LITERATURE

കൊന്തപ്പത്ത് എന്ന പവര്‍ ഹൗസ്

Blog Image

ഒക്ടോബര്‍ 31 എനിക്ക് മറക്കാനാകാത്ത ഒരു തീയതിയാണ്. 1995 ലായിരുന്നു ഇതിന് നിദാനമായ സംഭവം. 
        നവംബര്‍ ഒന്നാം തീയതി കേരളപ്പിറവി പ്രമാണിച്ച് സംപ്രേഷണം ചെയ്യാനുള്ള ഒരു അരമണിക്കൂര്‍ പ്രോഗ്രാം തയ്യാറാക്കാന്‍ ദൂരദര്‍ശന്‍ എന്നെ ചുമതലപ്പെടുത്തിയിരുന്നു. ഞാന്‍ എഴുതി, ഡയറക്ട് ചെയ്ത്, ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയെങ്കിലും എഡിറ്റിങ്ങിനു പോകാന്‍ ഓഫീസിലെ തിരക്കു മൂലം എനിക്ക് കഴിഞ്ഞില്ല. ഒക്ടോബര്‍ 25 ആയപ്പോള്‍ ദൂരദര്‍ശനിലെ തോമസ് റ്റി. കുഞ്ഞുമ്മന്‍ എന്നെ വിളിച്ചു പരിഭവം പറഞ്ഞു. ഒരു പ്രൈവറ്റ് സ്റ്റുഡിയോയിലാണ് എഡിറ്റിങ് നടത്തേണ്ടത്. 30-ാം തീയതി വൈകുന്നേരം ഞാന്‍ അവിടെ എത്തി. പുലര്‍ച്ചെ 5 മണി ആയപ്പോഴേക്കും കാസറ്റ് റെഡി. ആ പ്രോഗ്രാം രണ്ടു തവണ പൂര്‍ണ്ണമായും കണ്ട് സന്തോഷത്തിന്‍റെയും സംതൃപ്തിയുടെയും കൊടുമുടി കയറിയ ഞാന്‍ څഎക്സലന്‍റ്چ എന്ന് എല്ലാവരും കൈയ്യടിച്ചു പറയുന്ന രംഗം മനസ്സില്‍ താലോലിച്ച്, കാറിനടുത്തേക്കു നടക്കുമ്പോള്‍ അഞ്ചരമണി  കഴിഞ്ഞു കാണും.
    രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്നിട്ട് രാവിലെ കാര്‍ ഡ്രൈവ് ചെയ്യാന്‍ പാടില്ലെന്നാരോ മനസ്സിലിരുന്നു മന്ത്രിക്കുന്നുണ്ടായിരുന്നു. ڇലേറ്റ് ആകുന്നെങ്കില്‍ കാര്‍ അവിടെയിട്ട് ടാക്സി  വിളിച്ചു പോന്നാല്‍ മതിڈ എന്ന് എന്‍റെ ഭാര്യ ജാന്‍സി  തലേന്ന് ഞാന്‍ കവടിയാറിലുള്ള സ്റ്റുഡിയോയിലേക്കു പുറപ്പെടുമ്പോഴേ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, ഒരു ഉഗ്രന്‍ പ്രോഗ്രാം ചെയ്തതിന്‍റെ അഭിമാനത്തോടെ, അതോ, തെല്ലൊരഹങ്കാരത്തോടെ, കാറിലേക്കു നടക്കുമ്പോള്‍, 10 കിലോമീറ്റര്‍ ദൂരമല്ലേ വീട്ടിലേക്കുള്ളു എന്ന ചിന്ത പെണ്‍ചൊല്ലിനു ചെവികൊടുക്കാതിരിക്കാന്‍ എനിക്കുത്സാഹം നല്‍കി. പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ചില പാട്ടുകള്‍ മൂളി, നല്ല മൂഡില്‍, പോങ്ങുമ്മൂട് ജംഗ്ഷന്‍ വരെ എത്തിയതോര്‍മ്മയുണ്ട്. ശ്രീകാര്യത്തുള്ള എന്‍റെ വീട്ടിലേക്ക് ഇനി രണ്ടു കിലോമീറ്ററേ ഉള്ളു.
