PRAVASI

അനിവാര്യമായിരുന്ന അഡ്വ വി എസ് ജോയിയുടെ വിജയം

Blog Image

കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഫ് ചരിത്ര വിജയം നേടിയ കേരള നിയമ സഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയവരിൽ ശ്രദ്ധേയനാണ് തവനൂരിൽ നിന്ന് ജയിച്ചു കയറിയ ശ്രീ അഡ്വ വി എസ് ജോയ്. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന് മത്സരിക്കുവാൻ പാർട്ടി നൽകിയത് കോൺഗ്രസിന് അത്ര സ്വാധീനം ഇല്ലാത്ത നിയോജക മണ്ഡലമായിരുന്നു. നിലവിലുള്ള എംഎൽഎ ഡോ കെ ടി ജലീൽ ശക്തനായ എതിരാളിയായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഏകദേശം 15,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഉൾപ്പെട്ട് നിൽക്കുന്ന ക്രൈസ്തവ സഭയ്ക്കും പെന്തക്കോസ്ത് സമൂഹത്തിനും വിരലിൽ എണ്ണാൻ പോലും അംഗസംഖ്യ ഇല്ലാത്ത ഒരു സ്ഥലത്ത് ഇത്രയും തിളക്കമാർന്ന ഒരു വിജയം ലഭിക്കുമ്പോൾ ഇത് കേരളത്തിന്റെ മതേതരത്വ ജനാധിപത്യ വിജയമായാണ് രേഖപ്പെടുത്തുന്നത്. 98% ത്തിലേറെ മുസ്ലിം ജനസംഖ്യയുള്ള ഈ നിയോജകമണ്ഡലത്തിൽ അദ്ദേഹം ജയിച്ചു കയറിയതിനെ തുടർന്ന് ശ്രീ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഒരു പരാമർശം ശ്രദ്ധേയമായി. ഞങ്ങൾ ആരുടെയും ജാതിയും സമുദായവും നോക്കിയല്ല വോട്ട് ചെയ്തത്. പകരം ജോയിയെ ഞങ്ങളിൽ ഒരുവനെ പോലെ കണ്ട് ഞങ്ങൾ ജയിപ്പിച്ചെടുക്കുകയായിരുന്നു. ഇതാണ് റിയൽ കേരള സ്റ്റോറി.

കഴിഞ്ഞ കുറെ വർഷങ്ങളായി ശ്രീ വിഎസ് ജോയ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ്. ഇടതുപക്ഷത്തുള്ള പലരെയും കോൺഗ്രസിലേക്ക് ആകർഷിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രയത്നങ്ങൾ ഫലം കണ്ടതായി സോഷ്യൽ മീഡിയകളിൽ കാണാമായിരുന്നു. ചില വർഷങ്ങൾക്കു മുമ്പ് നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തനിക്ക് ലഭിക്കേണ്ട സ്ഥാനാർത്ഥിത്വം മറ്റൊരാൾക്ക് കൈവിട്ടു പോയപ്പോൾ അതിനോട് മാന്യമായി പ്രതികരിച്ച് പാർട്ടിയോടൊപ്പം നിന്ന വിഎസ് ജോയിക്ക്‌ ഈ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. രാഷ്ട്രീയത്തിലും ജീവിതത്തിലും മാന്യത പുലർത്തിയിരുന്ന ജോയിയെ തവനൂരിലെ ജനങ്ങൾ ഹൃദയത്തിൽ ഏറ്റുകയായിരുന്നു.

*നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന്റെ മാന്യമായ പ്രതികരണത്തെ പ്രകീർത്തിച്ചുകൊണ്ട് ഞാൻ കേരള എക്സ്പ്രസിൽ എഴുതിയ ഒരു ലേഖനം ആരോ അദ്ദേഹത്തിന് വാട്സാപ്പിലൂടെ അയച്ചു കൊടുത്തു. അതു വായിച്ചശേഷം അദ്ദേഹം നന്ദി പറഞ്ഞുകൊണ്ട് എനിക്ക് വാട്സാപ്പിലൂടെ ഒരു മെസ്സേജ് അയച്ചത് ഞാനോർക്കുന്നു*.

ശ്രീ വിഎസ് ജോയിയുടെ സൗമ്യമായ പ്രതികരണങ്ങളും പെരുമാറ്റങ്ങളും സംസ്ഥാനതലത്തിൽ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഒരു പൊളിറ്റിക്കൽ ജന്റിൽമാൻ സ്പിരിറ്റ് നിലനിർത്തി തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം ചില ചരിത്രങ്ങൾ കൂടി രചിക്കുകയായിരുന്നു.
നിലമ്പൂർ പോത്തുകല്ല് റ്റി പി എം സഭാംഗമാണ് അഡ്വ. വി എസ് ജോയ്.
ഉറച്ച ദൈവ വിശ്വാസവും പൊതു പ്രവർത്തനത്തിലെ ആത്മാർത്ഥതയും കൈമുതലായുള്ള അഡ്വ. വി എസ് ജോയി കേരള നിയമ സഭയിലേക്ക് എത്തുമ്പോൾ സാധാരണക്കാരന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജന പ്രതിനിധി ആയിരിക്കും.

2012 – 17 കാലയളവിൽ കെ എസ്‌ യു സംസ്ഥാന പ്രസിഡണ്ടായിരുന്നു. 2017 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2020 – 21 കാലയളവിൽ കെ പി സി സി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 2021ൽ മലപ്പുറം ഡി സി സി പ്രസിഡന്റായി.

ഒരു പെന്തക്കോസ്ത് വിശ്വാസിയായ അഡ്വ. വി എസ് ജോയ് നിയമ സഭയിൽ എത്തുമ്പോൾ പെന്തെക്കോസ്ത് സമൂഹത്തിന്റെ കൂടെ ശബ്ദമാകും എന്ന് വിശ്വാസ സമൂഹം പ്രതീക്ഷിക്കുന്നു. ആദ്യമായിട്ടാണ് പെന്തക്കോസ്ത് വിശ്വാസി എന്ന് അടയാളപ്പെടുത്തുന്ന ഒരാൾ തെരഞ്ഞെടുപ്പിലൂടെ കേരള നിയമസഭയിൽ എത്തുന്നത്. അതുകൊണ്ടു തന്നെ പെന്തെക്കോസ്ത് സഭകൾക്കും അഭിമാന നിമിഷമാണിത്.

ഭാര്യ : ഡോ. ലയ ജോസഫ്. മകൻ : എവ്ലിൻ.

അദ്ദേഹം കെഎസ്‍യു വിന്റെ സംസ്ഥാന പ്രസിഡന്റ്‌ ആയിരിക്കുമ്പോൾ ബ്രദർ വിഎസ് ജോയി ഉൾപ്പെട്ട് നിൽക്കുന്ന നിലമ്പൂർ പോത്തുകല്ല് ടി പി എം സഭയിലെ ഒരംഗം എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു 'ഞങ്ങളുടെ ജോയ്മോൻ ഒരു മാന്യനാണ്'.

 കുര്യൻ ഫിലിപ്പ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.