PRAVASI

ഫൊക്കാന ഭാരതശ്രേഷ്ഠ പുരസ്കാരം അടൂർ ഗോപാലകൃഷ്ണന്

Blog Image

ചലച്ചിത്രമാധ്യമത്തെ വിനോദത്തിന്‍റെയും, വ്യാപാരത്തിന്‍റെയും ചട്ടക്കൂടുകളില്‍ നിന്ന് പുറത്തുകൊണ്ട് യാഥാര്‍ത്ഥ്യത്തെയും മനുഷ്യനിലെ സങ്കീര്‍ണ്ണതകളെയും അന്വേഷിക്കുന്ന ഒരു കലാരൂപമായി മാറ്റിമറിച്ച വിഖ്യാത ചലച്ചിത്രകാരൻ  അടൂർ ഗോപാലകൃഷ്ണന് ഫോക്കന ആദ്യമായി ഏർപ്പെടുത്തിയ "ഭാരതശ്രേഷ്ഠ പുരസ്‌കാരം ".ആഗസ്ത് ഒന്നിന് കുമരകം ഗോകുലം ഗ്രാന്റ് റിസോർട്ടിൽ നടക്കുന്ന ഫൊക്കാന കൺവൻഷൻ ഉൽഘാടന വേദിയിൽ  (എം.അനിരുദ്ധൻ നഗർ ) പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.സജിമോൻ ആന്റണി അറിയിച്ചു. ഇന്ത്യയിലെ  വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പ്രശസ്തരായ വ്യക്തികളാക്കാണ് ഭാരതശ്രേഷ്ഠ  പുരസ്കാരം നൽകുന്നത് .എന്തുകൊണ്ടും ഫൊക്കാനയുടെ തീരുമാനം ഉചിതമായിരുന്നുവെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു.


സിനിമയും ജീവിതവും തമ്മില്‍ ഏറ്റവും ചേര്‍ച്ചയുള്ള രണ്ടു അക്ഷരങ്ങള്‍ക്കിടയിലെ വിടവ് മാത്രമേ സൂക്ഷിക്കുന്നുള്ളൂ എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഒരേയൊരാള്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ തലതൊട്ടപ്പന്‍  അദ്ദേഹത്തെ അടയാളപ്പെടുത്തേണ്ടതുണ്ട് .
അദ്ദേഹത്തിന്‍റെ സിനിമകള്‍ ആസ്വദിക്കാന്‍ പതിവ് പ്രേക്ഷകരെ അപേക്ഷിച്ച് ഒരളവ് കൂടുതല്‍ സമര്‍പ്പണവും ശ്രദ്ധയും ആവശ്യമാണ്, കാരണം അതിന്‍റെ ഉള്ളടക്കം ദീര്‍ഘ നേരത്തിലൂടെയുള്ള ഒരു പുസ്തക വായയ്ക്ക് വേണ്ട സമയമെടുത്തു മാത്രമേ മുഴുവനായി അനുഭവിക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ എല്ലാവരുടെയും കപ്പിലെ ചായയല്ല അടൂരിന്‍റെ സിനിമകള്‍, പക്ഷെ അതില്‍ ജീവിതമുണ്ട്, സംസ്കാരവും സന്ദേശവുമുണ്ട്. വിദേശത്ത് മലയാള സിനിമ അറിയപ്പെട്ടിരുന്നത് തന്നെ അടൂരിന്‍റെ ചിത്രങ്ങളുടെ പേരിലായിരുന്നു. അത്രത്തോളം കലാമൂല്യമുള്ള സിനിമകള്‍ സൃഷ്ടിച്ച മറ്റൊരാള്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.
വെനീസ്, കാന്‍സ്, ബെര്‍ലിന്‍ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര മേളകളില്‍ അദ്ദേഹത്തിന്‍റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. അവിടെ നിന്നും നിരവധി അംഗീകാരം അദ്ദേഹം നേടിയിട്ടുണ്ട്.
പദ്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് തുടങ്ങി ഭാരതത്തിന്‍റെ പരമോന്നത സിനിമാപുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഫ്രഞ്ച് ഗവണ്‍മെന്‍റ് എന്നിവയും അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്‍റെ സിനിമകള്‍ ഫാന്‍റസിയോ, ഇല്ലായ്മകളോ നിറഞ്ഞതല്ല മറിച്ച് ജീവിതത്തിന്‍റെ ഇടതൂര്‍ന്ന വഴികളിലൂടെയുള്ള യാത്രകളാണ് അവ സമ്മാനിക്കുന്നത്.


അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമകളില്‍ നിശബ്ദതയ്ക്ക് വാക്കുകളെക്കാള്‍ വലിയ സ്ഥാനം ഉണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഒരു നീണ്ട കാഴ്ചയിലൂടെയോ തളര്‍ന്ന ഒരു പെരുമഴയിലൂടെയോ പോലും അദ്ദേഹം കഥാപാത്രത്തിന്‍റെ മാനസികാവസ്ഥയെ മനോഹരമായി അവതരിപ്പിക്കുന്നു. വളരെ ചുരുങ്ങിയ സംഭാഷണങ്ങളാണ് പല ചിത്രങ്ങളിലും കാണപ്പെടുന്നത്, പക്ഷേ അതിനേക്കാള്‍ ശക്തമായ ചിന്തകള്‍ ദൃശ്യമാധ്യമത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്. അടൂര്‍ ഒരുപക്ഷെ കാലാതീതനായ സിനിമാക്കാരന്‍ ആണെന്ന് തന്നെ ഞാന്‍ എഴുതും, കാരണം ഇപ്പോഴും പാഠ്യപദ്ധതിയില്‍ പോലും അടൂരിന്‍റെ സിനിമകള്‍ ഉണ്ട്. അതായത് അദ്ദേഹം എല്ലാക്കാലവും ചര്‍ച്ച ചെയ്യപ്പെടും എന്ന് സാരം. അടൂരിന്‍റെ ഓരോ സിനിമയും നിര്‍മ്മിക്കപ്പെട്ടത് ശ്രദ്ധയുടെ മുഴുവന്‍ തീവ്രതയും അര്‍പ്പിച്ചാണ് എന്ന് പലരും എഴുതിക്കണ്ടിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ചെയ്ത ഓരോ ചലച്ചിത്രസംരംഭവും നമ്മുടെ സമൂഹത്തെക്കുറിച്ചും നമ്മുടെ ആത്മാവിനെക്കുറിച്ചും ആഴത്തില്‍ ചിന്തിപ്പിക്കുന്നു. അവ കാണുമ്പോള്‍ അത് നമ്മുടെ ജീവിതവുമായി ബന്ധപ്പെടുന്നു, ഒരിക്കല്‍ പോലും അതിശയോക്തിയില്ലാതെ. 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.