പെട്ടെന്ന് കണ്ണൊന്നടഞ്ഞു പോയി. നാഷണല്‍ ഹൈവേക്ക് ഇടതുവശം ചേര്‍ന്നു പോരികയായിരുന്ന ഞാന്‍, നല്ല സ്പീഡില്‍ റോഡ് കുറുകെ  കടന്ന് വലതു വശത്തുള്ള  ഒരു കോണ്‍ക്രീറ്റ് പോസ്റ്റിലിടിച്ചു. കാറിന്‍റെ വലതു ഭാഗം ഓടയിലേക്ക് ചരിഞ്ഞു നിന്നു. പോസ്റ്റ് ഒടിഞ്ഞ് കാറിന്‍റെ മുകളിലേക്കു പതിച്ച്, . കാറിനെ നെടുകെ രണ്ടായി പിളര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ എന്‍റെ നെഞ്ച് സ്റ്റിയറിങ്ങില്‍ അമര്‍ന്നു പോകാതിരുന്നത് അത്ഭുതം. കാറിന്‍റെ മുകളിലേക്കു വീണ പോസ്റ്റ് ഡ്രൈവറുടെ സീറ്റില്‍ നിന്നും സെന്‍റിമീറ്ററുകള്‍ മാത്രം അകലേക്കാണ് പതിച്ചത്. കാറിന്‍റെ څറൂഫ്چ താഴോട്ട് പതിഞ്ഞെങ്കിലും, എന്‍റെ ദേഹത്തെവിടെയും സ്പര്‍ശിച്ചില്ല. വൈക്കത്തഷ്ടമിക്കാലത്ത് څമരണക്കിണറിچല്‍ മോട്ടോര്‍സൈക്കിള്‍ ഓടിച്ചിട്ട് സുരക്ഷിതനായി പുറത്തേക്കു ചാടിയിറങ്ങുന്ന അഭ്യാസിയെ പോലെ, ഞാന്‍ ഒരു വശം റോഡില്‍ പൊങ്ങിയും മറുവശം ഓടയില്‍ താഴ്ന്നും കിടക്കുന്ന കാറില്‍ നിന്ന് ചാടി പുറത്തിറങ്ങി.  ഒരാള്‍ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച്, അടത്തു തന്നെയുള്ള അദ്ദേഹത്തിന്‍റെ വീട്ടിലേക്കു കൊണ്ടു പോയി. എനിയ്ക്കൊരു സംഭ്രമം  പോലുമില്ല. ഒരു രോമത്തിനു പോലും ഒന്നും  സംഭവിച്ചിട്ടില്ല  എന്നു കണ്ട്, അദ്ദേഹം താമസിയാതെ തന്നെ തന്‍റെ കാറില്‍ എന്നെ വീട്ടിലെത്തിച്ചു.
    വീട്ടില്‍ ജാന്‍സിയുണ്ടായിരുന്നില്ല. അവള്‍ څകൊന്തപ്പത്തിچ ന്‍റെ  അവസാന ദിവസത്തെ കൊന്തയും കുര്‍ബാനയും കൂടാന്‍ ഇടവകപ്പള്ളിയായ എമ്മാവൂസിലേക്കു പോയിരിക്കുകയാണ്. പള്ളിയില്‍ നിന്നും വന്ന് എന്‍റെ കഥ പറഞ്ഞു കേട്ടപ്പോള്‍ അവള്‍ പറഞ്ഞു: ڇആ അപകടം നടക്കുന്ന സമയം ഞാന്‍ മുട്ടുകുത്തി നിന്ന് കൊന്തയെത്തിക്കുകയായിരുന്നു. മാതാവ് കാത്തുڈ.
