PRAVASI

അയ്യപ്പൻ മിത്തല്ല മുത്താണ്

Blog Image

കുങ്കുമം ചുമക്കുന്ന കഴുതയപ്പോലെ പിണറായി വിജയൻ ഇന്നലെ ആഗോള അയ്യപ്പ സംഗമത്തിൽ നിറഞ്ഞു നിന്നു.  മാർക്സിസം ജീവത്മാവും പരമാത്മാവും ഉപജീവനമാർഗ്ഗവുമായ ഒരു കമ്യുണിസ്റ്റ് പാർട്ടിയുടെ പോളിറ്റ്ബ്യുറോ അംഗത്തിന്റെ... ഇന്ത്യയിലെ ഏക കമ്യുണിസ്റ്റ് മുഖ്യമന്ത്രിയുടെ ദയനീയവും അനിവാര്യവുമായ പതനം ഇന്നലെ കേരളം കണ്ടു. 
പണ്ട് സ്ത്രീകളെ ശബരിമല സന്നിധാനത്തിൽ കയറ്റിയാൽ നവോത്ഥാന നായകനായി ഗുരുവിനും അയ്യങ്കാളിയ്ക്കും ഒപ്പം വാഴ്ത്തപ്പെടും എന്ന് ആരോ പറഞ്ഞു പറ്റിച്ചു. ആവേശഭരിതനായ പഴയ വിജയൻ 14 ജില്ലകളിലും പോയി എന്തെല്ലാം അസംബന്ധങ്ങളാണ് പ്രസംഗിച്ചത്... കാട്ടിക്കൂടിയത്. ആചാരങ്ങൾ ലംഘിയ്ക്കപ്പെടാനുള്ളതാണ്... 
അയ്യപ്പൻ മിത്താണ്. തന്ത്രിയുടെ ബ്രഹ്മചര്യം....  നവോത്ഥാന സമിതി... 50 കോടിയുടെ വനിതാ മതിൽ തുടങ്ങി എല്ലാ വൃത്തികേടുകളും അവതരിപ്പിച്ചു പിണറായി വിശ്വാസികളുടെ കയ്യടി നേടി. ദൗർഭാഗ്യകരമെന്ന് പറയട്ടെ അയ്യപ്പ വിശ്വാസികൾ അണപ്പല്ല് കടിച്ചുപിടിച്ച് തെരെഞ്ഞെടുപ്പുകളിൽ പ്രതികാരം ചെയ്തു. 
ഇപ്പോൾ പവനായി ശവമായി. വീണ്ടും തെരെഞ്ഞെടുപ്പ് എത്തുന്നു. തിരിച്ചടി ഭയന്ന് പുതിയ വിജയൻ ഏഴുകോടി മുടക്കി ആഗോള അയ്യപ്പ സംഗമവുമായി വന്നു.  കരിമണലും ഡോളർ സ്വർണ്ണക്കടത്ത് അടക്കം കേന്ദ്രഏജൻസികളുടെ നോട്ടപ്പുള്ളിയായ ബഹു: കാരണഭൂതനും കുടുമ്പവും ഇപ്പോൾ ഭക്തിമാർഗ്ഗത്തിലാണ്. ക്ലിഫ്ഹൗസ്സിൽ ഗോക്കളെ പരിപാലിച്ചും അയ്യപ്പനെ ഉപാസിച്ചും ശനിദശ അകറ്റുന്നു. ഭരണം കൂടി നഷ്ടപ്പെട്ടാൽ കാര്യങ്ങൾ ചക്ക കുഴയുംപോലെ കുഴയും എന്നറിഞ്ഞാണ് പുലിപ്പുറത്ത് വന്ന അയ്യപ്പനെപ്പോലെ വെള്ളാപ്പള്ളിയെപ്പോലൊരു ജീവിയുടെ പുറത്ത് കയറി അയ്യപ്പ സംഗമത്തിന് പിണറായി എത്തിയത്. 
കാര്യപരിപാടികൾ ഗംഭീരമായിരുന്നു. പുതിയ വിജയൻ മുക്കിയും മൂളിയും ശരണമന്ത്രങ്ങൾ ഉരുവിടുന്നു...മിത്തായ അയ്യപ്പൻ മുത്തായി മാറുന്നു. ഗീതാ പ്രഭാഷണം നടത്തുന്ന...യഥാർത്ഥ ഭക്തരുടെ വിശ്ശേഷണങ്ങൾ വിവരിയ്ക്കുന്നു. വിജയൻ ഭക്തനെന്ന് വെള്ളാപ്പള്ളി സാക്ഷിപ്പെടുത്തുന്നു. ഇതൊക്കെ കണ്ട് കേരളം കോൾമയിർ കൊണ്ടു. കൂട്ടത്തിൽ പിണറായി വിജയൻ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കി പരസ്യമായി അപമാനിച്ച കണ്ടരര് മോഹനരുടെ സാന്നിദ്ധ്യം സംഗമത്തിന് കളറായി. 
