"സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു " എന്ന് പാടികേട്ടിട്ടുള്ളത് എത്ര സത്യമാണെന്നു അറിയണമെങ്കിൽ ഈ മൂന്നു ഫോട്ടോകൾ സൂക്ഷ്മമായി നോക്കിയാൽ ബോധ്യപ്പെടും ..
ഈ ഫോട്ടോയിൽ കാണുന്ന നാല് കിങ്കരന്മാരെ ഒന്ന് പരിചയപ്പെടൂ ...
1973 മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ സഹവാസം . തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അന്തേവാസികളായിട്ടാണ് ഞങ്ങൾ പരിചയപ്പെടുന്നത് .
ഞങ്ങൾ എന്ന് പറഞ്ഞാൽ, ഇടത്തേയറ്റം സാക്ഷാൽ ഞാൻ ( ഫ്രം യൂണി വേഴ്സിറ്റി കോളേജ്.. അവിടെ പിന്നീട് ആർട്സ് ക്ലബ് സെക്രട്ടറിയും, ചെയർമാനും, മൂന്നു വർഷങ്ങൾക്കുള്ളിൽ ഒരാൾക്ക് മാത്രം കിട്ടുന്ന ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള 'മഹാദേവ അയ്യർ ഗുഡ് കോണ്ടക്ട് പ്രൈസു' ജേതാവും എന്ന് പറഞ്ഞാൽ ആത്മപ്രശംസയായി പോയാൽ ക്ഷമിക്കുക)
എന്റെ അടുത്ത ആൾ ബഷീർ, അന്ന് ലോ കോളേജ് വിദ്യാർത്ഥി ...
അടുത്തയാൾ ബദറുദീൻ ,വീണ്ടും ഫ്രം യൂണിവേഴ്സിറ്റി കോളേജ് .....
ഏറ്റവും ഒടുവിൽ കല്ലാർ മധു എന്ന ആർട്സ് കോളേജ് സമ്പാദ്യം...
മൂന്നു വർഷം ഞങ്ങൾ അടിച്ചു പൊളിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ ...കുളിമുറികളിലും വരാന്തകളിലും ഞങ്ങളുടെ സൗഹൃദം തഴച്ചു വളർന്നു .രാത്രി കാലങ്ങളിൽ ഞങ്ങൾ മുടക്കമില്ലാതെ സിനിമകൾ കണ്ടു ...കണ്ടു മടങ്ങുമ്പോൾ പാളയത്തെ തട്ട് കടയിൽ നിന്ന് ചൂട് ദോശയും ഓംലറ്റും മുടക്കമില്ലാതെ വിഴുങ്ങുകയും, കൂട്ടത്തിൽ കണ്ട സിനിമയെ പറ്റി സമഗ്ര ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു .
കാലചക്രം തിരിഞ്ഞപ്പോൾ ഞാൻ സിനിമാ സംവിധായകനായി, ബഷീർ അഡ്വകേറ്റായി ...
ബദർ പല പണികൾക്കിടയിൽ സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറുമായി ...
കല്ലറ മധു വക്കീൽ പണിയിൽ ഇരൂന്നു കൊണ്ട് തന്നെ മന്ത്രി കടകൻപള്ളി സുരേന്ദ്രന്റെ പേർസണൽ സ്റ്റാഫിലും ഇടം പിടിച്ചു ...
ഇനിയാണ് തമാശ .
ഞങ്ങൾ നാൽവരും നാല് വഴിക്കു പിരിഞ്ഞെങ്കിലും ഞങ്ങളുടെ പൊക്കിൾകൊടി ബന്ധം നഷ്ടപ്പെടുത്തിയില്ല . അങ്ങിനെ കൂടിയപ്പോഴൊക്കെ ഒരുമിച്ചുള്ള ഒരു ഫോട്ടോ കൂടി സജ്ജമാക്കിയതിന്റെ ക്രെഡിറ്റ് ഞാൻ ബദറിന് കൊടുക്കുന്നു ..
1973 ന് ശേഷം 2013 ൽ എന്റെ "ഇത്തിരി നേരം ഒത്തിരികാര്യം ' എന്ന പുസ്‍തകപ്രകാശന വേളയിൽ ഞങ്ങൾ കനകക്കുന്നിൽ കൂടിയപ്പോഴും ഒരു ക്ലിക് ഒപ്പിച്ചു .ഏറ്റവും ഒടുവിൽ 2024 ൽ കൊല്ലത്തു വെച്ച് നടന്ന സുഹൃത് സംഗമത്തിൽ അടുത്ത ഫോട്ടോ റെഡി ..വർഷങ്ങൾക്കിടയിൽ ഉണ്ടായ തേയ്മാനം ഞങ്ങളുടെയൊക്കെ മുഖത്തും മുടിയിലും കാണാൻ കഴിയും ...
'കള്ള കടലി' ന്റെ പരാക്രമത്തെ അതിജീവിച്ചു ഇത്രയും കാലമൊക്കെ ഒത്തു കഴിയാൻ സാധിച്ചതിൽ ആരോടെല്ലാം നാം കടപ്പെട്ടിരിക്കുന്നു !
എന്റെ ദിവംഗതനായ സുഹൃത്തു കോന്നിയൂര് ഭാസിന്റെ വരികൾ തന്നെയാണ് ശരണം ,,,
"നന്ദി ആരോട് ചൊല്ലേണ്ടു ...."