പ്രണയമെത്ര പെട്ടെന്നാണു
ഒരു കത്തിമുനയിൽ ഒടുങുന്നത്..
ഹ്യദയം മുഴുവനായി കൊടുത്തതിന്റെ
പ്രതിഫലമെന്നോണമാകാം
ഹ്യദയത്തിന്റെ മിടിപ്പും
ആരോടും അനുവാദം ചോദിക്കാതെ
അവനെടുത്തത്..
ഒടുക്കത്തെ പ്രണയം
ആ ദിവസം
ചോരപ്പുഴയിൽ അലിഞ്ഞുചേർന്നപ്പോൾ
ക്യാമ്പസിലെ ഉറുമ്പുകളുടെ
അന്നംതേടിയുള്ള യാത്രകൾ മുടങ്ങി
ചോരപ്രളയത്തിൽ അവരൊക്കെ മുങ്ങിച്ചത്തു.
കെട്ടിപ്പിടുത്തവും ചുംബനങ്ങളും ഉള്ള
പ്രണയചേഷ്ടകൾ കണ്ട് മടുത്ത മരങ്ങൾ
അന്ന് ഉന്തിനുംതള്ളിനുമിടയിലെ
ദ്യക്‌സാക്ഷികളായി..
നിലത്തു വീഴ്‌ത്തി അവൻ
ചവിട്ടി നിന്ന മണ്ണു
പേടിച്ച് ഇളകാതെ
നിശബ്ദരായി നിന്നു.
നിലവിളിക്കാനാകാതെ
കുടുങ്ങിയ തൊണ്ടക്കുഴിയിലെ
ഒച്ചകൾ ഓരോന്നായി
കാറ്റിനൊപ്പം അവളുടെ മുടിയിഴകൾ
പാറി കടന്നു പോയി..
ആ ക്യാൻവാസിൽ പടർന്നിറങ്ങിയ
ചോരപ്പെയിന്റിൽ
അവളങ്ങനെ മലർന്ന് കിടന്നു.
പേടിപ്പിക്കുന്നൊരു രൂപത്തിലും
ഭാവത്തിലും
ശ്വാസം നിലച്ചൊരു പെയിന്റിംങ്
ആകാശം കണ്ട് അങ്ങനെ കിടന്നു.
ആ ചിത്രം കത്തിയാൽ
ഒരു ഞൊടിയിട കൊണ്ട് വരച്ചവനോ
കാലും നീട്ടി ഇരിപ്പുമായി..
പ്രണയം കൊണ്ട് അന്ധരായവർ
ആസിഡിനാലും പെട്രോളിനാലും
ഇത്തരത്തിൽ
വരച്ച എത്രയെത്ര ചിത്രങ്ങളാണു
കടന്നുപോയത്.
അപൂർണ്ണവും അക്രമാസക്തവുമാകുന്ന
ക്യാൻവാസുകളിലാണു
ഇന്നത്തെ പ്രണയം കുറിച്ചിടുന്നത്.
ചോര കൊണ്ടുള്ള, ജീവൻ കൊണ്ടുള്ള
എത്ര ഭയങ്കര വിപ്ലവമാണു ഇന്ന് ഈ പ്രണയം..!
സോയ നായർ