    അപകടം നടന്ന പോങ്ങുമ്മൂട് ജംഗ്ഷനു സമീപം ഒരു കത്തോലിക്കാപള്ളിയുണ്ട്. അവിടെ ധാരാളം വിശ്വാസികള്‍ പോകുന്ന സമയമായിരുന്നു. റോഡ് കുറുകെ കടന്നു ലക്കും ലഗാനുമില്ലാതെ  ഓടിയ എന്‍റെ കാര്‍  അവരില്‍ ആരെയും ഇടിച്ചിട്ടില്ല എന്നതു ഭാഗ്യം. ആ കാറിന്‍റെ അവസ്ഥ കണ്ടവരൊക്കെത്തന്നെ പറഞ്ഞത്രേ: ڇഡ്രൈവര്‍ തീര്‍ന്നു കാണും!ڈ എന്നാല്‍, ഞാന്‍, ഒരു ചെറിയ പോറലോ ഇത്തിരി  നൊമ്പരമോ പോലുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ട് വീട്ടിലിരിക്കുകയായിരുന്നു. എന്‍റെ അഹങ്കാരത്തിനുള്ള ശിക്ഷയായി  മാതാവ് 80000 രൂപ ഫൈനടിച്ചു, കാര്‍ നന്നാക്കിയെടുക്കാന്‍. അത്ര തന്നെ!
    ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ 10 ദിവസവും തുടര്‍ച്ചയായി വിശ്വാസികള്‍ രാവിലെ പള്ളിയിലെത്തി കൂട്ടായി  കൊന്ത ചൊല്ലുകയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്യുന്ന പതിവ് ഞങ്ങളുടെ പള്ളിയിലുണ്ട്. തുടര്‍ച്ചയായി പത്തു ദിവസം എല്ലാവരും ഒരുമിച്ചു കൊന്ത എത്തിക്കുന്നതിനാണ് څകൊന്തപ്പത്ത്چ എന്നു പറയുന്നത്.  ഒക്ടോബര്‍ മാസം മാതാവിന്‍റെ മാസമാണ്. യേശുവിന്‍റെ അമ്മയായ കന്യകാമാതാവിനോട് കൊന്തയെത്തിച്ച് പ്രാര്‍ത്ഥിക്കാന്‍ ഈ മാസം മുഴുവന്‍ കത്തോലിക്കാ വിശ്വാസികള്‍ ശ്രദ്ധിക്കുന്നു. ഭവനങ്ങളിലും, പാരിഷ് വാര്‍ഡുകളുടെ അടിസ്ഥാനത്തിലും, ഇടവകമുഴുവനായും څകൊന്തപ്പത്ത്چ ആചരിച്ച് മാതാവിന്‍റെ പ്രത്യേക മാധ്യസ്ഥം വഴി അവര്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നു. പള്ളിയിലെ څകൊന്തപ്പത്ത്چ ആദ്യത്തെ 10 ദിവസമോ, മധ്യത്തിലോ, അവസാനത്തെ 10 ദിവസമോ വേണ്ടതെന്ന് അതാതു പള്ളികള്‍ തീരുമാനി ക്കുന്നു.
    ജാന്‍സിക്കു കൊന്ത ഭക്തി മുത്തശ്ശിയില്‍ നിന്നും ലഭിച്ചതാണ്. സ്കൂളില്‍  പരീക്ഷയ്ക്കു പോകുമ്പോള്‍ ഇന്‍സ്ട്രമെന്‍റ് ബോക്സില്‍  കൊന്ത നിക്ഷേപിക്കുന്നത് څനല്ലമ്മച്ചിچ എന്ന് അവള്‍ വിളിച്ചിരുന്ന മുത്തശ്ശിയുടെ പതിവായിരുന്നു. പിന്നീടുള്ള ജീവിതത്തില്‍, പ്രസംഗമത്സരങ്ങളില്‍ പങ്കെടുക്കുമ്പോഴും, പരീക്ഷ എഴുതുമ്പോഴും, ഇന്‍റര്‍വ്യൂവിനു പോകുമ്പോഴുമൊക്കെ കൊന്ത ഭക്തിയായിരുന്നു അവളുടെ ഏറ്റവും വലിയ ബലം. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരിക്കെ പല വിഷമഘട്ടങ്ങളിലും കൊന്ത കൈയ്യിലേന്തിയാണ് തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും  അപ്പോഴൊന്നും തനിക്കു ദു:ഖിക്കേണ്ടി വന്നിട്ടില്ല എന്നും ജാന്‍സി പറയുന്നു. തന്‍റെ എല്ലാ ഹാന്‍ഡ് ബാഗുകളിലും, പേഴ്സുകളിലും, വീട്ടിലെ സ്റ്റഡി ടേബിളിലും, ബെഡ്റൂമില്‍ കട്ടിലിന്‍റെ ഹെഡ്ബോര്‍ഡിലുമൊക്കെ ജാന്‍സി ഓരോ കൊന്ത സൂക്ഷിക്കുന്നു. അങ്ങനെ ഏതു സ്ഥലത്തായിരുന്നാലും, ദിവസത്തിന്‍റെയോ, രാത്രിയുടെയോ ഏതു സമയത്തായിരുന്നാലും, കൊന്തയുടെ സംരക്ഷണ വലയത്തിലാണ് ജാന്‍സിയുടെ ജീവിതം.
