PRAVASI

ആകാശ ചെരുവിലെ നിഴൽ കൂത്ത്

Blog Image
ശരത് കാല സായാന്ഹത്തിലെ പ്രശാന്തസുന്ദരമായ ആകാശം . നീല നിറമുള്ള ക്യാൻവാസിൽ തൂവെള്ള ചായത്തിൽ അലസമായി കോറിയിട്ടിരിക്കുന്ന ചിത്രങ്ങൾ പോലെ വന്ധ്യ മേഘങ്ങൾ അങ്ങിങ്ങു കൂട്ടങ്ങളായും ഒറ്റക്കും കിടക്കുന്നു

ശരത് കാല സായാന്ഹത്തിലെ പ്രശാന്തസുന്ദരമായ ആകാശം . നീല നിറമുള്ള ക്യാൻവാസിൽ തൂവെള്ള ചായത്തിൽ അലസമായി കോറിയിട്ടിരിക്കുന്ന ചിത്രങ്ങൾ പോലെ വന്ധ്യ മേഘങ്ങൾ അങ്ങിങ്ങു കൂട്ടങ്ങളായും ഒറ്റക്കും കിടക്കുന്നു . ചില കൂട്ടം തെറ്റിയ മേഘ ക്കീറുകൾ അപ്പൂപ്പൻ താടിപോലെ കനമില്ലാതെ പറന്നു കളിക്കുന്നു . കൈവെള്ളയിലെ രേഖകൾ പോലെ കുറുകെയും
നെടുകെയും കുത്തി വരച്ച പുക വരകൾ ഇങ്ങു താഴെ , ഏകാന്തതയിൽ ആകാശ നീലിമയിലേക്കു കണ്ണ് നട്ടു ഇരിക്കുന്ന എന്റെ കണ്ണിനു മുമ്പിൽ , മേഘങ്ങളാകുന്ന മഞ്ഞിൻ കൂനകൾക്കു ,പഞ്ഞിക്കെട്ടുകൾക്കു കാറ്റിന്റെ തലോടൽ കിട്ടിയിട്ടെന്നപോലെ രൂപ മാറ്റം വരുന്നോ? ആകാശച്ചെരുവിൽ ഒരു നിഴൽ കൂത്തിനുള്ള ഒരുക്കമാണോ ?
ആ മേഘ ശകലങ്ങൾക്ക് ശാപമോക്ഷം കിട്ടി ജീവൻ വെക്കുകയാണോ?
എവിടെ നിന്നോ ഉയരുന്ന പുല്ലാങ്കുഴൽ നാദം ! പാഴ് മുളം തണ്ടിൽ കാറ്റിന്റെ ചുണ്ട് അമർന്ന പോലെ ആ ഓടക്കുഴൽ സംഗീതം വായുവിൽ ഒഴുകി ഒഴുകി വരുന്നു , അത് കാളിന്ദിയുടെ ഓളങ്ങളിൽ മുത്തമിട്ടോ, കുളിരുള്ള കാളിന്ദി പുളകിതയായോ ? പുൽമേടുകളിൽ മേഞ്ഞു കൊണ്ടിരുന്ന ഗോക്കളെല്ലാം ആ ഗോപാല സംഗീതത്തിന് കാതു കൂർപ്പിക്കുന്നോ ? അതെ, ..അത് രാധയുടെ പാദനൂപുരങ്ങളിൽ നിന്നും കേൾക്കുന്ന ചിലമ്പൊലി ശബ്ദം തന്നെയല്ലേകേൾക്കുന്നത്..