സദസ്സിലെ ശൂഷ്ക്കിച്ച പങ്കാളിത്തം പിണറായി വിജയനെയും സർക്കാരിനെയും കേരളം എത്രത്തോളം വെറുക്കുന്നു എന്നതിന്റെ സൂചികയായി. ഇത് വരുന്ന തെരെഞ്ഞെടുപ്പിന്റെ ഗതിവിഗതികളെ സൂചിപ്പിയ്ക്കുന്നു. ന്യുനപക്ഷ വോട്ട് ഏതാണ്ട് തീരുമാനമായി. 
വിഴിഞ്ഞം തുറുമുഖ ഉത്ഘാടാനത്തിന് ‘അദാനി ഞങ്ങളുടെ പാർട്ടണർ’ എന്ന് പ്രഖ്യാപിച്ച ബഹു വാസവൻ ഇക്കുറി ഉയർത്തിക്കാട്ടിയത് U P  മുഖ്യമന്ത്രി ആദിത്യനാഥിനെയാണ്. അതായത് മോദിയ്ക്ക് ശേഷം കേന്ദ്ര നേതൃത്വത്തിൽ ഒരു തലമുറ മാറ്റമുണ്ടായാലും പിണറായി വിജയനും കുടുമ്പവും സുരക്ഷിതം. 
ഒരു അരിശത്തിന് കിണറ്റിൽ ചാടിയാൽ ഒൻപത് അരിശത്തിന് കയറാൻ കഴിയില്ല. അയ്യപ്പകോപം ഒരു വശത്ത് എന്ന കമലേടത്തിയുടെ വിശ്വാസം ഒരു വശത്ത് അയ്യപ്പ വിശ്വാസികളുടെ പക വെറുപ്പ് മറുവശത്ത്... ഇത് രണ്ടിനും ഇടയിൽപെട്ടുഴലുന്ന പാർട്ടി നേതാക്കളുടെ ദുര്യോഗം കഠിനം പൊന്നായ്യപ്പ. ഇത് കണ്ടെങ്കിലും ഇക്കുറി അയ്യപ്പന്റെയും വിശ്വാസികളുടെയും കരളലിയും എന്ന് പ്രത്യാശിയ്ക്കാം. 
നേരെത്തെ എഴുതിയതാണ്. ഒരിക്കൽ കൂടി എഴുതുന്നു. അൻപത് കോടിയുടെ വനിതാമതിലും ഏഴ് കോടിയുടെ അയ്യപ്പ സംഘമവും നാല് കിലോ സ്വർണ്ണത്തിന്റെ പണവും റൊക്കം  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആ ഡോക്ടർ ഹാരിസ് ചിറക്കലിനെ ഏൽപ്പിച്ചിരുന്നെങ്കിൽ ആ മനുഷ്യൻ അതുകൊണ്ട് ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസം പകർന്നേനെ. ഡോക്ടർ ഹാരിസിനെ മലയാളിയ്ക്ക് പിണറായിയെക്കാൾ പതിന്മടങ്ങ് വിശ്വാസമാണ്. 
നിന്ന നിൽപ്പിൽ ഇങ്ങിനെ മലക്കം മറിയുവാൻ വേണ്ട പിണറായി വിജയന്റെയും സംഘത്തിന്റെയും ഈ തൊലിക്കട്ടി അത്യാപൂർവ്വം... ആശ്ചര്യജനകം. കാലശേഷം കാരണഭൂതന്റെ ചർമ്മം കാഴ്ചബംഗ്ലാവിൽ വയ്ക്കുന്നത് പാർട്ടിയ്ക്ക് ഒരു വരുമാന മാർഗ്ഗമാകും. ശുഭം.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.