    ഞങ്ങളുടെ മകള്‍ അഡ്വ. ഡോ. തുഷാര ജയിംസ് (ഹൈക്കോടതിയില്‍ സീനിയര്‍ ഗവ. പ്ലീഡര്‍) ദിവസവും കൊന്ത എത്തിച്ചു പ്രാര്‍ത്ഥിക്കുന്നതില്‍ നിഷ്കര്‍ഷത പുലര്‍ത്തിപ്പോരുന്നു. എന്നു മാത്രമല്ല, സവിശേഷ സന്ദര്‍ഭങ്ങളില്‍ കൊന്തയില്‍ സ്പര്‍ശിച്ച് ആത്മവിശ്വാസവും ശുഭപ്രതീക്ഷയും ആഗിരണം ചെയ്യുന്ന ശീലവും അവള്‍ക്കുണ്ട്. നിയമവിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍ പങ്കെടുക്കുന്ന അവസരങ്ങളില്‍  കോട്ടിന്‍റെ പോക്കറ്റില്‍ കൊന്തയിട്ടുകൊണ്ടായിരുന്നു അവളുടെ പ്രകടനം. ഫിലിപ്പ്. സി. ജെസപ്പ് മൂട്ട് കോര്‍ട്ട് മത്സരത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം നേടുമ്പോഴും, വാഷിങ്ങ്ടണിലും, വിയന്നിയിലും നടന്ന മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തപ്പോഴുമൊക്കെ കൊന്ത അവളുടെ  കോട്ടിന്‍റെ  പോക്കറ്റിലുണ്ടായിരുന്നു. ഫസ്റ്റ് റാങ്ക് നേടാനാകും വിധം എല്‍.എല്‍.എം പരീക്ഷ എഴുതിയപ്പോഴും, പി.എച്ച്.ഡി ക്കു വേണ്ടിയുള്ള ഓപ്പണ്‍ ഡിഫന്‍സ്  നടക്കുമ്പോഴുമൊക്കെ കഥ അങ്ങനെ തന്നെ.
