ചില സിനിമാ കഥാപാത്രങ്ങൾ അങ്ങിനെയാണ്, വർഷങ്ങൾ എത്ര കഴിഞ്ഞാലും, നമ്മുടെ മനസിൽ അതിന്റെ തനത് സ്വഭാവത്തിൽ നിന്നും മാറില്ല. (അന്ന് ഇല്ലാതിരുന്നതും, ഇന്ന് ഉള്ളതുമായ പൊളിറ്റിക്കൽ കറക്ട്നെസ്സിൽ ആത്മാവ് നഷ്ടപ്പെട്ട ഒരുപാട് കഥാപാത്രങ്ങൾ നമ്മുടെ മനസിൽ അലയുന്നുണ്ടാവും)
പക്ഷെ തളത്തിൽ ദിനേശനെ പോലെ ചിലർ അതിനു അപവാദമായി തന്നെ നിൽക്കും, ആ കഥാപാത്രത്തെ നമ്മുടെ മനസിലേയ്ക്ക് പതിപ്പിച്ചതിന്റെ ബ്രില്ല്യൻസ് തന്നെയാണ് അതിനു കാരണം. സംശയ രോഗികളായ കഥാപാത്രങ്ങൾ പിന്നെയും ചിലതൊക്കെ കണ്ടു എങ്കിലും, തളത്തിൽ ദിനേശൻ വ്യത്യസ്തനായത് അതിന്റെ ഡീപ്പ് റൂട്ടഡ് ക്യാരക്റ്റർ സ്കെച്ച് കൊണ്ടു തന്നെ ആണ്.
മൂന്നു മണിക്കൂർ തികച്ചില്ലാത്ത ഒരു സിനിമ അതിന്റെ മുപ്പത്തിഅഞ്ചാം വർഷം തികയ്ക്കുമ്പോൾ അത് unique ആയി നമ്മുടെ മനസിൽ നിൽക്കാൻ കാരണം അതിന്റെ പാത്ര സൃഷ്ടിയും അതിനു അനുസരിച്ചൊരുക്കിയ തിരനാടകവുമാണ്. ശ്രീനിവാസൻ എഴുതി, ആദ്യമായി സംവിധാനം ചെയ്ത്, മുഖ്യ കഥാപാത്രമായ തളത്തിൽ ദിനേശനെ അവതരിപ്പിച്ച വടക്കുനോക്കിയന്ത്രം അന്നും ഇന്നും ജനശ്രദ്ധയിൽ നിൽക്കുന്നതും അതുകൊണ്ട് തന്നെയാണ്.
മാനസാന്തരപ്പെട്ടു വന്ന ക്ലൈമാക്സിന്റെ ആശ്വാസത്തിൽ തീയറ്റർ വിടാൻ ഒരുങ്ങുന്നവരുടെ മനസിലേയ്ക്ക്, ഇരുട്ടിൽ ഒരു ടോർച്ച് വെട്ടത്തിൽ ഒരു ആന്റി ക്ലൈമാക്സ് ഒരുക്കി ശ്രീനിവാസൻ ആ കഥാപാത്രത്തിന്റെ ഐഡന്റിറ്റി ഒന്നു കൂടി ഉറപ്പിച്ചാണ് നമ്മളെ ഇറക്കി വിടുന്നത്. നമുക്ക് അതൊരു “ഒപ്പം കൊണ്ടുപോരലും”
ആ സിനിമയുടെ മുപ്പത്തി അഞ്ചാം വർഷത്തിൽ, എന്റെ മനസിൽ കിടക്കുന്ന, മനസുകൊണ്ട് ഒരു മാറ്റവും വരാത്ത ദിനേശനെ കാണിക്കാൻ ഇങ്ങിനെ ഒരു ഇമേജ് ആവും കൃത്യം എന്നു തോന്നി.
കുമാർ നീലകണ്ഠൻ