കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്നതായി പി.വി. അൻവർ. പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ച അദ്ദേഹം, കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. വരുംദിവസങ്ങളിൽ കേരളത്തിൽ പുതിയൊരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുമെന്നും മെയ് 15-നകം ഇതിന്റെ പ്രഖ്യാപനമുണ്ടാകുമെന്നും അൻവർ വ്യക്തമാക്കി.
ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നതാണ് പാർട്ടി വിടാനുള്ള പ്രധാന കാരണമായി അൻവർ ചൂണ്ടിക്കാട്ടിയത്. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ പോലും തൃണമൂൽ കോൺഗ്രസ് നേതൃത്വം തന്നെ സഹായിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസുമായുള്ള സഹകരണം സംബന്ധിച്ച നിലപാടിലെ വൈരുദ്ധ്യമാണ് പാർട്ടിയുമായി അകലാൻ കാരണമായത്.
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ടി.എം.സി നേതൃത്വം അറിയിച്ചത്. എന്നാൽ കേരളത്തിലെയും ദേശീയ തലത്തിലെയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്ന് താൻ അറിയിച്ചിട്ടും നേതൃത്വം അനുകൂല നിലപാട് എടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ തൃണമൂൽ കോൺഗ്രസുമായി ചേർന്ന് ഇനിയൊരു രാഷ്ട്രീയ പ്രവർത്തനത്തിനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അൻവർ, പുതിയ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി സജീവമാകുമെന്നും കൂട്ടിച്ചേർത്തു.