    എന്‍റെ ബാല്യകാല സ്മരണകള്‍ക്കു നിറം ചാര്‍ത്തുന്ന  ഒന്നാണ് കൊന്ത ഭക്തി.  എത്ര ഉത്സാഹത്തോടെയാണ്  എന്‍റെ അപ്പച്ചന്‍ (പിതാമഹന്‍) സായാഹ്നങ്ങളില്‍ കുടുംബ പ്രാര്‍ത്ഥന നടക്കുമ്പോള്‍ ഞങ്ങള്‍ പേരക്കിടാങ്ങളെ കൊണ്ട് കൊന്ത ചൊല്ലിച്ചിരുന്നത് എന്നു ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ ഓര്‍മ്മിച്ചു പോകുന്നു.  കൈപ്പുഴ പള്ളിയില്‍  കൊന്തപ്പത്തിന്  വിസിറ്റേഷന്‍ കോണ്‍വെന്‍റിലെ മുപ്പതോളം വരുന്ന കന്യാസ്ത്രീകളും, സെന്‍റ് ജോസഫ്സ് കോണ്‍വെന്‍റിലെ അത്രത്തോളം തന്നെ വരുന്ന കന്യാസ്ത്രീകളും  ഇരുവശങ്ങളിലുമായി നിന്ന് കൊന്ത ചൊല്ലുന്നതും പാട്ടുകള്‍ പാടുന്നതും  കേള്‍ക്കാന്‍ എത്ര ഇമ്പമായിരുന്നു! എന്‍റെ ബാല്യത്തില്‍ വിശ്വാസികള്‍  നേരം വെളുക്കും മുമ്പേ കൊന്തപ്പത്തിന് പള്ളിയിലെത്തിയിരുന്നു. ഇളംകുളിരുള്ള പുലര്‍കാലവേളയില്‍ അലാറം വച്ച് എഴുന്നേല്ക്കാന്‍ ടൈംപീസ് ഇല്ലാതിരുന്നതിനാല്‍ ചില ദിവസങ്ങളില്‍ വളരെ നേരത്തെ ചാടി എഴുന്നേറ്റ് തയ്യാറായതും, മമ്മി ആകാശത്തു നോക്കി സമയം തിട്ടപ്പെടുത്തിയ ശേഷം അയല്‍ക്കാരെ വിളിച്ചുകൂട്ടി, എല്ലാവരും കൂടി സ്ട്രീറ്റ് ലൈറ്റില്ലാത്ത ഊടു വഴികളിലൂടെ കത്തുന്ന ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ പള്ളിയിലേക്കു നടന്നതും ഓര്‍മ്മയിലുണ്ട്.
    തലമുറതലമുറ കൈമാറി ലഭിക്കുന്ന തീവ്രമായ കൊന്തഭക്തിയുടെ അടിവേരുകള്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ പടര്‍ന്നുകിടക്കുന്നു. കന്യകാമാതാവ് തന്നെ 1214-ല്‍ ഡൊമിനിക് പുണ്യാളന് കൊന്ത കൊടുത്തു എന്നു വിശ്വസിക്കപ്പെടുന്നു. 1571 ല്‍ കത്തോലിക്കര്‍ ലെപ്പാന്‍തോയുദ്ധം (Battle of Lepanto) ജയിച്ചത് കൊന്തയേന്തി പ്രാര്‍ത്ഥിച്ച് മാതാവിന്‍റെ മാധ്യസ്ഥം നേടിയതു, കൊണ്ടാണെന്ന വിശ്വാസം പരന്നതോടെ കൊന്തയ്ക്കു പ്രചുര പ്രചാരം ലഭിച്ചു തുടങ്ങി. കൊന്തമാര്‍പ്പാപ്പ (Rosary Pope)  എന്നറിയപ്പെടുന്ന  ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയാണ് 1884-ല്‍ ഒക്ടോബറിനെ കൊന്തയുടെ മാസമായി പ്രഖ്യാപിച്ചത്.  ക്രമേണ  കൊന്ത ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളെ പ്രാര്‍ത്ഥനയില്‍ ഒരുമിപ്പിക്കുന്ന പ്രതീകമായി മാറി. പ്രാര്‍ത്ഥനയുടെ ആഗോള സിംഫണി, (Global Symphony of Prayer) സൃഷ്ടിക്കുന്നതിന് 2024 ഒക്ടോബര്‍ 7 ലോകജപമാലദിനം (World Rosary Day).ആയി ആചരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
