ്ണിൽ നജീബിൻ്റെ ചിത്രം പോലും അയാൾ പതിച്ചു വെച്ചു . ഏ ആർ റഹ്മാൻ സംഗീതം കൊണ്ട് പ്രേക്ഷകന്റെ ഹൃദയത്തെ പ്രകമ്പനം കൊള്ളിച്ചു - റഫീക് അഹമ്മദിൻ്റെ ഗാനങ്ങൾ ഇപ്പോഴും ഹൃദയത്തിൽ അലയടിക്കുന്നു. ഗായകർക്കും അഭിനന്ദനങ്ങൾ -
റസൂൽ പൂക്കുട്ടി മരുക്കാറ്റിന്റെ ,കഴുകന്റെ മനുഷ്യാത്മാക്കളുടെ ഒക്കെ ശബ്ദം പ്രേക്ഷകനിലേക്ക് ഇടിയും മിന്നലുമായി വർഷിച്ചു . സ്റ്റെഫി സേവ്യറിൻ്റെ വസ്ത്രാലങ്കാരം കെങ്കേമം - പിഞ്ഞിയാടുന്ന വസ്ത്രാഞ്ചലങ്ങളിലൂടെ സിനിമയുടെ വിജയക്കൊടി പാറിക്കുകയാണയാൾ . എഡിറ്റിംഗ് അതി ഗംഭീരമായിരിക്കുന്നു. ആർട്ട് ഡയറക്ടർ പ്രശാന്ത് മാധവൻ മരുഭൂമിയിലെ വിഷ പ്പാമ്പുകളെ, അഞ്ചെണ്ണത്തിനെ അമ്പതാക്കി കാണിച്ചു നമ്മെ നടുക്കത്തിലാക്കി. അങ്ങനെ പേരറിയാത്ത ഇനിയും എത്രയോ കലാകാരന്മാരുണ്ടാവും വിഷ്വൽ റൊമാൻസിൻ്റെ ബാനറിൽ ഒരുക്കിയ സിനിമയുടെ പിന്നണിയിൽ. നിർമാതാക്കളായ Jimmy Jean Louise,Steven Adams ഇവർക്കും കോടി നന്ദി.
കലാകാരൻ പ്രതിബദ്ധതയുള്ളവനാവണം, കലാപകാരിയും ആയിരിക്കണം എന്ന് ബ്ലെസ്സി എന്ന മികച്ച കലാകാരൻ വീണ്ടും തെളിയിച്ചിരിക്കുന്നു -
രാജവീഥിയിലെ കാഴ്ചകൾ കണ്ടു ഭ്രമിച്ചു പുരുഷാരം നടക്കുമ്പോൾ, അടുത്ത തിരിവിനപ്പുറം എന്ത് - എന്ന് കലാകാരൻ വിചാരപ്പെടുന്നു - നജീബിന്റെ ആത്മാവില മുറിവുകളെ കവിതയാക്കി മാറ്റുകയാണ് ഈ സിനിമ -
യഥാർത്ഥ നജീബ് ജീവിച്ച് തീർത്തത് നമ്മെ അനുഭവിപ്പിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യം - മരുഭൂമികൾ താണ്ടി, ഉടൽ തളർന്ന്, ഉയിർ തകര്‍ന്നു നിൽക്കുകയാണ് മലയാളി പ്രേക്ഷകർ - ബ്ലെസ്സിക്കും സഹപ്രവർത്തകർക്കും അകം നിറഞ്ഞ അഭിനന്ദനങ്ങൾ