PRAVASI

കോട്ടയത്തെ ആമ്പൽ വസന്തം അവിസ്മരണീയം

Blog Image

കോട്ടയത്ത് മലരിക്കലോ, അത ല്ലെങ്കിൽ, അടുത്തു തന്നെ കൊല്ലാട് എന്ന സ്ഥലത്തോ ഉള്ള 'ആമ്പൽ വസന്തം ' കാണാൻ പോകണമെന്ന മോഹം ജൂലൈ യിൽ മനസ്സിൽ മൊട്ടിട്ടതാണ്.

നീണ്ട കാത്തിരിപ്പിനു ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ( സെപ്റ്റംബർ 26) മൊട്ട് വിടർന്നു പൂവായി!
രാവിലെ ആറര മണിക്ക് ,മനുഷ്യനെ മയക്കുന്ന മഴയെ കൂസാതെ, ഞാൻ, ജാനിയുമൊത്ത്, കൊല്ലാട്, ' ആമ്പലിന്റെ കാവലാൾ ' എന്നറിയപ്പെടുന്ന അനിലിന്റെ വീട്ടുമുറ്റത്തെത്തി.
 അവിസ്മരണീയമായ ഒരനുഭൂതി ആയിരുന്നു 'ആമ്പൽ വസന്തം.'

'ആമ്പൽ വസന്ത'ത്തിൽ താല്പര്യമുള്ളവരുടെ അറിവിലേക്ക്

കോട്ടയം റയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ ദൂരെയാണ് കൊല്ലാട് എന്ന സ്ഥലത്തുള്ള ഈ 'ആമ്പൽ വസന്തം.'. പുതുപ്പള്ളി യിൽനിന്ന് 4 കിലോമീറ്റർ ദൂരം : കഞ്ഞിക്കുഴിയിൽ നിന്നും 4 കിലോമീറ്റർ വരും.

'സ്നേഹക്കൂട് ' എന്ന അനാഥാലയത്തിനടുത്താണിത്. തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ നിന്ന് താഴോട്ടുള്ള വഴി ( 50 മീറ്റർ ) തീരുന്നിടത്തു വലതു വശത്തു ചെടികൾ കൊണ്ട്
 
വേലി തീർത്ത വളപ്പിലാണ് വഞ്ചി സവാരി ക്കാരൻ അനിലിന്റെ വീട്.
അദ്ദേഹത്തിന്റെ വീടിനപ്പുറം 200 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കൊല്ലാട് കിഴക്കുപുറം പാടശേഖരത്തിലാണ് പ്രകൃതി ഈ ആമ്പൽ വിസ്മയം ഓരോ വർഷവും ഒരു ക്കുന്നത്.

കൊടൂർ ആറിൽ നിന്നു കയറിനിറയുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിച്ചു കഴിഞ്ഞ് ഒക്ടോബർ - നവംബറിൽ നെൽകൃഷി ചെയ്യുകയും, ഫെബ്രുവരി - മാർച്ചിൽ കൊയ്ത്തു നടത്തുകയുമാണ് ഈ പാടശേഖരത്തെ പതിവ്. കൊയ്ത്തു കഴിയുന്നതോടെ പാടശേഖരം വീണ്ടും ജലാവൃതമാകുന്നു. ഏപ്രിൽ ആകുമ്പോഴേക്കും ഈ വെള്ളത്തിനു താഴെ, ചെളിയിൽ ആണ്ടു കിടക്കുന്ന ആമ്പൽ വിത്തുകൾ പൊട്ടി മുളക്കുന്നു :ക്രമേണ, ജലവിതാനം ആമ്പൽ വള്ളികൾ കൊണ്ട് നിറയുന്നു.. ജൂൺ ആകുമ്പോഴേക്കും ഈ ആമ്പൽവള്ളികൾ പൂവിട്ടു തുടങ്ങും. ജൂലൈ - ഓഗസ്റ്റിലാണ് പുഷ്‌പ്പോത്സവം. ഇത് മിക്കവാറും സെപ്റ്റംബർ പകുതി വരെ നീണ്ടു നിൽക്കും.

