കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തലപ്പത്ത് മോഹൻലാൽ തുടരില്ലെന്ന് റിപ്പോർട്ട്. ഇതിന് പിന്നാലെ അമ്മയില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുകയാണ്. നിലവില്‍ അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ടു പോകുന്ന സംഘടനയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ തിരിച്ചെത്തില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇതുവരെയും നാമനിർദ്ദേശ പത്രിക സമ്മർപ്പിച്ചവരിൽ മോഹൻലാലിന്റെ പേരില്ല എന്നതാണ് ഇതിന്റെ കാരണം.ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് ജഗദീഷും ശ്വേത മേനോനും രവീന്ദ്രനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവർ. ഇതിൽ തന്നെ ജഗദീഷ് പലരുടെയും പിന്തുണ തേടിയതായാണ് വിവരം. വിജയരാഘവനും കുഞ്ചാക്കോ ബോബനും സംഘടനയുടെ തലപ്പത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും നിലവിൽ അങ്ങനെ അക്കാര്യം പറഞ്ഞു കേൾക്കുന്നില്ല.ഇവർ ഇല്ലെങ്കിൽ സ്ഥാനത്തേക്ക് മത്സരിക്കാനാവും ജഗദീഷ് ഒരുങ്ങുന്നത്. അംഗങ്ങളിൽ പലരുടെയും പിന്തുണ ജഗദീഷിന് ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ജഗദീഷിന് രവീന്ദ്രൻ, ശ്വേത മേനോൻ എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരുമെന്ന സൂചനയുണ്ട്. ഇരുവരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായാണ് വിവരം. ആരോപണ വിധേയർ മത്സര രംഗത്ത് നിന്ന് മാറി നിൽക്കണം എന്ന നിലപാട് നേരത്തെ തന്നെ പ്രഖ്യാപിച്ചയാളാണ് രവീന്ദ്രൻ. അതിനാൽ തന്നെ അദ്ദേഹം മത്സരിക്കുമെന്ന കാര്യവും ഏറെക്കുറെ തീർച്ചയായിരുന്നു. അതിനിടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് മത്സരിക്കുമെന്നാണ് മറ്റൊരു വിവരം. ഇതിന് എതിരായി ജോയ് മാത്യുവും മത്സരിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ ഇക്കൂട്ടത്തിൽ കൂടുതൽ ആരോപണം നേരിട്ട വ്യക്തികളിൽ ഒരാളായിരുന്നു ബാബുരാജ്. ഈ സാഹചര്യത്തിൽ ബാബുരാജ് തൽസ്ഥാനത്ത് തുടരുന്നതിലും മത്സരിക്കുന്നതിലും ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്നത് തിരഞ്ഞെടുപ്പ് കാലം തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