ആ ഗീതിക ഭക്തി സാന്ദ്രമാവുകയാണ് ! അത് അടുത്തടുത്തായി വരുന്നു , ഇപ്പോൾ വ്യക്തമായി കേൾക്കാം ഗീതാഗോവിന്ദം അല്ല , ജ്ഞാനപ്പാന ആണെന്ന് തോന്നുന്നു ! ഗുരുവായൂർ അമ്പലനടയിൽ ഇരുന്നു കണ്ണും പൂട്ടി കണ്ണനെ ഉപാസിക്കുന്ന ,തലയിൽ കുടുമ വച്ച ആ ബ്രാഹ്മണൻ പാടുകയാണ് , തൊണ്ടയിടറി . തന്റെ മകൻ മരിച്ച ദുഃഖം കൃഷ്ണ ഭക്തി കൊണ്ട് മൂടി തൊണ്ട പൊട്ടി പാടുകയാണ് "
ഉണ്ണിയായി നീയരികിൽ ഉള്ളപ്പോൾ ഉണ്ണികൾ എനിക്കെന്തിന് കണ്ണാ….”
ചെറുകാറ്റിൽ ഇളകുന്ന രൂപങ്ങൾ , മാറുന്ന നിഴലുകൾ ... കപില വസ്തുവിലെ രാജ കൊട്ടാരത്തിൽ നിന്നും ഗയയിലെ ബോധി വൃക്ഷ ചുവട്ടിലേക്കുള്ള കഠിന വഴികൾ ... ശുദ്ധോധന രാജാവിന്റ കൊട്ടാരത്തിൽ നിന്നും എല്ലാം ഉപേക്ഷിച്ചു
പോകുന്ന സിദ്ധാർത്ഥ കുമാരൻ ! കൗമാര പ്രായത്തിൽ മോഹിച്ചു, പ്രണയിച്ചു .എല്ലാ പ്രതിബന്ധത്തെയും തരണം ചെയ്ത് സ്വന്തമാക്കിയ യശോധര . അവളുടെ അച്ഛൻ മറ്റു രാജാക്കന്മാരെ പോലെ മകളുടെ വരൻ വില്ലാളി വീരൻ ആയ ആയോധന കലയിൽ അഗ്രഗണ്യൻ ആയിരിക്കണമെന്ന് ആശിച്ചെങ്കിൽ അത് തെറ്റാണെന്നു പറയാൻ പറ്റില്ല . യശോദര അത് അർഹിക്കുന്നുണ്ട് . അവൾ മനോഹരി ആയിരുന്നു
പല വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെ പ്രഗത്ഭരായ രാജകുമാരന്മാർ
എത്തിയിരുന്ന മാറ്റുരക്കാനും യെശോധരയെ വേൾക്കാനും !
ആയോധന കലയിൽ പ്രാവീണ്യം തെളിയിക്കാൻ ഓരോരുത്തരും അവരുടെ കഴിവുകൾ മുഴുവൻ പുറത്തെടുത്തെങ്കിലും കപില വസ്തുവിന്റെ മാണിക്യത്തിന്റെ മുമ്പിൽ അവർക്കാർക്കും പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല .എല്ലാ വില്ലുകളും കുലച്ചു തീർന്ന ശേഷം ആരും ഒരിക്കലും തൊടാൻ ധൈര്യം കാണിച്ചിട്ടില്ലാത്ത സിംഹഭാനു വില്ല് പോലും നിഷ്പ്രയാസം കുലച്ചാണ് സിദ്ധാർത്ഥ രാജകുമാരൻ യശോധരയെ സ്വന്തമാക്കി പരിണയിച്ചതു .