കൊന്തയുടെ കേന്ദ്ര ബിന്ദുവായ "നന്മനിറഞ്ഞ മറിയമേ, നിനക്കു സ്വസ്തി" എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയ്ക്ക് പതിനഞ്ചുശതകങ്ങളുടെ ചരിത്രമുണ്ട്. എഡി 590-ല്‍ പോപ്പ് ഗ്രിഗറി ആഗമനകാലത്തെ നാലാം ഞായറാഴ്ച കുര്‍ബാന മധ്യേ "നന്മ നിറഞ്ഞവളേ നിനക്കു സ്വസ്തി! കര്‍ത്താവ് നിന്നോടുകൂടെ" എന്നു പ്രാര്‍ത്ഥിച്ചതായിരുന്നു തുടക്കം. അഞ്ഞൂറോളം വര്‍ഷങ്ങള്‍ക്കുശേഷം -1050- ല്‍ എലിസബത്തിന്‍റെ വാക്കുകള്‍ മാലാഖയുടെ വാക്കുകളോടു കൂട്ടിച്ചേര്‍ക്കപ്പെട്ടു-ڇസ്ത്രീകളില്‍ നീ വാഴ്ത്തപ്പെട്ടവളാകുന്നു. നിന്‍റെ ഉദരത്തിന്‍റെ ഫലവും അനുഗൃഹീ തമാകുന്നുڈ. 1565 ല്‍ സെന്‍റ് പീറ്റര്‍ കനിസിയസാണ് യാചനയുടെ വാക്കുകള്‍ ഇതില്‍ ബന്ധിപ്പിച്ചത്. "ദൈവമാതാവേ, പാപികളായ ഞങ്ങള്‍ക്കു  വേണ്ടി പ്രാര്‍ത്ഥിക്കണമേ". പിന്നീട്, കൗണ്‍സില്‍ ഓഫ് ട്രെന്‍റ് (Council of Trent)  "ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും" എന്ന വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയതിനുശേഷമുള്ള പൂര്‍ണ്ണ രൂപത്തിന് 1568-ല്‍ പീയൂസ് അഞ്ചാമന്‍ മാര്‍പ്പാപ്പ അംഗീകാരം നല്കി. ചുരുക്കത്തില്‍, ആയിരത്തോളം വര്‍ഷങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന പ്രാര്‍ത്ഥനയാണ് "നന്മനിറഞ്ഞ മറിയമേ"    ക്രിസ്തുവിന്‍റെ ജനനം, ജീവിതം, മരണം, ഉയിര്‍പ്പ് എന്നിവയെക്കുറിച്ച് ധ്യാനിക്കുന്നതിനും അതിലൂടെ കര്‍ത്താവിന്‍റെ സാന്നിദ്ധ്യം അനുഭവിക്കുന്നതിനും വിശ്വാസികള്‍ക്ക് കൊന്ത അവസരം നല്‍കുന്നു.
കൊന്ത ചൊല്ലുമ്പോള്‍ ഈ പ്രാര്‍ത്ഥന 53 തവണ ഉരുവിടുന്നു. ഓരോ തവണയും കൊന്തയിലെ ഓരോ പ്രാര്‍ത്ഥനാമണി ഉരുട്ടിക്കൊണ്ടു പ്രാര്‍ത്ഥിക്കുന്നതിനാലാണ് "അന്‍പത്തി മൂന്ന് മണി ജപം" എന്ന് കൊന്തനമസ്ക്കാരത്തെ വിളിക്കുന്നത്. സമാനമായി, ഹൈന്ദവ, മുസ്ലീം, ബുദ്ധ, സിക്ക് മതങ്ങളിലും പ്രാര്‍ത്ഥനാമണികള്‍ ഉരുട്ടികൊണ്ടുള്ള പ്രാര്‍ത്ഥന കളുണ്ടെന്നുള്ളത് ശ്രദ്ധയമാണ്.
    ‘Rosary’  (കൊന്ത) എന്ന വാക്കിന്‍റെ ഉദ്ഭവം ‘Rosarium’  എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ്  റോസാപ്പൂന്തോപ്പ്. (Rose Garden)  എന്നാണ്  ആ വാക്കിനര്‍ത്ഥം. റോസാപ്പൂക്കളുടെ ഒരു ബൊക്കെയാണ് നമ്മള്‍ ചൊല്ലുന്ന കൊന്ത. അമ്മ മാതാവിലൂടെ യേശുക്രിസ്തുവിനു നല്കുന്ന  അര്‍ച്ചനയാണത്.
    ഈ അര്‍ച്ചനകള്‍ ഭക്തര്‍ക്കു നല്കുന്ന  ശക്തിയും സമാശ്വാസവും സംരക്ഷണകവചവും അമൂല്യമാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ സാക്ഷ്യപ്പെടുത്തുവാന്‍ എനിക്കു  സന്തോഷമുണ്ട്.

ജയിംസ് ജോസഫ് കാരക്കാട്ട്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.