ഒരു പൂവിന് സാധാരണ ഗതിയിൽ 12 ദിവസത്തെ ആയുസ്സാ ണുണ്ടാകുക. ഓരോ രാവിലും വിരിയുകയും, പ്രഭാതമാകുമ്പോൾ വർണ്ണ പ്പൊലിമയിൽ നീരാടുകയും, സൂര്യരശ്മികളേറ്റു തുടങ്ങുമ്പോൾ കൂമ്പുകയും ചെയ്ത് തന്റെ ഓട്ടം പൂർത്തിയാക്കികഴിഞ്ഞാൽ അത് വെള്ളത്തിൽ അലിഞ്ഞു ചേർന്നു മണ്ണോടുമണ്ണായി തീരുന്നു.ആ പൂവിതളു കൾക്കുള്ളിൽ ഒളിഞ്ഞിരുന്ന വിത്തുകൾ ശ്രീ രാമ പാദ സ്പർശത്തിനായി കാത്തുകിടന്ന അഹല്യയെ പോലെ അടുത്ത ജൂണിലെ ജലസ്പർശത്തിനായി ചെളിയിൽ കാത്തുകിടക്കുന്നു. അങ്ങനെ ആമ്പലിന്റെ ചാക്രിക ജീവിതം തുടർന്നു കൊണ്ടേയിരിക്കുന്നു.

അനിൽ ഈ ആമ്പൽ കഥകൾ വാചാലമായി പറഞ്ഞുകൊണ്ടിരിക്കെ, അദ്ദേഹത്തിന്റെ ഭാര്യ സിന്ധു ആവിപറക്കുന്ന ചായയുമായി വന്നു. ആമ്പലിൽ ബന്ധനസ്ഥയായ സിന്ധുവും പുഷ്പാലം കൃത വള്ളത്തിൽ അതിഥികളെ കയറ്റാനും, ഇറക്കാനും, കുട ചൂടിക്കാനും, കഥകൾക്കു കിങ്ങിണി കെട്ടാനുമൊക്കെ അനിലിന് കൂട്ടായുണ്ട്. അവരുടെ ചെറിയ ഭവനത്തോടു ചേർന്ന് സഞ്ചാരികൾക്കായി ശുചി മുറിയും വസ്ത്രം മാറാനുള്ള സൗകര്യവുമൊക്കെ ഏർപ്പെടുത്തിയിട്ടുണ്ട്.
കാഴ്ച കാണാനും, ഫോട്ടോ ഷൂട്ടിനും, റീൽ എടുക്കുന്നതിനും, മധുവിധു ആഘോഷിക്കാനുമൊക്കെയായി വന്നു പോയവരുടെ വൻ ശേഖരം മൊബൈലിൽ സൂക്ഷിച്ചിട്ടുള്ളത് അനിൽ ഞങ്ങളെ കാണിച്ചു.

രാവിലെ ആറര മണിയോടെ എത്തിയ ഞങ്ങൾ ജലപ്പരപ്പിലെ പിങ്ക് പരവതാനിയിൽ കണ്ണു നട്ടും, ജല സവാരി നടത്തിയും, അനിലിന്റെ വിവരണങ്ങൾ കേട്ടും, സിന്ധുവിന്റെ ' ഹോസ്പിറ്റാലിറ്റി' ആസ്വദിച്ചും ഒൻപതര മണി വരെ അവിടെ കഴിഞ്ഞു. ഒളിച്ചു കളി നടത്തിക്കൊണ്ടിരുന്ന മഴ അപ്പോഴേക്കും ഇളം വെയിലിനു വഴിമാറി.അർക്ക രശ്മികളുടെ ചൂടേറ്റു കൂമ്പിത്തുടങ്ങിയ ആമ്പൽദളങ്ങളോടു ' ബൈ ' പറഞ്ഞിറങ്ങുമ്പോൾ. ഞാൻ അനിലിനോട് ചോദിച്ചു
" ഫോൺ നമ്പർ എത്രയാ? "
അനിൽ മൃദുലമായി മന്ത്രിച്ചു :
9847595943


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.