അവളെയും ജീവിത്തിന്റെ മൊത്തം അർത്ഥമായിരുന്ന സ്വന്തം മകൻ
രാഹുലിനെയും ഏറെ നേരം നോക്കി നിന്ന ശേഷം സ്വന്തം അരമനയിൽ നിന്നും സത്യത്തിന്റെ പൊരുൾ തേടി ഇറങ്ങിയ സിദ്ധാർഥൻ ! ആ മനുഷ്യന്റെ ജീവിതത്തിന്റെ സംഘർഷങ്ങളെ നേരിട്ട് കണ്ടറിഞ്ഞ ആ വൃക്ഷം . അവസാനം ആ മനുഷ്യനിലെ സിദ്ധാർഥന്റെ അവസാന കണികയും തപസിലൂടെ എരിഞ്ഞു ഭസ്മമായി, ത്രികാല ജ്ഞാനി യായി മാറിയ ബുദ്ധന്റെ എല്ലാ പരിണാമങ്ങളും കണ്ട ആ വൃക്ഷവും മാറിയില്ലേ , ഒരു ബോധി വൃക്ഷമായി ? ആ വൃക്ഷം തലയാട്ടി
ചിരിക്കുന്നുണ്ടോ ? എല്ലാം അറിയാം എന്ന മട്ടിൽ ! എവിടെ നിന്നോ അശരീരി കേട്ടോ  ബുദ്ധം ശരണം ഗച്ഛാമി ,ധർമം ശരണം ഗച്ഛാമി , സംഘം ശരണം ഗച്ഛാമി ,കൊച്ചു കാറ്റിൻ കൈകൾ പിന്നെയും രൂപങ്ങളെ മാറ്റി മാറ്റി വീണ്ടും നിഴലാട്ടം തുടരുന്നു ... തലയിൽ രോമങ്ങളില്ലാത്ത , അർദ്ധ നഗ്നനായ യോഗി ! രഘുപതി രാഘവ രാജാറാം പതിത പതീത പാവന സീതാറാം ഈശ്വര അള്ള തേരോ നാം ..
ഭജൻ തുടങ്ങി, പ്രാർത്ഥനക്കും ധ്യാനത്തിനും സമയമായി…..കൈയിൽ ഒരു വടി , അരയിൽ ചെറിയ ഒരു ഘടികാരം തൂക്കിയിട്ടിരിക്കുന്നു . തൊഴിച്ചു പല്ലു കളഞ്ഞവനോട് പോലും ചിരിച്ചു കുശലം പറഞ്ഞ കർമയോഗി ! കൊന്നു കൊലവിളിച്ചവർ പോലും രാജ്ഘട്ടിൽ വന്നു നിന്ന് പൂവാരി എറിഞ്ഞു നമിക്കുമ്പോളും ചിരിക്കുന്ന , അധികാരത്തിന്റെ അപ്പ കഷണങ്ങൾ തനിക്കു പറ്റിയതല്ല എന്ന് പറഞ്ഞു അതിന്റെ അടുത്ത് പോലും എത്തി നോക്കാതെ കൂടെ നിന്നവർ കടി പിടി കൂട്ടുന്നതും കണ്ടു ചിരിക്കുന്നു ആ മഹാത്മാ (വ്) ! പുതിയ തലമുറയ്ക്ക് വിശ്വസിക്കാൻ പറ്റാത്ത വിധം എന്റെ ജീവിതമാണ് എന്റെ സന്ദേശം; എന്ന് ചങ്കു വിരിച്ചു ഇന്നും എന്നും ഒരു വെല്ലുവിളി ആയി നിൽക്കും ആ വ്യക്തിത്വത്തെ , ഒരു കനവായിരുന്നോ ഗാന്ധി ..; എന്ന് സന്ദേഹിക്കുന്നവരെ കുറ്റം പറയാൻ പറ്റുമോ ?...പടിഞ്ഞാറേ ചക്രവാളം ചുവക്കാൻ തുടങ്ങി ! രാവിലെ കിഴക്ക് ഉണരാൻ സൂര്യൻ ജല സമാധിക്ക് ഒരുങ്ങുകയാണ് ! ആകാശത്തിന്റെ നിറം മാറിത്തുടങ്ങി ! കാറ്റടിച്ചു ക്യാൻവാസിൽ തെളിഞ്ഞ ചിത്രങ്ങളെല്ലാം ഒറ്റ നിറമായി മാറി ! ഞാൻ മാത്രം ഇപ്പോഴും കണ്ട കാഴ്ചകളുടെ ആലസ്യത്തിൽ നിന്നും ഉണരാതെ ഇരിക്കുന്നു….

ജേക്കബ് ജോൺ കുമരകം,ഡാളസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.